ക്ലബ് ഹൗസ് ട്രെന്‍ഡിംഗ് ആയി ദ ക്യു 'പൈറസി' ചര്‍ച്ച, 8000ത്തിലേറെ പേരുടെ പങ്കാളിത്തവുമായി മലയാളത്തില്‍ റെക്കോര്‍ഡ്

ക്ലബ് ഹൗസ് ട്രെന്‍ഡിംഗ് ആയി ദ ക്യു 'പൈറസി' ചര്‍ച്ച, 8000ത്തിലേറെ പേരുടെ പങ്കാളിത്തവുമായി മലയാളത്തില്‍ റെക്കോര്‍ഡ്

ഒരാഴ്ച കൊണ്ട് മലയാളികള്‍ക്കിടയില്‍ വന്‍ഹിറ്റായി മാറിയ സോഷ്യല്‍ മീഡിയ ഓഡിയോ പ്ലാറ്റ്‌ഫോമാണ് ക്ലബ് ഹൗസ്. ഐഒസ് പതിപ്പിന് പിന്നാലെ ആന്‍ഡ്രോയ്ഡ് വേര്‍ഷനില്‍ മേയ് 21 മുതല്‍ ലഭ്യമായതോടെയാണ് കേരളത്തില്‍ ക്ലബ് ഹൗസ് തരംഗമുണ്ടായത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളില്‍ നിന്നടക്കം നിരവധി ചര്‍ച്ചാവേദിയാക്കി ക്ലബ് ഹൗസിനെ മാറ്റി. മേയ് 27ന് രാത്രി പത്ത് മണിക്ക് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐ.ടി നിയമത്തെക്കുറിച്ച് ചര്‍ച്ച അവതരിപ്പിച്ച് കൊണ്ട് ക്ലബ് ഹൗസില്‍ സാന്നിധ്യമറിയിക്കുന്ന ആദ്യ മാധ്യമസ്ഥാപനമായി ദ ക്യു മാറിയിരുന്നു.

ട്രെന്‍ഡിംഗായി പൈറസി ചര്‍ച്ച

ദ ക്യു ഡിജിറ്റല്‍ ന്യൂസ് പ്ലാറ്റ്‌ഫോമിന്റെ ക്ലബ് ഹൗസ് ക്ലബ് അക്കൗണ്ടില്‍ നടന്ന സിനിമാ പൈറസി ചര്‍ച്ച രണ്ട് മണിക്കൂറിനകം ലൈവായി ശ്രവിച്ചത് 8000ത്തിലേറെ പേരാണ്. മലയാളത്തില്‍ ഇതുവരെ നടന്ന ക്ലബ് ഹൗസ് ചര്‍ച്ചകളില്‍ എണ്ണത്തില്‍ റെക്കോര്‍ഡായിരുന്നു ഇത്. ഇതിന് മുമ്പ് ഡിവൈഎഫ് ലക്ഷദ്വീപിന് ഐക്യദാര്‍ഡ്യമറിയിച്ച് നടത്തിയ ചര്‍ച്ച മൂവായിരത്തിലേറെ പേര്‍ ലൈവായി കേട്ടിരുന്നു.

സംവിധായകനും നിര്‍മ്മാതാവുമായ ആഷിക് അബു, സംവിധായകരായ മഹേഷ് നാരായണന്‍, മിഥുന്‍ മാനുവല്‍ തോമസ്, നിര്‍മ്മാതാവ് സാന്ദ്രാ തോമസ്, ഓപ്പറേഷന്‍ ജാവയുടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി എന്നിവര്‍ സിനിമാ മേഖലയെ പ്രതിനിധീകരിച്ച് രണ്ട് മണിക്കൂറോളം നടന്ന ചര്‍ച്ചയുടെ ഭാഗമായി. കേള്‍വിക്കാരുടെ പങ്കാളിത്തത്തോടെയായിരുന്നു സംവാദം. ദ ക്യു എഡിറ്റര്‍ മനീഷ് നാരായണനൊപ്പം ഐടി വിദഗ്ധനും സൈബര്‍ ആക്ടിവിസ്റ്റുമായ ഹൃഷികേശ് ഭാസ്‌കരനും ചര്‍ച്ചയുടെ മോഡറേറ്ററായി. പബ്ലിക് ഇന്ററസ്റ്റ് ടെക്നോളജിസ്റ്റ് അനിവര്‍ അരവിന്ദ് പൈറസി തടയാനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ മുന്നോട്ട് വച്ചു.

