Film News

മരക്കാര്‍ മുതല്‍ ജെയിംസ് ബോണ്ട് വരെ; കൊറോണയില്‍ നിശ്ചലമായി സിനിമാലോകം

കൊറോണ ഭീതിയില്‍ റിലീസ് മാറ്റിവെച്ചും ചിത്രീകരണം നിര്‍ത്തിയും ലോകസിനിമ. കൊറോണ വൈറസ് വ്യാപനത്തിന് തുടക്കം കുറിച്ച ചൈനയില്‍ ഇതുവരെ എഴുപതിനായിരം തിയറ്ററുകളാണ് അടച്ചുപൂട്ടിയത്. ഇന്ത്യ, സൗത്ത് കൊറിയ, ഇറ്റലി, സിംഗപ്പൂര്‍, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവടങ്ങളിലും സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. കൊറോണ കാലത്തെ റിലീസുകള്‍ ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്നതാണ് നിലവില്‍ ഇന്റസ്ട്രി നേരിടുന്ന പ്രതിസന്ധി.

Also Read: മാര്‍ച്ച് 11മുതല്‍ തിയറ്ററുകള്‍ അടച്ചിടും, ഈ മാസം റിലീസ് ഇല്ല

കേരളത്തില്‍ കൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ റിലീസുകള്‍ ഒഴിവാക്കാന്‍ ചലച്ചിത്ര സംഘടനകളുടെ സംയുക്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനെതുടര്‍ന്ന് മാര്‍ച്ച് 31വരെ തിയറ്ററുകള്‍ അടച്ചിടും.

Also Read: ലൊക്കേഷനില്‍ അതീവജാഗ്രത വേണം, ഷൂട്ടിംഗ് നിര്‍ത്തുന്ന കാര്യം നിര്‍മ്മാതാവിനും സംവിധായകനും തീരുമാനിക്കാമെന്ന് ഫെഫ്ക

കൊറോണ ഭീതിയില്‍ റിലീസ് മാറ്റിയ ചിത്രങ്ങള്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'മരക്കാര്‍ - അറബിക്കടലിന്റെ സിംഹം' മാര്‍ച്ച് 26നായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. വിഷു റിലീസ് ആയ മമ്മൂട്ടി ചിത്രം 'വണ്‍', മാര്‍ച്ച് 12ന് റിലീസ് ചെയ്യാനിരുന്ന ടൊവിനോ തോമസ് ചിത്രം 'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്', കാവ്യ പ്രകാശ് ഒരുക്കുന്ന 'വാങ്ക്' എന്നീ ചിത്രങ്ങളുടേയും റിലീസ് നീട്ടി.

തമിഴില്‍ വിജയ് ചിത്രം മാസ്റ്ററി'ന്റെ കേരള റിലീസും മാറ്റിവെച്ചു. ബോളിവുഡില്‍ രണ്‍വീര്‍ സിംഗ് നായകനാകുന്ന '83' ന്റെ റിലീസ് ഏപ്രില്‍ 10ലേയ്ക്ക് മാറ്റിയതായി നിര്‍മ്മാതാക്കളായ റിലയന്‍സ് എന്‍ര്‍ടെയ്ന്‍മെന്റ് അറിയിച്ചു. അക്ഷയ് കുമാര്‍ നായകനാകുന്ന 'സൂര്യവന്‍ശി'യുടെ മാര്‍ച്ച് 12ന് തീരുമാനിച്ചിരുന്ന റിലീസ് 24ലേയ്ക്ക് മാറ്റി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചൈനീസ് ചിത്രമായ 'മുലാന്‍' റിലീസ് നീട്ടി. നിക്കി കാരോ ആണ് സംവിധാനം. മാര്‍ച്ച് 9 ന് ലോസ് ആഞ്ജലസില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍ ലോഞ്ച്. പുതുക്കിയ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

