കെന്‍ ലോച്ചിന്റെ 'സോറി വി മിസ്‌ഡ് യു': അന്യവൽക്കരണത്തിന്റെ മാനുഷിക മുഖങ്ങൾ

'സോറി വി മിസ്‌ഡ് യു'
കെന്‍ ലോച്ചിന്റെ
'സോറി വി മിസ്‌ഡ് യു': അന്യവൽക്കരണത്തിന്റെ മാനുഷിക മുഖങ്ങൾ

ബ്രിട്ടീഷ് തൊഴിലാളി വർഗ്ഗത്തിന്റെ ജീവിത കഥകളാണ് കെൻ ലോച്ച് (Ken Loach) സിനിമകൾ പറയാറുള്ളത്. 'കെസ്' (Kes), 'റിഫ്-റാഫ്' (Riff-Raff), 'ലുക്കിങ് ഫോർ എറിക്' (Looking for Eric), 'ഐ ഡാനിയേൽ ബ്ലെയ്‌ക്' (I, Daniel Blake) എന്നിങ്ങനെ എത്രയോ ജീവിതാഖ്യാനങ്ങൾ. മനുഷ്യരിലേക്ക് നോക്കുന്ന, മനസ്സിൽ പതിയുന്ന മികച്ച സിനിമകൾ. കെൻ ലോച്ചിന്റെ ഏറ്റവും പുതിയ ചിത്രം 'സോറി വി മിസ്‌ഡ് യു' (Sorry We Missed You) തൊഴിലില്ലായ്‌മയുടെയും മുഖമില്ലാത്ത വ്യവസ്ഥിയുടെ ചൂഷണങ്ങളുടെയും കാലത്ത് ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന ഒരു കുടുംബത്തിന്റെ കഥയാണ് പറയുന്നത്. 'ഗിഗ് ഇക്കോണമി' (gig economy) എന്ന് വിളിക്കപ്പെടുന്ന തൊഴിൽ മേഖലയിലെ പുതിയ പരിഷ്‌കരണത്തിന്റെ ഏറ്റവും സ്വകാര്യമായ അനുഭവങ്ങളാണ് സിനിമ. ലോച്ചിന്റെ മിക്ക സിനിമകളുടെയും എഴുത്തുകാരൻ പോൾ ലാവെർട്ടി (Paul Laverty) തന്നെയാണ് ഈ ചിത്രത്തിന്റെയും കഥ എഴുതിയിരിക്കുന്നത്.

sorry we missed you
sorry we missed you

സ്ഥിര-വരുമാന ജോലികൾക്ക് പകരം ഹ്രസ്വകാലത്തേക്ക്, കരാർ അടിസ്ഥാനത്തിൽ, തൊഴിൽ ആനുകൂല്യങ്ങൾ ഇല്ലാതെ, നിശ്ചിത സമയത്തിന് സേവനങ്ങൾ ഉറപ്പുവരുത്തേണ്ട താൽകാലിക ജോലികൾ ചെയ്‌തു ഉപജീവനമാർഗ്ഗം കണ്ടെത്തേണ്ടി വരുന്ന റിക്കി (ക്രിസ് ഹിച്ചൻ), അബി (ഡെബി ഹണിവുഡ്) എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഓൺലൈനിൽ നിന്ന് ആളുകൾ വാങ്ങുന്ന സാധനങ്ങൾ അവരിലേക്ക് എത്തിക്കുന്ന പാർസൽ ഡെലിവറി സ്ഥാപനത്തിൽ ജോലിക്ക് പ്രവേശിക്കുന്ന റിക്കി -യിലൂടെ സിനിമ ആരംഭിക്കുകയാണ്. "ഞാൻ എല്ലാ തരത്തിലെ ജോലിയും ചെയ്‌തിട്ടുണ്ട്, നിങ്ങൾ ജോലികളുടെ പേരുകൾ പറയൂ, അതെല്ലാം ഞാൻ ചെയ്‌തിട്ടുണ്ട്. കൂടുതലും കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട ജോലികളാണ് ചെയ്‌തിട്ടുള്ളത്‌. അടിസ്ഥാന ജോലികൾ, ഡ്രയ്‌നേജ്, കുഴിക്കൽ, വാർപ്, പ്ലംബിംഗ്, സിമന്റ് കുഴയ്ക്കൽ.. എന്തിന് ശവക്കുഴി വരെ കുഴിച്ചിട്ടുണ്ട്, അതെല്ലാം ഞാൻ ചെയ്‌തിട്ടുണ്ട്‌," റിക്കി പാർസൽ ഡിപ്പോയുടെ ചുമതല ഉള്ള മലോണി -ഓട് പറയുന്ന ഈ വാക്കുകൾ ആണ് സിനിമയിൽ നമ്മൾ ആദ്യം കേൾക്കുന്നത്. തന്നെ കൊണ്ട് ചെയ്യാൻ പറ്റുന്ന എല്ലാ 'ബ്ലൂ-കോളർ' ജോലികളും റിക്കി ചെയ്‌തിട്ടുണ്ട്. സമകാലിക ബ്രിട്ടണിലെ തൊഴിലാളി വർഗ്ഗത്തിന്റെ യഥാർത്ഥ ജീവിതം ഇതാണ്.

