Fact Check : 'മോഹന്‍ലാല്‍ സന്ദര്‍ശിച്ച ട്രാന്‍സിസ്റ്റര്‍ ഉള്ള ചായക്കട!,' ആ വിന്റേജ് പരസ്യതന്ത്രത്തിന് പിന്നിലെ തല

Fact Check : 'മോഹന്‍ലാല്‍ സന്ദര്‍ശിച്ച ട്രാന്‍സിസ്റ്റര്‍ ഉള്ള ചായക്കട!,' ആ വിന്റേജ് പരസ്യതന്ത്രത്തിന് പിന്നിലെ തല

സമീപദിവസങ്ങളില്‍ വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ വൈറലായ ഒരു ഉദ്ഘാടന നോട്ടീസുണ്ടായിരുന്നു. 1983ലെ എന്ന് സൂചിപ്പിക്കുന്നതായിരുന്നു നോട്ടീസ്. ആ വര്‍ഷം ഡിസംബര്‍ 13ന് ഒരു ചായക്കട മോഹന്‍ലാല്‍ സന്ദര്‍ശിക്കുന്നു എന്നതായിരുന്നു ആ നോട്ടീസിലെ ഹൈലൈറ്റ്. ഒറ്റനോട്ടത്തില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഒക്കെ റീലീസ് ചെയ്ത് മൂന്നാം വര്‍ഷത്തില്‍ മോഹന്‍ലാല്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി സന്ദര്‍ശിച്ച ഏതോ ചായക്കടയുടെ പരസ്യം എന്ന് തോന്നും. മോഹന്‍ലാലിന്റെ 26 സിനിമകള്‍ റിലീസ് ചെയ്തു എന്ന നിലക്ക് അടയാളപ്പെടുത്തപ്പെട്ട വര്‍ഷവുമാണ് 1983.

പരസ്യ ബ്രോഷറിന്റെ രൂപഭാവങ്ങളില്‍ പഴമയും ഫീല്‍ ചെയ്യുന്നുണ്ട്. വമ്പിച്ച ഉദ്ഘാടന മഹാമഹം എന്നും 1983 ഡിസംബര്‍ 13നാണ് മലയാള സിനിമയിലെ പുത്തന്‍ താരോദയം മോഹന്‍ലാല്‍ ചായക്കട സന്ദര്‍ശിക്കുന്നതെന്നും നോട്ടീസിലുണ്ട്. 83 ഹബ് എന്ന പേരിലുള്ള ചായക്കടയുടെ പ്രത്യേകതയായി പറയുന്നത് ട്രാന്‍സിസ്റ്റര്‍ ഉള്ള പഞ്ചായത്തിലെ ഏക ചായക്കട എന്നാണ്. ഡിസൈനിലെ പഴമ ബോധപൂര്‍വം സൃഷ്ടിച്ചതാണെന്ന സംശയവും, ട്രാന്‍സിസ്റ്റര്‍ ഉള്ള പഞ്ചായത്തിലെ ഏക ചായക്കട എന്ന അവകാശവാദവും പലരിലും സംശയവും സൃഷ്ടിച്ചിരുന്നു.

പോസ്റ്റിന് പിന്നിലെ വാസ്തവം

മലയാള സിനിമയെക്കുറിച്ചുള്ള ആധികാരിക വിവശേഖരണം നടത്തുന്ന എംത്രീഡിബി കൂട്ടായ്മയിലെ അംഗങ്ങള്‍ പോസ്റ്ററിലെ ഡിസൈന്‍ ഡീകോഡ് ചെയ്ത് ഇത് പുതിയ പോസ്റ്ററാണെന്നും പരസ്യതന്ത്രമാണെന്നും കണ്ടെത്തി. മലയാളം മുവീ ആന്‍ഡ് മ്യൂസിക് ഡാറ്റാ ബേസിലെ അംഗമായ ജോസ്‌മോന്‍ വാഴയില്‍ ആണ് പോസ്റ്ററിന്റെ റഫറന്‍സ് കണ്ടെത്തിയത്.

അഡ്മിന്‍ കിരണിന്റെ നേതൃത്വത്തില്‍ നടന്ന അടുത്ത റൗണ്ട് അന്വേഷണത്തില്‍ സംഗതി മാഹിയിലെ മൊന്താല്‍ പാലത്തിന് സമീപം പുതുതായി തുടങ്ങുന്ന ചായക്കടയാണെന്ന് കണ്ടെത്തി. കണ്ണൂരിനും മാഹിക്കും നടുവില്‍ മയ്യഴിപ്പുഴയുടെ കുറുകെയുള്ള പാലത്തിന് സമീപമാണ് ടീ ഷോപ്പ്.

കടയുടമ പറയുന്നത്

കൂട്ടുകാര്‍ക്കിടയില്‍ പ്രചരിപ്പിച്ച പോസ്റ്റര്‍ കൈവിട്ടു പോയതാണെന്ന് കടയുടമ റഹീം. മോഹന്‍ലാലിന്റെ കടുത്ത ആരാധകനായതിനാല്‍ ചെയ്തതാണെന്നും കടയുടമ പ്രതികരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in