എമ: ഉടലാളും നടനങ്ങള്‍

എമ: ഉടലാളും നടനങ്ങള്‍

ചിലിയന്‍ സംവിധായകനായ പാബ്‌ലോ ലറെയ്‌നി(Pablo Larrain)ന്റെ പുതിയ ചിത്രമായ എമ(2019)യിലെ ഒരു രംഗം:

നായികയായ എമ, വരുമാനമുള്ള എന്തെങ്കിലും ജോലി വേണമെന്ന ഉദ്ദേശ്യത്തോടെ ഒരു സ്‌കൂളില്‍ ഇന്റര്‍വ്യൂവിന് പോകുന്നു.നൃത്തത്തിലുള്ള വൈദഗ്ധ്യമാണ് അവരുടെ യോഗ്യത.

ബയോഡേറ്റ നോക്കി പ്രിന്‍സിപ്പല്‍ ചോദിക്കുന്നു:

'ഇവിടെ ഫോക്ഡാന്‍സ് പഠിപ്പിക്കുന്ന ഒരധ്യാപികയുണ്ടായിരുന്നു നേരത്തെ. അതുമതിയോ?

''അതുചെയ്യാം, കുഴപ്പമില്ല' എന്ന് എമയുടെ മറുപടി.

പക്ഷേ അത്തരം നൃത്തരൂപങ്ങള്‍ പ്രിന്‍സിപ്പലിന് ഇഷ്ടമല്ല. 'പഴഞ്ചനാണ്. പ്രത്യേക വേഷമൊക്കെ വേണം. കുട്ടികള്‍ കമ്പിളിത്തൊപ്പിയൊക്കെ വെച്ച്..

''പ്രശ്‌നമില്ല, ഞാനും അതല്ല പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്' എന്ന് എമ.

'പിന്നെ എന്താണ് പഠിപ്പിക്കുന്നത്?' പ്രിന്‍സിപ്പല്‍ ആരായുന്നു.

'ഫ്രീഡം. കുട്ടികളെ സ്വതന്ത്രമായി ചലിക്കാനാണ് പഠിപ്പിക്കുക''അത് നന്നായിരിക്കും. ശരീരംകൊണ്ടുള്ള പ്രകാശനം എങ്ങനെയെന്ന് കുട്ടികള്‍ക്ക് അറിയാനാകും' -പ്രിന്‍സിപ്പല്‍ ശരിവെക്കുന്നു.

ഈ രംഗത്തെ കേന്ദ്രീകരിച്ചാണ് 'എമ' വികസിക്കുന്നതെന്നു പറയാം. ശരീരത്തിന്റെ സമകാലികമായ പ്രകാശനങ്ങള്‍. നര്‍ത്തകിയായ എമ(മരിയാന ഡി ഗിറോലമോ)യും നൃത്തപരിശീലകനായ ഗാസ്റ്റണും(ഗായേല്‍ ഗാര്‍ഷ്യ ബെര്‍ണാല്‍) അവരുടെ ദത്തെടുത്ത കുട്ടി പോളോയും തമ്മിലുള്ള ബന്ധത്തിന്റെ സങ്കീര്‍ണതകളും അതിന്റെ പശ്ചാത്തലവുമാണ് ലറെയ്‌നിന്റെ ചിത്രം. ചിലിയന്‍ കവി നെരൂദയുടെ ജീവിതം പ്രമേയമാക്കി ഇറങ്ങിയ 'നെരൂദ'(2016)യും കെന്നഡിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ജാക്കി കെന്നഡിയുടെ കഥ പറയുന്ന 'ജാക്കി'(2016)യുമായിരുന്നു അദ്ദേഹത്തിന്റെ മുന്‍ചിത്രങ്ങള്‍. 'എമ' വെനീസിലെയും ടൊറന്റോയിലെയും മേളകളില്‍ പ്രദര്‍ശിപ്പിച്ച ശേഷം കഴിഞ്ഞ വര്‍ഷം ചിലിയില്‍ റിലീസ് ചെയ്തിരുന്നു. ആഗോളതലത്തിലുള്ള തിയറ്റര്‍ റിലീസ് ഈ മാര്‍ച്ചില്‍ നടക്കേണ്ടതായിരുന്നെങ്കിലും നടന്നില്ല. ഈ മെയ്ദിനത്തിന് mubi.com ഓണ്‍ലൈന്‍ സ്ട്രീമിങ്ങിലൂടെ റിലീസ് ചെയ്തു.