ക്ലബ് ഹൗസ് ദ ക്യു ക്ലബ്ബില്‍ ജോയിന്‍ ചെയ്യാം

വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലായി സിനിമ റിലീസ് ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഉള്‍പ്പെടെ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു. ഓപ്പറേഷന്‍ ജാവ എന്ന സിനിമ നേരിട്ട പൈറസി പ്രശ്‌നം തരുണ്‍ മൂര്‍ത്തി അവതരിപ്പിച്ചു. കൊവിഡ് സിനിമാ മേഖലയില്‍ കടുത്ത പ്രതിസന്ധി തീര്‍ക്കുമ്പോള്‍ ടെലഗ്രാം ഉള്‍പ്പെടെ പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമ കാണുന്നത് സൃഷ്ടിക്കുന്ന കടുത്ത ആഘാതമാണ് ആഷിക് അബു ഉന്നയിച്ചത്. പൈറസിയെ നേരിടാന്‍ വിതരണ സംവിധാനത്തിലും നിര്‍മ്മാണ ഘട്ടത്തില്‍ എന്ത് ചെയ്യാനാകുമെന്ന് ചര്‍ച്ച വേണമെന്ന് ചിത്രസംയോജകനും സംവിധായനുമായ മഹേഷ് നാരായണന്‍. നിര്‍മ്മാതാവായ സിനിമകള്‍ പൈറസി നേരിട്ടപ്പോള്‍ വ്യാജപതിപ്പുകള്‍ പ്രചരിക്കുന്ന വഴികളെക്കുറിച്ച് സൈബര്‍ ടീം ഉള്‍പ്പെടെ പങ്കുവച്ച കാര്യങ്ങള്‍ സാന്ദ്ര തോമസ് വിശദീകരിച്ചു. സര്‍ക്കാര്‍ തലത്തിലും ചലച്ചിത്ര മേഖലയിലും ഇതിനുള്ള പരിഹാരം ആലോചിക്കണമെന്ന് മിഥുന്‍ മാനുവല്‍ തോമസ്.

അനിവര്‍ അരവിന്ദ് ചര്‍ച്ചയെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയത്

ഇന്നലെ ഈ ചർച്ചയിൽ കിട്ടിയ സമയം വെച്ച് പറഞ്ഞത്

1. ഇന്ത്യൻ സിനിമാ വ്യവസായം അവരുടെ കാഴ്ചക്കാരിലേയ്ക്ക് എത്താനുള്ള ഒരു ഡിസ്ട്രിബ്യൂഷൻ ചാനലും നിർമ്മിയ്ക്കുന്നില്ല. ഒരു കാലത്ത് സിനിമാ തിയ്യറ്റർ ഉടമകൾ എന്ന കാറ്റഗറി ചെയ്തിരുന്നു. പക്ഷേ അവർ അതിൽ ലിമിറ്റ് ചെയ്യാനും ഡിജിറ്റൽ തടയാനും ശ്രമിച്ചു .ഓടിടി സംഭവിച്ചു സാറ്റലൈറ്റ് സംഭവിച്ചു എന്നല്ലാതെ ഇന്ത്യൻ സിനിമാ വ്യവസായം ഇതിൽ ഒട്ടും എഫർട്ട് ഇട്ടിട്ടില്ല. പൊതുവേ കിട്ടിയ ഓപ്ഷനുകളുടെ മീതെയുള്ള ഫ്രീ റൈഡ് മാത്രമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. പൈറസിയെ ചീത്ത പറയുകയല്ലാതെ. ഇക്കാലത്ത് തന്നെയാണ് ഇകോമേഴ്സ് ഇന്റസ്റ്റ്രി ഇന്ത്യയിൽ മൊത്തം സ്വന്തം ഡിസ്റ്റ്രിബ്യൂഷൻ (പാർസൽ) നെറ്റ്‌വർക്ക് ഉണ്ടാക്കിയത്. എന്തിന് അവസാനം വന്ന എഡ്‌ടെക് കമ്പനികൾക്ക് പോലും സ്വന്തം കണ്ടന്റ് ഡെലിവറി മാർഗ്ഗങ്ങളുണ്ട്.

നിലനിൽക്കുന്ന മാർക്കറ്റ് ഡിമാന്റ് ഇന്റസ്ട്രി പരിഗണിക്കാത്ത പഴുതിലാണ് അതിനു ചുറ്റും ഒരു ഇൻഫോർമൽ എക്കോണമി രൂപം കൊള്ളുന്നത്.

