ടൊവിനോയും ആസിഫും ജോജുവും; ഫേക്കുകളുടെ ചാറ്റ് ക്ലബ് ഹൗസ് ചാറ്റ് റൂമും, താരങ്ങളെ വലപ്പിച്ച് വ്യാജ അക്കൗണ്ടുകള്‍

Clubhouse: Drop-in audio chat
Clubhouse: Drop-in audio chat

ആന്‍ഡ്രോയ്ഡ് പതിപ്പ് വന്ന് ഒരാഴ്ചക്കകം മലയാളത്തിലെ വൈറല്‍ സോഷ്യല്‍ മീഡിയ ആപ്പ് ആയി മാറിയ ക്ലബ് ഹൗസില്‍ താരങ്ങളുടെ പേരില്‍ വ്യാജന്‍മാരുടെ പ്രവാഹം. പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ്, ആസിഫലി, ജോജു ജോര്‍ജ്ജ് തുടങ്ങിയവരുടേതടക്കം വ്യാജ പ്രൊഫൈലുകള്‍ ക്ലബ് ഹൗസില്‍ സജീവമാണ്. ടൊവിനോ തോമസ്, ആസിഫലി, ജോജു ജോര്‍ജ്ജ് എന്നിവരുടെ വ്യാജ അക്കൗണ്ടുകളില്‍ നിന്ന് ചാറ്റ് റൂമുകളും ഓപ്പണ്‍ ചെയ്തു.

ടൊവിനോ തോമസിന്റെയും ജോജുവിന്റെയും ഇന്‍സ്റ്റഗ്രാം ലൈവും അഭിമുഖങ്ങളിലെ ഭാഗങ്ങളും സ്ട്രീം ചെയ്താണ് വ്യാജന്‍മാര്‍ ക്ലബ് ഹൗസില്‍ ആളുകളെ കബളിപ്പിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുടെ പേരിലും വ്യാജ അക്കൗണ്ടുകളുണ്ട്.

ടോക്ക് വിത്ത് ആസിഫലി എന്ന പേരിലായിരുന്നു ആസിഫലിയുടെ ഫേക്ക് ഐഡിയുടെ പറ്റിക്കല്‍. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും മാത്രമാണ് താന്‍ സജീവമെന്നും ക്ലബ് ഹൗസ് അക്കൗണ്ട് ഇല്ലെന്നും ആസിഫലി അറിയിച്ചു. ഇതേ രീതിയില്‍ ടൊവിനോ തോമസും ദുല്‍ഖര്‍ സല്‍മാനും പ്രതികരിച്ചിരുന്നു.

മലയാളത്തിലെ നിരവധി സംവിധായകരും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും ക്ലബ് ഹൗസില്‍ ചര്‍ച്ചാ വേദികളില്‍ സജീവമാണ്. ദ ക്യു ക്ലബ് ഹൗസ് അക്കൗണ്ടില്‍ സംഘടിപ്പിച്ച സിനിമാ പൈറസി ചര്‍ച്ചയില്‍ മഹേഷ് നാരായണന്‍, ആഷിക് അബു, മിഥുന്‍ മാനുവല്‍ തോമസ്, സാന്ദ്രാ തോമസ്, തരുണ്‍ മൂര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ജയസൂര്യ, പൂര്‍ണിമ ഇന്ദ്രജിത്ത്, ബി ഉണ്ണിക്കൃഷ്ണന്‍, സുനില്‍ ഇബ്രാഹിം, പ്രേംലാല്‍, സലാം ബാപ്പു, നിര്‍മ്മാതാവ് സന്ദീപ് സേനന്‍, ബിനു പപ്പു, അനുരാജ് മനോഹര്‍, സാനിയ അയ്യപ്പന്‍, പി ആര്‍ അരുണ്‍, ടോം ഇമ്മട്ടി, ബിപിന്‍ ചന്ദ്രന്‍, ബിലഹരി തുടങ്ങിയവര്‍ ക്ലബ് ഹൗസ് ചര്‍ച്ചകളില്‍ സജീവമാണ്.