എമയിലെ നൃത്തരംഗം
എമയിലെ നൃത്തരംഗം

ലോകത്തെമ്പാടും പാബ്‌ലോ ലറെയ്‌നിന്റെ ചിത്രങ്ങള്‍ കാത്തിരിക്കുന്ന സിനിമാപ്രേമികളുടെ വലിയൊരു വൃന്ദമുണ്ട്. ചിലിയിലെ സോഷ്യലിസ്റ്റ് പ്രസിഡന്റ് സാല്‍വദോര്‍ അലെന്‍ഡെയെ അട്ടിമറിയിലൂടെ പുറത്താക്കുന്നതിന്റെ പശ്ചാത്തലത്തിലുള്ള 'പോസ്റ്റ്‌മോര്‍ട്ടം'(2010), തുടര്‍ന്നുണ്ടായ അഗ്‌സ്‌റ്റോ പിനോഷെയുടെ ഏകാധിപത്യ കാലഘട്ടം പശ്ചാത്തലമായ 'ടോണി മനീറോ'(2008), പിനോഷെയുടെ ഭരണം തുടരണമോ എന്നതുസംബന്ധിച്ച ഹിതപരിശോധനയുടെ പശ്ചാത്തലത്തിനുള്ള 'നോ'(2012) എന്നിവ ഉള്‍പ്പെട്ട ട്രിലോജി കൊണ്ടുതന്നെ അദ്ദേഹം ശ്രദ്ധേയനായിരുന്നു. 2006-ല്‍ ഇറങ്ങിയ ആദ്യചിത്രം 'ഫ്യൂഗ' അന്താരാഷ്ട്രമേളകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വൈദിക ജീവിതത്തില്‍ നിന്ന് വിരമിച്ച, ചിലിയിലെ ഒരു ചെറുപട്ടണത്തിലെ പാപപരിഹാരകേന്ദ്രത്തിലെ അന്തേവാസികളെ കേന്ദ്രമാക്കി ഇറങ്ങിയ 'ദി ക്ലബ്' (2015) ആയിരിക്കും ലറെയ്‌നിന്റെ മാസ്റ്റര്‍പീസ്. തീക്ഷ്ണവും പരുഷവും നാടകീയതകള്‍ നിറഞ്ഞതുമായ കഥാപശ്ചാത്തലവും ഒരു ഹിപ്‌നോടിക്ക് വലയത്തില്‍പെട്ടതുപോലെ പിന്തുടരാന്‍ പ്രേരിപ്പിക്കുന്ന ദൃശ്യങ്ങളും ലോഹസ്പര്‍ശമുള്ള കാന്തികസംഗീതവും ചേര്‍ന്നുളവാക്കുന്ന വൈകാരിക ഭാവലോകമാണ് ലറെയ്‌നിന്റെ ചിത്രങ്ങള്‍. 'എമ'യും വ്യത്യസ്തമല്ല.

