മോഹന്‍ലാലിന് ഗോവയില്‍ ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയുടെ സ്വീകരണം, നന്ദി പറഞ്ഞ് താരം

മോഹന്‍ലാലിന് ഗോവയില്‍ ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയുടെ സ്വീകരണം, നന്ദി പറഞ്ഞ് താരം

ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയെ സന്ദര്‍ശിച്ച് നടന്‍ മോഹന്‍ലാല്‍. ഗവര്‍ണറുടെ മുഖ്യാതിഥിയായാണ് താരം രാജ് ഭവനില്‍ എത്തിയത്. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും സജി സോമനും സന്ദര്‍ശന വേളയില്‍ മോഹന്‍ലാലിനൊപ്പമുണ്ടായിരുന്നു. ബറോസ് സെക്കന്‍ഡ് ഷെഡ്യൂള്‍ ചിത്രീകരണത്തിനായാണ് മോഹന്‍ലാല്‍ ഗോവയിലെത്തിയിരിക്കുന്നത്. ത്രീഡി ചിത്രത്തിന്റെ നിര്‍ണായക രംഗങ്ങളാണ് ഗോവയില്‍ ചിത്രീകരിക്കുന്നത്.

ഓള്‍ഡ് ഗോവയിലെ പള്ളിയില്‍വച്ചായിരുന്നു ബറോസിന്റെ ഷൂട്ടിങ് നടന്നത്. അതിനടുത്ത് ഒരു ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പി.എസ് ശ്രീധരന്‍ പിള്ള ഷൂട്ടിങ് ഉണ്ടെന്നറിഞ്ഞ ശേഷം ലൊക്കേഷനിലെത്തുകയും രാജ് ഭവനിലേക്ക് ക്ഷണിക്കുകയും ചെയ്യുകയായിരുന്നു. സന്ദര്‍ശന ശേഷം മടങ്ങവെ മോഹന്‍ലാലിന് ഗവര്‍ണര്‍ ഒരു പെയിന്റിങ്ങും സമ്മാനിച്ചു. കഴിഞ്ഞ ദിവസം നടനും മുന്‍ എം.പിയുമായിരുന്ന ഇന്നസെന്റും രാജ്ഭവനിലെത്തി പി.എസ് ശ്രീധരന്‍ പിള്ളയെ സന്ദര്‍ശിച്ചിരുന്നു.

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകനോടൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്. മെയ് 20ന് ഹോട്ട്‌സ്റ്റാറില്‍ റിലീസിനൊരുങ്ങുന്ന ജീത്തു ജോസഫിന്റെ ട്വല്‍ത്ത് മാനാണ് മോഹന്‍ലാലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.