കേസ് ഒഴിവാക്കാന്‍ അയാള്‍ എന്നെ കൊല്ലാനും മടിക്കില്ല, ബലാല്‍സംഗം ചെയ്ത ബന്ധുവിനെ ഭയന്ന് നാട് വിടേണ്ടിവന്ന പെണ്‍കുട്ടി പറയുന്നു

കേസ് ഒഴിവാക്കാന്‍ അയാള്‍ എന്നെ കൊല്ലാനും മടിക്കില്ല, ബലാല്‍സംഗം ചെയ്ത ബന്ധുവിനെ ഭയന്ന് നാട് വിടേണ്ടിവന്ന പെണ്‍കുട്ടി പറയുന്നു

15 വയസ്സില്‍ അടുത്ത ബന്ധു ബലാത്സംഗം ചെയ്ത പെണ്‍കുട്ടി എട്ട് വര്‍ഷത്തിന് ശേഷവും നീതി തേടി നിയമസംവിധാനങ്ങളുടെ പടിക്കല്‍ മുട്ടുകയാണ്. കേസില്‍ പ്രതിക്കൊപ്പം നിലയുറപ്പിച്ച പോലീസ് വര്‍ഷങ്ങളെടുത്തു കേസിന്റെ ചാര്‍ജ്ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിക്കാന്‍. സ്വന്തം നാട്ടില്‍ പോലും കാലുകുത്താനാകാതെ ഒളിച്ചുകഴിയുകയാണ് പെണ്‍കുട്ടി. പ്രതിയാണെങ്കില്‍ കേസ് അവസാനിപ്പിക്കാന്‍ ഭീഷണി മുഴക്കി പിന്നാലെയും. പ്രതിക്ക് ശിക്ഷ വാങ്ങി കൊടുക്കാതെ പിന്‍മാറില്ലെന്ന ഉറച്ച തീരുമാനം മാത്രമാണ് ജീവിതത്തില്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ആ പെണ്‍കുട്ടിയെ നയിക്കുന്നത്.

ഇനി അവള്‍ പറയട്ടെ

ഇതും കൊണ്ട് ഞാന്‍ നടക്കാന്‍ തുടങ്ങിയിട്ട് എത്ര വര്‍ഷമായി. അയാളുള്ള ജില്ലയിലേക്ക് പോകാന്‍ പറ്റില്ല. പേടിയാണ് എന്തെങ്കിലും ചെയ്യുമോയെന്ന്. ചെയ്യും, ഉറപ്പായിട്ടും ചെയ്യും. അയാള്‍ അന്വേഷിക്കുന്നുണ്ട്. എന്നെ ഇല്ലാതാക്കി കേസില്‍ നിന്നും രക്ഷപ്പെടുക, ഇല്ലെങ്കില്‍ ഞാന്‍ പിന്‍മാറുക. ഇതിനാണ് അയാള്‍ ശ്രമിക്കുന്നത്. പി.എസ്.എസി പരീക്ഷയെഴുതാന്‍ പോകാന്‍ പോലും പേടിയാണ്. കേസ് അവസാനിച്ച് നീതി കിട്ടിയിരുന്നെങ്കില്‍ എന്റെ ഇത്ര വര്‍ഷം നഷ്ടപ്പെടില്ലായിരുന്നു. സ്വന്തം വീട്ടില്‍ പോലും കയറാനാവാതെ ജീവിക്കുന്നു. മമ്മിയും പപ്പയും എല്ലാവരും ഞങ്ങളുടെ വീട് ഉപേക്ഷിച്ച് പോയി. അവരും പോയി, ഞാനും പോയി. പ്രതി നാട്ടില്‍ തന്നെ നില്‍ക്കുന്നു.

ഞാന്‍ അതിജീവിക്കപ്പെട്ടവളാണ്. അടുത്ത ബന്ധുവാണ് ശാരീരികമായി ഉപദ്രവിച്ചത്. ആറ് മാസം മുതല്‍ മുത്തശ്ശിയുടെയും മുത്തശ്ശന്റെയും കൂടെയായിരുന്നു ജീവിതം. അവരായിരുന്നു എന്റെ ലൈഫ്. മമ്മിയേയും പപ്പയേയും കാണുന്നത് പതിനാല് വയസ്സിലാണ്. ജോലി സ്ഥലത്ത് നിന്നും തിരിച്ചു വന്ന അവരെ അംഗീകരിക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു എനിക്ക്. ഒരു ദിവസം പെട്ടെന്ന് വരുന്നു, അവര് പുതുതായി വീട് വെച്ച നഗരത്തിലേക്ക് എന്നെ കൊണ്ടു പോയി. മമ്മിയുമായി പ്രശ്‌നങ്ങളുള്ള സമയത്ത് അടുത്ത ബന്ധു കൂടെ നിന്നു. പിന്നീട് അയാള്‍ ഉപദ്രവിച്ചു.