പരമ്പരാഗത ശൈലിയിലുള്ള നര്‍ത്തകിയല്ല പ്രധാനകഥാപാത്രമായ എമ. റെഗ്ഗേതന്‍(reggaeton) എന്ന നവനൃത്തമാണ് അവര്‍ അവതരിപ്പിക്കുന്നത്. ആ നൃത്തത്തിന്റെ പരിശീലകനാണ് ഭര്‍ത്താവായ ഗാസ്റ്റണ്‍. സമകാലിക ലാറ്റിന്‍ അമേരിക്കന്‍ സ്വത്വത്തെ ആഗോളമായി സ്ഥാപിച്ചെടുക്കുന്നതില്‍ നല്ല പങ്ക് റെഗ്ഗേതന്‍ സംഗീതത്തിനുണ്ട്. തൊണ്ണുറുകളോടെ, പ്യൂയര്‍ട്ടോറിക്കന്‍- പാനമന്‍ 'സ്പാനിഷ് റെഗ്ഗേ'യും അമേരിക്കന്‍ ഹിപ്പ് ഹോപ്പും ജമൈക്കന്‍ ഡാന്‍സ് ഹാള്‍ സംഗീതവും സമന്വയിപ്പിച്ചാണ് റെഗ്ഗേതന്‍ ശൈലി രൂപപ്പെട്ടത്. പ്രധാനമായും അമേരിക്കയിലേക്ക് കുടിയേറിയ ലാറ്റിന്‍ അമേരിക്കന്‍ വംശജരുടെ രണ്ടാംതലമുറയ്ക്കിടയില്‍ രൂപ്പപെട്ട സംഗീതമാണിത്. അതിനാല്‍ തന്നെ ടാംഗോയോ സല്‍സയോ സുംബയോപോലെ ഏതെങ്കിലും രാജ്യത്തിന്റെയോ പ്രാദേശത്തിന്റെയോ സംസ്‌കൃതിയുമായ ബന്ധപ്പെട്ട ഒന്നല്ല. എന്നാല്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ യുവാക്കളെ ഒന്നിപ്പിക്കുന്ന, ദേശാന്തരവും(transnational) ബഹുസംസ്‌കാര(multicultural) സവിശേഷതകളുള്ളതുമായ അവതരണരൂപമാണിത്. അണ്ടര്‍ഗ്രൗണ്ട് മ്യൂസിക്കിന്റെ സ്വഭാവവും റെഗ്ഗേതന് ഉണ്ട്. അതിലൈംഗികതയും രാഷ്ട്രീയമായ രോഷവും ദരിദ്രവിഭാഗങ്ങളോടുള്ള ആഭിമുഖ്യവും സാമൂഹ്യയാഥാര്‍ഥ്യങ്ങളുടെ പ്രതിഫലനവും ഇതിന്റെ വരികളില്‍ പ്രകടമാണ്. അതിനാല്‍ ചില ഭരണകൂടങ്ങള്‍ ഇതിനെ സംശയത്തോടെയാണ് കാണുന്നതും.

എമയിലെ രംഗം
എമയിലെ രംഗം

ചിലിയിലെ രാഷ്ട്രീയചരിത്രത്തിലും ഇടതുപക്ഷമുന്നേറ്റങ്ങളിലും സംഗീതത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. എഴുപതുകളില്‍ ഇടതുപക്ഷപ്രസ്ഥാനം സജീവമാകുകയും അലന്‍ഡെ നേതൃത്വത്തിലേക്ക് വരികയും ചെയ്യുന്ന കാലത്ത് ഇവിടെ നവസംഗീതം ഉടലെടുത്തിരുന്നു. പിന്നീട് പിനോഷെയുടെ ഏകാധിപത്യത്തിനെതിരായ പ്രതിഷേധങ്ങളുടെ കാലത്ത് നിരവധി ബാന്‍ഡുകള്‍ രൂപം കൊള്ളുകയും അവ യൂറോപ്പിലും അമേരിക്കയിലും സഞ്ചരിച്ച് അനുഭാവികളെ കണ്ടെത്താനും ശ്രമിച്ചു. പിനോഷെ ഇത്തരം സംഗീതസംഘങ്ങളെ സംശയത്തോടെയാണ് കണ്ടത്. അക്കാലത്ത് പ്രശസ്തനായ പ്യൂയര്‍ട്ടോറിക്കന്‍ റെഗ്ഗേതന്‍ കലാകാരന്‍ 'എന്‍ ജനറല്‍' ചിലിയിലെത്തിയിരുന്നു. റെഗ്ഗേതന്‍ ശൈലിയുടെ ആദ്യകാല വക്താക്കളിലൊരാളാണ് ഇദ്ദേഹം. എന്നാല്‍, ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ പരിപാടിക്ക് അണിയേണ്ട വേഷവിധാനങ്ങള്‍ പിടിച്ചെടുത്തു. 'ജനറല്‍' എന്ന പേരില്‍ പരിപാടി അവതരിപ്പിക്കാനാവില്ലെന്നും (പിനോഷെ ചിലിയന്‍ ജനറലായിരുന്നല്ലോ) രേഖകളിലെ പേരായ 'എഡ്ഗാര്‍ഡോ ഫ്രാന്‍കോ' എന്ന പേരില്‍ സാധാരണ വേഷത്തില്‍ പരിപാടി അവതരിപ്പിച്ചാല്‍ മതിയെന്നുമായിരുന്നു അദ്ദേഹത്തിന് കിട്ടിയ നിര്‍ദേശം. 2000-ന്റെ പകുതിയോടെ റെഗ്ഗേതന്‍ ലാറ്റിന്‍ അമേരിക്കന്‍ യൂവാക്കള്‍ക്കിടയിലും ബഹുജനമാധ്യമങ്ങളിലും ജനപ്രിയകലാരൂപമായി മാറി. രാജ്യാതിര്‍ത്തികള്‍ മാഞ്ഞുതുടങ്ങിയ ആഗോള ലാറ്റിന്‍ അമേരിക്കന്‍ സ്വത്വബോധത്തിന്റെ സംഗീതമാണത് ഇപ്പോള്‍. മില്ലെനിയല്‍ എന്നോ ന്യൂജനറേഷന്‍ എന്നോ വിളിക്കാവുന്ന പ്രതിഭാസം. 'എമ'യുടെ സംഗീതം നിര്‍വഹിച്ചത് അമേരിക്കയില്‍ ജീവിക്കുന്ന നിക്കോളസ് ജാര്‍ എന്ന യുവസംഗീതജ്ഞനാണ്. സിനിമയുടെ ഭാവ രൂപകല്‍പനയില്‍ നിക്കോളസിന്റെ സംഗീതം പ്രധാനമായിരുന്നുവെന്ന് ലറെയ്ന്‍ പറഞ്ഞിരുന്നു.

