'തനിയാവര്‍ത്തനത്തിനും മുകളില്‍ പോകുന്ന റോള്‍'; മമ്മൂട്ടിക്കായി ഒരു കഥ മനസിലുണ്ടെന്ന് സിബി മലയില്‍

'തനിയാവര്‍ത്തനത്തിനും മുകളില്‍ പോകുന്ന റോള്‍'; മമ്മൂട്ടിക്കായി ഒരു കഥ മനസിലുണ്ടെന്ന് സിബി മലയില്‍

മമ്മൂട്ടിക്ക് വേണ്ടി ഒരു കാരക്ടര്‍ മനസ്സിലുണ്ടന്നും സ്‌ക്രീനിലേയ്ക്ക് വരുമ്പോള്‍ തനിയാവര്‍ത്തനത്തിലെ കഥാപാത്രത്തിനും മുകളില്‍ പോകാന്‍ സാധ്യതയുള്ള കഥാപാത്രമായിരിക്കുമെന്നും സംവിധായകന്‍ സിബി മലയില്‍. മമ്മൂട്ടിക്ക് ചലഞ്ചിംഗ് ആയിട്ടുള്ള ക്യാരക്ടര്‍ കൊടുക്കുക, അത് ചെയ്യാന്‍ മമ്മൂട്ടിയെ കൊണ്ട് പറ്റും എന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. തന്റെ ക്യാമറയുടെ മുന്നില്‍ അത് സംഭവിക്കണമെന്നാണ് ആഗ്രഹമെന്നും സിബി മലയില്‍ പറഞ്ഞു. കൊത്ത് സിനിമയുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു സിബി മലയില്‍ മമ്മൂട്ടിയെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും സംസാരിച്ചത്.

മോഹന്‍ലാലിനെപ്പോലെ ഒരു നടനെ നമുക്ക് ഒഴിവാക്കാന്‍ സാധിക്കില്ല,സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് ഖ്യാതി നേടി തന്ന കഥാപാത്രങ്ങളെ സ്‌ക്രീനിലെത്തിച്ച നടനാണ് മോഹന്‍ലാല്‍. തന്റെ ക്യാമറയ്ക്ക് മുന്നില്‍ ആക്ഷനും കട്ടിനും ഇടയ്ക്ക് ഇനിയും മോഹന്‍ലാല്‍ വരണമെന്ന് ആഗ്രഹമുണ്ടെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

സിബി മലയില്‍ പറഞ്ഞത്

എന്റെ മനസ്സില്‍ ഒരു കാരക്ടര്‍ രൂപപ്പെട്ട് വന്നിട്ടുണ്ട് . മമ്മൂട്ടിയുടെ ഏറ്റവും നല്ല കാരക്ടറായി അത് വരണമെന്നാണ് കരുതുന്നത്. ഞാനും ഹേമന്തും കൂടിയാണ് അത് ചെയ്യണം എന്നാണ് വിചാരിക്കുന്നത്. എന്റെ മനസ്സില്‍ ഉള്ള ഒരു ആലോചന മാത്രമാണത്, മമ്മൂട്ടിയുടെ അടുത്തേയ്ക്ക് ഞാന്‍ എത്തിയിട്ടില്ല. അടുത്ത കാലത്തായി മമ്മൂട്ടി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്തുകാണ്ടിരിക്കുകയാണ്. മമ്മൂട്ടി തന്നെ , ഞാന്‍ സ്വയം തേച്ച് മിനുക്കുന്ന ഒരാള്‍ ആണെന്ന് പറഞ്ഞിരുന്നു. മമ്മൂട്ടി അങ്ങനെ തേച്ച് മിനുക്കേണ്ട ആളല്ല. നന്നായി മിനുങ്ങി തിളങ്ങി നില്‍ക്കുന്ന,നാല്‍പത് വര്‍ഷങ്ങള്‍ കൊണ്ട് സ്വയം നവീകരിച്ച നടനാണ്. ഇപ്പോഴും കൂടുതല്‍ തിളക്കം വേണമെന്ന് ആഗ്രഹിക്കുന്ന ഒരു നടന്‍ ശൈശവാസ്ഥയില്‍ അദ്ദേഹത്തിന്റെ മനസ്സിലുണ്ടെന്നാണ് നമുക്ക് ബോധ്യപ്പെടുന്നത്. അങ്ങനെയൊരാളെ വെച്ച് സിനിമ ചെയ്യുന്നത് നമുക്ക് അത് വലിയ ഊര്‍ജമാണ്. മമ്മൂട്ടിക്ക് ചലഞ്ചിംഗ് ആയിട്ടുള്ള ക്യാരക്ടര്‍ കൊടുക്കുക അത് ചെയ്യാന്‍ മമ്മൂട്ടിയെ കൊണ്ടു പറ്റും എന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. എന്റെ കാമറയുടെ മുന്നില്‍ അത് സംഭവിക്കാണമെന്നാണ് എന്റെ ആഗ്രഹം. തനിയാവര്‍ത്തനത്തിനും മുകളില്‍ പോകാന്‍ സാധ്യതയുള്ള,മമ്മൂട്ടി ഇതു വരെ ചെയ്തിട്ടില്ലാത്ത, ഇമോഷണലായ സംഘട്ടനങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ്.

ലാലിനൊപ്പം സിനിമ ചെയ്യാന്‍ എനിക്ക് ഒരു താല്‍പര്യക്കുറവും ഇല്ല,സന്തോഷമേ ഉള്ളൂ. മമ്മൂട്ടി എന്റെ കാമറക്ക് മുന്നില്‍ വന്ന് നില്‍ക്കുന്നത് പോലെ, മോഹന്‍ലാലും എന്റെ ആക്ഷനും കട്ടിനും ഇടയില്‍ നില്‍ക്കണം എന്നാണ് എന്റെ ആഗ്രഹം. ആ ആഗ്രഹത്തെ ഒരു കാലത്തും ഇല്ലാതാക്കാന്‍ കഴിയില്ല.അതിനുള്ള അവസരം ഉണ്ടാവണം. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ എന്റെ ഒരുപാട് നല്ല കഥാപാത്രങ്ങളെ സ്‌ക്രീനില്‍ എത്തിച്ച നടനാണ്. സംവിധായകന്‍ എന്ന നിലയില്‍ എനിക്കും ഖ്യാതി ഉണ്ടാക്കി തന്ന അത്തരമൊരു ആക്ടറിനെ നിരാകരിക്കാന്‍ നമുക്ക് കഴിയില്ല. ഒന്നിച്ച് വര്‍ക്ക് ചെയ്യാനുള്ള സാഹചര്യം വരാന്‍ കാത്തിരിക്കുകയാണ്.'

ആറ് വര്‍ഷത്തിന് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊത്ത്. ആസിഫ് അലിയും റോഷന്‍ മാത്യൂവുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഖില വിമലാണ് ചിത്രത്തിലെ നായിക. ചിത്രം തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

Related Stories

No stories found.
The Cue
www.thecue.in