Fact Check:’ഗതാഗതം തടസപ്പെടുത്തി നിസ്‌കാരം’; വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിച്ച ചിത്രം ഇന്ത്യയിലേതല്ല 

Fact Check:’ഗതാഗതം തടസപ്പെടുത്തി നിസ്‌കാരം’; വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിച്ച ചിത്രം ഇന്ത്യയിലേതല്ല 

സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്

‘റോഡിലെ നിസ്‌കാരം നിരോധിക്കണം, ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ഇത് അനുവദനീയമല്ല. പിന്നെ എന്തിന് മതേതര രാജ്യമായ ഇന്ത്യയില്‍’ 

പായല്‍ റോഹ്തഗിയെന്നയാള്‍ ഒരു ചിത്രം സഹിതം ട്വിറ്ററില്‍ കുറിച്ചതാണിത്. റോഡില്‍ മുസ്ലിം മതസ്ഥര്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിന്റേതാണ് ഫോട്ടോ. വാഹന ഗതാഗതം തടസപ്പെട്ടിരിക്കുന്നതും കാണാം. മുസ്ലിം മതസ്ഥരുടെ ഈദ് ദിനത്തോടനുബന്ധിച്ച് ഇതേ ചിത്രം പലതരം കുറിപ്പുകളോടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടു.

ഇസ്ലാമിക രാഷ്ട്രങ്ങള്‍ തെറ്റായി കാണുന്ന കാര്യം ഇന്ത്യയില്‍ ശരിയാകുന്നതെങ്ങനെ ? റോഡില്‍ നിസ്‌കാരം നിര്‍വഹിക്കുന്നതിന് ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നിരോധനമുണ്ട്. എന്തുകൊണ്ട് ഇന്ത്യയില്‍ ഇത് റദ്ദാക്കിക്കൂട. എന്തിന് നമ്മള്‍ അടിമകളായി നടിക്കണം. 

രാഹുല്‍ രാം രാജ് എന്നയാളുടെ പേജില്‍ പോസ്റ്റ് ചെയ്യപ്പെട്ട കുറിപ്പ് ഇങ്ങനെ.

ഈ ചിത്രം സൂക്ഷിച്ചുനോക്കൂ. ബസുകള്‍, കാറുകള്‍ ,ആംബുലന്‍സുകള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വാഹനങ്ങള്‍, എന്നിവയെല്ലാമുണ്ട്. ആംബുലന്‍സില്‍ രോഗിയുണ്ടാകാം. എന്നാല്‍ അള്ളായെ ആരാധിക്കുന്നതിനാണ് ഇവിടെ പ്രാമുഖ്യം. ആസ്ത്മ അല്ലെങ്കില്‍ ഹൃദ്രോഗമുള്ളവര്‍ മരണപ്പെട്ടാലോ, അപ്പോഴും പ്രാര്‍ത്ഥനയ്ക്കാണ് പ്രാധാന്യം. 

സംഘപരിവാര്‍ പേജുകളിലും ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട പോസ്റ്റുകളാണ് ഇവ.

പ്രചരണത്തിന്റെ സത്യമെന്ത് ?

ബംഗ്ലാദേശില്‍ നിന്നുള്ള ചിത്രമാണ് ഇന്ത്യയിലേതെന്ന പേരില്‍ പ്രചരിപ്പിച്ചത്. റോഡ് ഗതാഗതം തടസപ്പെടുത്തുന്ന രീതിയില്‍ നിസ്‌കാരച്ചടങ്ങ് നടന്നത് ബംഗ്ലാദേശിലാണ്. ചിത്രത്തിന്റെ വലതുവശത്ത് താഴെയായി robertharding.com എന്ന് കാണാം. ഈ വെബ്‌സൈറ്റിന്റേതാണ് ചിത്രം. ചിത്രം ഗൂഗിളില്‍ തിരഞ്ഞാല്‍ വാര്‍ത്തയുടെ ലിങ്ക് അടക്കം ലഭ്യമാകും.

ബംഗ്ലാദേശിലെ ടോങ്കിയില്‍ ബിഷോ ഇജ്‌റ്റേമ പള്ളിക്ക് പുറത്ത് മുസ്ലിം മതസ്ഥര്‍ റോഡില്‍ നിസ്‌കാരത്തിലേര്‍പ്പെട്ടിരിക്കുന്നതിന്റെ ചിത്രമെന്ന് വാര്‍ത്തയില്‍ വിശദീകരിക്കുന്നുണ്ട്.

എം യൂസഫ് തുഷയെന്നയാളാണ് ചിത്രം പകര്‍ത്തിയതെന്നും പരാമര്‍ശിക്കുന്നുണ്ട്. ഈ നിസ്‌കാരത്തിന്റെ പലതരത്തിലുള്ള ചിത്രങ്ങള്‍ ഗെറ്റി ഇമേജസിന്റേതായി(അന്താരാഷ്ട്ര ഫോട്ടോ സര്‍വീസ് കമ്പനി) ഉണ്ട്. അതായത് ബംഗ്ലാദേശില്‍ നടന്ന സംഭവത്തിന്റെ ചിത്രം വര്‍ഗീയ ധ്രുവീകരണ ലക്ഷ്യത്തോടെ ഇന്ത്യയിലേതാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു. Alt News ആണ് വ്യാജ പ്രചരണം പൊളിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in