Pablo Larrain
Pablo Larrain

ന്യൂജനറേഷനെ സംബന്ധിച്ച പല കാര്യങ്ങളും അതിന് മുമ്പുള്ള തലമുറയില്‍പ്പെട്ടവര്‍ക്ക് പൂര്‍ണമായും മനസിലാകണമെന്നില്ല. അത് നമ്മുടെ നാട്ടിലും അങ്ങനെതന്നെയാണ്. ചിലകാര്യങ്ങള്‍ എന്തുകൊണ്ട് സംഭവിക്കുന്നു, എന്തുകൊണ്ട് ആളുകള്‍ അങ്ങനെ പെരുമാറുന്നു, അതിനു പിറകിലെ മൂല്യബോധവും യുക്തിയും ലക്ഷ്യവും എന്താണ് എന്നൊന്നും പിടികിട്ടില്ല. 'മുബി.കോം'-ലെ പ്രിവ്യൂവിനൊടുവിലെ ചോദ്യോത്തര വേളയില്‍, നായിക മരിയാന ഡി ഗിറോലമോ ഇതെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. 'പാബ്‌ലോയ്‌ക്കോ(ലറെയ്ന്‍) ഗായേലിനോ(ബെര്‍ണാല്‍) എനിക്കോ(മരിയാന) മനസിലാകാത്ത തലമുറയുടെ, യുവതലമുറയുടെ കഥയാണിത്'. അങ്ങനെയൊരു രംഗത്തിലാണ് ചിത്രം തുടങ്ങുന്നതും. നഗരത്തിലെ തെരുവിന് നടുവില്‍, ചുവപ്പും പച്ചയും മഞ്ഞയും തെളിയുന്ന ട്രാഫിക് ലൈറ്റിന് തീപിടിച്ച രാത്രിദൃശ്യം. ആ ദൃശ്യത്തിന്റെ ഒരുകോണിലൂടെ ഫ്യൂയല്‍ സിലിണ്ടറും സ്‌പ്രേയറുമായി എമ പ്രത്യക്ഷപ്പെടുന്നതും കാണാം. എമ ഒരു ഫെമിനിസ്റ്റ് ഗ്രൂപ്പിലെ അംഗമാണ്. അവര്‍ ഇടയ്ക്കിടെ ഒത്തുചേരുന്നു. സൗഹൃദങ്ങളെകുറിച്ചും ബന്ധങ്ങളെകുറിച്ചും രതിയനുഭവങ്ങളെ കുറിച്ചും പങ്കുവെക്കുന്നു. അത്തരം രാത്രികളില്‍ എമയും സംഘവും ചില തീവെപ്പുകളും നടത്തുന്നു.