kenloach
kenloach

മലോണി റിക്കിയോട് പറയുന്ന മറുപടി ഇങ്ങനെ, "താങ്കൾ ഞങ്ങൾക്ക് വേണ്ടി ജോലി ചെയ്യുകയല്ല, ഞങ്ങളോടൊപ്പം ജോലി ചെയ്യുകയാണ്. നിങ്ങൾ വണ്ടി ഓടിക്കുന്നത് ഞങ്ങൾക്ക് വേണ്ടിയല്ല, നിങ്ങൾ ചെയ്യുന്നത് സേവനം മാത്രമാണ്. വേതനം എന്നൊന്നില്ല, ഫീസ് മാത്രം." സാധനങ്ങൾ എത്തിക്കേണ്ട സ്ഥലങ്ങളിൽ നിശ്ചിത സമയത്ത് എത്തിക്കണം. അതിൽ ഒരു തരത്തിലും പാളിച്ചകൾ ഉണ്ടാകരുത്. സാധനങ്ങള്‍ കൊണ്ട് പോകാനുള്ള വാൻ സ്വന്തമായി വാങ്ങിക്കാം, അല്ലെങ്കിൽ വാടകയ്ക്ക് എടുക്കാം. പക്ഷേ ദിവസവും വാടക കൊടുക്കുകയും, ആദ്യം ഡിപ്പോസിറ്റ് കൊടുക്കുകയും വേണം. സാധങ്ങളുമായി പോകുന്നവർ കൂടെ ഒരു സ്‌കാനർ കൊണ്ടുപോകണം. സാധനകൾ കാത്തിരിക്കുന്നവർക്കും, കമ്പനി മുതലാളിക്കും ഓരോ ചുവടും നിരീക്ഷിക്കാൻ കഴിയും. സമകാലിക ലോകത്തെ ആധുനിക സമൂഹങ്ങളിൽ ഇതൊന്നും നമ്മൾക്ക് അറിയാത്ത കാര്യം അല്ല. ഫ്‌ളിപ്‌കാർട്ട്, ആമസോൺ, സൊമാറ്റൊ, ഉബെർ ഇറ്റ്സ് തുടങ്ങി മനുഷ്യരുടെ ഒട്ടുമിക്ക എല്ലാ ആവശ്യങ്ങളും 'ഓൺലൈൻ ഡെലിവറികൾ' ഇന്ന് സാധ്യമാക്കുമല്ലോ. തൊഴിലില്ലാതെ ആയിരകണക്കിന് ആളുകൾ ഉള്ളപ്പോൾ, കുറഞ്ഞ വിലയ്ക്ക് താൽകാലികമായി ജോലി ചെയ്യാൻ ഒരുപാട് ആളുകളെ മുതലാളിമാർക്ക് ലഭിക്കുന്നു.

