'എന്നെയോർത്ത് ആശങ്കപ്പെടേണ്ട', സദാചാര കമന്റുകളോട് അനശ്വര രാജന്റെ മറുപടി
Film News

'എന്നെയോർത്ത് ആശങ്കപ്പെടേണ്ട', സദാചാര കമന്റുകളോട് അനശ്വര രാജന്റെ മറുപടി

THE CUE

THE CUE

വസ്ത്രത്തിന്റെ പേരിൽ തന്നെ വിമർശിച്ചവരോട് അനശ്വരയുടെ മറുപടി. ‘ഞാൻ എന്തു ചെയ്യുന്നു എന്നോർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട. ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ നിങ്ങൾ എന്തിന് അസ്വസ്ഥരാകുന്നു എന്നതിൽ ആശങ്കപ്പെടൂ'. വിമർശനങ്ങൾക്ക് കാരണമായ അതേ വസ്ത്രത്തിൽ തന്നെയുളള മറ്റൊരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അനശ്വരയുടെ പ്രതികരണം.

ഇൻസ്റ്റഗ്രാമിൽ അനശ്വര പോസ്റ്റ് ചെയ്ത ചിത്രത്തിന് നേരെയായിരുന്നു സൈബർ ആക്രമണം. ‘18 വയസ് ആയതല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേൺ ഷോ തുടങ്ങിയോ’, 'ഇനി അടുത്തത് എന്ത് വസ്ത്രമായിരിക്കും ഇടുന്നത്' തുടങ്ങി വസ്ത്രധാരണത്തെ ആക്ഷേപിച്ചും കളിയാക്കിയും കൊണ്ടുളള കമന്റുകളാണ് ചിത്രത്തിന് താഴെ വന്നത്. ‌സദാചാരപ്പോലീസിങിന് ചിലർ കമന്റിലൂടെ തന്നെ മറുപടിയും നൽകിയിരുന്നു. അതിന് പിന്നാലെയാണ് രണ്ടുവരിയിൽ അനശ്വരയുടെ പ്രതികരണം.

അടുത്തിടെയായിരുന്നു പതിനെട്ടാം പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ അനശ്വര സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. മുമ്പ് ദാവണിയിലും പട്ടുപാവാടയിലുമുളള അനശ്വരയുടെ ഫോട്ടോഷൂട്ടിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയായിരുന്നു. എന്നാൽ ഇപ്പോൾ അനശ്വരയുടെ വേഷം നാടിന്റെ സംസ്കാരത്തിന് യോജിക്കാത്തതാണ്, അതുകൊണ്ടാണ് പ്രതികരിക്കുന്നത്ന് എന്നായിരുന്നു സൈബർ ആക്രമണങ്ങൾക്ക് ന്യായീകരണം. സാനിയ ഇയ്യപ്പൻ, മീര നന്ദൻ, ദുർ​ഗ കൃഷ്ണ എന്നിവർക്കും സമാന രീതിയിൽ വേഷത്തിന്റെ പേരിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

The Cue
www.thecue.in