അവര്‍ സെറ്റിലേക്ക് വരും, കഥപോലും അറിയണമെന്നുണ്ടാവില്ല; മോഹൻലാലും അക്ഷയ് കുമാറും തമ്മിലുള്ള സാമ്യതയെ കുറിച്ച്  പ്രിയദർശൻ

അവര്‍ സെറ്റിലേക്ക് വരും, കഥപോലും അറിയണമെന്നുണ്ടാവില്ല; മോഹൻലാലും അക്ഷയ് കുമാറും തമ്മിലുള്ള സാമ്യതയെ കുറിച്ച് പ്രിയദർശൻ

മോഹൻലാലും അക്ഷയ് കുമാറും തമ്മിലുള്ള സാമ്യതയെ കുറിച്ച് പറഞ്ഞ് സംവിധായകൻ പ്രിയദർശൻ. എന്താണ് ചെയ്യാനൊരുങ്ങുന്നതെന്ന് തന്നോട് ചോദിക്കാത്ത രണ്ടുപേരാണ് മോഹൻലാലും അക്ഷയ് കുമാറുമെന്ന് പ്രിയദർശൻ പറഞ്ഞു. അവര്‍ സെറ്റിലേക്ക് വരും. കഥപോലും അറിയണമെന്നുണ്ടാവില്ല. എടുക്കാനുള്ള സീനിനെക്കുറിച്ച് മാത്രമാണ് ചോദിക്കുക. ആ തരത്തിലുള്ള ഒരു വിശ്വാസം അവര്‍ തരുമ്പോള്‍ അത് തിരിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം എനിക്കുമുണ്ട്. അവരുടെ ഈ സമീപനമാണ് തന്റെ സിനിമകളെ മെച്ചപ്പെട്ടതാക്കുന്നതെന്ന് പ്രിയദർശൻ പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഹൻലാൽ നായകനായ ചിത്രങ്ങൾ റീമേക്ക് ചെയ്തപ്പോൾ അക്ഷയ് കുമാറിനെ മലയാളം പതിപ്പ് കാണിച്ചിരുന്നില്ല. രണ്ടുപേര്‍ക്കും അവരവരുടേതായ ശരീരഭാഷയാണുള്ളത്. അത് ശരിയായി ചെയ്യുന്നുണ്ടോ എന്ന് നോക്കുക മാത്രമാണ് എന്റെ ജോലി. നിങ്ങള്‍ ഒരാളെ അനുകരിക്കാന്‍ ശ്രമിച്ചാല്‍ അത് നന്നാവില്ലെന്നും പ്രിയദർശൻ പറഞ്ഞു.

പ്രിയദര്‍ശന്‍ എട്ട് വർഷത്തിന് ശേഷം ബോളിവുഡിൽ സംവിധാനം ചെയ്യുന്ന ഹംഗാമ 2 കഴിഞ്ഞ ദിവസമാണ് ഡിസ്‍നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ റിലീസ് ചെയ്തത്. പരേഷ് റാവലും ശില്‍പ ഷെട്ടിയും മീസാന്‍ ജാഫ്രിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അതിഥിതാരമായി അക്ഷയ് ഖന്നയും എത്തുന്നുണ്ട്. മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത 'മിന്നാരം' എന്ന മലയാള ചിത്രത്തിന് റീമേക്കാണ് ഹംഗാമ 2. അക്ഷയ് കുമാറുമൊത്താണ് പ്രിയദർശന്റെ അടുത്ത ബോളിവുഡ് ചിത്രം. ഈ മാസമാദ്യമാണ് സിനിമയെക്കുറിച്ച് പ്രിയദർശൻ പ്രഖ്യാപിച്ചത്.

Related Stories

No stories found.