ചിലിയിലെ തുറമുഖനഗരമായ വാല്‍പറൈസോയിലാണ് എമയുടെ കഥ നടക്കുന്നത്. റോഡിന്റെ ഒരുവശത്ത് കടലും മറുവശത്ത് കുന്നും ഉള്ള നഗരമാണത്. വാല്‍പറൈസോ(1963) എന്ന പേരില്‍ ജോറിസ് ഐവന്‍സിന്റെ വിഖ്യാതമായ ഡോക്യുമെന്ററിയുണ്ട്. വാല്‍പറൈസോയുടെ ഭൂമിശാസ്ത്രത്തെയും ജനജീവിതത്തെയും പകര്‍ത്തുന്ന ഡോക്യൂമെന്ററിയാണത്. കുന്നിന്‍ മുകളിലേക്ക് ആളുകളെ കൊണ്ടുപോകുകയും തിരിച്ചുകൊണ്ടുവരികയും ചെയ്യുന്ന റോപ് കാറുകളുടെ വരവ് ആ ഡോക്യൂമെന്ററിയിലുണ്ട്. അത്തരം ദൃശ്യങ്ങള്‍ എമയിലും കാണാം. വാല്‍പറൈസോയുടെ ഭൂപകൃതി ചിത്രത്തിന്റെ വൈകാരിക ഭാവനിര്‍മിതിക്ക് ഏറെ സഹായിച്ചിട്ടുണ്ടെന്ന് ലറെയ്ന്‍ പറയുന്നുണ്ട്. കടല്‍ക്കരയിലെ മതില്‍ക്കെട്ടില്‍ കയറിനിന്ന് നൃത്തം വെക്കുന്ന വിഭ്രാമകമായ ഒരു ദൃശ്യമുണ്ട് ചിത്രത്തില്‍. അതുകാണുമ്പോള്‍ മനസിലാകും ഭൂപ്രകൃതി എത്രത്തോളം കഥയെ സഹായിച്ചിട്ടുണ്ട് എന്ന്. കുടിയേറിയവര്‍ നിര്‍മിച്ച നഗരമാണ് വാല്‍പറൈസോ. ബഹുസംസ്‌കാരം നിലനില്‍ക്കുന്ന ഇടവുമാണ് ഈ നഗരമെന്നതാണ് ലറെയ്‌നെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

