
നിവിന്‍ പോളി സ്‌ക്രീനില്‍ മമ്മൂട്ടിയാകും. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ ജീവചരിത്ര സിനിമയിലാണ് നിവിന്‍ പോളി നായകനാകുന്നത്. ഓം ശാന്തി ഓശാനക്ക് മുമ്പ് തന്നെ മമ്മൂട്ടിയുടെ ബയോപിക് ആലോചിച്ചിരുന്നുവെന്ന് ജൂഡ് ആന്റണി ജോസഫ്. ഇപ്പോള്‍ ചെയ്യേണ്ടെന്നായിരുന്നു അന്ന് മമ്മൂട്ടി പറഞ്ഞത്. കൗമുദി ഫ്‌ളാഷ് ഓഗസ്റ്റ് ലക്കത്തിലാണ് ജൂഡ് ആന്റണി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ജൂഡ് ആന്റണി ജോസഫ് പറഞ്ഞത്
മമ്മൂക്ക സമ്മതിച്ചാല്‍ ഞങ്ങള്‍ റെഡിയാണ്. നിവിന്‍ കട്ട മമ്മൂക്ക ഫാനാണ്. പഠിച്ചിരുന്ന കാലത്ത് മമ്മുക്കയുടെ ഫാന്‍സ് അസോസിയേഷന്‍ അംഗമായിരുന്നു. നിവിനാണ് എന്നോട് മമ്മൂക്കയുടെ ആത്മകഥയായ 'ചമയങ്ങളില്ലാതെ' വായിക്കാന്‍ പറയുന്നതും അതൊരു സിനിമയാക്കിയാലോ എന്ന് ചോദിക്കുന്നതും. നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന പേരില്‍ ഞാന്‍ അത് ഷോര്‍ട്ട് ഫിലിം ആക്കിയപ്പോള്‍ കൂടെ നിന്നതൊക്കെ നിവിനാണ്.
അച്ഛന്റെ വേഷം മകന്‍ അഭിനയിക്കുന്നതിനേക്കാള്‍ മറ്റൊരു ആക്ടര്‍ അഭിനയിക്കുന്നതാണ് നല്ലതെന്ന് തോന്നി. അതാണ് നിവിനെ കൊണ്ട് തന്നെ ചെയ്യിക്കാന്‍ തീരുമാനിച്ചത്.
കേരളത്തിലെ പ്രളയം പ്രമേയമാക്കിയ ജൂഡ് ആന്റണി ചിത്രം ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കൊവിഡിനെ തുടര്‍ന്നാണ് സിനിമ മാറ്റിവച്ചത്. അന്ന ബെന്‍ നായികയായ സാറാസ് ആണ് ജൂഡിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.