ജിജോ പറഞ്ഞു 'എന്റെ പിന്തുണയുണ്ട് നിങ്ങൾ ഈ സിനിമ ചെയ്യണം'; ബറോസ് ചിത്രീകരണം ഏപ്രിലിൽ; സിനിമയെക്കുറിച്ച് മോഹൻലാൽ

ജിജോ പറഞ്ഞു 'എന്റെ പിന്തുണയുണ്ട് നിങ്ങൾ ഈ സിനിമ ചെയ്യണം'; ബറോസ് ചിത്രീകരണം ഏപ്രിലിൽ; സിനിമയെക്കുറിച്ച് മോഹൻലാൽ

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രം ബറോസ് ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ നടൻ മോഹൻലാൽ തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിനെക്കുറിച്ച് സംസാരിച്ചു. സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും സുഹൃത്തും സംവിധായകനുമായ ജിജോ പുന്നൂസ് ബറോസിന്റെ കഥ പറഞ്ഞപ്പോൾ ആ കഥ സിനിമയാക്കുവാൻ താൽപര്യം തോന്നിയെന്നും മോഹൻലാൽ പറഞ്ഞു. സിനിമയിൽ കേന്ദ്രകഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ മോഹൻലാൽ തന്നെയാണ് അവതരിപ്പിക്കുന്നത്.

ബറോസിനെക്കുറിച്ച് മോഹൻലാൽ

സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ജിജോ പുന്നൂസ് കഥ വിവരിച്ചപ്പോൾ, അവൻ ഇത് ചെയ്യാൻ പോകുകയാണോ എന്ന് ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി. ബറോസ് യക്ഷിക്കഥയാണ്, ഒരു ജീനിയെക്കുറിച്ചും നിധിയുടെ സംരക്ഷകനെക്കുറിച്ചും ഒരു പെൺകുട്ടിയെക്കുറിച്ചുമുള്ള കഥയാണ് . ഞാൻ തന്നെ സിനിമ ചെയ്യുവാൻ എന്നിലെ കുട്ടി പറയുവാൻ തുടങ്ങി. എന്നിലെ ആ കുട്ടി എന്നെ നിരന്തരം ശല്യം ചെയ്യുകയും ജിജോയോട് സംവിധാനത്തക്കുറിച്ച് സൂചിപ്പിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്തു. നാൽപത് വർഷം മുമ്പ്, നവോദയ അപ്പച്ചനും ജിജോ പുന്നൂസ്സുമാണ് എന്നിലെ നടനെ കണ്ടെത്തിയത് . അങ്ങനെ ജിജോ പറഞ്ഞു, “എന്റെ എല്ലാ അനുഗ്രഹങ്ങളോടും പിന്തുണയോടും കൂടി നിങ്ങൾ ഇത് ചെയ്യണം.” ഇതൊരു 3 ഡി ഫിലിമാണ്, അങ്ങനെ സങ്കീർണ്ണമായ ആ സിനിമ ചെയ്യുവാൻ ഞാൻ ആഗ്രഹിച്ചു . ബറോസ് ജനുവരിയിൽ ആരംഭിക്കേണ്ടതായിരുന്നു, മിക്ക അഭിനേതാക്കളും സ്പെയിൻ, പോർച്ചുഗൽ, യു എസ് എന്നിവിടങ്ങളിൽ നിന്നാണ്. ഞങ്ങളുടെ ആക്ഷൻ ഡയറക്ടർ തായ്‌ലൻഡിൽ നിന്നുമാണ് . അതിനാൽ, ഏപ്രിൽ പകുതിയോടെ ചിത്രീകരണം ആരംഭിക്കുവാനാണ് തീരുമാനം.

സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ദ ഹ്യൂമന്‍ കോണ്‍്ട്രാക്ട്, റാംബോ, സെക്‌സ് ആന്‍ഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗോവയിലാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. ജിജോ പുന്നൂസാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന വിസ്മയ സിനിമയ്ക്ക് ശേഷം ജിജോയുടെ രചനയില്‍ പുറത്തുവരുന്ന സിനിമ കൂടിയാണ് ബറോസ്. ഇന്ത്യയ്ക്കും ആഫ്രിക്കയ്ക്കും പോര്‍ച്ചുഗീസിനും ഇടയില്‍ നിലനിന്നിരുന്ന കടല്‍ മാര്‍ഗമുള്ള വ്യാപാരവും ബന്ധവും സിനിമയുടെ ഇതിവൃത്തമാകും. മോഹന്‍ലാലിന്റെ സ്വപ്നപദ്ധതിയായാണ് സിനിമ വരുന്നത്.

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ബറോസ് പ്രീ പ്രൊഡക്ഷന് ചെന്നൈയില്‍ ലാല്‍ തുടക്കമിട്ടിരുന്നു. ബറോസ് ടീമിനൊപ്പമായിരുന്നു മോഹന്‍ലാലിന്റെ അമ്പത്തിയൊമ്പതാം പിറന്നാള്‍ ആഘോഷം. വിദേശ സാങ്കേതിക വിദഗ്ധര്‍ ചിത്രത്തിലുണ്ടാകും. മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ചത് മലയാള സിനിമാ മേഖലയ്ക്കും ആരാധകര്‍ക്കും സര്‍പ്രൈസ് ആയിരുന്നു. അമേരിക്കന്‍ യാത്രക്കിടെ വിദേശ ചലച്ചിത്ര പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയതായി മോഹന്‍ലാല്‍ വെളിപ്പെടുത്തിയിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം

Related Stories

No stories found.
logo
The Cue
www.thecue.in