അബിയും ജോലി ചെയ്യുന്നത് കരാർ അടിസ്ഥാനത്തിൽ തന്നെയാണ്. പ്രായമായവർക്കും, ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾക്കും, വീടുകളിൽ അസുഖങ്ങൾ കാരണം ഒറ്റപ്പെട്ട് കഴിയുന്നവർക്കും അവരുടെ വീടുകളിൽ ചെന്ന് പരിചരണവും മറ്റു സഹായങ്ങളും നൽകുന്ന 'ഹോം കെയർ നഴ്‌സ്‌' ആയിട്ടാണ് അബി ജോലി ചെയ്യുന്നത്. ഓരോ ദിവസവും ഇങ്ങനെ ആറും ഏഴും വീടുകളിൽ പോയി ജോലി ചെയ്യണം. ഇടവേള സമയത്തോ, അവധി എടുക്കുമ്പോഴോ, വണ്ടിക്കൂലിക്കോ ഒന്നും വേതനം ലഭിക്കില്ല. റിക്കിയുടെയും അബിയുടെയും മക്കളായ സെബാസ്റ്റിയനും, ലിസയും സ്‌കൂളുകളിൽ പഠിക്കുന്നു. ജോലി കഴിഞ്ഞ് മടങ്ങി വീട്ടിലേക്ക് വരുമ്പോൾ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയമോ, കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്താനോ റിക്കിക്കും അബിക്കും കഴിയുന്നില്ല. 2008 -ലെ സാമ്പത്തിക മാന്ദ്യാനന്തരം കടുത്ത പ്രതിസന്ധിയാണ് ആ കുടുംബം നേരിടുന്നത്. സ്വന്തമായി വീട് ഇല്ല. താമസിക്കുന്ന വീടിന്റെ വാടക തന്നെ വലിയ ഒരു ഭാരമാണ്.

സേവനമേഖലക്ക് അധിഷ്ഠിതമായി ചലിക്കുന്ന സാമ്പത്തിക-സാമൂഹിക വ്യവസ്ഥയിൽ തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നത് ചർച്ചയാകേണ്ട കാലമാണ്. അതുതന്നെയാണ് ഈ സിനിമ പറയുന്ന കഥയുടെയും അതിന്റെ രാഷ്ട്രീയത്തിന്റെയും പ്രസക്തി.

