'എന്റെ കാലുകള്‍ സമര്‍പ്പിച്ച് ഞാനും ഐക്യപ്പെടുന്നു' ; അനശ്വര രാജനെ പിന്‍തുണച്ച് ഹരീഷ് പേരടി
Film Events

'എന്റെ കാലുകള്‍ സമര്‍പ്പിച്ച് ഞാനും ഐക്യപ്പെടുന്നു' ; അനശ്വര രാജനെ പിന്‍തുണച്ച് ഹരീഷ് പേരടി

THE CUE

THE CUE

ധരിച്ച വസ്ത്രത്തിന് ഇറക്കം പോരെന്ന് ആരോപിച്ച് അനശ്വര രാജന് നേരെയുണ്ടായ സൈബര്‍ സദാചാര ആക്രമണത്തില്‍, നടിക്ക് പിന്‍തുണയുമായി നടന്‍ ഹരീഷ് പേരടി. കാലുകള്‍ കാണുമ്പോള്‍ കാമം പൂക്കുന്ന സദാചാര കോമരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാര്‍ത്ഥമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അത്രയൊന്നും മൊഞ്ചില്ലാത്ത തന്റെ കാലുകള്‍ സമര്‍പ്പിച്ച് ഐക്യപ്പെടുന്നുവെന്നും ഈ ശരീരഭാഷയുടെ രാഷ്ട്രീയം നന്‍മയുള്ള ലോകം ഏറ്റെടുക്കട്ടെയെന്നും ഹരീഷ് പേരടി കൂട്ടിച്ചേര്‍ത്തു. കാലുകള്‍ കാണിക്കുന്ന ഫോട്ടോ പങ്കുവെച്ചായിരുന്നു കുറിപ്പ്.നേരത്തേ റിമ കല്ലിങ്കല്‍, അഹാന കൃഷ്ണ, കനി കുസൃതി, അനാര്‍ക്കലി മരിക്കാര്‍ തുടങ്ങിയ നടിമാരും ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് അനശ്വരയ്ക്ക് പിന്‍തുണയുമായെത്തിയിരുന്നു.

അനശ്വരയുടെ പുതിയ ഫോട്ടോ ഷൂട്ട് ആണ് ഇന്‍സ്റ്റഗ്രാമിലെ സൈബര്‍ അക്രമികളെ പ്രകോപിപ്പിച്ചത്. '18 വയസ് ആയതല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ', 'ഇനി അടുത്തത് എന്ത് വസ്ത്രമായിരിക്കും ഇടുന്നത്' തുണി ഉരിയാന്‍ തുടങ്ങിയോ എന്നിങ്ങനെ വസ്ത്രധാരണത്തെ ആക്ഷേപിക്കുന്നതും ലൈംഗികാധിക്ഷേപം നടത്തുന്നതുമായ കമന്റുകളാണ് വന്നത്.അടുത്തിടെയായിരുന്നു പതിനെട്ടാം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ അനശ്വര സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുമ്പ് ദാവണിയിലും പട്ടുപാവാടയിലുമുളള അനശ്വരയുടെ ഫോട്ടോഷൂട്ടിന് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അനശ്വരയുടെ വേഷം നാടിന്റെ സംസ്‌കാരത്തിന് യോജിക്കാത്തതായതിനാലാണ് പ്രതികരിക്കുന്നതെന്നാണ് ചിലരുടെ വാദം. നടിമാരായ സാനിയ ഇയ്യപ്പന്‍, മീര നന്ദന്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ക്കും സമാന രീതിയില്‍ വേഷത്തിന്റെ പേരില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 'ഞാന്‍ എന്തു ചെയ്യുന്നു എന്നോര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട. ഞാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ നിങ്ങള്‍ എന്തിന് അസ്വസ്ഥരാകുന്നു എന്നതില്‍ ആശങ്കപ്പെടൂ' എന്നായിരുന്നു അധിക്ഷേപങ്ങളോടുള്ള അനശ്വരയുടെ മറുപടി. വിമര്‍ശനങ്ങള്‍ക്ക് കാരണമായ അതേ വസ്ത്രത്തില്‍ തന്നെയുളള മറ്റൊരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതികരണം.

കാലുകൾ കാണുമ്പോൾ കാമം പൂക്കുന്ന സദാചാര കോമരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാർത്ഥമായി...

Posted by Hareesh Peradi on Tuesday, September 15, 2020
The Cue
www.thecue.in