ആ കഥാപാത്രം ചെയ്യാന്‍ ഭാവന തന്നെ വേണം: 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നി'നെ കുറിച്ച് നിര്‍മ്മാതാവ്

ആ കഥാപാത്രം ചെയ്യാന്‍ ഭാവന തന്നെ വേണം: 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നി'നെ കുറിച്ച് നിര്‍മ്മാതാവ്

അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തില്‍ നായികയായി തിരിച്ചെത്തുന്ന സിനിമയാണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'. ഇന്നലെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് ചിത്രത്തിന്റെ സംവിധായകന്‍. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദറാണ് നിര്‍മ്മാണം.

'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ചിത്രം തുടങ്ങുന്നത് ഷറഫുദ്ദീനെ കേന്ദ്ര കഥാപാത്രമാക്കിയായിരുന്നു. എന്നാല്‍ കഥ പുരോഗമിച്ചപ്പോള്‍ ചിത്രത്തിലെ നായികയും വളരെ പ്രധാനപ്പെട്ടതാവുകയായിരുന്നു. അങ്ങനെയാണ് ആ കഥാപാത്രം ചെയ്യാന്‍ ഭാവന വേണമെന്ന തീരുമാനത്തിലേക്ക് എത്തുന്നതെന്ന് നിര്‍മ്മാതാവ് റെനീഷ് ദ ക്യുവിനോട് പറഞ്ഞു.

സമയം എടുത്ത് തന്നെയാണ് ഭാവന സിനിമ ചെയ്യാം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. ഭാവനയോട് കഥ പറയാനുള്ള ധൈര്യം സ്‌ക്രിപ്പ്റ്റും കഥ പറയുന്ന പശ്ചാത്തലവും കഥ സഞ്ചരിക്കുന്ന വഴികളുമായിരുന്നു എന്നും റെനീഷ് വ്യക്തമാക്കി.

റെനീഷ് അബ്ദുള്‍ഖാദര്‍ പറഞ്ഞത്:

ഗ്രൂപ്പ് ഡിസ്‌കഷനില്‍ നിന്ന് ഉണ്ടായ ഒരു കഥയാണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'. ചിത്രത്തിന്റെ സംവിധായകന്‍ ആദില്‍ എന്റെ അനിയനാണ്. ആദ്യം ഉണ്ടായത് ഒരു വണ്‍ലൈന്‍ സ്റ്റോറിയാണ്. തുടക്കത്തില്‍ കഥ ഷറഫുദ്ദീന്‍ ലീഡ് ചെയ്യാമെന്ന രീതിയിലാണ് വന്നത്. പിന്നീട് കഥ ബില്‍ഡ് ചെയ്ത് വന്നപ്പോഴാണ് നായികയ്ക്കും ഒരുപാട് പ്രത്യേകതകള്‍ ഉണ്ടാകുന്നത്. അങ്ങനെ സിനിമയില്‍ ആ കഥാപാത്രം ചെയ്യേണ്ടത് ഭാവനയെ പോലെ ഒരാളായിരിക്കണം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

ഭാവനയെ എങ്ങനെ അപ്രോച്ച് ചെയ്യുമെന്ന സംശയം തുടക്കത്തില്‍ ഉണ്ടായിരുന്നു. പക്ഷെ ആ സ്‌ക്രിപ്റ്റ് ഭാവനയെ ഡിമാന്റ് ചെയ്യുന്നുണ്ടായിരുന്നു. ഞാനാണ് ആദ്യം ഫോണ്‍ ചെയ്ത് കഥ പറയുന്നത്. അപ്പോള്‍ ഭാവന നോക്കാമെന്ന് പറഞ്ഞു. പിന്നീട് നേരിട്ട് സ്‌ക്രിപ്പ്റ്റ് വായിച്ച് കേള്‍പ്പിക്കണമെന്ന് ഞങ്ങള്‍ പറഞ്ഞു. അതിന് ഭാവന സമ്മതിക്കുകയും പിന്നീട് ആദിലും ഞാനും പോയി കഥ പറഞ്ഞു. അത് കഴിഞ്ഞ് സ്‌ക്രിപ്പ്റ്റ് വായിക്കാന്‍ കൊടുത്തു. പിന്നീട് വീണ്ടും സിനിമ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. അതിന് ശേഷം ഡയലോഗുള്ള സ്‌ക്രിപ്പിറ്റും ഭാവനയക്ക് കൊടുത്തു. അതിന് ശേഷമാണ് നമ്മള്‍ ഈ സിനിമ ചെയ്യുന്നു എന്ന തീരുമാനത്തിലേക്ക് എത്തുന്നത്.

നമ്മുടെ ഏറ്റവും വലിയ കോണ്‍ഫിഡന്‍സ് സ്‌ക്രിപ്റ്റും കഥ പറയുന്ന പശ്ചാത്തലവും കഥ സഞ്ചരിക്കുന്ന വഴികളുമായിരുന്നു. ഭാവന മലയാളത്തില്‍ ഒരു സിനിമ ചെയ്യാന്‍ തയ്യാറാണെങ്കില്‍ നമ്മള്‍ കഥ പറഞ്ഞ് കഴിഞ്ഞാല്‍ ഒരിക്കലും മോശമെന്ന് പറഞ്ഞ് വേണ്ടെന്ന് വെക്കില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു.

നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മെയ് ആദ്യ വാരം സിനിമയുടെ ഷൂട്ട് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭാവനയും ഷറഫുദ്ദീനും അല്ലാതെയുള്ള ബാക്കി കാസ്റ്റിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഏകദേശം കാസ്റ്റിങ്ങ് പൂര്‍ത്തിയായിട്ടുണ്ട്. കുറച്ച് പുതുമുഖങ്ങളും സിനിമയിലുണ്ടാവും.

Related Stories

No stories found.
logo
The Cue
www.thecue.in