അപാരമായ ഭാവോര്‍ജമുള്ള നര്‍ത്തകിയാണ് എമ. നൃത്തപരിശീലകനായ ഗാസ്റ്റണ് എമയേക്കാള്‍ പന്ത്രണ്ടുവയസ്സുകൂടുതലുണ്ട്. എന്നാല്‍ തന്റെ അസാമാന്യമായ രതിഭാവനകളെയും തൃഷ്ണകളെയും പരിഹരിക്കാനുള്ള ശേഷി ഗാസ്റ്റണ് ഇല്ല എന്ന് അവര്‍ പറയുന്നു. ഇതിന്റെ പേരില്‍ ഭര്‍ത്താവിനെ മുറിവേല്‍പ്പിക്കുന്നതും കാണാം. 'ഇന്‍ഫെര്‍ട്ടൈല്‍ പിഗ്', 'ഹ്യൂമന്‍ കോണ്ടം' എന്നൊക്കെ അയാളെ വിളിക്കുന്നുണ്ട്. ഗാസ്റ്റണും തന്റെ പരിമിതികളെ കുറിച്ച് അറിയാം. എന്നാല്‍, അയാളുടെ തട്ടകം നൃത്തവേദിയാണ്. അവിടെ എമയുടെ പെര്‍ഫോമന്‍സിനെക്കുറിച്ച് മറ്റുള്ളവരുടെ മുന്നില്‍വെച്ച് കുറ്റപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. ഇങ്ങനെ പരസ്പരം മുറിവേല്‍പ്പിക്കുമ്പോഴും ഇരുവര്‍ക്കും പിരിയാനും ബുദ്ധിമുട്ടാണ്. എമയുടേത് ലൈംഗികതയെക്കുറിച്ചുള്ള തുറന്നുപറച്ചില്‍ ആണ്. എമയുടെ പെണ്‍കൂട്ടുകാര്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്ന രതിയനുഭവങ്ങള്‍ പങ്കുവെക്കുകയും ബന്ധങ്ങളെ കുറിച്ച് തുറന്നുപറയുകയും ചെയ്യുന്ന രംഗങ്ങള്‍ ഒന്നിലധികം തവണയുണ്ട്. ലൈംഗികതയെക്കുറിച്ചുള്ള ഈ തുറന്നുപറച്ചില്‍ സമകാലിക ലാറ്റിന്‍ അമേരിക്കന്‍ സിനിമയില്‍ കൂടുതലായി പ്രത്യക്ഷപ്പെടുന്നുണ്ട്. 2016-ല്‍ ഇറങ്ങിയ 'അക്വാറിയസ്' എന്ന ബ്രസീലിയന്‍ ചിത്രത്തില്‍ രതിവിപ്ലവവു(sexual revolution)മായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ കാണാം. 'എമ'യിലെ ഈ ദൃശ്യങ്ങള്‍ പഴയ ലിബറേഷന്‍ തിയോളജിയെ അടിസ്ഥാനമാക്കിയുള്ള കാത്തലിക് കമ്യൂണിസത്തെ ഓര്‍മിപ്പിക്കും. സമകാലിക ചിത്രങ്ങളില്‍ ഇത് ഫെമിനിസ്റ്റ് ലിബറേഷനുമായി ബന്ധപ്പെട്ടാണ് രൂപപ്പെടുന്നത്. ചിത്രത്തിലെ രതിപരാമര്‍ശങ്ങള്‍ അത്തരം രാഷ്ട്രീയസ്വഭാവമുള്ളതാണ്. ഇന്ധനസിലിണ്ടറുമായി തെരുവുകളിലെ വസ്തുക്കളില്‍ തീകൊളുത്തുന്ന എമ, അതിനെ കുറിച്ച് പറയുന്നത് 'ദിനോസേഴ്‌സ് കം(്‌dinausers cum)' പോലെയാണിത് എന്നാണ്. തന്റെ അദമ്യമായ തൃഷ്ണകളെ രാഷ്ട്രീയവത്കരിക്കുന്ന പ്രസ്താവമാണ് അത്. ഫെമിനിസ്റ്റ് സുഹൃത്തുക്കളുമായുള്ള ചര്‍ച്ചയില്‍, തനിക്ക് ഇക്കൂട്ടത്തില്‍ എല്ലാവരെക്കുറിച്ചും രതിഭാവനകളുണ്ടായിട്ടുണ്ടെന്നാണ് എമ പറയുന്നത്. ഈ സന്ദര്‍ഭത്തില്‍ 'ഫ്യൂയല്‍ സിലിണ്ടറുമായി നടക്കുന്ന നര്‍ത്തകി' എന്നത് അലിഗറി ആയി മാറുന്നുണ്ട്. സാധാരണമെന്ന് തോന്നിക്കുന്ന ഒരു കാഴ്ച ബഹുലാര്‍ഥങ്ങളുള്ള സങ്കീര്‍ണചിത്രം ആയി മാറുന്നത്, മാജിക്കല്‍ റിയലിസം സാംസ്‌കാരികഭാവനയില്‍ സജീവമായി നില്‍ക്കുന്ന, ലാറ്റിന്‍ അമേരിക്കന്‍ ചിത്രങ്ങളില്‍ പുതുമയുള്ള കാര്യമല്ല.

