സ്റ്റോറി ലൈന്‍ റെഡി, എമ്പുരാന്‍ 2021 അവസാനം തുടങ്ങുമെന്ന് മോഹന്‍ലാല്‍

സ്റ്റോറി ലൈന്‍ റെഡി, എമ്പുരാന്‍ 2021 അവസാനം തുടങ്ങുമെന്ന് മോഹന്‍ലാല്‍

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ലൂസിഫര്‍ സീക്വല്‍ 'എമ്പുരാന്‍' 2021 അവസാനം തുടങ്ങുമെന്ന സൂചന നല്‍കി മോഹന്‍ലാല്‍. 2021 ആദ്യം എമ്പുരാന്‍ ചിത്രീകരിക്കാനായിരുന്നു ആലോചന. എമ്പുരാന്‍ സ്‌റ്റോറിലൈന്‍ പൂര്‍ത്തിയായതായും മോഹന്‍ലാല്‍.

കൊവിഡില്‍ ലോകം എന്തൊക്കെ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ആര്‍ക്കും നിശ്ചയമില്ല, അതുകൊണ്ട് തന്നെ എപ്പോള്‍ സിനിമയുടെ ഷൂട്ട് തുടങ്ങുമെന്ന് കൃത്യമായി പറയാനാകില്ല. 2021 അവസാനം തുടങ്ങാനാണ് നിലവിലെ ആലോചന. എല്ലാം സാധാരണ ഗതിയിലായാല്‍ തീരുമാനിച്ചത് പോലെ സിനിമയിലേക്ക് കടക്കും. അനുപമ ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിന്റെ പ്രതികരണം. എമ്പുരാന്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായിട്ടില്ലെന്നും സ്റ്റോറിലൈന്‍ മാത്രമാണ് തീര്‍ന്നിരിക്കുന്നതെന്നും മോഹന്‍ലാല്‍.

സ്റ്റോറി ലൈന്‍ റെഡി, എമ്പുരാന്‍ 2021 അവസാനം തുടങ്ങുമെന്ന് മോഹന്‍ലാല്‍
ലൂസിഫര്‍ പോലുള്ള സിനിമകള്‍ നിലവാരമില്ലാത്തതാണെന്ന് അഭിപ്രായമുള്ളവരുണ്ട്, അംഗീകരിക്കുന്നതില്‍ വിമുഖത: പൃഥ്വിരാജ് 

എമ്പുരാന്‍ ലൂസിഫറിനെക്കാള്‍ ഗൗരവമുള്ള സിനിമയായിരിക്കുമെന്ന് പൃഥ്വിരാജ് സുകുമാരന്‍ നേരത്തെ ദ ക്യു ഷോ ടൈമില്‍ പറഞ്ഞിരുന്നു. എമ്പുരാന്‍ കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ചാണ് പറയുന്നത്, സാമൂഹികമായും രാഷ്ട്രീയമായും ഗൗരവമുണ്ടാകും. ലൂസിഫര്‍ പോലെ തന്നെ മറ്റൊരു ബ്ലോക്ക് ബസ്റ്റര്‍ ലക്ഷ്യമാക്കിയാണ് എമ്പുരാന്‍ ഒരുക്കുന്നതെന്നും പൃഥ്വിരാജ് സുകുമാരന്‍. എമ്പുരാന്‍ ചെയ്തത് കൊണ്ട് എന്റെ സംവിധാന മികവിനെക്കുറിച്ച് ആരെങ്കിലും പ്രശംസിച്ച് പറയുമെന്ന് ഒരു പ്രതീക്ഷയുമില്ല. ഒരു പാട് ദിവസം തിയറ്ററുകളില്‍ ഓടി ആള്‍ക്കാര്‍ ഹാപ്പിയാകുന്ന സിനിമയ്ക്കാണ് ശ്രമിക്കുന്നത്. ലൂസിഫര്‍ ഇറങ്ങിയതിന് ശേഷമല്ല എമ്പുരാന്‍ ആലോചിച്ചത്, ലൂസിഫര്‍ കണ്ടാല്‍ ആ സിനിമയുടെ സീക്വല്‍ ഉണ്ടാകുമെന്ന് സൂചന കിട്ടും.

മലയാളത്തില്‍ ആദ്യമായി 200 കോടി കളക്ഷന്‍ നേടിയ ചിത്രമാണ് ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച് പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍. കേരളത്തില്‍ രാഷ്ട്രീയക്കാരനായി കഴിയുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയെയാണ് മോഹന്‍ലാല്‍ ലൂസിഫറില്‍ അവതരിപ്പിച്ചത്. വിവേക് ഒബ്‌റോയി, മഞ്ജു വാര്യര്‍, ടൊവിനോ തോമസ് എന്നിവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായിരുന്നു.

