പിണറായിയും ചെന്നിത്തലയും വരെ പ്രചരണത്തിന് ഉപയോഗിച്ചു, നരസിംഹം ജീപ്പ് 'രാശി'യെന്ന് സ്വന്തമാക്കിയ മധു

പിണറായിയും ചെന്നിത്തലയും വരെ പ്രചരണത്തിന് ഉപയോഗിച്ചു, നരസിംഹം ജീപ്പ് 'രാശി'യെന്ന് സ്വന്തമാക്കിയ മധു

നരസിംഹം സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച പൂവള്ളി ഇന്ദുചൂഢൻ ഓടിച്ച് വരുന്ന മഹിന്ദ്രയുടെ ചുവന്നൊരു ജീപ്പുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ഓടിച്ച് കയറിയ ആ ജീപ്പ് ഇപ്പോൾ മധു ആശാനാണ് സ്വന്തമാക്കിയിരിക്കുന്നത്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂറിന്റെ അടുത്ത സുഹൃത്താണ് മധു.

നരസിംഹം ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചപ്പോൾ ജീപ്പ് വിൽക്കാൻ ആന്റണി പെരുമ്പാവൂർ തീരുമാനിച്ചിരുന്നു. ജീപ്പ് വേണമോയെന്ന് പഴയ സുഹൃത്തും നാട്ടുകാരനുമായ മധുവിനോടായിരുന്നു ആദ്യം ചോദിച്ചത്. കൂടുതലൊന്നും ചിന്തിക്കുവാൻ കൂട്ടാക്കിയില്ല, അപ്പോൾ തന്നെ പണം നൽകി ജീപ്പ് വാങ്ങി. 80,000 രൂപയായിരുന്നു വില നൽകിയത്. പൊന്നുപോലെയാണ് താൻ വാഹനത്തെ പരിപാലിക്കുന്നതെന്ന് മധു മനോരമ ന്യൂസിനോട് പറഞ്ഞു.

കോടികൾ വില നൽകാമെന്ന് പറഞ്ഞ് പലരും വന്നെങ്കിലും അദ്ദേഹം ആർക്കും വണ്ടി വിൽക്കാൻ തയ്യാറായില്ല. ഇന്ദുചൂടൻ ഓടിച്ച ജീപ്പാണ് തന്റെ രാശിയെന്ന് മധു വിശ്വസിക്കുന്നു. ജീപ്പിന്റെ വരവിന് ശേഷമാണ് ജീവിതത്തിൽ വലിയ സമ്പാദ്യങ്ങൾ ഉണ്ടായത്. ജീപ്പ് ഞാൻ ആർക്കും വിൽക്കില്ല. മോഹൻലാലും മകൻ പ്രണവും ആന്റണി പെരുമ്പാവൂരും ചോദിച്ചാൽ ജീപ്പ് നൽകും‌. അല്ലാതെ മറ്റാർക്കും വിൽക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. ഇപ്പോൾ ചില സിനിമാ ഷൂട്ടിങ്ങുകൾക്കായി ജീപ്പ് ഉപയോഗിച്ചിട്ടുണ്ട്. പിണറായി വിജയൻ, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ഈ ജീപ്പ് ഉപയോഗിക്കാറുണ്ട്. ചില മാറ്റങ്ങളൊക്കെ വരുത്തിയിട്ടുണ്ടെങ്കിലും പ്രൗഡിക്ക് യാതൊരു കുറവുമില്ലെന്ന് മധു പറയുന്നു.

No stories found.
The Cue
www.thecue.in