സിനിമയെ ഓരോ വീട്ടിലേയ്ക്കും എത്തുന്ന ഡിജിറ്റൽ ഡെലിവറി സാധ്യമായ ഒരു റീട്ടൈൽ ഉൽപ്പന്നമായിക്കണ്ട് (അതും വലിയ രീതിയിൽ കസ്റ്റമർ ലോയൽട്ടി ഉള്ള ഒരു പ്രൊഡക്റ്റാണിത്) അതിന്റെ ഉപഭോക്താക്കളെ അഭിമുഖീകരിക്കുന്ന ഒന്നും ഈ ഇന്റസ്ട്രി ചെയ്യുന്നില്ല. അവിടെ വലിയ ഒരു ഇന്നവേഷൻ സ്പേസ് നിലനിൽക്കുന്നുണ്ട്.

2. ഇന്ത്യൻ കോപ്പിറൈറ്റ് നിയമപ്രകാര്യം വിദ്യാഭാസത്തിനും റിസർച്ച് ആവശ്യത്തിനും കോപ്പി ചെയ്യാനും സൂക്ഷിക്കാനും ഉള്ള അവകാശം ഇന്ത്യൻ കോപ്പിറൈറ്റ് ലോ പറയുന്നുണ്ട് .നശിച്ചുപോകുന്ന സിനിമകളുടെ ഇന്നു നിലനിൽക്കുന്ന കോപ്പികൾപോലും ഇങ്ങനെ സൂക്ഷിച്ച സിനിമാപ്രേമികളുടെ സംഭാവന കൂടിയാണ്.

ഒ.ടി.ടി തുടർക്കാഴ്ചയ്ക്കല്ല. കുറച്ചു കാലത്തേയ്ക്കുള്ള ആക്സസ് മാത്രമാണ് . ഫയൽ ഷെയറിങ് ടെക്നോളജി അത് ടൊറന്റായാലും ടെലഗ്രാമടക്കമുള്ള പ്ലാറ്റ്ഫോമുകളായാലും അത് സിനിമ പൈറസിയ്ക്ക് ആയല്ല. അതിന്റെ ഉപയോഗങ്ങൾ വേറെയുണ്ട്. എന്നാലും ഫയലായുള്ള സിനിമ ലഭ്യതയുടെ മാർക്കറ്റിനപ്പുറം ഒരു ആർക്കേവിങ് ഓഫ്‌ലൈൻ ഷെയറിങ് സാധ്യതകൂടി തരുന്നുണ്ട്. അത് അത്ര മോശമാണെന്ന് എല്ലായ്പ്പോഴും പറയാനാവില്ല. പൈറസി ചർച്ച പഴയ വീഡിയോ ടേപ്പ് , വ്യാജ സിഡി കാലത്തിൽ നിന്ന് ഇന്നും മുന്നോട്ടുപോയിട്ടില്ല

3. സാന്ദ്ര ചർച്ചയിൽ പറഞ്ഞ സംസ്ഥാന സർക്കാർ വക ഒ.ടി.ടി പ്ലാറ്റ്ഫോം നിർമ്മാണം അനാവശ്യമാണ്. തുടങ്ങിയാൽ തന്നെ സർക്കാരിനു അതിൽ നിന്നു ടാക്സ് വരുമാനവും ഇല്ല. കാരണം ഡിജിറ്റലിലെ ടാക്സ് ഐ.ജിഎസ്.ടി ആണ്. അതിൽ കേന്ദ്രത്തിനേ വരുമാനം കിട്ടൂ. OIDAR എന്ന GST കാറ്റഗറിയിൽ നിന്ന് റവന്യൂ പോയിട്ട് റവന്യൂ ഇന്റലിജൻസ് പോലും കേരളത്തിനു കിട്ടില്ല.( ഇതെപ്പറ്റി പണ്ടെഴുതിയിട്ടുണ്ട് ) സർക്കാർ ഇൻവെസ്റ്റ് ചെയ്യേണ്ടത് മാർക്കറ്റുണ്ടാക്കാനല്ല സിനിമ ഒരു കൾച്ചറൽ പ്രൊഡക്ഷൻ എന്ന രീതിയിൽ പഴയ സിനിമകൾ ആർക്കേവ് ചെയ്യാനാണ്

4. സിനിമ എന്ന പ്രൊഡക്റ്റുണ്ട് . അവ കാഴ്ചക്കാരിലും എത്തുന്നുണ്ട്. ഒരു മോണിറ്റൈസേഷൻ മെത്തേഡ് മാത്രമാണ് ഇതിനിടയിൽ ഇല്ലായ്മ. മീഡിയത്തിന്റെ ഡിജിറ്റൽ ഡെലിവറി ഇൻഫ്രാസ്ട്രക്ചർ കോസ്റ്റുകൾ മുടക്കാതെ സാധ്യമാവുമ്പോൾ ആ മീഡിയം വഴി ഒരു റിവേഴ്സ് കസ്റ്റമർ അക്വിസിഷൻ‌/മോണിറ്റൈസിങ് സാധ്യത കൂടി ഉണ്ട്. പൈറസി ഉണ്ടാകുമെന്നതുകൂടി മാർക്കറ്റിന്റെ ഭാഗമായി കണക്കാക്കി വേണം സിനിമയുടെ പ്രൊഡക്റ്റ് മാർക്കറ്റിങ് എന്നു മാത്രം.