ഖുറേഷി അബ്രാം എന്ന് പേരുള്ള രാജ്യാന്തര സ്വാധീനമുള്ള ഡോണ്‍ ആണ് സ്റ്റീഫന്‍ എന്ന് പറഞ്ഞുവച്ചാണ് ലൂസിഫര്‍ അവസാനിക്കുന്നത്. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും മുഴുനീള കഥാപാത്രമായെത്തുന്ന ചിത്രവുമാണ് എമ്പുരാന്‍. പൃഥ്വിരാജിന് എമ്പുരാന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ അഞ്ച് സിനിമകളെങ്കിലും ഒഴിവാക്കേണ്ടി വരുമെന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നത്. മുരളി ഗോപിയുടെ രചനയിലാണ് ചിത്രം.

എമ്പുരാനെക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍

ലൂസിഫറിന് മുമ്പും പിന്‍പും ഉള്ള കഥകളുടെ സമാഹാരമായിരിക്കും എമ്പുരാന്‍. രാവും പകലും മനസില്‍ ആ സിനിമയുമായാണ് പൃഥ്വിരാജ് സഞ്ചരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഹിറ്റ് മേക്കറുടെ ആദ്യനിരയില്‍ പൃഥ്വിരാജ് എന്ന സംവിധായകന്‍ വൈകാതെ സ്ഥാനം പിടിക്കും. ലൂസിഫര്‍ കണ്ട രജനികാന്തും, ഷാരൂഖ് ഖാനും അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. അവര്‍ കൊണ്ടുപോകുന്നതിന് മുമ്പ് ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ഞാന്‍.

ദ ക്യുവിനോട് പൃഥ്വിരാജ് മുമ്പ് പറഞ്ഞത്

രജിനികാന്ത്, ചിരഞ്ജീവി,സഞ്ജയ് ദത്ത് തുടങ്ങിയവര്‍ ലൂസിഫര്‍ കണ്ട് വിളിച്ചിരുന്നു. അക്ഷയ്കുമാര്‍ മെസ്സേജ് അയച്ചിരുന്നു. ആദ്യമായി സംവിധാനം ചെയ്ത സിനിമയ്ക്ക് ഇവരില്‍ നിന്നെല്ലാം പ്രശംസ ലഭിച്ചത് വലിയ നേട്ടമാണെന്ന് കരുതുന്നു. ഈ മ യൗ പോലുള്ള സിനിമകള്‍ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയായി കാണുന്നയാളാണ് ഞാന്‍. ഇന്റലിജന്റ് ആയ സിനിമകള്‍ ഭയങ്കരമായി പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകരാണ് ഇവിടുത്തേത്. മറുവശത്ത് ലൂസിഫര്‍ പോലൊരു സിനിമയെ അഭിനന്ദിക്കാന്‍ വിമുഖതയുമുണ്ട്.

ലൂസിഫര്‍ പോലെ മാസ് സ്വഭാവത്തില്‍ ചെയ്യുന്ന സിനിമകള്‍ അണ്ടര്‍ അപ്രീഷ്യേറ്റഡ് ആണ് മുഖ്യധാരാ മലയാള സിനിമയില്‍. ലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്കിടയില്‍ മാസ് യുഫോറിയ സൃഷ്ടിക്കുന്ന സിനിമകള്‍ അത് എളുപ്പമല്ലേ എന്ന് ചിന്തിക്കുന്ന കുറച്ച് പേര്‍ ഉണ്ട്. അത് എനിക്ക് എളുപ്പമായിരുന്നില്ല. ലൂസിഫര്‍ പോലൊരു സിനിമകള്‍ തരംതാണതെന്ന അഭിപ്രായം ഞാന്‍ ചിലയിടത്ത് കേട്ടിട്ടുണ്ടെന്നും ദ ക്യുവിനോട് പൃഥ്വിരാജ്

സയിദ് മസൂദ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എമ്പുരാനിലും എത്തുന്നത്. കുരുതി, കോള്‍ഡ് കേസ്, ഭ്രമം എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീര്‍പ്പ് എന്ന സിനിമയിലാണ് പൃഥ്വിരാജ് ഈ മാസം അവസാനത്തോടെ ജോയിന്‍ ചെയ്യുന്നത്. മുരളി ഗോപിയാണ് തിരക്കഥ. ആടുജീവിതം ഫൈനല്‍ ഷെഡ്യൂള്‍ അള്‍ജീരിയയില്‍ പൃഥ്വിരാജിന് പൂര്‍ത്തിയാക്കാനുണ്ട്. മാര്‍ച്ചില്‍ ഷാജി കൈലാസ് ചിത്രം കടുവ തുടര്‍ന്ന് ജി.ആര്‍ ഇന്ദുഗോപന്റെ രചനയില്‍ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്നീ സിനിമകളും പൃഥ്വിരാജിന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട്.

ബി.ഉണ്ണിക്കൃഷ്ണന്‍ ചിത്രം പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ സ്വന്തം സംവിധാനത്തിലുള്ള ബറോസ് പ്രീ പ്രൊഡക്ഷനിലേക്ക് കടക്കുമെന്നാണ് സൂചന. റാം വിദേശ ഷെഡ്യൂളാണ് മോഹന്‍ലാലിന് ഇനി ബാക്കിയുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in