NIMISHA BINDU SAJAYAN (@nimisha_sajayan)
NIMISHA BINDU SAJAYAN (@nimisha_sajayan)

നിമിഷ സജയന്‍ ബോളിവുഡിലേക്ക്, ഒനിറിനൊപ്പം 'വീ ആര്‍'

Published on

സിനിമകളുടെ തെരഞ്ഞെടുപ്പിലും പെര്‍ഫോമന്‍സിലും മലയാളത്തിന്റെ പുതുനിരയിലെ ഏറ്റവും മികച്ച അഭിനേത്രിമാരിലൊരാളായ നിമിഷ സജയന്‍ ഹിന്ദി സിനിമയില്‍. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലെ കേന്ദ്രകഥാപാത്രത്തിന് കിട്ടിയ ദേശീയശ്രദ്ധയ്ക്ക് പിന്നാലെയാണ് നിമിഷയുടെ ബോളിവുഡ് എന്‍ട്രി. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് ഒടിടി റിലീസിന് പിന്നാലെ നിമിഷ സജയന്റെ കഥാപാത്രത്തിന് മികച്ച പ്രതികരണങ്ങള്‍ കേരളത്തിന് പുറത്തും ലഭിച്ചിരുന്നു.

ഒനിര്‍
ഒനിര്‍

ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ ഒനിര്‍ ഒരുക്കുന്ന ' വി ആര്‍' എന്ന ചിത്രത്തില്‍ നിമിഷ നായികയാകും. ഒനിര്‍ സംവിധാനം ചെയ്ത ഐയാം എന്ന സിനിയുടെ സീക്വല്‍ ആണ് വി ആര്‍. മികച്ച ചിത്രത്തിനും ഗാനരചനക്കുമുള്ള ദേശീയ അവാര്‍ഡ് ഐയാം നേടിയിരുന്നു.

ഐയാം എന്ന സിനിമ പോലെ ആന്തോളജി ശൈലിയില്‍ നാല് വ്യത്യസ്ഥ കഥകള്‍ ചേര്‍ന്നതാണ് വി ആര്‍ എന്ന് സംവിധായകന്‍. സെപ്തംബറിലായിരിക്കും ഷൂട്ടിംഗ്.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍

ജൂലൈ 15ന് ആമസോണിലെത്തുന്ന ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമായ മാലിക് എന്ന സിനിമയിലും നിമിഷ സജയന്‍ പ്രധാന റോളിലുണ്ട്. ഫുട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍ എന്ന ഇംഗ്ലിഷ് ചിത്രവും നിമിഷ സജയന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

മാലിക്
മാലിക്

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയില്‍ ശ്രീജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നിമിഷ സജയന്‍ സിനിമയിലെത്തുന്നത്. കൊച്ചി നിയോ ഫിലിം സ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ നിമിഷ സജയന്‍ മുമ്പ് പരസ്യചിത്രങ്ങളും മോഡലിംഗും ചെയ്തിരുന്നു.

നിമിഷ സജയന്‍
നിമിഷ സജയന്‍

തൊണ്ടിമുതലിന് പിന്നാലെ ഈട, കുപ്രസിദ്ധ പയ്യന്‍ എന്നീ സിനിമകള്‍ ചെയ്തു. ചോല, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന സിനിമയിലും നിമിഷ സജയന്‍ പ്രധാന റോളിലുണ്ട്.

logo
The Cue
www.thecue.in