'ലതാ മങ്കേഷ്‌കറിന്റെ ഭൗതിക ശരീരത്തില്‍ തുപ്പി'; ഷാരൂഖ് ഖാനെതിരെ വ്യാജപ്രചരണവുമായി സംഘ്പരിവാര്‍

'ലതാ മങ്കേഷ്‌കറിന്റെ ഭൗതിക ശരീരത്തില്‍ തുപ്പി';  ഷാരൂഖ് ഖാനെതിരെ വ്യാജപ്രചരണവുമായി സംഘ്പരിവാര്‍
Published on

ലത മങ്കേഷ്‌കറിന്റെ ഭൗതിക ശരീരത്തില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ തുപ്പി എന്ന് വ്യാജ പ്രചാരണം. മുംബൈ ശിവാജി പാര്‍ക്കില്‍ നടന്ന ലതാജിയുടെ സംസ്‌കാര ചടങ്ങിന് പിന്നാലെയാണ് വ്യാചപ്രചരണം.

സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ഷാരൂഖ് ഖാന്റെ ദൃശ്യം പങ്കുവെച്ചുകൊണ്ട് താരം ലതാജിയുടെ മൃതദേഹത്തിലേക്ക് തുപ്പി എന്ന് ആരോപണമായിരുന്നു സംഘ്പരിവാര്‍ പ്രൊഫൈലുകളില്‍ നിന്ന് വന്നത്. കേട്ടാല്‍ തന്നെ ആരും വിശ്വസിക്കാത്ത ഒരു പ്രചരണമായിട്ടുകൂടി അങ്ങനെ ചെയ്‌തോ, തുപ്പിയോ തുടങ്ങി ഒരുപാട് ചോദ്യങ്ങളിലൂടെ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങി.

ഇസ്ലാമിക മത വിശ്വാസ പ്രകാരം ദുആ ചെയ്യുകയും അതിനു ശേഷം മൃത ദേഹത്തിലേക്ക് ഊതുക എന്ന മതാചാര ചടങ്ങു മാത്രമാണ് എസ് ആര്‍ കെ നടത്തിയതെന്ന് ക്യാമറ ആംഗിളുകളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ വ്യക്തമാണ്. ലതാ മങ്കേഷ്‌കറെന്ന ഇന്ത്യയുടെ വാനമ്പാടിയുടെ ആത്മശാന്തിയ്ക്കായി തന്റെ വിശ്വാസ പ്രകാരം പ്രാര്‍ഥിക്കുക മാത്രമാണ് താരം ചെയ്തത് എന്നിരിക്കെ ആയിരുന്നു വ്യാജപ്രചരണം.

ഇതാദ്യമായിട്ടല്ല ഷാരൂഖ് ഖാന് നേരെ സംഘ്പരിവാറിന്റെ സൈബര്‍ ആക്രമണം നടക്കുന്നത്. നരേന്ദരമോദി പ്രധാനമന്ത്രിയായാല്‍ താന്‍ ട്വിറ്റര്‍ മാത്രമല്ല, രാജ്യം തന്നെ വിടുമെന്ന് ഷാരൂഖ് പറഞ്ഞതായിട്ടുള്ള വ്യാജവാര്‍ത്ത വര്‍ഷങ്ങളായി ട്വിറ്ററില്‍ സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ പ്രചരിപ്പിക്കുന്നുണ്ട്.

സുദര്‍ശന്‍ ന്യൂസ് 2014ല്‍ പുറത്ത് വിട്ട വീഡിയോയില്‍ ഈ വ്യാജവാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ട് അവര്‍ ഷാരൂഖ് ഖാനെ ആക്രമിക്കാന്‍ കാരണമായി പറയുന്ന മറ്റൊരു കാരണം ഐപിഎല്ലില്‍ പാകിസ്താന്‍ കളിക്കാരെ ഉള്‍പ്പെടുത്തുന്നതിന് ഷാരൂഖ് ഖാന്‍ പിന്തുണച്ചു എന്നാണ്.

2015ല്‍ തന്റെ അമ്പതാം പിറന്നാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മതപരമായ അസഹിഷ്ണുതയും മതേതരത്വമില്ലായ്മയുമാണ് ഒരു ദേശസ്‌നേഹി എന്ന നിലയില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കുറ്റകൃത്യമെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in