കുഞ്ഞിനെ വളര്‍ത്തണോ എന്നത് എന്റെ മാത്രം തീരുമാനമല്ലേ, അതില്‍ ലോകത്തിന് എന്താണ് കാര്യം?

കുഞ്ഞിനെ വളര്‍ത്തണോ എന്നത് എന്റെ മാത്രം തീരുമാനമല്ലേ, അതില്‍ ലോകത്തിന് എന്താണ് കാര്യം?

'ഞാന്‍ തീരുമാനിക്കും എപ്പോള്‍ അമ്മയാകണമെന്ന്'

'ഗര്‍ഭധാരണം വ്യക്തികളുടെ തീരുമാനമാണ്'

'ഗര്‍ഭധാരണത്തിന് പരിഗണിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ആരോഗ്യകരമായ/ വൈകാരികമായ/ സാമ്പത്തികമായ തയാറെടുപ്പ്, വന്ധ്യത, പങ്കാളിയുമായുള്ള പരസ്പരധാരണ, കരിയര്‍, അങ്ങനെ പലതും'

വനിത ശിശുക്ഷേമ വകുപ്പ് നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി ഇറക്കിയ വിവിധ പോസ്റ്ററുകളിലൂടെ കേരളത്തിലെ സ്ത്രീകള്‍ക്ക് നല്‍കിയ ഉറപ്പുകളാണിതെല്ലാം. ഇതെല്ലാം പോസ്റ്ററുകളില്‍ മാത്രം ഒതുങ്ങുന്നുവെന്നും തനിക്ക് ഇപ്പോള്‍ കുഞ്ഞിനെ പ്രസവിക്കാനോ വളര്‍ത്താനോ കഴിയുന്ന സാഹചര്യമില്ലെങ്കിലും അബോര്‍ഷന്‍ വേണ്ടി സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ആശുപത്രികളെ സമീപിച്ചാല്‍ പോലും നടക്കില്ലെന്ന് ഒരു യുവതി തിരിച്ചറിയുന്നു. ഗര്‍ഭവുമായി മുന്നോട്ട് പോകേണ്ടെന്ന സ്ത്രീയുടെ തീരുമാനമല്ല, ഭര്‍ത്താവിന്റെ സമ്മതമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും ആവശ്യപ്പെടുന്നത്.

ഇനി അവള്‍ പറയട്ടെ

(അബോര്‍ഷന്‍ ചെയ്യാനായി വിവിധ ആശുപത്രികളെയും വനിതാ കമ്മീഷനെയും സമീപിച്ച് പരാജയപ്പെട്ട യുവതി അനുഭവം തുറന്ന് പറയുന്നു)

ആര്‍ത്തവം ഒരാഴ്ച വൈകിയെങ്കിലും ഗര്‍ഭിണിയാണെന്ന സംശയമില്ലായിരുന്നു. ഹെല്‍ത്തിയാണ്. ആവാതിരുന്നപ്പോള്‍ കിറ്റ് വാങ്ങി പരിശോധിച്ചു. പോസിറ്റീവാണെന്ന് കണ്ടു. എന്തുചെയ്യണമെന്ന അവസ്ഥയിലായി. കാരണം തയ്യാറെടുപ്പോടെയല്ല ഗര്‍ഭിണിയായിരിക്കുന്നത്. ഒരു കുഞ്ഞിനെ പ്രസവിക്കാനോ വളര്‍ത്താനോ ഉള്ള സാഹചര്യമായിരുന്നില്ല എന്റേത്. വിവാഹ ബന്ധം തന്നെ എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്ന ആലോചനയിലായിരുന്നു ഞാന്‍. ഗര്‍ഭം തുടരേണ്ടതില്ലെന്ന തീരുമാനെടുത്ത് ഗൈനക്കോളജിസ്റ്റിനെ കാണാനായി പോയി. സാഹചര്യങ്ങള്‍ അവരോട് വിശദീകരിച്ചു. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ നടത്തുന്ന സ്വകാര്യ ക്ലിനിക്കിലായിരുന്നു പോയത്. മൂത്ത കുഞ്ഞിന് 11 വയസ്സായതല്ലേ, അടുത്ത കുഞ്ഞിനെ ഇനി എപ്പോഴാണ് നിങ്ങള്‍ പ്രസവിക്കുക എന്നായിരുന്നു ഡോക്ടറുടെ ചോദ്യം. രണ്ടാമതൊരു കുഞ്ഞിനെ പ്രസവിക്കുന്ന കാര്യം ആലോചിക്കുന്നില്ലെന്ന് ഡോക്ടര്‍ക്ക് മറുപടി നല്‍കി.