കേസ് ഒഴിവാക്കാന്‍ അയാള്‍ എന്നെ കൊല്ലാനും മടിക്കില്ല, ബലാല്‍സംഗം ചെയ്ത ബന്ധുവിനെ ഭയന്ന് നാട് വിടേണ്ടിവന്ന പെണ്‍കുട്ടി പറയുന്നു
കുഞ്ഞിനെ വളര്‍ത്തണോ എന്നത് എന്റെ മാത്രം തീരുമാനമല്ലേ, അതില്‍ ലോകത്തിന് എന്താണ് കാര്യം?

പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ബലാത്സംഗം ചെയ്യപ്പെട്ടത്. പ്രതിയുടെ വീട്ടില്‍ താമസിച്ചായിരുന്നു സ്‌കൂളില്‍ പോയിരുന്നത്. അയാളായിരുന്നു സ്‌കൂളില്‍ കൊണ്ടു പോകുന്നത്. ഇതിനിടെ ഗര്‍ഭിണിയായി. മമ്മിയും പപ്പയും ഇടപെട്ട് രഹസ്യമായി അബോര്‍ട്ട് ചെയ്തു. അപ്പോഴും സംഭവം പുറത്തറിഞ്ഞിരുന്നില്ല. എന്നാല്‍ ഇതിന് ശേഷം വീട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി. വീട് വിട്ട് ഇറങ്ങേണ്ടി വന്നു. പ്ലസ് വണ്ണില്‍ പഠിക്കുകയായിരുന്നു. കാണാതായതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. കേസായി. പഠനം മുടങ്ങി. സുഗതകുമാരി ടീച്ചറുടെ അത്താണിയിലേക്കായിരുന്നു ആദ്യം പോയത്. പുറത്തേക്ക് വിട്ട് പഠിപ്പിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. അങ്ങനെയാണ് സ്‌പെഷ്യല്‍ ഓര്‍ഡര്‍ വാങ്ങി നിര്‍ഭയ ഹോമിലെത്തിയത്.

അഞ്ച് വര്‍ഷം നിര്‍ഭയയിലായിരുന്നു. അവിടെ നിന്നാണ് പഠിച്ചത്. പഠിച്ചാല്‍ മാത്രമേ മുന്നോട്ട് പോകാന്‍ കഴിയുള്ളുവെന്ന് ഉറപ്പായിരുന്നു. ഡിഗ്രി പൂര്‍ത്തിയാക്കാനായില്ല. ബീകോമായിരുന്നു. ജോലി ചെയ്താണ് പഠിക്കാനുള്ള പണം കണ്ടെത്തിയിരുന്നത്.

കോളേജിലെത്തി പ്രതി ഭീഷണിപ്പെടുത്തുമായിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കുറെ ആളുകളെ കൊണ്ട് സംസാരിപ്പിച്ചു. ഇപ്പോള്‍ അയാള്‍ കാണാതെ ഒളിച്ച് താമസിക്കുകയാണ്. അറിഞ്ഞാല്‍ ഉറപ്പായും വന്ന് ഭീഷണിപ്പെടുത്തും. ഇതിനിടെ മമ്മിയും പപ്പയും എത്തി കൂട്ടി കൊണ്ടുപോയി. അധിക നാള്‍ അവര്‍ക്കൊപ്പം നില്‍ക്കാനായില്ല. വീണ്ടും വീട് വിട്ടിറങ്ങേണ്ടി വന്നു. ആരോടും സഹായം ചോദിച്ചില്ല. ചായ കുടിക്കാന്‍ പോലും പൈസയുണ്ടായിരുന്നില്ല. ആറ് രൂപയായിരുന്നു കയ്യിലുണ്ടായിരുന്നത്. ഏഴ് രൂപയാക്കാന്‍ പറ്റാത്തത് കൊണ്ടായിരുന്നു ചായ കുടിക്കേണ്ടെന്ന് വെച്ചത്.

