'ഹൗസ് ഓഫ് സീക്രട്ട്‌സ്', എന്താണ് ബുരാരി കൂട്ടമരണങ്ങളിലെ നിഗൂഢത?

'ഹൗസ് ഓഫ് സീക്രട്ട്‌സ്', എന്താണ് ബുരാരി കൂട്ടമരണങ്ങളിലെ നിഗൂഢത?
Summary

77 വയസുള്ള നാരായണ്‍ ദേവി, അവരുടെ രണ്ട് ആണ്‍മക്കള്‍ അവരുടെ ഭാര്യമാര്‍, മകള്‍, അഞ്ച് പേരക്കുട്ടികള്‍. സന്തോഷം നിറഞ്ഞ കൂട്ടുകുടുംബം. അയല്‍ക്കാരുമായി നല്ല അടുപ്പം പുലര്‍ത്തിയിരുന്നവര്‍. പെട്ടെന്നൊരു ദിവസം ആ പതിനൊന്നുപേരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നു. ആത്മഹത്യ ചെയ്യാനുള്ള യാതൊരു കാരണവും ഇല്ല, കൊലപാതകം നടന്നതിന്റെ ലക്ഷണങ്ങളുമില്ല.

2018 ജൂലൈ 1, രാജ്യം ഉണര്‍ന്നത് ഒരു കുടുംബത്തിലെ 11 പേരുടെ മരണവാര്‍ത്ത കേട്ടായിരുന്നു. കൈകളും കാലുകളും ബന്ധിച്ച്, കണ്ണുകള്‍ മൂടി, തൂങ്ങിമരിച്ച നിലയില്‍ 10 പേരുടെ മൃതദേഹങ്ങള്‍, കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന നാരായണ്‍ ദേവി മുറിയില്‍ താഴെ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. അടിമുടി ദുരൂഹത നിറഞ്ഞ 'ബുരാരി മരണങ്ങള്‍'.

രാജ്യത്തെ ഞെട്ടിച്ച മരണങ്ങള്‍ക്ക് പിന്നിലെ ദുരൂഹതകള്‍ ചുരുളഴിക്കാന്‍ ശ്രമിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ് ഡോക്യു-സീരീസ് 'ഹൗസ് ഓഫ് സീക്രട്ട്‌സ്; ദ ബുരാരി ഡെത്ത്‌സ്'. മൂന്ന് പാര്‍ട്ടുകളായി പുറത്തിറങ്ങിയ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ലീന യാദവ്, അനുഭവ് ചോപ്ര എന്നിവരാണ്. ഭാട്ട്യ കുടുംബം ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണ് എന്നതിനപ്പുറം, അന്ധവിശ്വാസങ്ങള്‍ എത്രത്തോളം മനുഷ്യനെ കീഴടക്കുന്നു എന്നും, വേണ്ടത്ര പ്രാധാന്യം നല്‍കാതെ, തിരിച്ചറിയപ്പെടുക പോലും ചെയ്യാതെ പോകുന്ന മാനസിക വൈകല്യങ്ങളെ കുറിച്ചും, അവ എത്രത്തോളം പ്രത്യാഘാതങ്ങളുണ്ടാക്കാം എന്നതിനെ കുറിച്ചും ഡോക്യുമെന്ററി പറഞ്ഞുവെക്കുന്നുണ്ട്.

ബുരാരിയിലെ മരണങ്ങള്‍

ഹരിയാനയിലെ തൊഹാനയില്‍ നിന്ന് വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയിലെത്തിയ കുടുംബം. നാരായണ്‍ ദേവിയുടെ അഞ്ച് മക്കളില്‍ മൂന്ന് പേരും ബുരാരിയിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മക്കളായ ഭുവനേഷ് ഭാട്ട്യ(50), ലളിത് ഭാട്ട്യ(45), പ്രഭിത(48), മരുക്കളായ സവിത(48), ടിന(42), പ്രഭിതയുടെ മകള്‍ പ്രിയങ്ക(33), ഭുവനേഷ്-സവിത ദമ്പതികളുടെ മക്കളായ നീതു(25), മനേക(23), ദ്രുവ്(15), ലളിത്-ടിന ദമ്പതികളുടെ മകന്‍ ശിവം(15) എന്നിവരാണ് ഇരുനില വീട്ടില്‍ കഴിഞ്ഞിരുന്നത്.