നൈമിഷികമായ പ്രകോപനങ്ങളില്‍ ആളിപ്പടരുന്ന എമ, ആണ്‍-പെണ്‍ ഭേദമില്ലാതെ രതിബന്ധങ്ങള്‍ സ്ഥാപിക്കുന്നുണ്ട്. അതില്‍ അമ്മയും മകനും ഉണ്ടാകാം. ലൈംഗികതയെ അടിസ്ഥാനമാക്കി രൂപപ്പെടുന്ന, പരമ്പരാഗത കുടുംബസങ്കല്‍പമല്ല ഈ ചിത്രം മുന്നോട്ടുവെക്കുന്നത്. അഥവാ പുതുതലമുറ അതിനെ മറികടക്കാന്‍ ശ്രമിക്കുന്നുണ്ട്. ചിത്രം ബന്ധങ്ങളെ ആദര്‍ശവത്കരിക്കുകയോ വിശുദ്ധവത്കരിക്കുകയോ ചെയ്യുന്നുമില്ല. സാംസ്‌കാരിക-സാമൂഹ്യവൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന, പരസ്പര താല്‍പര്യത്തിലധിഷ്ഠിതമായ വ്യക്തികളുടെ അയഞ്ഞ കൂട്ടായ്മയുമാണ് ഇതിലെ കുടുംബം. തനിക്ക് ഒരു കുട്ടിയെ തരാന്‍ ഗാസ്റ്റണ് കഴിയാത്തതിനാലാണ് കൊളംബിയന്‍ വേരുകളുള്ള പോളോ എന്ന കുട്ടിയെ എമ ദത്തെടുത്തത്. എന്നാല്‍ ആ ദത്തെടുപ്പ് ശരിയായില്ല എന്നുതോന്നുന്നതോടെ അവനെ പറഞ്ഞുവിടുന്നു. പക്ഷേ ഒരുമിച്ച് ജീവിച്ച ചുരുക്കം കാലം കൊണ്ട് എമയുടെ ശീലങ്ങള്‍ പോളോയെ സ്വാധീനിച്ചുതുടങ്ങിയിരുന്നു. അതിനാല്‍, തന്നെ തിരിച്ചയക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് എമയുടെ സഹോദരിയുടെ മുടിക്ക് തീയിടുകയും അവിടത്തെ പൂച്ചയെ റഫ്രിജറേറ്ററില്‍ ഫ്രീസ് ചെയ്തുവെക്കുകയും ചെയ്യുന്നു. ഗാസ്റ്റണ് പോളോയെ കൂടെ നിര്‍ത്താനാണ് താല്‍പര്യം. കൊളംബിയക്കാര്‍ ഏറ്റവും നല്ല നര്‍ത്തകരായിരിക്കും എന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പല ദേശങ്ങളുടെയും പലസംസ്‌കാരങ്ങളുടെയും ഈ കൂടിച്ചേരല്‍ സമകാലിക ലാറ്റിന്‍ അമേരിക്കന്‍ സ്വത്വത്തിന്റെ സവിശേഷതയാണ്. അതുകൊണ്ടുതന്നെയാണ് ബഹുഭാഷയിലധിഷ്ഠിതമായ, ദേശാന്തരത്വമുള്ള റെഗ്ഗേതന്‍ ചിത്രത്തിലെ പ്രധാന പ്രമേയമാകുന്നതും.

റെഗ്ഗേതന്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്ന ആരോപണമാണ് ആണ്‍കേന്ദ്രിതമായ ലൈംഗികതയുടെ പ്രസരം. എമയില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും കടന്നുവരുന്നുണ്ട്. നൃത്തപരിശീലകനായ ഗാസ്റ്റന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പലപ്പോഴും പെണ്‍നര്‍ത്തകര്‍ ആടുന്നില്ല. അല്ലെങ്കില്‍ അവരുടെ പ്രകടനത്തില്‍ അയാള്‍ തൃപ്തനല്ല. എന്നാല്‍ ആണ്‍പരിശീലകന്റെ ചിട്ടപ്പെടുത്തലുകള്‍ക്ക് വിധേയമാകേണ്ടതാണോ പെണ്ണുടലുകള്‍ എന്ന ചോദ്യം ചിത്രത്തില്‍ സംഘര്‍ഷമുണ്ടാക്കുന്നുണ്ട്. ഒറ്റയ്ക്ക് നില്‍ക്കുന്ന (എന്നാല്‍ നൃത്തപരിശീലനവേദിയിലെ സര്‍വാധികാരിയുമായ) ഗാസ്റ്റനെ, കൂട്ടായി എതിരിടുന്ന പെണ്‍നര്‍ത്തകരുടെ ദൃശ്യങ്ങള്‍ ഇതിലുണ്ട്. ഇത്തരം കൂട്ടായ എതിരിടലുകളിലെ സംഘര്‍ഷം ഗാസ്റ്റനെ ദുര്‍ബലനാക്കുന്നുണ്ട്. തന്റെ തട്ടകമായ നൃത്തവേദിയിലും ചോദ്യം ചെയ്യപ്പെടുന്നതോടെ അയാള്‍ക്ക് പിന്‍വലിയേണ്ടിവരുന്നു. ലാറ്റിന്‍ അമേരിക്കന്‍ സിനിമയിലെ ഏറ്റവും ജനപ്രിയ നടനാണ് ഗായേല്‍ ഗാര്‍സ്യ ബെര്‍ണാല്‍. സമകാലിക ആണത്തത്തിന്റെ പ്രതിസന്ധികള്‍ ഗാസ്റ്റനിലൂടെ ബെര്‍ണാല്‍ മനോഹരമാക്കിയിട്ടുണ്ട്.

