ലണ്ടന്‍ ഓഹരിവിപണിയില്‍ കിഫ്ബി-മസാല ബോണ്ടുകള്‍ ലിസ്റ്റ് ചെയ്യപ്പെടുമ്പോള്‍ നേട്ടമിവയാണ് 

ലണ്ടന്‍ ഓഹരിവിപണിയില്‍ കിഫ്ബി-മസാല ബോണ്ടുകള്‍ ലിസ്റ്റ് ചെയ്യപ്പെടുമ്പോള്‍ നേട്ടമിവയാണ് 

ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് തുറന്നുകൊടുത്ത് അപൂര്‍വ നേട്ടം കൈവരിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ലണ്ടന്‍ ഓഹരിവിപണിയുടെ ക്ഷണപ്രകാരമാണ് വെള്ളിയാഴ്ച മുഖ്യമന്ത്രി ഇത് നിര്‍വഹിച്ചത്. ഇത്തരത്തില്‍ ക്ഷണം ലഭിക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഇവിടെ കിഫ്ബിയുടെ മസാല ബോണ്ടുകള്‍ ലിസ്റ്റ് ചെയ്യുന്നതിനും തുടക്കമായി. ഇതോടെ ലണ്ടന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ഇന്ത്യയുടെ ആദ്യ സംസ്ഥാനതല സ്ഥാപനമായി മാറിയിരിക്കുകയാണ് കിഫ്ബി. ചടങ്ങില്‍ ധനമന്ത്രി തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സിഇഒ ഡോ. കെഎം എബ്രഹാം എന്നിവരുമുണ്ടായിരുന്നു. മുന്‍പ് കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, പീയൂഷ് ഗോയല്‍ തുടങ്ങിയവര്‍ ഇത്തരത്തില്‍ ക്ഷണിക്കപ്പെട്ടിരുന്നു. ദേശീയപാത അതോറിറ്റി, എന്‍ടിപിസി എന്നിവയുടെ ബോണ്ടുകള്‍ ലിസ്റ്റ് ചെയ്തപ്പോഴായിരുന്നു ഇത്.

ലണ്ടന്‍ ഓഹരിവിപണിയില്‍ കിഫ്ബി ലിസ്റ്റ് ചെയ്യപ്പെടുമ്പോള്‍ നേട്ടമെന്ത് ?

മൂന്നുവര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി അന്‍പതിനായിരം കോടിയുടെ മൂലധനനിക്ഷേപം സമാഹരിക്കാനാണ് കിഫ്ബി ( കേരള ഇന്‍ഫ്ര സ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് ) ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തില്‍ കിഫ്ബി ലണ്ടന്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നത് വിഭവ സമാഹരണത്തിനുള്ള സുപ്രധാന അവസരമാകുന്നു. രാജ്യാന്തര നിക്ഷേപകരുമായുള്ള ക്രിയാത്മക വ്യവഹാരങ്ങള്‍ക്കും കേരളത്തിന്റെ വികസനത്തില്‍ അവരെ പങ്കാളികളാക്കാനും ഇതുവഴി സാധിക്കും. കോര്‍പ്പറേറ്റ് ഭരണ നിര്‍വഹണത്തിലെ അന്താരാഷ്ട്ര രീതികളും സാധ്യതകളും തിരിച്ചറിയാനും ആവശ്യമായവ പിന്‍തുടരാനുമുള്ള സാധ്യതയ്ക്കും വഴിതുറക്കുന്നു. ഇതുവഴി ഫണ്ട് പരിപാലനത്തിലെ നൂതന ക്രമീകരണങ്ങള്‍ പകര്‍ത്താനുമാകും. ആഗോള നിക്ഷേപക സമൂഹവുമായും വിപണിയുമായും സക്രിയ ഇടപെടലിനും ഇത് വഴിയൊരുക്കും. ഓഹരി ഇടപാടുകള്‍ നടക്കുന്ന വന്‍ വിപണി സമൂഹവുമായുള്ള എളുപ്പത്തിലുള്ള വിനിമയങ്ങള്‍ക്ക് ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് വേദിയൊരുക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ മസാല ബോണ്ടുകളുടെ വില്‍പ്പന നടക്കുന്നത് ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് മുഖേനയാണ്. ഇതും കേരളത്തിന് പ്രതീക്ഷയേകുന്ന ഘടകമാണ്. മസാല ബോണ്ടുകള്‍ വഴി 2150 കോടി രൂപയുടെ നിക്ഷേപം കിഫ്ബിക്ക് ഇതിനകം സ്വരുക്കൂട്ടാനായിട്ടുണ്ട്.