സാധാരണ പുലര്‍ച്ചെ തന്നെ ഉണരാറുള്ള കുടുംബം, വീടിനോട് ചേര്‍ന്നുള്ള കട അന്ന് ഏറെ വൈകിയും തുറന്നില്ല. ഇതോടെ പരിശോധിക്കാനെത്തിയ അയല്‍ക്കാരാണ് മൃതദേഹങ്ങള്‍ ആദ്യം കാണുന്നത്. ഒന്നാം നിലയിലെ ഹാളിലെ ഗ്രില്ലില്‍ പ്രത്യേക രീതിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു നാരായണ്‍ ദേവിയൊഴികെയുള്ളവരുടെ മൃതദേഹം, മുറിക്കുള്ളില്‍ കട്ടിലിന് താഴെ കണ്ടെത്തിയ നാരായണ്‍ ദേവിയുടെ മഴുത്തില്‍ ബെല്‍റ്റുകൊണ്ട് മുറുക്കിയതിന്റെ പാടുകളുണ്ടായിരുന്നു.

എല്ലാവരുടെയും കൈകളും കാലുകളും ഉള്‍പ്പടെ ബന്ധിച്ചിരുന്നത് കൊണ്ട് കൊലപാതകം ഉള്‍പ്പടെ സാധ്യതകള്‍ തള്ളാതെയായിരുന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണം.

'ഹൗസ് ഓഫ് സീക്രട്ട്‌സ്'

ഭാട്ട്യ കുടുംബത്തിന്റെ മരണം സംബന്ധിച്ച് മാധ്യമങ്ങള്‍ പലതരത്തില്‍ കഥകളെഴുതി. പൂജമുറിയില്‍ നിന്ന് കണ്ടെത്തിയ ഡയറിയും, സിസിടിവി ദൃശ്യങ്ങളുമായിരുന്നു പൊലീസ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഇതോടെ കൊലപാതകമെന്ന സാധ്യത അന്വേഷണസംഘം പൂര്‍ണമായി തള്ളി. പൂജ മുറിയില്‍ നിന്ന് കണ്ടെത്തിയത് പോലെ 11 പുസ്തകങ്ങള്‍ വീട്ടിലെ പലയിടത്തു നിന്നായി കണ്ടെത്തിയതോടെ ബുരാരി സംഭവത്തിന്റെ ചുരുളഴിയുകയായിരുന്നു. 11 വര്‍ഷത്തിനിടെ എഴുതിയ പുസ്തകങ്ങളില്‍ ആത്മഹത്യയുടെ ഉള്‍പ്പടെ വിവരങ്ങള്‍ വ്യക്തമായി വിവരിച്ചിരുന്നു.

വീടിന് പുറത്തുള്ള ഒരാള്‍ വീട്ടിലുള്ളവരോട് സംസാരിക്കുന്നത് പോലെയായിരുന്നു ഈ ഡയറികളിലെ വാക്കുകള്‍. നാരായണ്‍ ദേവിയുടെ ഭര്‍ത്താവ് ഭോപാല്‍ സിങ് മരിച്ച വര്‍ഷം മുതലാണ് ഡയറികള്‍ എഴുതി തുടങ്ങിയിരിക്കുന്നത്. മരിച്ചു പോയ തങ്ങളുടെ പിതാവ് ഇളയ മകന്‍ ലളിതിലൂടെ തങ്ങളോട് സംവദിക്കുന്നുവെന്ന് ഭാട്ട്യ കുടുംബം വിശ്വസിച്ചു. 'പിതാവ് പറഞ്ഞത്' പോലെ അവര്‍ എല്ലാം ചെയ്തു.

