'ആറാട്ട് അടുത്ത വര്‍ഷം ആദ്യമാകാന്‍ സാധ്യത, നൂറ് ശതമാനം മാസ് സിനിമ'; ബി.ഉണ്ണിക്കൃഷ്ണന്‍

'ആറാട്ട് അടുത്ത വര്‍ഷം ആദ്യമാകാന്‍ സാധ്യത, നൂറ് ശതമാനം മാസ് സിനിമ'; ബി.ഉണ്ണിക്കൃഷ്ണന്‍

കൊവിഡിനിടെ ചിത്രീകരിച്ച മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള ചിത്രമാണ് മോഹന്‍ലാല്‍ നായകനായ ആറാട്ട്. ഉദയകൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രം ബി.ഉണ്ണിക്കൃഷ്ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആറാട്ട് അടുത്ത വര്‍ഷം ജനുവരിയിലാണ് റിലീസ് ചെയ്യാന്‍ സാധ്യതയെന്ന് സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍ ദ ക്യുവിനോട്.

'ആറാട്ടിന്റെ റിലീസ് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. തിയറ്റര്‍ തുറക്കുന്നത് തന്നെ സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമെ ഉണ്ടാവുകയുള്ളു. നിരവധി സിനിമകളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. അതില്‍ ഏറ്റവും വലിയ സിനിമയാണ് ആറാട്ട്. അതുകൊണ്ട് റിലീസ് ചെയ്യുന്നത് ശരിക്ക് ആലോചിച്ച് തന്നെ വേണം. ഡിസംബറിലും ചില വലിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാനുള്ള സാഹചര്യമുണ്ട്. ഇതെല്ലാം പരിഗണിച്ചുകൊണ്ട് നവംബര്‍ 15ന് ശേഷം റിലീസ് തീയതി പ്രഖ്യാപിക്കാനാണ് തീരുമാനം ആയിരിക്കുന്നത്. റിലീസ് അടുത്ത വര്‍ഷം ജനുവരിയില്‍ ആകാനുള്ള സാധ്യതയാണ് നിലവിലുള്ളത്.

മരക്കാര്‍ തിയറ്ററില്‍ റിലീസ് ചെയ്യുകയാണെങ്കില്‍ അതിന് ശേഷം മാത്രമെ ആറാട്ട് റിലീസ് ചെയ്യുകയുള്ളു. കാരണം മരക്കാര്‍ ആറാട്ടിനെക്കാള്‍ വലിയ നേരത്തെ ചിത്രീകരണം പൂര്‍ത്തിയായ സിനിമയാണ്.'

കൊവിഡ് സമയത്ത് ചിത്രീകരിച്ച വലിയ സിനിമ

കൊവിഡ് കാലത്ത് വളരെ ശാസ്ത്രീയമായ ബയോ ബബിള്‍ ഒക്കെ ഉണ്ടാക്കി നമ്മള്‍ ചിത്രീകരിച്ച സിനിമയാണ് ആറാട്ട്. കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരണം ഇംപോസിബിള്‍ എന്ന് തോന്നാവുന്ന തരത്തിലുള്ള വലിയ സിനിമയാണിത്. കാരണം ഈ ഒരു സമയത്ത് വളരെ ചെറിയ സിനിമകളാണല്ലോ മലയാളത്തില്‍ ചിത്രീകരിക്കപ്പെട്ടത്. അതിന് വിഭിന്നമായി വളരെ വലിയൊരു സ്‌കെയിലിലാണ് സിനിമ ചിത്രീകരിച്ചത്. ആയിരം പേര്‍ അടക്കം ഉള്‍പ്പെട്ട ചില സീനുകള്‍ സിനിമയില്‍ ഉണ്ട്. ആ ആയിരം പേരെയും പിസിആര്‍ ടെസ്റ്റിന് വിധേയരാക്കിയെല്ലാം ചെയ്ത സിനിമയാണ്. അതുകൊണ്ട് തന്നെ വലിയൊരു മുതല്‍ മുടക്കായി.

കുറച്ച് കാലമായി നമുക്ക് പരിചിതമായിട്ടുള്ളത് വളരെ റിയലിസ്റ്റിക്കായ സിനിമകളാണ്. അതില്‍ നിന്ന് വളരെ വ്യത്യസ്തമായി നൂറ് ശതമാനവും ഒരു മാസ് മസാല പടമാണ് ആറാട്ട്. വളരെ അണ്‍ റിയലിസ്റ്റിക്കായ സിനിമയാണ്. നിങ്ങളുടെ ബുദ്ധിയെല്ലാം വീട്ടില്‍ വെച്ച് വന്നിരുന്ന് കാണേണ്ട സിനിമയാണ്. പക്ഷെ ഈ കൊവിഡ് സാഹചര്യത്തിന് ശേഷം തിയറ്റര്‍ തുറക്കുമ്പോള്‍ ആളുകള്‍ക്ക് തിയറ്ററില്‍ കുടുംബ സമേതം വന്ന് ചിരിച്ച് ഒരു പോപ്‌കോണ്‍ ഒക്കെ കഴിച്ച് കണ്ട് പോകാവുന്ന സിനിമ കൂടിയാണ്. എല്ലാ വിഭാഗം പ്രേക്ഷകരെ ആകര്‍ഷിക്കുന്ന സിനിമയാണ്. വലിപ്പം തന്നെയാണ് ആറാട്ടിന്റെ പ്രത്യേകത.

