ജനക്കൂട്ടത്തിന്റെ പശ്ചാത്തലത്തില്‍ മമ്മൂക്ക ഉള്‍പ്പെട്ട സീന്‍ ഷൂട്ട് ചെയ്യാന്‍ ബാക്കി,വണ്‍ തിയറ്ററിലേക്ക് തന്നെയെന്ന് സന്തോഷ് വിശ്വനാഥ്

ജനക്കൂട്ടത്തിന്റെ പശ്ചാത്തലത്തില്‍ മമ്മൂക്ക ഉള്‍പ്പെട്ട സീന്‍ ഷൂട്ട് ചെയ്യാന്‍ ബാക്കി,വണ്‍ തിയറ്ററിലേക്ക് തന്നെയെന്ന് സന്തോഷ് വിശ്വനാഥ്

കൊവിഡ് മൂലം പൂര്‍ത്തിയാക്കാനാകാത്ത സിനിമകളിലൊന്നാണ് മമ്മൂട്ടി നായകനായ പൊളിറ്റിക്കല്‍ ത്രില്ലര്‍ 'വണ്‍'. മമ്മൂട്ടി ഉള്‍പ്പെടുന്ന ക്രൗഡ് സീക്വന്‍സും ടെയില്‍ എന്‍ഡും ചിത്രീകരിച്ചാല്‍ ഷൂട്ടിംഗ് പൂര്‍ണമാകുമെന്ന് സംവിധായകന്‍ സന്തോഷ് വിശ്വനാഥ് 'ദ ക്യു'വിനോട്.

സന്തോഷ് വിശ്വനാഥ് പറയുന്നു

ചിത്രത്തിന്റെ അവസാന രംഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്. വലിയ ജനക്കൂട്ടം പശ്ചാത്തലത്തില്‍ വേണ്ട സീനുകളാണ്. മമ്മൂട്ടിയുടെ മുഖ്യമന്ത്രി കഥാപാത്രവും ഈ രംഗത്തില്‍ വേണം. ചിത്രം പൂര്‍ത്തിയാക്കണമെങ്കില്‍ ജനക്കൂട്ടത്തെ വെച്ച് ഷൂട്ട് ചെയ്യാന്‍ പറ്റുന്ന ഒരു അവസ്ഥയുണ്ടാകണം, അല്ലെങ്കില്‍ രംഗങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വരും. അതുസംബന്ധിച്ച തീരുമാനം ഇനിയും എടുക്കേണ്ടതുണ്ട്. ജൂലൈ അവസാനം ഈ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ചിരുന്നു, പക്ഷെ നിലവിലെ സാഹചര്യത്തില്‍ അത് നടക്കില്ല. ഇപ്പോള്‍ ചിത്രീകരിച്ചാല്‍ നിരവധി വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിഷു റിലീസായിരുന്നു ആദ്യ പ്ലാന്‍

ഏപ്രില്‍ 2 ന് ചിത്രം റിലീസ് ചെയ്യാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നതാണ്. സെന്‍സറിങിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് ലോക്ക്ഡൗണ്‍ വരുന്നത്. പിന്നീട് ഓണം റിലീസായി ആഗസ്റ്റ് 27ന് ചിത്രം തിയേറ്ററുകളിലെത്തിക്കാമെന്ന് തീരുമാനിച്ചു. ജൂലൈ അവസാനം തിയേറ്ററുകള്‍ തുറക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇപ്പോഴത്തെ അവസ്ഥയില്‍ ജൂലൈ അവസാനം തിയേറ്ററുകള്‍ തുറക്കുമെന്ന് പറയാന്‍ സാധിക്കില്ല. മാത്രമല്ല തിയേറ്ററുകള്‍ തുറന്നാലും ജനങ്ങള്‍ തിയേറ്ററിലേക്ക് വരുന്ന ഒരു സാഹചര്യം ഉണ്ടാകണം.

തിയറ്ററുകളിലേക്ക് തന്നെ

'വണ്‍' എന്തായാലും തിയേറ്ററിലാകും റിലീസ് ചെയ്യുക. നിര്‍മ്മാതാവിന്റെയും താല്‍പര്യം അതുതന്നെയാണ്. ബിഗ് സ്‌ക്രീനില്‍ കാണേണ്ട സിനിമയാണ് വണ്‍. ആ രീതിയിലാണ് ചിത്രം ആലോചിച്ചതും ഷൂട്ട് ചെയ്തതും എല്ലാം. ആ സിനിമ മൊബൈലില്‍ കാണുക എന്നുള്ളത് ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണ്. അതുകൊണ്ട് തിയേറ്റര്‍ റിലീസിന് വേണ്ടി കാത്തിരിക്കും', സന്തോഷ് വിശ്വനാഥ് പറഞ്ഞു.

കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി 'വണ്‍'ല്‍ അവതരിപ്പിക്കുന്നത്. ബോബി- സഞ്ജയ് ടീമിന്റേതാണ് തിരക്കഥ. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ ആണ് നിര്‍മ്മാണം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് ഗോപി സുന്ദറാണ്.

മമ്മൂട്ടിക്കൊപ്പം ജോജു ജോര്‍ജ്, നിമിഷ സജയന്‍, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി,ബാലചന്ദ്രമേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു,വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി, സാബ് ജോണ്‍ ,ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ തുടങ്ങിയ വലിയ ഒരു താര നിര തന്നെ ഈ സിനിമയിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in