ആദ്യം ബ്രോ ഡാഡി, ചിരിപ്പൂരമൊരുക്കാന്‍ മോഹന്‍ലാലും പൃഥ്വിരാജും

ആദ്യം ബ്രോ ഡാഡി, ചിരിപ്പൂരമൊരുക്കാന്‍ മോഹന്‍ലാലും പൃഥ്വിരാജും

കൊവിഡ് നിയന്ത്രണങ്ങള്‍ തീര്‍ത്ത ഇടവേളക്ക് ശേഷം മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഷൂട്ടിംഗിലേക്ക്. പൃഥ്വിരാജ് സുകുമാരന്‍ ലൂസിഫറിന് ശേഷം സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണത്തിലേക്കാണ് ഇരുവരും കടക്കുക. കേരളത്തില്‍ ഷൂട്ടിംഗ് അനുമതി വൈകിയാല്‍ ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയില്‍ ബ്രോ ഡാഡി ഷൂട്ട് തുടങ്ങാനാണ് ആലോചനയെന്നറിയുന്നു. ജീത്തു ജോസഫ് മോഹന്‍ലാല്‍ ചിത്രം ട്വല്‍ത് മാന്‍ ബ്രോ ഡാഡിക്ക് മുൻപ് തുടങ്ങാനായിരുന്നു തീരുമാനം. ജൂലൈ അഞ്ചിന് ട്വല്‍ത് മാന്‍ തൊടുപുഴയിലും കുളമാവിലുമായി ഷൂട്ട് ചെയ്യാനായിരുന്നു ആലോചന. എന്നാല്‍ ഔട്ട് ഡോര്‍ ഷൂട്ടിംഗിന് സര്‍ക്കാര്‍ അനുമതി നല്‍കാത്ത സാഹചര്യത്തില്‍ ഇത് വൈകി. ഈ സാഹചര്യത്തിലാണ് ആദ്യം ബ്രോ ഡാഡി തുടങ്ങാന്‍ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് തീരുമാനിച്ചതെന്നറിയുന്നു.

ബ്രോ ഡാഡി റോളിംഗ് സൂൺ എന്ന ക്യാപ്‌ഷനോടെ മോഹന്‍ലാലും പൃഥ്വിരാജും ഒരുമിച്ചുള്ള ചിത്രം സുപ്രിയ മേനോൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ്. എമ്പുരാന് മുമ്പ് പൃഥ്വിരാജ് സുകുമാരന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി' യെക്കുറിച്ചുള്ള വാർത്ത ആരാധകർക്കിടയിൽ വലിയ ആവേശമായിരുന്നു ഉണ്ടാക്കിയത്. സിനിമയില്‍ പൃഥ്വിയും നായകനായി എത്തുന്നുണ്ട്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തിലുണ്ടാകും.

പരസ്യകലയിലൂടെ ശ്രദ്ധേയരായ ഓള്‍ഡ്‌മൊങ്ക്‌സ് ഡിസൈനിലെ എന്‍.ശ്രീജിത്തും, ബിബിന്‍ മാളിയേക്കലുമാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. സംവിധാനം ചെയ്തതും ചെയ്യാനിരിക്കുന്നതുമായ സിനിമകളിലെ ജോണറിൽ നിന്നും വിപരീത സ്വഭാവമുള്ള ജോണറാണ് ബ്രോ ഡാഡിയുടേതെന്ന് നടൻ പൃഥ്വിരാജ് ദ ക്യു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

No stories found.
The Cue
www.thecue.in