തലങ്ങും വിലങ്ങും സീരിയലുകള്‍ ഇന്‍ഡോര്‍ ഷൂട്ട് ചെയ്യുന്നു, എന്തുകൊണ്ട് സിനിമാ ഷൂട്ടിംഗ് മാത്രം അനുവദിക്കുന്നില്ല: ബി ഉണ്ണിക്കൃഷ്ണൻ

തലങ്ങും വിലങ്ങും സീരിയലുകള്‍ ഇന്‍ഡോര്‍ ഷൂട്ട്  ചെയ്യുന്നു, എന്തുകൊണ്ട് സിനിമാ ഷൂട്ടിംഗ് മാത്രം അനുവദിക്കുന്നില്ല: ബി ഉണ്ണിക്കൃഷ്ണൻ

കൃത്യമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് സിനിമ ഷൂട്ടിംഗ് സാധ്യമാണെന്നതിന്റെ തെളിവാണ് താൻ സംവിധാനം ചെയ്ത ആറാട്ട് സിനിമയെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. കോവിഡ് കാലത്തായിരുന്നു ആറാട്ട് സിനിമ ഷൂട്ട് ചെയ്തതെന്നും 650ഓളം പേരുള്ള ഒരു സീക്വൻസ് സിനിമയിൽ ഉണ്ടായിട്ടും ഒരാൾക്ക് പോലും രോഗ ബാധ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തും തിരുവനന്തപുരത്തുമായി തലങ്ങും വിലങ്ങും സീരിയലുകൾ ഇൻഡോർ ഷൂട്ട് ചെയ്യുന്നു. എന്നിട്ടും സിനിമാ ഷൂട്ടിങ്ങിന് അനുമതി നൽകാത്തത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. ദ ക്യുവിലെ ടു ദി പോയിന്റ് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി ഉണ്ണികൃഷ്ണൻ പറഞ്ഞത്

കോവിഡ് കാലത്തായിരുന്നു ആറാട്ട് സിനിമ ഷൂട്ട് ചെയ്തത്. 650ഓളം പേരുള്ള ഒരു സീക്വന്‍സ് സിനിമയില്‍ ഉണ്ട്. സിനിമയുമായി ബന്ധപ്പെട്ട് ഒരാള്‍ക്ക് പോലും അന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കൊടുവായൂര്‍ എന്ന സ്ഥലത്തായിരുന്നു അന്ന് ഷൂട്ടിന്റെ ഭാഗമായി നമ്മള്‍ താമസിച്ചിരുന്നത്. കൊടുവായൂരില്‍ അന്ന് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കിയതിന് ശേഷമാണ് അവിടെ നമ്മള്‍ താമസിക്കുവാനായി എത്തിയത്. ബയോബൈബിള്‍ എന്ന മോഡലായിരുന്നു അന്ന് നമ്മള്‍ മുന്നോട്ട് വെച്ചത്. പിന്നീട് മഹാരാഷ്ട്ര ഫിലിം ഇന്ഡസ്ട്രിയും ആ മോഡല്‍ പരീക്ഷിക്കുകയുണ്ടായി. ഷൂട്ടിങ് കഴിയുന്നത് വരെ സിനിമയുമായി ബന്ധപ്പെട്ട ആളുകളെ നമ്മള്‍ പുറത്തേയ്ക്ക് വിട്ടിരുന്നില്ല. എല്ലാരും ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്തിരുന്നു. അഥവാ ആരെങ്കിലും പുറത്ത് പോയാലും ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്തതിന് ശേഷം നെഗറ്റിവ് ആണെന്ന് ഉറപ്പ് വരുത്തിയാലേ ഷോട്ടിങ് ക്രൂവിന്റെ ഭാഗമാകാനുള്ള അനുമതി നല്‍കുകയുള്ളൂ. സിനിമയുടെ ഷൂട്ടിങ്ങിനായി പതിനെട്ടര ഏക്കര്‍ സ്ഥലം ലീസിന് എടുത്തിരുന്നു. ആളുകള്‍ വരാതിരിക്കുവാനുള്ള സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നു. അതിനു വേണ്ടി നാല്പത് ലക്ഷത്തോളം ചിലവ് വന്നിരുന്നു. ചെന്നൈയില്‍ നിന്നും സിനിമയ്ക്ക് വേണ്ടി ഫൈറ്റേഴ്‌സ് വന്നിരുന്നു. അവരെ അഞ്ചു ദിവസം ക്വാറന്റൈനില്‍ ഇരുത്തി ആര്‍ടിപിസിആര്‍ ചെയ്തതിന് ശേഷമാണ് സിനിമയുടെ ഭാഗമാക്കിയത്. ഇപ്പോള്‍ സംഘടനയിലെ 78 ശതമാനം ആളുകളും വാക്‌സിനേറ്റഡ് ആണ്. സിനിമയുടെ ഷൂട്ടിങ്ങിനായി വാക്‌സിനേറ്റഡ് ആയ ആളുകളെ മാത്രമാണ് പങ്കെടുപ്പിക്കുന്നത്. ഇപ്പോള്‍ മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി ലിമിറ്റഡ് ക്രൂവിനെ വെച്ചാണ് ഷൂട്ട് ചെയ്യുന്നത്. അവരെല്ലാരും തന്നെ വാക്‌സിനേഷന്‍ സ്വീകരിച്ചവരും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയവരുമാണ്. പിന്നെ ഇന്‍ഡോര്‍ ഷൂട്ടിങ് അപകടമുണ്ടാക്കുമെന്നാണ് പറയുന്നത്. ഇവിടെ തലങ്ങും വിലങ്ങും സീരിയലുകാര്‍ ഇന്‍ഡോര്‍ ഷൂട്ട് ചെയ്യുന്നു. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഒരു സിനിമ ഷൂട്ടിങ് സാധ്യമാണെന്നിരിക്കെ എന്തുക്കൊണ്ട് ആരും മനസ്സിലാകുന്നില്ല എന്നതാന് പ്രശ്നം.

No stories found.
The Cue
www.thecue.in