സ്‌കാനിംഗ് റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മാത്രമേ അബോര്‍ട്ട് ചെയ്യാന്‍ പറ്റുമോയെന്ന് പറയാന്‍ സാധിക്കൂ എന്ന് ഡോക്ടര്‍ പറഞ്ഞു. സ്‌കാന്‍ ചെയ്തപ്പോള്‍ ആറാഴ്ചയിലെത്തിയിരുന്നു ഗര്‍ഭം. റിപ്പോര്‍ട്ട് കണ്ടപ്പോള്‍ ആറ് ആഴ്ചയായല്ലോ, ഹൃദയമിടിപ്പെല്ലാം തുടങ്ങിയല്ലോ, ഇനി എന്ത് ചെയ്യാനാണെന്നായിരുന്നു പ്രതികരണം. ഞാനാകെ വല്ലാതായി. എന്നാല്‍ ഗര്‍ഭം മുന്നോട്ട് കൊണ്ടുപോകാന്‍ എനിക്ക് പറ്റില്ലെന്ന് ഉറപ്പായിരുന്നു. ഗര്‍ഭം അലസിപ്പിച്ചാലും കുറെ ബുദ്ധിമുട്ടുകളുണ്ടാകുമെന്ന് ഡോക്ടര്‍ വീണ്ടും പറഞ്ഞു. ആദ്യത്തെ പ്രസവം സിസേറിയനായിരുന്നു. മെഡിക്കല്‍ അബോര്‍ഷന്‍ പറ്റില്ലെന്ന് പറഞ്ഞു. ഒറ്റയ്ക്ക് പോയി ഇതൊക്കെ ചെയ്യണമെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കൊണ്ടുള്ള അബോര്‍ഷനുള്ള സാഹചര്യവും എനിക്കുണ്ടായിരുന്നില്ല. കൂടെ ആളില്ലാതെ ഇതൊന്നും ചെയ്യാന്‍ പറ്റില്ല. എന്റെ സാഹചര്യം വീട്ടുകാരെ ബോധ്യപ്പെടുത്തുക പ്രയാസമായിരുന്നു. ആകെ പേടിയായി. നിസഹായവസ്ഥയിലായി.

വീട്ടിലെത്തി ഭര്‍ത്താവിനോട് പറഞ്ഞു. ഗര്‍ഭം തുടരാമെന്നായിരുന്നു ഭര്‍ത്താവിന്റെ നിര്‍ദേശം. വീട്ടുകാരും അറിഞ്ഞു. എല്ലാവരും ഹാപ്പിയായി. വര്‍ഷങ്ങള്‍ക്ക് ശേഷം കുഞ്ഞു വരുന്നു എന്ന സന്തോഷമായിരുന്നു എല്ലാവര്‍ക്കും. എന്നാല്‍ ആ കുഞ്ഞിന്റെ മുന്നോട്ടുള്ള വളര്‍ച്ചയായിരുന്നു എന്റെ മുന്നിലുള്ള പ്രശ്‌നം. 21 വയസ്സിലായിരുന്നു ആദ്യത്തെ പ്രസവം. അന്ന് ഒന്നും അറിയില്ലായിരുന്നു. ഭീകരമായ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. അതിന് ശേഷം എന്നില്‍ ഒരുപാട് മാറ്റമുണ്ടായി. അതുകൊണ്ട് തന്നെ ആ അവസ്ഥകളിലൂടെ വീണ്ടും കടന്നു പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഗര്‍ഭം വേണ്ടെന്ന് വെയ്ക്കാന്‍ കഴിയാത്ത രീതിയിലായി വീട്ടിലെ അവസ്ഥ. എന്നാല്‍ ഇതുമായി മുന്നോട്ട് പോകാമെന്ന് ഞാനും ചിന്തിച്ചു.

കുഞ്ഞിനെ സന്തോഷത്തോടെ സ്വീകരിക്കാവുന്ന സാഹചര്യം ഇല്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. അതോടെ രണ്ട് മനസായി. ആരോടും പറയാനും പറ്റാത്ത സ്ഥിതിയായി. കാരണം ഇതൊരു സദാചാര പ്രശ്‌നമായി മാത്രമായിട്ടായിരിക്കും കാണുക. ഭര്‍ത്താവില്‍ നിന്നല്ലേ ഗര്‍ഭിണിയായതെന്നായിരിക്കും അടുത്ത കൂട്ടുകാര്‍ പോലും ചോദിക്കുക. ഒരു ജീവനെ നശിപ്പിക്കരുതെന്നായിരിക്കും പിന്നെ പറയുക. സഹായിക്കാന്‍ ആരുമില്ലെന്ന് മനസിലായി. ഒരു കൂട്ടുകാരി മറ്റൊരു ഡോക്ടറെ പറഞ്ഞു തന്നു. 12 മണിക്കൂറെങ്കിലും യാത്ര ചെയ്താല്‍ മാത്രമേ ഡോക്ടറുടെ അടുത്ത് എത്താന്‍ പറ്റുകയുള്ളു. ഒരു ദിവസം മതിയാകില്ല. ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും രണ്ട് ദിവസം ലീവ് കിട്ടില്ല. ഞാന്‍ താമസിക്കുന്ന നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ നമ്പറില്‍ വിളിച്ചു. ഭര്‍ത്താവിന്റെ സമ്മതത്തോടെ മാത്രമേ അബോര്‍ഷന്‍ പറ്റുള്ളുവെന്ന് ഡോക്ടര്‍ വ്യക്തമാക്കി. അമ്മയുടെ സമ്മതം മാത്രം മതിയെന്ന് നിയമമുണ്ടല്ലോയെന്ന് തിരിച്ച് ചോദിച്ചപ്പോള്‍ നിയമപരമായി അത് പ്രശ്‌നമുണ്ടാകില്ല, എന്നാല്‍ പിന്നീട് തനിക്ക് പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനാണെന്നും ഡോക്ടര്‍ വ്യക്തമാക്കി. ചെയ്യാന്‍ പറ്റില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ഓരോ ദിവസം കഴിയുമ്പോഴും സങ്കീര്‍ണമാകുകയായിരുന്നു.