ലറെയ്‌നിന്റെ തന്നെ മുന്‍സിനിമകളായ ദി ക്ലബ്, നെരൂദ, നോ, പോസ്റ്റ്‌മോര്‍ട്ടം, ടോണി മനീറോ എന്നിവയിലെല്ലാം ഛായാഗ്രഹണം നിര്‍വഹിച്ച സെര്‍ജിയോ ആംസ്‌ട്രോങ് ആണ് ഈ ചിത്രത്തിന്റെയും കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. 'ദി ക്ലബി'ലെ കടല്‍ത്തീരത്ത് നായയെ പരിശീലിപ്പിക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ കണ്ടവര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാകാനാകും ഇവയിലെ ദൃശ്യങ്ങളുടെ മാസ്മരികത. പ്രേക്ഷകനെ സിനിമയില്‍ മുഴുനീളം പിടിച്ചുനിര്‍ത്തുന്നതാണ് കാമറയുടെ ചലനങ്ങള്‍. നര്‍ത്തകനായ ഹോസെ ലൂയിസ് വിദാല്‍ ആണ് എമയ്ക്ക് കഥാപാത്രത്തിന് ആവശ്യമായ നൃത്തപാഠങ്ങള്‍ നടി മരിയാനയ്ക്ക് നല്‍കിയത്. ലറെയ്‌ന്റെ ചിത്രങ്ങളില്‍ കഥയേക്കാള്‍ ഊന്നല്‍ അന്തരീക്ഷസൃഷ്ടിക്കും വൈകാരികഭാവത്തിനുമാണ്. 'ഫിലിംമേക്കര്‍ മാഗസിനി'ലെ അഭിമുഖത്തില്‍, അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്: കാമറ ചലനങ്ങള്‍, ഫ്രെയിമിങ്, നിറങ്ങളുടെ ഉപയോഗം, സംഗീതം ഇവയാണ് നമ്മുടെ കയ്യിലുള്ളത്. ഇവയില്‍ നിന്ന് അന്തരീക്ഷവും ഭാവവും സൃഷ്ടിക്കാന്‍ കഴിയുക എന്നതാണ് പ്രധാനം. പ്രേക്ഷകനോട് എല്ലാം പറയേണ്ടതില്ല. സിനിമയിലെ പ്രധാനഘടകമാണ് മിസ്റ്ററി. ദി ക്ലബിലായാലും എമയിലായാലും ഈ ഗൂഢഭാവമുണ്ട്. ലാറ്റിന്‍ അമേരിക്കന്‍ സിനിമയില്‍ നിന്നെത്തി ഹോളിവുഡിലും യൂറോപ്യന്‍ സിനിമയിലും ചുവടുറപ്പിച്ച നിരവധി സംവിധായകരുണ്ട്- അലെസാന്ദ്രോ ഗോണ്‍സാലെസ് ഇനാറിറ്റു, ഗില്ലെര്‍മോ ഡെല്‍ ടോറോ, അല്‍ഫോന്‍സോ കുആറോണ്‍, ഫെര്‍ണാണ്ടോ മിറീല്ലിയസ്, വാള്‍ട്ടര്‍ സാലസ് അങ്ങനെ. അവരിലൊരാളാണ് പാബ്‌ലോ ലറെയ്‌നും.

Related Stories

No stories found.
logo
The Cue
www.thecue.in