മുതലാളിത്ത ഉൽപാദനത്തിന് നിയോലിബറൽ പരിവേഷം ലഭിച്ചതോടെ ഉൽപാദനത്തിന്റെ ചിലവ് കുറയ്ക്കാൻ ഒന്നാം ലോകത്ത് നിന്ന് പല കുത്തക കമ്പനികളും വികസ്വര രാജ്യങ്ങളിലെ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ (cheap labour) ലക്ഷ്യമാക്കി 'പോസ്റ്റ്-ഫോർഡിസ്റ്' (Postfordism) രീതിയിലേക്ക് ചുവടു മാറ്റിയപ്പോൾ, ഒന്നാം ലോകത്തെ സാധാരണക്കാരായ മനുഷ്യർക്ക് ഉണ്ടായ നഷ്‌ടങ്ങൾ ഏറെയാണ്. ഒരുപാട് തൊഴിൽ അവസരങ്ങൾ ഇല്ലാതാകുകയും, തൊഴില്ലായ്‌മ വർദ്ധിക്കുകയും, പല തരത്തിലുള്ള ചൂഷണങ്ങൾ കൂടുകയും ചെയ്‌തു. പിന്നീട് അവശേഷിച്ചത് റിക്കിയും, അബിയും ചെയ്യുന്ന പോലെയുള്ള ജോലികളാണ്. എട്ടു മണിക്കൂർ മാത്രം ജോലി എന്നതടക്കമുള്ള തൊഴിലാളിയുടെ അടിസ്ഥാന അവകാശങ്ങൾ എല്ലാം ഇല്ലാതായിരിക്കുന്നു. തൊഴിൽ നിയമങ്ങളെയും, തൊഴിലാളികളുടെ അവകാശങ്ങളെയും മുതലാളിത്തം പുതിയ രൂപത്തിൽ വന്നു തച്ചുടച്ചിരിക്കുന്നു. രാവിലെ ഏഴു മുതൽ രാത്രി ഒൻപത് മാണി വരെ അധ്വാനസമൂഹത്തിന്റെ തൊഴിൽ ശക്തിയെ ഊറ്റിയെടുക്കുകയാണ് ഓരോ സ്ഥാപനങ്ങളും. കുറഞ്ഞ പൈസക്ക് വേണ്ടി കൂടുതൽ ജോലി ചെയ്യേണ്ടി വരുന്നു എന്ന് മാത്രമല്ല, കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അന്യവത്കരിക്കപ്പെടുന്ന (alienation) ഭീകരമായ അവസ്ഥ. എതിർത്ത് പറഞ്ഞാൽ അപ്പോൾ ജോലിയിൽ നിന്ന് പുറത്താക്കപ്പെടും, കാരണം പുറത്ത് ആയിരക്കണക്കിന് ആളുകൾ ഇതിലും കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യാൻ തയ്യാറാണ്. വലിയ ഒരു അധികാര ശ്രേണിയിലെ ഇത്തിൾകണ്ണികൾ മാത്രമാണ് തൊഴിലാളി വർഗ്ഗം. വലിയ ഒരു ഉൽപാദന-വിതരണ-ഉപഭോഗ ശൃംഖലയിലെ ഒരു ചെറിയ ജോലി മാത്രമാണ് റിക്കിയെ പോലെയുള്ളവർ ചെയ്യുന്നത്.

ബിഗ് ഡാറ്റ -യുടെ യുഗത്തിൽ അദൃശ്യമായിരുന്നുകൊണ്ട് മനുഷ്യരെ നിയന്ത്രിക്കുന്ന വ്യവസ്ഥിതിയെ കുറിച്ചും, ആ വ്യവസ്ഥിതി തീർക്കുന്ന വർഗ്ഗ വിവേചനത്തെ കുറിച്ചും ഒരു കുടുംബത്തിന്റെ പോരാട്ടങ്ങളിലൂടെ സിനിമ അടയാളപ്പെടുത്തുന്നുണ്ട്

ഫാക്ടറികളിലെ മുതലാളിത്ത ഉൽപാദന രീതിയിൽ മാർക്‌സ് പറഞ്ഞ അതേ തൊഴിൽ ചൂഷണവും, അന്യവൽക്കരണവും, സാമ്പത്തിക ഒറ്റപ്പെടലും, ലാഭത്തിനു വേണ്ടിയുള്ള കണ്ണിൽ ചോരയില്ലാത്ത കുരുതി കൊടുക്കലും കാണണം എങ്കിൽ ഇന്നത്തെ കാലത്ത് തെരുവുകളിൽ ഇറങ്ങി ചുറ്റുമുള്ള മനുഷ്യരെ നോക്കിയാൽ മതി എന്ന് ഈ സിനിമ പറഞ്ഞു വെക്കുന്നു. ഒരു ദിവസം പതിനാലു മണിക്കൂർ ജോലി, ആഴ്ചയിൽ അങ്ങനെ ആറു ദിവസം, വേറെ ഒരു ആനുകൂല്യങ്ങളോ ഇല്ല. ഒരു ദിവസം അവധി എടുത്താൽ, പകരം ആളിനെ എത്തിച്ചില്ല എങ്കിൽ ഫൈൻ ഉണ്ട്. ഇങ്ങനെ കൂടി വരുന്ന കടം വീട്ടാൻ കൂടുതൽ മണിക്കൂർ അധിക ജോലിക്ക് പുറമെ അധിക ജോലി ചെയ്യേണ്ടി വരുന്നു. റിക്കിയുടെയും അബിയുടെയും ജീവിതം ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഓരോ സാധാരണ മനുഷ്യരുടെയും ജീവിതയാഥാർഥ്യമാണ്, നിലനിൽപ്പിനായുള്ള പോരാട്ടമാണ്. ഇങ്ങനെ ചൂഷണം ചെയ്‌ത്‌ എല്ലാ ഊർജ്ജവും ചോർന്നു കഴിയുമ്പോൾ പുറത്തേക്ക് വലിച്ചെറിയപെടുന്നവർ.