എന്താണ് കിഫ്ബി ? എന്തിനാണ് കിഫ്ബി ?

കേരള ഇന്‍ഇന്‍ഫ്രാ സ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് എന്നതാണ് കിഫ്ബിയുടെ മുഴുവന്‍ പേര്. 1999 ലാണ് രൂപീകൃതമായത്. അടിസ്ഥാന സൗകര്യവികസനത്തിനുള്ള ധനസമാഹരണത്തിന് സംസ്ഥാന സര്‍ക്കാര്‍ രൂപീരിച്ച ധനകാര്യസ്ഥാപനമാണ് കിഫ്ബി. കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആക്ട് പ്രകാരമാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ബജറ്റ് ഇതര നിക്ഷേപ സമാഹരണമാണ് ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനായും ധനമന്ത്രി ഡോ. തോമസ് ഐസക് വൈസ് ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു.

മസാല ബോണ്ട് എന്നാല്‍ എന്ത് ?

അന്താരാഷ്ട വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ തന്നെ കടപ്പത്രങ്ങള്‍ ഇറക്കി ധനസമാഹരണം നടത്തുന്നതിനുള്ള ഉപാധിയാണിത്. അതായത് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ആഗോള ധനവിപണിയില്‍ നിന്നും ഇന്ത്യന്‍ കറന്‍സിയില്‍ നിക്ഷേപം സമാഹരിക്കാനുള്ള ബോണ്ടുകള്‍. അടിസ്ഥാന സൗകര്യ വികസനത്തിനായി നിക്ഷേപങ്ങള്‍ സ്വരുക്കൂട്ടാനാണ് സര്‍ക്കാര്‍ മസാല ബോണ്ടുകള്‍ വഴി കടമെടുക്കുന്നത്. നിക്ഷേപസമാഹരണം ഇന്ത്യന്‍ രൂപയിലായതിനാല്‍ വിദേശ വിനിയമ നിരക്കുകള്‍ ഫണ്ടിനെ ബാധിക്കുന്നില്ല.രൂപയ്ക്ക് മൂല്യത്തകര്‍ച്ചയുണ്ടാകുമ്പോഴും മസാല ബോണ്ടിനെ ബാധിക്കില്ല. സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി പുറത്തിറക്കിയ മസാല ബോണ്ടുകള്‍ വഴിയാണ് ഇതിനകം 2150 കോടി കിഫ്ബി സ്വരുക്കൂട്ടിയത്. 9.25 ശതമാനം പലിശനിരക്കിലാണ് നിക്ഷേപം സ്വീകരിച്ചിരിക്കുന്നത്. 2024 ല്‍ മാത്രമേ ഈ പണം തിരികെ നല്‍കേണ്ടതുള്ളൂ. വിദേശത്തുനിന്നും ഇന്ത്യയിലെ സര്‍ക്കാരുകള്‍ മസാല ബോണ്ട് വഴി ഇതുവരെ ശേഖരിച്ചിട്ടുള്ളവയില്‍ ഏറ്റവും ഉയര്‍ന്ന തുകയാണിത്. ഇന്ത്യന്‍ വൈവിധ്യങ്ങളെ പ്രതിഫലിപ്പിക്കാനാണ് സുഗന്ധവ്യഞ്ജനങ്ങള്‍ എന്ന അര്‍ത്ഥം വരുന്ന മസാല എന്ന് ബോണ്ടിന് പേര് നല്‍കിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനാണ് പരിന് പിന്നില്‍.

logo
The Cue
www.thecue.in