ജെയിംസ് ബോണ്ട് സീരിസിലെ 25-ാമത് ചിത്രമായ 'നോ ടൈം ടു ഡൈ' ഇനി നവംബറിലെത്തും. ഏപ്രില്‍ മാസമാസിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 9 റിലീസ് ഒരു വര്‍ഷത്തേയ്ക്ക് നീട്ടാന്‍ തീരുമാനിച്ചതായി യൂണിവേഴ്‌സല്‍ സ്റ്റുഡിയോസ് അറിയിച്ചു. ഈ വര്‍ഷം മെയ് 22നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. അടുത്ത വര്‍ഷം ഏപ്രില്‍ 2 ന് ചിത്രം തീയറ്ററുകളില്‍ എത്തും. എമിലി ബ്ലന്റ് പ്രധാന വേഷത്തിലെത്തുന്ന 'എ ക്വയറ്റ് പ്ലെയ്‌സ് 2' റിലീസ് മാറ്റിയതായി സംവിധായകനും നടനുമായ ജോണ്‍ ക്രസിന്‍സ്‌കി അറിയിച്ചു. സെയ്‌സീ വില്യംസ് കേന്ദ്ര കഥാപാത്രമാകുന്ന 'ദ ന്യൂ മട്ടന്‍സ്' ഇനിയും വൈകും. കൊറോണ വ്യാപനത്തിന് മുന്‍പും വിവിധ കാരണങ്ങളാല്‍ പല തവണ ചിത്രത്തിന്റെ റിലീസ് മുടങ്ങിയിരുന്നു.

കേരി റൂസ്സലും ജെസ്സ് പ്ലെമന്‍സും പ്രധാനവേഷങ്ങളിലെത്തുന്ന 'അന്‍ഡ്ലേര്‍സ്' റിലീസ് വൈകും. ഏപ്രില്‍ 17 ആയിരുന്നു തീരുമാനിച്ചിരുന്ന തീയതി. ഏപ്രില്‍ മൂന്നിന് തീയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ച ഡിസ്‌നിയുടെ 'ദി ന്യൂ മൂട്ടന്റ്‌സ്' റിലീസ് മാറ്റിവെച്ചു. 'പീറ്റര്‍ റാബിറ്റ് 2' ഏപ്രില്‍ 3 ല്‍ നിന്നും ഓഗസ്റ്റ് ഏഴിലേയ്ക്ക് മാറ്റി. 'എ ക്വയറ്റ് പ്ലേസ്' രണ്ടാം ഭാഗത്തിന്റെ റിലീസും മാറ്റി.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചിത്രീകരണം മാറ്റിവെച്ച ചിത്രങ്ങള്‍

മധു വാരിയര്‍ സംവിധാനം ചെയ്യുന്ന മഞ്ജു വാരിയര്‍-ബിജുമേനോന്‍ ചിത്രം 'ലളിതം സുന്ദരം'ഷൂട്ടിങ് നിര്‍ത്തിവച്ചു. മമ്മൂട്ടി ചിത്രം 'ദി പ്രീസ്റ്റി'ന്റെ ചിത്രീകരണവും കൊറോണ ജാഗ്രതയുടെ ഭാഗമായി നിര്‍ത്തി. അജയ് ജ്ഞാനമുത്തുവിന്റെ സംവിധാനത്തില്‍ വിക്രം നായകനാകുന്ന തമിഴ് ചിത്രം 'കോബ്ര'യുടെ റഷ്യയിലെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചു. ഭൂല്‍ ഭുലയ്യ 2, ഏക് വില്ലന്‍ 2, മുമ്പൈ സാഗ തുടങ്ങിയ ചിത്രങ്ങളുടെ ഇന്ത്യയിലെ ചിത്രീകരണവും മാറ്റിയതായി ടി സീരീസ് അധികൃതര്‍ അറിയിച്ചു. ഇറ്റലിയിലെ വെനീസില്‍ നടക്കാനിരുന്ന ടോം ക്രൂസിന്റെ 'മിഷന്‍ ഇംപോസിബിള്‍' ഏഴാം ഭാഗത്തിന്റെ ചിത്രീകരണവും മാറ്റിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മിഷന്‍ ഇമ്പോസിബിള്‍ ഏഴാം സീസണ്‍ ചിത്രീകരണവും മാറ്റിവെച്ചു.