'മരക്കാര്‍' ചരിത്രത്തിലേക്കുള്ള സംഭാവനയെന്ന് സഹനിര്‍മ്മാതാവ് സന്തോഷ്.ടി.കുരുവിള

'മരക്കാര്‍' ചരിത്രത്തിലേക്കുള്ള സംഭാവനയെന്ന് സഹനിര്‍മ്മാതാവ് സന്തോഷ്.ടി.കുരുവിള

അധിനിവേശത്തോടുള്ള ചെറുത്തുനില്‍പ്പിന്റെ അടയാള പുരുഷനായ കുഞ്ഞാലിമരക്കാരെ അവതരിപ്പിയ്ക്കുന്നതിലൂടെ മരക്കാര്‍ എന്ന സിനിമ ഈ നാടിന്റെ ചരിത്രത്തിലേക്കുള്ള സംഭാവനയായി മാറുകയാണെന്ന് സഹനിര്‍മ്മാതാവായ സന്തോഷ് ടി കുരുവിള. ആന്റണി പെരുമ്പാവൂരിനൊപ്പം ഒരു സഹ നിര്‍മ്മാതാവായ് ചേരുവാന്‍ കഴിഞ്ഞതും ഈ നാടിനോടുള്ള കടമയായി കരുതുന്നുവെന്നും സന്തോഷ് ടി കുരുവിള ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഡിസംബര്‍ രണ്ടിനാണ് മൂവായിരത്തിലേറെ സ്‌ക്രീനുകളിലായി മരക്കാര്‍ വേള്‍ഡ് റിലീസ്. മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന മരക്കാര്‍ മലയാളത്തിലെ ഇതുവരെ പുറത്തിറങ്ങിയവയില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള ചിത്രം കൂടിയാണ്.

സന്തോഷ് ടി.കുരുവിളയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ലോകമാകെയുള്ള സിനിമാ പ്രേമികളുടെ പുരസ്‌കാരത്തിനായ് ' കുഞ്ഞാലിമരക്കാര്‍ അറബിക്കടലിന്റെ സിംഹം 'ഈ വരുന്ന ഡിസംബര്‍ 2 ന് സമര്‍പ്പിയ്ക്കപ്പെടുകയാണ്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരത്തില്‍ തുടങ്ങി നിരവധി അവാര്‍ഡുകള്‍ ചിത്രം നേടി കൊണ്ടിരിയ്ക്കുകയാണ്. പ്രിയദര്‍ശന്‍ എന്ന മികച്ച സംവിധായകനൊപ്പം മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ ചാരുതയും ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മ്മാതാവിന്റെ ചങ്കൂറ്റവും കൂടി ചേര്‍ന്നപ്പോള്‍ മലയാള വാണിജ്യ സിനിമാചരിത്രത്തിലേയ്ക്ക് ഒരു പുതിയ അധ്യായം കൂടി എഴുതി ചേര്‍ക്കപ്പെടുയാണ്.

കേരളീയര്‍ ഒരു പക്ഷെ പാഠപുസ്തകങ്ങളില്‍ നിന്ന് ഗ്രഹിച്ച കുഞ്ഞാലി മരയ്ക്കാര്‍ എന്ന വീരപുരുഷന്റെ കഥ അഭ്രപാളിയിലേയ്ക്ക് പകര്‍ത്തുക എന്നത് തന്നെ കടുത്ത വെല്ലു വിളി നിറഞ്ഞ സര്‍ഗ്ഗ പ്രക്രിയയായിരുന്നു . ലഭ്യമായ ചരിത്ര വായനയില്‍ തന്നെ ദേവാസുര ഭാവത്തില്‍ വിഭിന്നമായ് രേഖപ്പെടുത്തപ്പെട്ട കുഞ്ഞാലിമരക്കാരുടെ ഒരു പുതിയ വ്യാഖ്യാനമായ് തന്നെ കാണാം ഈ വലിയ സിനിമ. കലാ സംവിധായകനായ സാബു സിറില്‍, ഛായാഗ്രാഹകനായ തിരു, ആദ്യചിത്രത്തോടെ തന്നെ സ്‌പെഷ്യല്‍ ഇഫക്ട്‌സില്‍ ദേശീയ പുരസ്‌കാരം നേടിയ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ അങ്ങിനെ പ്രഗത്ഭമതികളായ സങ്കേതിക വിദഗ്ധരുടെ സമ്മേളനം കൂടിയാണ് ഈ വമ്പന്‍ ചലച്ചിത്രം.

അധിനിവേശത്തോടുള്ള ചെറുത്തുനില്‍പ്പിന്റെ ' അടയാള പുരുഷനെ' അവതരിപ്പിയ്ക്കുന്നതിലൂടെ ഈ സിനിമ ഈ നാടിന്റെ ചരിത്രത്തിലേയ്ക്കായുള്ള സംഭാവന കൂടിയാണ് എന്ന് പറയുന്നതില്‍ അഭിമാനമുണ്ട്. ശ്രീ ആന്റണി പെരുമ്പാവൂരിനൊപ്പം ഒരു സഹ നിര്‍മ്മാതാവായ് ചേരുവാന്‍ കഴിഞ്ഞതും ഈ നാടിനോടുള്ള കടമയായ് കരുതുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in