സിനിമാ പ്രവർത്തകരായ ആഷിക്ക് അബു, മഹേഷ്, മിഥുൻ , തരുൺ എന്നിവരൊക്കെ നല്ല തുറവിയുള്ള സമീപനമായിരുന്നു ഈ ചർച്ചയിൽ. സംഘടിപ്പിച്ച ക്യൂ വിനും മനീഷിനും എന്നെ വിളിച്ച ഋഷിയ്ക്കും നന്ദി.

ഇനി പറയാഞ്ഞത്

പഴയ വ്യാജസിഡിക്കാലത്തെ താരമായിരുന്ന ടോമിൻ തച്ചങ്കരി അടുത്ത ഡിജിപി സാധ്യതാ ലിസ്റ്റിലുള്ളപ്പോൾ പൈറസി ഫോക്കസിലെ ഒരു അജണ്ടാനിർമ്മാണം എന്താവുമെന്ന് കാത്തിരുന്നു കാണണം.

ക്ലബ് ഹൗസ് ട്രെന്‍ഡിംഗ് ആയി ദ ക്യു 'പൈറസി' ചര്‍ച്ച, 8000ത്തിലേറെ പേരുടെ പങ്കാളിത്തവുമായി മലയാളത്തില്‍ റെക്കോര്‍ഡ്
ട്രെന്‍ഡ് മാറ്റിയെഴുതുമോ ക്ലബ്ബ് ഹൗസ്? തരംഗമായി ക്ലബ്ബ് ഹൗസ് റൂമും ചര്‍ച്ചകളും

ക്ലബ്ബ് ഹൗസ്

സാമൂഹിക ഇടപെടലുകള്‍ സൈബര്‍ ഇടങ്ങളിലേക്ക് ചുരുങ്ങിയ ലോക്ഡൗണ്‍ കാലത്ത് തരംഗമാകുകയാണ് ക്ലബ്ബ് ഹൗസ് എന്ന സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍. ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലേക്ക് കൂടി ആപ്ലിക്കേഷന്‍ എത്തിയതോടുകൂടിയാണ് കേരളത്തില്‍ ക്ലബ്ബ് ഹൗസ് പ്രധാന ചര്‍ച്ചാ വിഷയമായി മാറിയത്.

കഴിഞ്ഞ വാര്‍ഷം മാര്‍ച്ചിലായിരുന്നു ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ ക്ലബ്ബ് ഹൗസ് എന്ന പ്ലാറ്റ്‌ഫോം ഇറങ്ങുന്നത്. മെയ് 21 ന് ആപ്പ് ആന്‍ഡ്രോയിഡ് അരങ്ങേറ്റം നടത്തിയതോടെ ഇന്ത്യയിലും ആപ്ലിക്കേഷന് ആളുകള്‍ കൂടുതലെത്തി.

ക്ലബ്ബ് ഹൗസ് എങ്ങനെ പ്രവര്‍ത്തിക്കുന്നു

സൗഹൃദ സദസിലെ സംസാരവും, സെമിനാര്‍ ഹാളിലെ ചര്‍ച്ചകളുമൊക്കെ അനായാസം സൈബര്‍ ഇടത്തിലേക്ക് പറിച്ചു നടാനുള്ള അവസരമാണ് ക്ലബ്ബ് ഹൗസില്‍ നിന്ന് ലഭിക്കുന്നത്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏതൊരു വിഷത്തെക്കുറിച്ചും ക്ലബ്ബ് ഹൗസില്‍ സംസാരിക്കാമെന്നത് ഗുണമാണ്.

റൂം എന്ന ആശയത്തിന്‍മേലാണ് ഇത്തരം ചര്‍ച്ചാ വേദികള്‍ ആപ്ലിക്കേഷനില്‍ ഒരുക്കിയിരിക്കുന്നത്. നിലവില്‍ 5000 അംഗങ്ങളെ വരെ റൂമില്‍ ഉള്‍പ്പെടുത്താം. റൂം ക്രിയേറ്റ് ചെയ്യുന്നയാളാണ് ചര്‍ച്ചയുടെ മോഡറേറ്റര്‍. റൂമില്‍ ആരൊക്കെ സംസാരിക്കണമെന്ന് തീരുമാനിക്കുന്നതും മോഡറേറ്ററാണ്. റൂമില്‍ കയറിയാല്‍ അവിടെ നടക്കുന്ന എന്ത് സംസാരവും നിങ്ങള്‍ക്ക് കേള്‍ക്കാം. കൂടുതല്‍ പ്രൈവസി ആവശ്യമാണെങ്കില്‍ ക്ലോസ്ഡ് റൂം ക്രിയേറ്റ് ചെയ്യാം.