Clubhouse: Drop-in audio chat
ക്ലബ് ഹൗസ് ട്രെന്‍ഡിംഗ് ആയി ദ ക്യു 'പൈറസി' ചര്‍ച്ച, 8000ത്തിലേറെ പേരുടെ പങ്കാളിത്തവുമായി മലയാളത്തില്‍ റെക്കോര്‍ഡ്

ക്ലബ്ബ് ഹൗസ്

സാമൂഹിക ഇടപെടലുകള്‍ സൈബര്‍ ഇടങ്ങളിലേക്ക് ചുരുങ്ങിയ ലോക്ഡൗണ്‍ കാലത്ത് തരംഗമാകുകയാണ് ക്ലബ്ബ് ഹൗസ് എന്ന സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍. ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലേക്ക് കൂടി ആപ്ലിക്കേഷന്‍ എത്തിയതോടുകൂടിയാണ് കേരളത്തില്‍ ക്ലബ്ബ് ഹൗസ് പ്രധാന ചര്‍ച്ചാ വിഷയമായി മാറിയത്.

കഴിഞ്ഞ വാര്‍ഷം മാര്‍ച്ചിലായിരുന്നു ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ ക്ലബ്ബ് ഹൗസ് എന്ന പ്ലാറ്റ്‌ഫോം ഇറങ്ങുന്നത്. മെയ് 21 ന് ആപ്പ് ആന്‍ഡ്രോയിഡ് അരങ്ങേറ്റം നടത്തിയതോടെ ഇന്ത്യയിലും ആപ്ലിക്കേഷന് ആളുകള്‍ കൂടുതലെത്തി.

ക്ലബ്ബ് ഹൗസ് എങ്ങനെ പ്രവര്‍ത്തിക്കുന്നു

സൗഹൃദ സദസിലെ സംസാരവും, സെമിനാര്‍ ഹാളിലെ ചര്‍ച്ചകളുമൊക്കെ അനായാസം സൈബര്‍ ഇടത്തിലേക്ക് പറിച്ചു നടാനുള്ള അവസരമാണ് ക്ലബ്ബ് ഹൗസില്‍ നിന്ന് ലഭിക്കുന്നത്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏതൊരു വിഷത്തെക്കുറിച്ചും ക്ലബ്ബ് ഹൗസില്‍ സംസാരിക്കാമെന്നത് ഗുണമാണ്.

റൂം എന്ന ആശയത്തിന്‍മേലാണ് ഇത്തരം ചര്‍ച്ചാ വേദികള്‍ ആപ്ലിക്കേഷനില്‍ ഒരുക്കിയിരിക്കുന്നത്. നിലവില്‍ 5000 അംഗങ്ങളെ വരെ റൂമില്‍ ഉള്‍പ്പെടുത്താം. റൂം ക്രിയേറ്റ് ചെയ്യുന്നയാളാണ് ചര്‍ച്ചയുടെ മോഡറേറ്റര്‍. റൂമില്‍ ആരൊക്കെ സംസാരിക്കണമെന്ന് തീരുമാനിക്കുന്നതും മോഡറേറ്ററാണ്. റൂമില്‍ കയറിയാല്‍ അവിടെ നടക്കുന്ന എന്ത് സംസാരവും നിങ്ങള്‍ക്ക് കേള്‍ക്കാം. കൂടുതല്‍ പ്രൈവസി ആവശ്യമാണെങ്കില്‍ ക്ലോസ്ഡ് റൂം ക്രിയേറ്റ് ചെയ്യാം.

ശബ്ദം മാത്രം ചിത്രങ്ങളില്ല, എഴുത്തുകളില്ല

ക്ലബ്ബ് ഹൗസില്‍ ശബ്ദം മാത്രമാണ് ആശയ വിനിമയത്തിനുള്ള മാര്‍ഗം. ഇതിലൂടെ മെസേജ് അയക്കാന്‍ സാധിക്കില്ല. ഇന്‍സ്റ്റന്‍ഡ് മെസേജിങ്ങ് ആപ്ലിക്കേഷനുമായി ക്ലബ്ബ് ഹൗസിനെ താരതമ്യപ്പെടുത്താന്‍ സാധിക്കില്ല.