ബിഗ് ഡാറ്റ -യുടെ യുഗത്തിൽ അദൃശ്യമായിരുന്നുകൊണ്ട് മനുഷ്യരെ നിയന്ത്രിക്കുന്ന വ്യവസ്ഥിതിയെ കുറിച്ചും, ആ വ്യവസ്ഥിതി തീർക്കുന്ന വർഗ്ഗ വിവേചനത്തെ കുറിച്ചും ഒരു കുടുംബത്തിന്റെ പോരാട്ടങ്ങളിലൂടെ സിനിമ അടയാളപ്പെടുത്തുന്നുണ്ട്. സെബ്, ലിസ എന്നീ കുട്ടികളിലൂടെ ഒരു കുടുംബത്തിന് സംഭവിക്കുന്ന വൈകാരിക തകർച്ചകളെ ഹൃദയസ്പർശിയായി സിനിമ ആവിഷ്ക്കരിക്കുന്നു. മകന്റെ 'ഗ്രാഫിറ്റി' -യിലെ കഴിവുകൾ തിരിച്ചറിയാൻ കഴിയാതെ പോകുന്ന റിക്കി, അച്ഛനെ പഴയ പോലെ കാണാൻ വേണ്ടി വാനിന്റെ താക്കോൽ എടുത്തു മാറ്റി വെക്കുന്ന ലിസ, സമയം കിട്ടുമ്പോഴൊക്കെ ഫോണിലൂടെ മക്കളോട് നിർദേശങ്ങൾ നൽകുന്ന അബി, സമൂഹത്തിലെ മോശം ജീവിത സാഹചര്യങ്ങളും അവസരങ്ങളും കണ്ട് നിരാശനായി അതിനോട് പ്രതികരിക്കുന്ന സെബ്; ഇവരിലൂടെ എല്ലാം സിനിമ വ്യക്‌തമായ രാഷ്ട്രീയം സംസാരിക്കുന്നുണ്ട്. തൊഴിലാളി വർഗ്ഗത്തിന്റെ ആശങ്കകളും ആകുലതകളും മാത്രമല്ല, അവരുടെ അസ്‌തിത്വപരമായ പ്രതിസന്ധിയും, മനോവേദനയും ലോച്ച് ഇവരിലൂടെയെല്ലാം കാണിച്ചു തരുന്നുണ്ട്. 'ഗിഗ് ഇക്കോണമി' -യുടെ ഇരുണ്ട വശങ്ങളാണ് ഇതെല്ലം. അന്യവത്കരണത്തിന്റെ കാഴ്ചകൾ വലിയ വീടുകളിൽ ഏകാന്തത അനുഭവിക്കുന്ന പ്രായമായവരിലും കാണാം.

കെന്‍ ലോച്ചിന്റെ
'സോറി വി മിസ്‌ഡ് യു': അന്യവൽക്കരണത്തിന്റെ മാനുഷിക മുഖങ്ങൾ
ദ പ്ലാറ്റ്‌ഫോം: അരാജക ലോകത്തിലെ ഹിംസയുടെ തുരുത്തുകൾ  