ശബ്ദം മാത്രം ചിത്രങ്ങളില്ല, എഴുത്തുകളില്ല

ക്ലബ്ബ് ഹൗസില്‍ ശബ്ദം മാത്രമാണ് ആശയ വിനിമയത്തിനുള്ള മാര്‍ഗം. ഇതിലൂടെ മെസേജ് അയക്കാന്‍ സാധിക്കില്ല. ഇന്‍സ്റ്റന്‍ഡ് മെസേജിങ്ങ് ആപ്ലിക്കേഷനുമായി ക്ലബ്ബ് ഹൗസിനെ താരതമ്യപ്പെടുത്താന്‍ സാധിക്കില്ല.

എങ്ങനെ ചേരാം ക്ലബ്ബില്‍

ഫോണ്‍ നമ്പര്‍ അടിസ്ഥാനമാക്കിയാണ് ക്ലബ്ബ് ഹൗസില്‍ ചേരാന്‍ സാധിക്കുക. ആപ്പിള്‍ ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ സ്റ്റോറില്‍ നിന്നും ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് പ്ലേസ്റ്റോറില്‍ നിന്നും സൗജന്യമായി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍വൈറ്റിലൂടെയാണ് ആപ്പില്‍ ചേരാന്‍ സാധിക്കുന്നത്. ഇന്‍വൈറ്റ് ലഭിച്ചില്ലെങ്കില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശേഷം വെയ്റ്റ് ലിസ്റ്റില്‍ നിന്നാല്‍ ക്ലബ് ഹൗസിലെ നിങ്ങളുടെ സുഹൃത്തുക്കള്‍ വഴി ആപ്പിന്റെ ഭാഗമാകാം.

ക്ലബ്ബ് ഹൗസ് ഐക്കണ്‍ ആരാണ്

ക്ലബ് ഹൗസില്‍ കയറിയവരുടെയൊക്കെ പ്രധാന സംശയം ആരാണ് ക്ലബ് ഹൗസ് ഐക്കണ്‍ ആയ സ്ത്രീ എന്നതാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡ്രൂ കറ്റോകയാണ് ക്ലബ് ഹൗസ് ഐക്കണായ സ്ത്രീ. ജപ്പാനീസ് വംശജയായ അമേരിക്കകാരിയാണിവര്‍.

നിരവധി സാമൂഹിക വിഷയങ്ങളില്‍ തന്റെ നിലപാട് പ്രഖ്യാപിച്ചിട്ടുള്ള സ്ത്രീ കൂടിയാണ് കറ്റോക. സ്ത്രീകളുടെ അവകാശങ്ങള്‍, ഏഷ്യാക്കാരോടുള്ള അമേരിക്കയിലെ വിവേചനം തുടങ്ങിയ വിഷയങ്ങളില്‍ കറ്റോക നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ ക്ലബ്ബ് ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ ഏഴുലക്ഷം പേര്‍ പങ്കാളിയായി എന്നാണ് കണക്ക്. നിലവില്‍ ക്ലബ്ബ് ഹൗസില്‍ പറയുന്ന കാര്യങ്ങള്‍ റെക്കോഡ് ചെയ്യാന്‍ സാധിക്കില്ലെന്ന് പറയുന്നുണ്ട്. ചര്‍ച്ചകളുടെ ഡാറ്റ എവിടെയും സേവ് ചെയ്യുന്നില്ല.

പ്രശ്‌നങ്ങള്‍

ആള്‍മാറാട്ടം, ശബ്ദതട്ടിപ്പുകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ക്ലബ് ഹൗസില്‍ നടന്നേക്കാമെന്ന മുന്നറിയിപ്പുകളും വരുന്നുണ്ട്. നേരത്തെ ഇന്ത്യയില്‍ ഈ ആപ്പ് ആദ്യം ഇടംപിടിച്ചത് തന്നെ വിവാദത്തോടെയാണ്. പ്രശാന്ത് കിഷോറിന്റെ ചില ഓഡിയോ ക്ലിപ്പുകളായിരുന്നു വിവാദമുണ്ടാക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in