എങ്ങനെ ചേരാം ക്ലബ്ബില്‍

ഫോണ്‍ നമ്പര്‍ അടിസ്ഥാനമാക്കിയാണ് ക്ലബ്ബ് ഹൗസില്‍ ചേരാന്‍ സാധിക്കുക. ആപ്പിള്‍ ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ സ്റ്റോറില്‍ നിന്നും ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് പ്ലേസ്റ്റോറില്‍ നിന്നും സൗജന്യമായി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍വൈറ്റിലൂടെയാണ് ആപ്പില്‍ ചേരാന്‍ സാധിക്കുന്നത്. ഇന്‍വൈറ്റ് ലഭിച്ചില്ലെങ്കില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശേഷം വെയ്റ്റ് ലിസ്റ്റില്‍ നിന്നാല്‍ ക്ലബ് ഹൗസിലെ നിങ്ങളുടെ സുഹൃത്തുക്കള്‍ വഴി ആപ്പിന്റെ ഭാഗമാകാം.

ക്ലബ്ബ് ഹൗസ് ഐക്കണ്‍ ആരാണ്

ക്ലബ് ഹൗസില്‍ കയറിയവരുടെയൊക്കെ പ്രധാന സംശയം ആരാണ് ക്ലബ് ഹൗസ് ഐക്കണ്‍ ആയ സ്ത്രീ എന്നതാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡ്രൂ കറ്റോകയാണ് ക്ലബ് ഹൗസ് ഐക്കണായ സ്ത്രീ. ജപ്പാനീസ് വംശജയായ അമേരിക്കകാരിയാണിവര്‍.

നിരവധി സാമൂഹിക വിഷയങ്ങളില്‍ തന്റെ നിലപാട് പ്രഖ്യാപിച്ചിട്ടുള്ള സ്ത്രീ കൂടിയാണ് കറ്റോക. സ്ത്രീകളുടെ അവകാശങ്ങള്‍, ഏഷ്യാക്കാരോടുള്ള അമേരിക്കയിലെ വിവേചനം തുടങ്ങിയ വിഷയങ്ങളില്‍ കറ്റോക നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ ക്ലബ്ബ് ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ ഏഴുലക്ഷം പേര്‍ പങ്കാളിയായി എന്നാണ് കണക്ക്. നിലവില്‍ ക്ലബ്ബ് ഹൗസില്‍ പറയുന്ന കാര്യങ്ങള്‍ റെക്കോഡ് ചെയ്യാന്‍ സാധിക്കില്ലെന്ന് പറയുന്നുണ്ട്. ചര്‍ച്ചകളുടെ ഡാറ്റ എവിടെയും സേവ് ചെയ്യുന്നില്ല.

പ്രശ്‌നങ്ങള്‍

ആള്‍മാറാട്ടം, ശബ്ദതട്ടിപ്പുകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ക്ലബ് ഹൗസില്‍ നടന്നേക്കാമെന്ന മുന്നറിയിപ്പുകളും വരുന്നുണ്ട്. നേരത്തെ ഇന്ത്യയില്‍ ഈ ആപ്പ് ആദ്യം ഇടംപിടിച്ചത് തന്നെ വിവാദത്തോടെയാണ്. പ്രശാന്ത് കിഷോറിന്റെ ചില ഓഡിയോ ക്ലിപ്പുകളായിരുന്നു വിവാദമുണ്ടാക്കിയത്.

Clubhouse: Drop-in audio chat
ട്രെന്‍ഡ് മാറ്റിയെഴുതുമോ ക്ലബ്ബ് ഹൗസ്? തരംഗമായി ക്ലബ്ബ് ഹൗസ് റൂമും ചര്‍ച്ചകളും

Related Stories

No stories found.
logo
The Cue
www.thecue.in