അതിക്രമം നേരിട്ട ഒരു പെണ്‍കുട്ടിക്കൊപ്പം വീട്ടുകാരോ നാട്ടുകാരോ ഉണ്ടാകില്ല. എത്ര സ്‌നേഹം കാണിച്ച് വീട്ടുകാര്‍ വന്നാലും അത് സത്യമാകണമെന്നില്ല. എന്നാണെങ്കിലും ആ പഴയ സംഭവം ഓര്‍മ്മിപ്പിച്ച് അവര് നമ്മളെ കുത്തി മുറിവേല്‍പ്പിക്കും. സ്വന്തം കാലില്‍ നില്‍ക്കണം. അതിന് പഠിക്കണം. ജോലി വേണം. നിര്‍ഭയയില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ഇപ്പോള്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു.

നീതി കിട്ടാനും നമ്മള്‍ ഒറ്റയ്ക്ക് പൊരുതേണ്ടി വരും. എന്റെ കേസില്‍ പോലീസ് പ്രതിക്കൊപ്പമായിരുന്നു. ഇതുവരെ കേസ് അവസാനിച്ചിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്തിട്ട് എട്ട് വര്‍ഷം കഴിഞ്ഞിട്ടാണ് കോടതിയില്‍ ചാര്‍ജ്ജ് ഷീറ്റ് എത്തിയത്. അതും ഞാന്‍ പോലീസ് സ്റ്റേഷനില്‍ പോയി പ്രശ്‌നമുണ്ടാക്കിയിട്ടാണ് ചാര്‍ജ്ജ് ഷീറ്റ് കോടതിയിലെത്തിച്ചത്. ഇപ്പോള്‍ വിചാരണ ആരംഭിച്ചതേയുള്ളു. ഫാസ്റ്റ് ട്രാക്ക് കോടതിയിലാണ് വിചാരണ. എന്നാലും കേസ് എന്ന് തീരുമെന്ന് അറിയില്ല. മമ്മിയും പപ്പയും ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ വരില്ലെന്നാണ് പറയുന്നത്. അബോര്‍ഷന്‍ നടത്തിയത് കൊണ്ട് മമ്മിയും പപ്പയും പ്രതികളാണ്. ഞാന്‍ അവര്‍ക്ക് അനുകൂലമായി മൊഴി കൊടുത്താല്‍ മാത്രമേ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ പറ്റുകയുള്ളു. കോടതിയില്‍ വരാത്തത് കൊണ്ട് അറസ്റ്റ് വാറണ്ടായിരിക്കുകയാണ്. അവരെ അറസ്റ്റ് ചെയ്താല്‍ ആ പഴിയും ഞാന്‍ കേള്‍ക്കണം. ജീവിതത്തില്‍ പിന്നെ എനിക്ക് അവരുടെ അടുത്തേക്ക് പോകാന്‍ പറ്റില്ല. ഇപ്പോഴുള്ള ബന്ധം പോലും ഉണ്ടാകില്ല.

വീട്ടുകാരെങ്കിലും എന്റെ കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് ഓര്‍ക്കും. ആരെങ്കിലും സഹായിക്കാനുണ്ടായിരുന്നെങ്കില്‍!.

കേസ് കഴിഞ്ഞിട്ടും ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാത്ത പെണ്‍കുട്ടികളുണ്ട്. പലരും വേറെ വഴിയില്ലാതെ പ്രതികളെ തന്നെ കല്യാണം കഴിച്ചു. അല്ലെങ്കില്‍ പ്രായമായവരുടെ ഭാര്യമാരായി കഷ്ടപ്പെട്ടു ജീവിക്കുന്നു. ആ വഴി എനിക്ക് പറ്റില്ല. കേസ് വേണ്ടാന്ന് വെയ്ക്കണമെന്ന് പറഞ്ഞ് വീട്ടുകാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കേസില്‍ നിന്നും പിന്‍മാറിയാല്‍ എന്റെ ഭാഗത്താണ് തെറ്റുണ്ടായതെന്നും അതാണ് അയാളെ വെറുതെ വിട്ടതെന്നും എല്ലാരും പറയില്ലേ?. അയാള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാതെ പിന്‍വാങ്ങില്ല.

The Cue
www.thecue.in