വിദ്യാസമ്പരായ കുടുംബത്തെ പതിനൊന്ന് വര്‍ഷത്തോളം ലളിത് എങ്ങനെയാണ് തന്റെ വാക്കുകള്‍ വിശ്വസിപ്പിച്ചതെന്നത് അത്ഭുതമാണ്

ആത്മഹത്യ നടക്കുന്നതിന് ഏഴു ദിവസം മുമ്പ് തന്നെ ആത്മാവിനെ സ്വതന്ത്രമാക്കുന്ന 'ബാധ് തപസ്യ'(ആല്‍മര ആരാധന) ചടങ്ങ് ആരംഭിച്ചിരുന്നുവെന്ന് ഡയറിയില്‍ പറയുന്നുണ്ട്. എങ്ങനെയാണ് ചടങ്ങുകള്‍ നടത്തേണ്ടത്, ഇതിനിടെ വീട്ടില്‍ മറ്റാരെങ്കിലും വന്നാല്‍ എന്തു ചെയ്യണം, ആരോഗ്യപ്രശ്‌നങ്ങളുള്ള അമ്മയുടെ മരണം എങ്ങനെയാകണം, മറ്റുള്ളവര്‍ ആത്മഹത്യ ചെയ്യേണ്ടതെങ്ങനെ എന്നതുള്‍പ്പടെ ഡയറിയില്‍ വിവരിച്ചിരുന്നു. ചടങ്ങ് കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും, അവസാന ദിവസം പിതാവ് തങ്ങളെ കാണാന്‍ നേരിട്ടെത്തുമെന്നുമായിരുന്നു 'വിശ്വാസം'.

ലളിതിന് സംഭവിച്ച രണ്ട് ഗുരുതര അപകടങ്ങള്‍, തലയ്‌ക്കേറ്റ പരിക്ക്, കടന്നുപോയ മെന്റല്‍ ട്രോമ, ഇതിനോടൊപ്പം സമൂഹം മാനസികാരോഗ്യത്തിന് നല്‍കേണ്ട പ്രധാന്യത്തെ കുറിച്ചും 'ഹൗസ് ഓഫ് സീക്രട്ട്‌സ്; ദ ബുരാരി ഡെത്ത്‌സ്' ഓര്‍മ്മപ്പെടുത്തുന്നുണ്ട്

ഷെയേര്‍ഡ് സൈക്കോസിസ്

പിതാവ് നിര്‍ദേശിച്ചതെന്ന പേരില്‍, കുടുംബാംഗങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്നും, എങ്ങനെയാണ് പെരുമാറേണ്ടതെന്നുമുള്‍പ്പടെ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്ന ലളിത്, വിദ്യാസമ്പരായ കുടുംബത്തെ പതിനൊന്ന് വര്‍ഷത്തോളം എങ്ങനെയാണ് തന്റെ വാക്കുകള്‍ വിശ്വസിപ്പിച്ചതെന്നത് അത്ഭുതമാണ്.

ഒരു ഉത്തരം കണ്ടെത്തുക എന്നതിനപ്പുറം, പൊതുഇടത്തില്‍ ലഭ്യമായ വിവരങ്ങള്‍ പുതിയ കണ്ണുകളിലൂടെ നിരീക്ഷിച്ച്, ഭാട്ട്യ കുടുംബത്തിന്റെ സുഹൃത്തുക്കളിലൂടെയും, ബന്ധുക്കളിലൂടെയും, അന്വേഷണ ഉദ്യോഗസ്ഥരിലൂടെയും, ആരോഗ്യവിദഗ്ധരിലൂടെയും, മാധ്യമപ്രവര്‍ത്തകരിലൂടെയും വിശദീകരണം നല്‍കുകയാണ് ഡോക്യുമെന്ററി ചെയ്യുന്നത്.

ബുരാരി സംഭവത്തില്‍ പുറത്തുവന്ന മാധ്യമവാര്‍ത്തകളില്‍ നിന്നും വ്യത്യസ്തമായി, ലളിതിന്റെ മാനസികാവസ്ഥയും, കുടുംബത്തെ അതെങ്ങനെ സ്വാധീനിച്ചിരുന്നു എന്നതുമുള്‍പ്പടെ പരിശോധിക്കാന്‍ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിക്ക് സാധിക്കുന്നുണ്ട്. ലളിതിന് സംഭവിച്ച രണ്ട് ഗുരുതര അപകടങ്ങള്‍, തലയ്‌ക്കേറ്റ പരിക്ക്, കടന്നുപോയ മെന്റല്‍ ട്രോമ, ഇതിനോടൊപ്പം സമൂഹം മാനസികാരോഗ്യത്തിന് നല്‍കേണ്ട പ്രധാന്യത്തെ കുറിച്ചും 'ഹൗസ് ഓഫ് സീക്രട്ട്‌സ്; ദ ബുരാരി ഡെത്ത്‌സ്' ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in