‘ഭയങ്കര സന്തോഷണ്ട്, എല്ലാം അടിപൊളിയാര്‍ന്ന്’; വെനീസ് വേദിയില്‍ തൃശൂര്‍ ശൈലിയില്‍ നന്ദി പറഞ്ഞ് ‘ചോല’ നടന്‍ അഖില്‍

‘ഭയങ്കര സന്തോഷണ്ട്, എല്ലാം അടിപൊളിയാര്‍ന്ന്’; വെനീസ് വേദിയില്‍ തൃശൂര്‍ ശൈലിയില്‍ നന്ദി പറഞ്ഞ് ‘ചോല’ നടന്‍ അഖില്‍

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'ചോല'യുടെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പ്രദര്‍ശനത്തിന് ശേഷം പ്രേക്ഷകരോട് മലയാളത്തില്‍ നന്ദി പറഞ്ഞ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന അഖില്‍. ആദ്യ സിനിമയില്‍ തന്നെ ലഭിച്ച വലിയ അവസരത്തിന് എല്ലാവരോടും നന്ദി പറയുന്ന അഖിലിന്റെ വീഡിയോ ജോജുവാണ് ഷെയര്‍ ചെയ്തത്.

നമസ്‌കാരം,ഒരു വല്യൊരു ഓാപ്പര്‍ച്യൂണിറ്റി തന്നാര്‍ന്നെനിക്ക്. സനലേട്ടന്റെം ഇവരുടെയ്‌ക്കൊപ്പം ഫസ്റ്റ് പടം തന്നെ വര്‍ക്ക് ചെയ്യാന്‍ പറ്റിയെന്നുള്ളത്. ഭയങ്കര സന്തോഷണ്ട്. ആദ്യത്തെ പടം തന്നെ വെനീസ് കാണിച്ചതിന്. സന്തോഷം കൊണ്ട് എന്ത് പറയണമെന്നറിയില്ല്യ. വളരെ നല്ല.... ഒരു.... എല്ലാം അടിപൊളി തന്നെയാര്‍ന്ന്.. സൂപ്പര്‍ എക്‌സ്പീരിയന്‍സാര്‍ന്നു...താങ്ക്യു ഓള്‍.

അഖില്‍ വിശ്വനാഥ്

700ഓളം പേരെ ഓഡിഷന്‍ ചെയ്താണ് ചിത്രത്തിനായി അഖിലിനെ തെരഞ്ഞെടുത്തത്. ചിത്രത്തില്‍ നിമിഷ സജയനും ജോജു ജോര്‍ജിനുമൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തിലാണ് അഖിലുമെത്തുന്നത്. തൃശൂര്‍ കൊടകര സ്വദേശിയാണ് അഖില്‍.

ചിത്രം കണ്ട എല്ലാവരോടുമുള്ള നന്ദി ജോജുവും അറിയിച്ചു. സംവിധായകന്‍ സനല്‍കുമാറിനെ മാസ്റ്റര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ജോജു നന്ദി അറിയിച്ചത്. മേളയില്‍ പ്രധാന മത്സരവിഭാഗത്തിന് സമാന്തരമായി നടക്കുന്ന ഒറിസോണ്ടി(ഹൊറൈസണ്‍) കാറ്റഗറിയിലായിരുന്നു ചോല പ്രദര്‍ശിപ്പിച്ചത്. ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ സിനിമയായിരുന്നു 'ചോല'. അടൂര്‍ ഗോപാലകൃഷ്ണന്റെ 'മതിലുകള്‍', 'നിഴല്‍ കൂത്ത്' എന്നിവയാണ് ഇതിനു മുന്‍പ് വെനീസ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മലയാള ചിത്രങ്ങള്‍.

വ്യക്തികളുടെ മാനസിക തലങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമയാണ് 'ചോല'യെന്ന് സനല്‍കുമാര്‍ ശശിധരന്‍ 'ദ ക്യു'വിനോട് പ്രതികരിച്ചിരുന്നു. സെക്സി ദുര്‍ഗ കൈകാര്യം ചെയ്ത പ്രമേയം മറ്റൊരു രീതിയില്‍ കടന്നുവരുന്ന സിനിമയാണ്. ഒരു പെണ്‍കുട്ടി ഒരു പുരുഷനൊപ്പം നഗരത്തിലേക്ക് യാത്ര തിരിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം. 'ചോല' ഒരു റോഡ് മൂവി സ്വഭാവത്തിലുള്ള ത്രില്ലര്‍ ആണെന്നും സംവിധായകന്‍ പറഞ്ഞു.

Summary

‘ദ ക്യൂ’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
ടെലിഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Related Stories

No stories found.
logo
The Cue
www.thecue.in