കൊറോണയെ ഫലപ്രദമായി നേരിടാനുള്ള മരുന്ന് എത്രയും വേഗം കണ്ടുപിടിക്കട്ടെ: മോഹന്‍ലാല്‍

കൊറോണയെ ഫലപ്രദമായി നേരിടാനുള്ള മരുന്ന് എത്രയും വേഗം കണ്ടുപിടിക്കട്ടെ: മോഹന്‍ലാല്‍

ഒരു നിമിഷവും വിശ്രമമില്ലാതെ നമുക്കായി സ്വന്തം ആരോഗ്യത്തെ പോലും തൃണവല്‍ഗണിച്ച് പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവകര്‍ക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നമ്മളോട് ആവശ്യപ്പെട്ടതെന്ന് നടന്‍ മോഹന്‍ലാല്‍. ജീവന് ഭീഷണിയായ കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള മരുന്ന് എത്രയും വേഗം കണ്ടുപിടിക്കാന്‍ ശാസ്ത്രത്തിനു സാധിക്കട്ടെ എന്നും ഫേസ്ബുക്ക് കുറിപ്പില്‍ മോഹന്‍ലാല്‍

മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്

ഒരു നിമിഷവും വിശ്രമമില്ലാതെ നമുക്കായി സ്വന്തം ആരോഗ്യത്തെ പോലും തൃണവല്‍ഗണിച്ച് പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവകര്‍ക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നമ്മളോട് ആവശ്യപ്പെട്ടത്. നന്ദി ഒരു വലിയ ഔഷധമാണ്, നന്ദിയുള്ളവരായിരിക്കുക എന്നത് വലിയ പുണ്യവും. കൈയ്യടിച്ച് നമ്മള്‍ എല്ലാവരും ചേര്‍ന്ന് ആ പ്രവര്‍ത്തി ചെയ്യുമ്പോള്‍, അതൊരു പ്രാര്‍ത്ഥന പോലെ ആയിത്തീരുന്നു. നമ്മെ എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്ന സര്‍വ്വ അണുക്കളും ആ പ്രാര്‍ത്ഥനയുടെ ശക്തിയില്‍ നശിച്ചു തുടങ്ങട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. ഈ നിമിഷം പ്രത്യാശ അല്ലാതെ എന്തുണ്ട് നമുക്ക് ബാക്കിയായി.ജീവന് ഭീഷണിയായ കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള മരുന്ന് എത്രയും വേഗം കണ്ടുപിടിക്കാന്‍ ശാസ്ത്രത്തിനു സാധിക്കട്ടെ. പൂര്‍ണ്ണ മനസ്സോടെ നമ്മുടെ വീടും പരിസരവും ശുചിയാക്കി വെക്കാന്‍ ഉള്ള മുഖ്യമന്ത്രിയുടെ ആഹ്വാനവും, നമ്മെ കാക്കുന്ന ആരോഗ്യ സേവകരോട് നന്ദി പറയാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും നമുക്ക് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാം. ഒരുമിച്ച് ഒരുമയോടെ നാം മുന്നോട്ട്.

കോവിഡ് 19 രോഗവ്യാപനത്തെ പ്രതിരോധിക്കാനുള്ള ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ച് മോഹന്‍ലാല്‍ നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശം വിവാദമായിരുന്നു. ഇന്ന് ഒമ്പത് മണി വരെ വീട്ടില്‍ നില്‍ക്കുകയും അഞ്ച് മണിക്ക് നമ്മള്‍ എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുന്ന വലിയ പ്രോസസാണ്. ആ ശബ്ദം എന്ന് പറയുന്നത് വലിയ മന്ത്രം പോലെയാണ്. ഒരുപാട് ബാക്റ്റീരിയയും വൈറസുമൊക്കെ നശിച്ച് പോകാന്‍ സാധ്യതയുണ്ട്. ഇതായിരുന്നു മനോരമാ ന്യൂസ് ടെലഫോണ്‍ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞത്. ഒരുമിച്ച് കയ്യടിക്കുമ്പോള്‍ കൊറോണാ വൈറസിന് നാശമുണ്ടാകുമെന്ന വാദം തെറ്റായ പ്രചരണമാണെന്ന് വ്യക്തമാക്കി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ രംഗത്തെത്തി. അഞ്ച് മണിക്ക് കയ്യടിക്കാനും പാത്രങ്ങള്‍ തട്ടി ശബ്ദമുണ്ടാക്കാനും ആഹ്വാനം ചെയ്തത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊറോണാ പ്രതിരോധത്തിനുമായി നിസ്വാര്‍ത്ഥ സേവനം നടത്തുന്നവര്‍ക്കുള്ള ആദരമെന്ന നിലക്കാണെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോഹന്‍ലാലിന്റെ വിശദീകരണം.

Related Stories

No stories found.
logo
The Cue
www.thecue.in