
മോഹൻലാൽ ബി ഉണ്ണികൃഷ്‌ണൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആറാട്ടിൽ ഓസ്കാർ പുരസ്‌കാര ജേതാവായ സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ അഭിനയിക്കുന്നതായുള്ള വാർത്തയോട് പ്രതികരിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ഒരു പ്രമുഖ സിനിമ മാഗസിനിൽ ഈ വാർത്ത വന്നിരുന്നു. ഇപ്പോൾ ഈ വാർത്തയെക്കുറിച്ച് പ്രതികരിക്കുവാനുള്ള വ്യക്തത വന്നിട്ടില്ല. സിനിമയുടെ ചിത്രീകരണം അവസാനിച്ചു. ഇത്തരം വാർത്തകൾ ശരിയായ രീതിയിലല്ല റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മാർച്ച് അവസാനം ഈ വാർത്തയെക്കുറിച്ചുള്ള ശരിയായ വിവരം നൽകാമെന്ന് അദ്ദേഹം ദി ക്യൂവിനോട് പറഞ്ഞു.
32 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ആറാട്ടിൽ ഒരു പ്രധാന രംഗത്തിൽ എആർ റഹ്മാൻ അഭിനയിക്കുന്നുവെന്നാണ് നാന റിപ്പോർട്ട് ചെയ്തത്. സംഗീത സംവിധായകൻ രാഹുൽ രാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ നാനയുടെ വാർത്തയും പങ്കുവെച്ചിരുന്നു. നേരത്തെ വിജയ് നായകനായെത്തിയ തമിഴ് ചിത്രം ബിഗിലിലെ ഒരു ഗാനരംഗത്തിൽ എആർ റഹ്മാൻ അഭിനയിച്ചിരുന്നു.
മോഹൻലാൽ- സംഗീത് ശിവൻ ചിത്രമായ യോദ്ധയിലാണ് റഹ്മാൻ സംഗീതം നിർവഹിച്ച ആദ്യ മലയാളം സിനിമ. ബ്ലെസി സംവിധാനം ചെയ്യുന്ന ആട് ജീവിതത്തിനും അദ്ദേഹം സംഗീതം നിർവഹിക്കുന്നുണ്ട്. അതെ സമയം മോഹന്‍ലാലിന്റെ സമീപകാലത്തെ ഏറ്റവും മികച്ച ആക്ഷന്‍ സീക്വന്‍സുകളും മാസ് രംഗങ്ങള്‍ ഉള്‍പ്പെടുന്ന സിനിമ ആയിരിക്കും ആറാട്ടെന്നാണ് സൂചന. നാല് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരാണ് സംഘട്ടന രംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അനല്‍ അരശ്, രവിവര്‍മന്‍, സുപ്രീം സുന്ദര്‍, വിജയ് എന്നിവര്‍. പുലിമുരുകന് ശേഷം മോഹന്‍ലാലിന് വേണ്ടി ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ വിജയ് ഉലകനാഥും സംഗീതം ഗോപിസുന്ദറുമാണ്. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്.