FactCheck: സംസ്ഥാനത്ത് നാളെ കറന്റില്ല;’ ഡാം വിദഗ്ധര്‍’  വിവരങ്ങള്‍ നല്‍കണം; കെഎസ്ഇബിയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങള്‍

FactCheck: സംസ്ഥാനത്ത് നാളെ കറന്റില്ല;’ ഡാം വിദഗ്ധര്‍’ വിവരങ്ങള്‍ നല്‍കണം; കെഎസ്ഇബിയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങള്‍

ശക്തമായ മഴയും ഉരുള്‍പൊട്ടലും നാശം വിതക്കുന്ന സംസ്ഥാനത്ത് സോഷ്യല്‍ മീഡിയയിലൂടെ ഭീതിയും ആശങ്കയും സൃഷ്ടിക്കുന്ന വ്യാജസന്ദേശങ്ങളും പ്രചരിപ്പിക്കുകയാണ്. മഴയിലും കാറ്റിലും ദിവസങ്ങളായി വൈദ്യുതിയില്ലാത്ത പ്രദേശങ്ങളുണ്ട്. ഇതിനിടെയാണ് കേരളം ഒന്നാകെ വൈദ്യുതി മുടങ്ങുമെന്ന് കെ എസ് ഇ ബി അറിയിച്ചുവെന്നുള്ള 'ബ്രോക്കിംഗ് ന്യൂസ്'.

കാലാവസ്ഥ മുന്നറിയിപ്പുകള്‍ക്കൊപ്പം സാധാരണ നല്‍കുന്ന മുന്‍കരുതല്‍ നിര്‍ദേശങ്ങളും കൂട്ടിചേര്‍ത്താണ് ഫേക്കുകള്‍ നിര്‍മ്മിക്കുന്നത്. ഫോണ്‍ ചാര്‍ജ്ജ് ചെയ്തു വെയ്ക്കുക, ഈ വിവരം മറ്റുള്ളവരില്‍ എത്തിക്കുകയെന്നും കൂടി ചേര്‍ക്കുന്നതോടെ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലേക്ക് സന്ദേശം കണ്ണുംപൂട്ടി അയക്കുകയാണ് പലരും. വൈദ്യുതി മുടങ്ങുമെന്ന വ്യാജപ്രചരണത്തില്‍ വീഴരുതെന്നും തെറ്റായ സന്ദേശം പ്രചരിപ്പികരുതെന്നും മന്ത്രി എം എം മണി തന്നെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കഴിഞ്ഞ പ്രളയത്തിന് ശേഷമുള്ള ചര്‍ച്ചകളെ പരിഹസിച്ചു കൊണ്ടുള്ള സന്ദേശവും കെഎസ്ഇബി വാര്‍ത്തകളെന്ന പേരില്‍ പ്രചരിക്കുന്നു. ഡാമുകള്‍ എപ്പോള്‍ തുറക്കണമെന്നും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും കഴിഞ്ഞ വര്‍ഷം അഭിപ്രായം പറഞ്ഞവര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയെ അറിയിക്കണമെന്നാണ് ഇതിലെ ഉള്ളടക്കം. ട്രോളാണെങ്കിലും അറിയാതെയാണ് പലരും പ്രചരിപ്പിക്കുന്നത്.

കഴിഞ്ഞ പ്രളയകാലത്തെ വീഡിയോകളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫോട്ടോകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിന്നുണ്ട്. ശരിയായ മുന്നറിയിപ്പുകളും തെറ്റായ പ്രചരണങ്ങളും തിരിച്ചറിയാനാവില്ലെന്നതാണ് ഈ 'തമാശക്കളി'യുടെ ഭവിഷ്യത്ത്.

logo
The Cue
www.thecue.in