'ദൃശ്യം 2'ലെ ഒന്ന് രണ്ട് സീനുകള്‍ കൊവിഡ് മൂലം മാറ്റിയെഴുതേണ്ടിവന്നു: ജീത്തു ജോസഫ്
Film News

'ദൃശ്യം 2'ലെ ഒന്ന് രണ്ട് സീനുകള്‍ കൊവിഡ് മൂലം മാറ്റിയെഴുതേണ്ടിവന്നു: ജീത്തു ജോസഫ്

THE CUE

THE CUE

കൊവിഡ് കാലത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളോടെ ഷൂട്ടിം​ഗ് തുടങ്ങാനിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2. കൊവിഡ് സമയത്തെ ചിത്രീകരണമായതുകൊണ്ട് ചിത്രത്തിൽ ചില സീനുകളിൽ തിരുത്തൽ ആവശ്യമായി വന്നിരുന്നെന്ന് സംവിധായകൻ പറയുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍‍ക്കായി കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന സ്കിൽ ഡവലപ്മെന്റ് പ്രോ​ഗ്രാമിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് സംസാരിച്ചത്.

ജീത്തു ജോസഫിന്റെ വാക്കുകള്‍:

'ഒന്ന് രണ്ട് സീനുകളെ മാത്രമാണ് കൊറോണയായിട്ട് ദൃശ്യം 2 നെ ബാധിച്ചത്. തിരക്കഥ എഴുതിക്കഴിഞ്ഞ് ഞാന്‍ കുറെപ്പേര്‍ക്ക് അത് വായിക്കാന്‍ കൊടുത്തിരുന്നു. അവരുടെ അഭിപ്രായങ്ങള്‍ എടുത്തിട്ട് കുറച്ചു തിരുത്തലുകള്‍ വരുത്തുകയും ചെയ്തു. അതിനുശേഷം ഞാന്‍ ആ സ്ക്രിപ്റ്റ് മാറ്റി വച്ചു. ഒരാഴ്ച ഇതില്‍ നിന്നൊക്കെ മാറി വേറെ കാര്യങ്ങളൊക്കെ ചെയ്ത് പിന്നെ ഫ്രഷ് ആയി ആ സ്ക്രിപ്റ്റ് വീണ്ടും വായിക്കാനെടുത്തു. അങ്ങനെ വായിച്ചാൽ അതിലെ കുഴപ്പങ്ങള്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയും. രണ്ടാമത് വായിക്കാന്‍ എടുത്തപ്പോഴാണ് വളരെ ജനക്കൂട്ടമുള്ള ഒരു രംഗം ഞാന്‍ എഴുതിയിരുന്നതായി കണ്ടത്. ജനക്കൂട്ടവും ബഹളവും ഒക്കെയുള്ള ഒരു സീന്‍. പെട്ടെന്ന് ഞാനോര്‍ത്തു, ഈ ലോക്ഡൗണും കൊറോണയും ഇങ്ങനെ പോകുന്ന സമയത്ത് ഞാന്‍ ഇതെങ്ങനെ ഷൂട്ട് ചെയ്യും? അത് നടക്കില്ല. അവിടെ വച്ച് ഞാന്‍ എഴുത്ത് നിറുത്തി. പക്ഷേ, ഉര്‍വശീശാപം ഉപകാരം എന്നു പറഞ്ഞപോലെ വേറൊരു ഐഡിയ വന്നു.’

‘ഒരാളും ഇല്ലാതെ അതു ചെയ്താല്‍‍ വേറെ ഒരു ഗുണം ആ രംഗത്തിന് കിട്ടും. അങ്ങനെ ആലോചിച്ചപ്പോഴാണ് എനിക്ക് പുതിയ ഐഡിയ കിട്ടിയത്. അല്ലെങ്കില്‍ ഞാന്‍ പഴയ ആശയത്തിലൂടെ തന്നെ പോയേനെ. വലിയ രീതിയില്‍ സ്ക്രിപ്റ്റിനെ സഹായിക്കുന്ന ഐഡിയ വന്നതോടെ അതിനു മറ്റൊരു തലം കൈവന്നു. ഞാന്‍ ആ ലൈന്‍ പിടിച്ചങ്ങ് പോയി. എന്റെ പ്രശ്നവും തീര്‍ന്നു. എഴുതുന്ന സമയത്തു തന്നെ, ഇതെങ്ങനെ ഷൂട്ട് ചെയ്യും എന്നതുകൂടി ആലോചിക്കുന്നതുകൊണ്ടാണ് ഇങ്ങനെ തിരുത്തലുകള്‍ വരുന്നത്.'

ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം കൊവിഡ് നിയന്ത്രണങ്ങളോടെ ഓഗസ്റ്റ് 17ന് തൊടുപുഴയില്‍ തുടങ്ങാനായിരുന്നു ആലോചന. ചിത്രീകരണത്തിന് മുന്നോടിയായി ജൂലൈ 20ന് മോഹന്‍ലാല്‍ ചെന്നൈയില്‍ നിന്ന് കൊച്ചിയിലെ വീട്ടിലെത്തിയിരുന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രതയിലെത്തിയ സാഹചര്യവും മഴക്കെടുതിയും പരിഗണിച്ച് ആ​ഗസ്റ്റിൽ നടക്കാനിരുന്ന ഷൂട്ടിംഗ് അടുത്ത മാസത്തേക്ക് മാറ്റിയിരിക്കുകയാണ്.

The Cue
www.thecue.in