ഒടുവില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നമ്പര്‍ സംഘടിപ്പിച്ച് പി. സതീദേവിയെ വിളിച്ചു. കാര്യങ്ങള്‍ വിശദമായി പറഞ്ഞു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പോയാല്‍ ചെയ്തു തരുമെന്ന് മറുപടി കിട്ടി. സര്‍ക്കാര്‍ ആശുപത്രിയില്‍ ഇത്തരമൊരു ആവശ്യവുമായി പോയാലുണ്ടാകുന്നത് അങ്ങേയറ്റം മോശമായ അനുഭവമായിരിക്കുകയെന്ന് ഉറപ്പായിരുന്നു. ഒറ്റ ദിവസം കൊണ്ട് ഇതൊന്നും ചെയ്ത് കിട്ടുകയുമില്ല. അതും വേണ്ടെന്ന് വെച്ചു.

മറ്റൊരു ജില്ലയിലെ ഡോക്ടറെ വിളിച്ച് സഹായം തേടി. ഇതിനിടെ മറ്റൊരു കൂട്ടുകാരിയെ വിളിച്ച് എന്റെ അവസ്ഥ വിശദീകരിച്ചു. അവളുടെ കൂട്ടുകാരി ഇതേ അവസ്ഥിയിലൂടെ കടന്നു പോയിരുന്നുവെന്ന് പറഞ്ഞു. അവരെ സഹായിച്ച ആരോഗ്യപ്രവര്‍ത്തകയില്‍ നിന്നും അബോര്‍ഷനുള്ള മെഡിക്കല്‍ കിറ്റ് സംഘടിപ്പിച്ചു. ചെറിയ വേദന മാത്രമേ ഉണ്ടായിരുന്നുള്ളു.

കുഞ്ഞിനെ വളര്‍ത്തുക എന്നത് എന്റെ മാത്രം തീരുമാനമല്ലേ, ലോകത്തിന് അതില്‍ എന്താണ് കാര്യം. എന്റെ മാത്രം പ്രശ്‌നമല്ല ഇത്. സാധാരണക്കാരിയായ ഒരു സ്ത്രീ ഈ അവസ്ഥയില്‍ എന്ത് ചെയ്യും. ഗര്‍ഭവുമായി മുന്നോട്ട് പോകുക എന്നത് മാത്രമായിരിക്കും അവരുടെ മുന്നിലുള്ള വഴി. പുറത്ത് പോലും പറയാനാകില്ല. ഗര്‍ഭവുമായി മുന്നോട്ട് പോകാനാണ് എല്ലാവരും നിര്‍ബന്ധിക്കുക. സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ സ്ത്രീക്ക് അനുവാദമില്ല എന്നത് എന്തൊരു നിസഹായാവസ്ഥയാണ്. എനിക്കല്ലാതെ ആര്‍ക്കാണ് എന്റെ ശരീരത്തിന്റെ കാര്യത്തില്‍ അധികാരമുള്ളത്. വനിതാ കമ്മീഷന് പോലും സഹായിക്കാന്‍ കഴിയുന്നില്ല എന്നത് എന്തൊരു അവസ്ഥയാണ് സ്ത്രീകളിലുണ്ടാക്കുന്നത്. നമ്മള്‍ ആരുടെ അടുത്താണ് പോകേണ്ടത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, ആരോഗ്യപ്രശ്‌നങ്ങളുള്ള സ്ത്രീകള്‍ എന്ത് ചെയ്യും?. ഇത്തരം കാര്യങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പറഞ്ഞിട്ടും കാര്യമില്ല. ഒരു മനുഷ്യ സ്ത്രീ എന്ന നിലയില്‍ എന്റെ അവകാശമാണ് ഞാന്‍ പ്രസവിക്കണോ വേണ്ടയോ എന്നത്. അതില്‍ വിവാഹം കഴിച്ചിട്ടുണ്ടോ ഇല്ലയോ എന്നതൊന്നും വിഷയമല്ല. സ്ത്രീ ശാക്തീകരണം എന്ന് വെറുതെ പറഞ്ഞിട്ട് കാര്യമില്ല.

Related Stories

No stories found.
logo
The Cue
www.thecue.in