പിന്നെ മോഹന്‍ലാലെന്ന ഒരു താരത്തിന്റെ സാധ്യതകളാണ് സിനിമയില്‍ ഏറ്റവുമധികം പ്രയോജനപ്പെടുത്തിയിട്ടുള്ളത്. മോഹന്‍ലാല്‍ കുറച്ച് കാലമായി ഒരു മുഴുനീളന്‍ ആക്ഷന്‍-ഹ്യൂമര്‍ സിനിമ ചെയ്തിട്ട്. എഴുതിയത് ഉദയകഷ്ണയാണെങ്കിലും സംവിധാനം ചെയ്തത് ഞാനാണെങ്കിലും ആറാട്ട് ഞങ്ങളുടെ ഒരു ഫാന്‍ബോയി സിനിമയെന്ന് വേണമെങ്കില്‍ പറയാം.

എ ആര്‍ റഹ്മാന്‍ ആദ്യമായി അഭിനയിച്ച് പാടുന്ന സിനിമ

എ ആര്‍ റഹ്മാന്‍ ആദ്യമായി സ്‌ക്രീനില്‍ വന്ന് അഭിനയിച്ച് പാടുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ആറാട്ടിന്. അദ്ദേഹം ഇതുവരെ അങ്ങനെ ഒരു സിനിമയിലും ചെയ്തിട്ടില്ല. അതും ഈ കൊവിഡിന്റെ സമയത്ത് ഒരു ഇംപോസിബിള്‍ ടാസ്‌ക്കായിരുന്നു. കാരണം അദ്ദേഹത്തെ പറഞ്ഞ് ബോധ്യപ്പെടുത്തി ചെന്നൈയിലെ ഒരു വലിയ സെറ്റിലാണ് ചിത്രീകരിച്ചത്. ആ സെറ്റിന് വേണ്ടി മാത്രം മൂന്ന് കോടി രൂപയോളം ചിലവായി.

വേണുച്ചേട്ടന്റെ റോള്‍

വേണുച്ചേട്ടന്‍ ഞാന്‍ സംവിധാനം ചെയ്ത ഒരു സിനിമയില്‍ ആദ്യമായാണ് അഭിനയിക്കുന്നത്. ഇതിന് മുമ്പ് കവര്‍ സ്റ്റോറി എന്ന ഞാന്‍ എഴുതിയ ഒരു സിനിമയില്‍ അദ്ദേഹം വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. വേണുച്ചേട്ടനായി ഒരു സിനിമ ചെയ്യാന്‍ പറ്റാത്തത് വലിയൊരു വിഷമമായിരുന്നു. അങ്ങനെ ഇരിക്കെ ഉയദ് ആണ് ആറാട്ടിലെ കഥപാത്രത്തെ കുറിച്ച് എന്നോട് പറഞ്ഞത്. അങ്ങനെ ഞാന്‍ വേണുച്ചേട്ടനെ വിളിച്ച് ചോദിച്ചു അധികം ധൈര്‍ഘ്യമില്ലാത്ത എന്നാല്‍ പ്രാധാന്യമുള്ള റോളാണ്. മലയാള സിനിമയില്‍ അടുത്തൊന്നും വരാത്ത തരത്തിലുള്ള സെമിക്ലാസിക്കല്‍ ടച്ചുള്ള ഒരു പാട്ടും ചെയ്യാമെന്ന് പറഞ്ഞു. അപ്പോള്‍ അദ്ദേഹത്തിന് അത് വലിയ ആവേശമായി. കൊവിഡ് ആയതിനാല്‍ മുഷിഞ്ഞിരിക്കുകയാണെന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളായ മോഹന്‍ലാലിന്റെ അടുത്തേക്കാണല്ലോ വരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെയാണ് അദ്ദേഹം വരുന്നത്. സെറ്റില്‍ ലാലും വേണുച്ചേട്ടനും രണ്ട് പേരുടെയും പഴയ സിനിമകളുടെ വിശേഷങ്ങളൊക്കെ പറയുന്നത് ഞങ്ങള്‍ക്ക് വലിയ പുതുമയായിരുന്നു. ഏഴ് ദിവസമായിരുന്നു അദ്ദേഹത്തിന്റെ ഷൂട്ട്. ഷൂട്ട് കഴിഞ്ഞ് പോകുമ്പോള്‍ അദ്ദേഹമെന്നോട് പറഞ്ഞത്, 'ഞാന്‍ എന്തെങ്കിലും പറഞ്ഞ് വരാതിരുന്നെങ്കില്‍ കഷ്ടമായേനെ. കാരണം അത്രത്തോളം ഞാനിത് ആസ്വദിച്ചു' എന്നാണ്. പിന്നീട് ഡബ്ബിങ്ങിന് വന്ന സമയത്ത് വലിയ സന്തോഷത്തിലായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in