‘ബഷീര്‍ക്കാ ഇന്‍ഡസ്ട്രി നേരെയാവാന്‍ അഞ്ചാറ് മാസം എടുക്കുമല്ലേ’, അതുവരെ സംസാരിച്ച ശബ്ദത്തിലായിരുന്നില്ല ചോദ്യമെന്ന് ലിബര്‍ട്ടി ബഷീര്‍

‘ബഷീര്‍ക്കാ ഇന്‍ഡസ്ട്രി നേരെയാവാന്‍ അഞ്ചാറ് മാസം എടുക്കുമല്ലേ’, അതുവരെ സംസാരിച്ച ശബ്ദത്തിലായിരുന്നില്ല ചോദ്യമെന്ന് ലിബര്‍ട്ടി ബഷീര്‍

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിശ്ചലമായ ചലച്ചിത്ര വ്യവസായം നേരെയാകാന്‍ ഇനി അഞ്ചാറ് മാസം എടുക്കുമല്ലേ എന്ന് മോഹന്‍ലാല്‍ ചോദിച്ചതായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍. സങ്കടത്തോടെയാണ് മോഹന്‍ലാല്‍ ഇക്കാര്യം ചോദിച്ചതെന്നും ലിബര്‍ട്ടി ബഷീര്‍ ദ ക്യുവിനോട് പറഞ്ഞു.

മോഹന്‍ലാലിന്റെ വാക്കുകളില്‍ സങ്കടമെന്ന് ലിബര്‍ട്ടി ബഷീര്‍

രാവിലെയാണ് മോഹന്‍ലാല്‍ വിളിച്ചത്. ഏഴ് മണിക്കായിരുന്നു കോള്‍. ഉറക്കത്തിലായിരുന്നു ഞാന്‍. സുഖവിവരങ്ങളും കുടുംബ കാര്യങ്ങളും അന്വേഷിച്ചതിന് ശേഷം കൊവിഡ് സിനിമാ മേഖല സ്തംഭിപ്പിച്ചതിനെക്കുറിച്ചാണ് സംസാരിച്ചത്. ചെന്നൈയില്‍ ആണെങ്കിലും കേരളത്തിലെ സിനിമാ മേഖലയിലെ കാര്യങ്ങളും തിയറ്ററുടമകളുടെ കാര്യങ്ങളും കൃത്യമായി അറിയുന്നുണ്ടെന്ന് പറഞ്ഞു. ബഷീര്‍ക്കാ എല്ലാ കാര്യങ്ങളും ആന്റണിയോട് ചോദിച്ചറിയുന്നുണ്ട് എന്ന് പറഞ്ഞു. ദൈവത്തോട് പ്രാര്‍ത്ഥിക്കാം മറ്റെന്താണ് വഴി എന്നും പറഞ്ഞു. സംസാരത്തിനൊടുവിലാണ് ബഷീര്‍ക്കാ കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് ഇന്‍ഡസ്ട്രി ഒന്ന് നേരെയാകാന്‍ അഞ്ചാറ് മാസം എടുക്കുമല്ലേ എന്ന് ചോദിച്ചത്. അതുവരെ സംസാരിച്ച മോഹന്‍ലാല്‍ ആയിരുന്നില്ല അപ്പോ, ഹാപ്പിയായി സംസാരിച്ച് തുടങ്ങിയ മോഹന്‍ലാല്‍, വലിയ സങ്കടത്തോടെയാണ് ഇത് ചോദിക്കുന്നത്. ശബ്ദത്തില്‍ നിന്ന് ആ വല്ലായ്മ മനസിലാക്കാനായി. സിനിമയോടുള്ള മോഹന്‍ലാലിന്റെ ആത്മാര്‍ത്ഥയാണ് ആ വാക്കുകളില്‍ കണ്ടത്. കഴിഞ്ഞ മുപ്പത് വര്‍ഷമായി മോഹന്‍ലാലിനെ വച്ച് സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നയാളാണ്. പല കാരണങ്ങളാല്‍ സിനിമ നടന്നില്ല. ആ വിളിയും ചോദ്യവും മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടിയതിന് തുല്യമാണ് എനിക്ക്. മനസ് ആകെ തകര്‍ന്നുകിടക്കുന്ന സമയത്ത് കേരളത്തിലെ എല്ലാ തിയറ്ററുടമകളുടെ വിഷമം കൂടി മനസിലാക്കിയാണ് മോഹന്‍ലാല്‍ സംസാരിച്ചത്.

‘ബഷീര്‍ക്കാ ഇന്‍ഡസ്ട്രി നേരെയാവാന്‍ അഞ്ചാറ് മാസം എടുക്കുമല്ലേ’, അതുവരെ സംസാരിച്ച ശബ്ദത്തിലായിരുന്നില്ല ചോദ്യമെന്ന് ലിബര്‍ട്ടി ബഷീര്‍
വിഷുവും അവധി സീസണും നഷ്ടമാകുമ്പോള്‍ മലയാള സിനിമ നേരിടുന്നത്, നഷ്ടം 500 കോടിക്ക് മുകളില്‍

തിയറ്റര്‍ ഉടമകളും സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ്. ആദ്യം വിഷു സീസണ്‍ നഷ്ടമായെങ്കിലും പെരുന്നാള്‍ റിലീസുകള്‍ നടക്കുമെന്നായിരുന്നു പ്രതീക്ഷ. ഇനി ഓണം സീസണില്‍ മാത്രമാണ് പ്രതീക്ഷ. ആളൊഴിഞ്ഞ തിയറ്ററുകളുമായി വന്‍ നഷ്ടത്തിലൂടെയാണ് തിയറ്ററുടമകള്‍ കടന്നുപോകുന്നത്. വല്ലാത്ത അവസ്ഥയാണ്. മലയാള ചലച്ചിത്ര രംഗം കടുത്ത അരക്ഷിതത്വത്തിലാണെന്നും ലിബര്‍ട്ടി ബഷീര്‍.

Related Stories

No stories found.
logo
The Cue
www.thecue.in