മാധ്യമ വിചാരണയുടെ ആവശ്യമില്ല; കുട്ടികൾക്ക് വേണ്ടി സ്വകാര്യത മാനിക്കണം; ശില്പ ഷെട്ടി

മാധ്യമ വിചാരണയുടെ ആവശ്യമില്ല; കുട്ടികൾക്ക് വേണ്ടി  സ്വകാര്യത മാനിക്കണം; ശില്പ ഷെട്ടി

നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായിയും ഭർത്താവുമായ രാജ് കുന്ദ്ര അറസ്റ്റിലായതിനെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരിച്ച് ബോളിവുഡ് താരം ശിൽപ ഷെട്ടി. ആദ്യമായാണ് താരം ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കുന്നത്. വെല്ലുവിളി നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ഒരു അമ്മയെന്ന നിലയിൽ തന്റെ കുട്ടികൾക്കുവേണ്ടി സ്വകാര്യതയെ മാനിക്കണമെന്നും ശില്പ ഷെട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി. മാധ്യമ വിചാരണ ചെയ്യേണ്ട ആവശ്യമില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ശിൽപയുടെ കുറിപ്പിൽ വ്യക്തമാക്കുന്നു.

ശിൽപയുടെ വാക്കുകൾ

വെല്ലുവിളികൾ നിറഞ്ഞ ദിവസങ്ങളിലൂടെയാണ് ഞാനും കുടുംബവും കടന്ന് പോകുന്നത്. ഒരുപാട് അഭ്യൂഹങ്ങളും ആരോപണങ്ങളും ഞങ്ങൾക്കെതിരെ ഉണ്ടാകുന്നു. അനാവശ്യമായ അധിക്ഷേപങ്ങൾ മാധ്യമങ്ങൾ എനിക്കെതിരെ ചാർത്തി തന്നിട്ടുണ്ട് . എനിക്കും എന്റെ കുടുംബത്തിനും നേരെ ഒരുപാട് ചോദ്യങ്ങളും ട്രോളുകളും ഉയർന്നു. ഇതിൽ എന്റെ നിലപാട് ഞാനിത് വരെ വ്യക്തമാക്കിയിരുന്നില്ല. ഇനിയും അത് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കും, കാരണം ഇത് നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്, അതിനാൽ ദയവായി എന്റെ പേരിൽ തെറ്റായ വാർത്തകൾ നൽകുന്നത് അവസാനിപ്പിക്കുക. ഒരു സെലിബ്രിറ്റി എന്ന നിലയിൽ "ഒരിക്കലും പരാതിപ്പെടരുത്, ഒരിക്കലും വിശദീകരിക്കരുത്" എന്ന എന്റെ സ്ലോഗൻ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കേസന്വേഷണമായതിനാൽ എനിക്ക് മുംബൈ പോലീസിലും ഇന്ത്യൻ നീതിപീഠത്തിലും പൂർണ വിശ്വാസമുണ്ട്.

ഒരു കുടുംബമെന്ന നിലയിൽ, ലഭ്യമായ നിയമപരമായ എല്ലാ പരിഹാരങ്ങളും ഞങ്ങൾ തേടുന്നുണ്ട്. ഒരു അമ്മയെന്ന നിലയിൽ, എന്റെ കുട്ടികൾക്കുവേണ്ടി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും വാസ്തവം പരിശോധിക്കാതെ അഭിപ്രായം പറയരുതെന്നും അഭ്യർത്ഥിക്കുന്നു. നിയമം അനുസരിക്കുന്ന ഒരു ഇന്ത്യൻ പൗരനും കഴിഞ്ഞ 29 വർഷമായി സിനിമയിലുള്ള ആളുമാണ് ഞാൻ. എന്നിലുള്ള നിങ്ങളുടെ വിശ്വാസം ഞാൻ ഒരിക്കലും തകർക്കില്ല. അതുകൊണ്ടു തന്നെ എന്നെയും എന്റെ കുടുംബത്തിന്റെയും സ്വകാര്യതയെ നിങ്ങൾ ബഹുമാനിക്കണം. ഞങ്ങളെ മാധ്യമങ്ങൾ വിചാരണ ചെയ്യേണ്ട ആവശ്യമില്ല, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സത്യമേവ ജയതേ

Related Stories

No stories found.
logo
The Cue
www.thecue.in