ഡെലിവറി ചെയ്യാൻ ഉള്ള പാർസലുകളുമായി പോകുമ്പോൾ അത് വാങ്ങേണ്ടവർ അവിടെ ഇല്ല എങ്കിൽ 'സോറി വി മിസ്‌ഡ് യു' എന്നെഴുതിയ കാർഡിൽ വിവരങ്ങൾ എഴുതി ഇടണം. ഡെലിവറി പ്രതീക്ഷിച്ചിരിക്കുന്നവർക്ക് ഒരുപക്ഷേ അവർ രണ്ടോ മൂന്നോ ദിവസം മുൻപ് വാങ്ങിയ സാധനത്തിനായുള്ള കാത്തിരിപ്പു മാത്രമാണ്. എന്നാൽ ഡെലിവറി ചെയ്യാൻ വരുന്നവർ ദിവസവും അത്തരത്തിൽ നൂറുകണക്കിന് സാധനങ്ങൾ പലയിടത്തായി എത്തിക്കുന്നവരാണ്. അവരോട് 'നിങ്ങൾ ഭക്ഷണം കഴിച്ചോ', 'പേരെന്താണ്', വീടെവിടെയാണ് എന്നൊന്നും ആരും ചോദിക്കാറില്ല. ഇതൊക്കെയാണ് നമ്മളുടെ ചുറ്റുമുള്ള ലോകത്തിലെ യാഥാർഥ്യങ്ങൾ. ഒരു വ്യവസ്ഥിതിക്കു കീഴിൽ കൂടുതൽ അകലുകയാണ് മനുഷ്യർ. സമീപ കാലത്ത് ബ്രിട്ടനെ കുറിച്ച് നമ്മൾ ഏറ്റവും അധികം കേൾക്കുന്നത് ബ്രെക്സിറ്-അനന്തരം സംഭവിക്കാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധികളെ പറ്റിയും, കുടിയേറ്റ നിയമങ്ങളെ കുറിച്ചും ഒക്കെയാണ്. എന്നാൽ ലണ്ടനിലെ ഊഹക്കച്ചവടക്കാർക്കും, ഓഹരിനിക്ഷേപകർക്കും ഒക്കെയാണ് ആ ആശങ്കകൾ ഉള്ളത്. ബ്രിട്ടനിലെ തൊഴിലാളി വർഗ്ഗത്തിന് പക്ഷേ വെല്ലുവിളികൾ ഏറെയാണ്. സേവനമേഖലക്ക് അധിഷ്ഠിതമായി ചലിക്കുന്ന സാമ്പത്തിക-സാമൂഹിക വ്യവസ്ഥയിൽ തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നത് ചർച്ചയാകേണ്ട കാലമാണ്. അതുതന്നെയാണ് ഈ സിനിമ പറയുന്ന കഥയുടെയും അതിന്റെ രാഷ്ട്രീയത്തിന്റെയും പ്രസക്തി.രണ്ട് പ്രാവശ്യം പാം ഡി'ഓർ നേടിയ കെൻ ലോച്ച് കാൻ ചലച്ചിത്രമേളയിൽ ഇക്കുറി 'സോറി വി മിസ്‌ഡ് യു' എന്ന ചിത്രവുമായാണ് എത്തിയത്. മേളയിലേക്ക് താൻ അയക്കുന്ന അവസാനത്തെ ചിത്രമായിരിക്കും എന്ന പ്രഖ്യാപനവും ഉണ്ടായി. 2020 -ൽ സിനിമ തീയേറ്ററുകളിൽ എത്തിയിരിക്കുന്നു. തൊഴിൽ ചൂഷണത്തിന്റെ തീവ്രത മനുഷ്യത്വവും താണ്ടി സഞ്ചരിക്കുന്ന ലോകത്ത് 'സോറി വി മിസ്‌ഡ് യു' തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ്.

കെന്‍ ലോച്ചിന്റെ
'സോറി വി മിസ്‌ഡ് യു': അന്യവൽക്കരണത്തിന്റെ മാനുഷിക മുഖങ്ങൾ
എമ: ഉടലാളും നടനങ്ങള്‍
കെന്‍ ലോച്ചിന്റെ
'സോറി വി മിസ്‌ഡ് യു': അന്യവൽക്കരണത്തിന്റെ മാനുഷിക മുഖങ്ങൾ
ഥപട്: ഒരടിയും കുറേ തിരിച്ചടികളും

Related Stories

No stories found.
logo
The Cue
www.thecue.in