'തൊണ്ണൂറുകളിലാണ് ഭ്രമം ചെയ്യുന്നതെങ്കില്‍ റേ മാത്യൂസ് മോഹന്‍ലാല്‍ തന്നെ'; പൃഥ്വിരാജ്

'തൊണ്ണൂറുകളിലാണ് ഭ്രമം ചെയ്യുന്നതെങ്കില്‍ റേ മാത്യൂസ് മോഹന്‍ലാല്‍ തന്നെ'; പൃഥ്വിരാജ്

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ഭ്രമം കഴിഞ്ഞ ദിവസമാണ് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. 2018ല്‍ പുറത്തിറങ്ങിയ അന്ധാദുന്‍ എന്ന സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ഭ്രമം. ചിത്രത്തില്‍ അന്ധനായി അഭിനയിക്കുന്ന റേ മാത്യൂസ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്.

ഭ്രമത്തിന്റെ ചിത്രീകരണം തൊണ്ണൂറുകളിലാണ് നടന്നിരുന്നതെങ്കില്‍ തന്റെ കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിക്കാന്‍ മോഹന്‍ലാല്‍ അല്ലാതെ മറ്റൊരു ഒപ്ഷനുമില്ലെന്ന് പൃഥ്വിരാജ് ബോളിവുഡ് ഹംഗാമക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അന്ധനായി അഭിനയിക്കുന്നത് വെല്ലുവിളിയാണ്. എന്നാല്‍ അന്ധനായി അഭിനയിക്കുന്ന വ്യക്തിയായി അഭിനയിക്കുക അതിലും വലിയ വെല്ലുവിളിയാണെന്നും താരം വ്യക്തമാക്കി.

അതേസമയം മോഹന്‍ലാലിന് ഇപ്പോള്‍ വേണമെങ്കിലും റേ മാത്യുസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിക്കുമെന്നും പൃഥ്വി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രായത്തിന് അനുസരിച്ച് തിരക്കഥയില്‍ മാറ്റം വരുത്തിയാല്‍ മാത്രം മതിയാകുമെന്നും താരം പറഞ്ഞു.

ഭ്രമത്തിന്റെ റിലീസിന് പിന്നാലെ മിശ്ര അഭിപ്രായങ്ങളാണ് പ്രേക്ഷരില്‍ നിന്നും ലഭിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്, റാഷി ഖന്ന, ശങ്കര്‍, ജഗതീഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. ശ്രീറാം രാഘവനാണ് അന്ധാദുന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ആയുഷ്മാന്‍ ഖുറാനയായിരുന്നു കേന്ദ്ര കഥാപാത്രം. തബു, രാധിക ആപ്‌തേ എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു.

Related Stories

No stories found.