ഐ.സി.സി രൂപീകരിച്ച് വീണ്ടുമൊരു മലയാള സിനിമ; ഭാവന തിരികെയെത്തുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്', ഷൂട്ടിംഗ് ആരംഭിച്ചു

ഐ.സി.സി രൂപീകരിച്ച് വീണ്ടുമൊരു മലയാള സിനിമ; ഭാവന തിരികെയെത്തുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്', ഷൂട്ടിംഗ് ആരംഭിച്ചു

അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തില്‍ നായികയായി തിരിച്ചെത്തുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ചിത്രീകരണം ആരംഭിച്ചു. സിനിമ സെറ്റുകളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന ഇന്റേര്‍ണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി രൂപീകരിച്ചുകൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. കാസ്റ്റ് ആന്‍ഡ് ക്രൂ അംഗങ്ങള്‍ പരസ്പര ബഹുമാനത്തോടെ പെരുമാറേണ്ടതാണെന്നും പെരുമാറ്റചട്ടങ്ങള്‍ പാലിക്കാത്ത പക്ഷം ശക്തമായ അച്ചടക്ക നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും നിര്‍മാതാക്കള്‍ പുറത്ത് വിട്ട പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനിഷ് അബ്ദുള്‍ഖാദറും ലണ്ടന്‍ ടാക്കീസിന്റെ ബാനറില്‍ രാജേഷ് കൃഷ്ണയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

നേരിട്ടോ അല്ലാത്തതോ ആയതും അവസരോചിതവുമായ പ്രവര്‍ത്തികളിലൂടെയോ പെരുമാറ്റത്തിലൂടെയോ ക്രൂ അംഗങ്ങളെയോ അല്ലാത്തവരെയോ അപകീര്‍ത്തിപ്പെടുത്തുക, ശാരീരികമായ ഇടപെടലുകള്‍, ലൈംഗികപരമായ കാര്യങ്ങള്‍ക്ക് പ്രേരിപ്പിക്കല്‍, ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍, നീലച്ചിത്രങ്ങള്‍ കാണിക്കല്‍, വാക്കാലും അല്ലാതെയും നടത്തുന്ന മറ്റ് ലൈംഗിക സംബന്ധിയായ കാര്യങ്ങള്‍, തെറ്റായ ജോലി വാഗ്ദാനങ്ങള്‍, തൊഴില്‍ സംബന്ധമായ ഭീഷണികള്‍, തൊഴിലിനെ തടസപ്പെടുന്ന തരത്തിലുള്ള ഇടപെടലുകള്‍, ക്രൂ അംഗങ്ങളുടെ ആരോഗ്യം, സുരക്ഷ എന്നിവയെ മോശമായി ബാധിക്കുന്ന പ്രവര്‍ത്തികള്‍ ഇവയെല്ലാം ലൈംഗിക ചൂഷണത്തില്‍ പെടുന്നുവെന്ന് പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു.

മുന്‍പ് സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന 1744 വെറ്റ് ആള്‍ട്ടോയിലും ആഷിക് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തിലുമെല്ലാം ഇന്റേര്‍ണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി രൂപീകരിച്ചിരുന്നു.

2013ല്‍ നിലവില്‍ വന്ന പോഷ് ആക്റ്റ് പ്രകാരം പത്ത് പേരില്‍ കൂടുതല്‍ ഒരു ജോലി സ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവിടെ ഇന്റേണല്‍ കംപ്ലെയിന്റ്സ് സെല്‍ രൂപീകരിക്കേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ കാലങ്ങളായി മലയാള സിനിമയിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസുകള്‍ പോലും ഇത്തരമൊരു നിയമം നടപ്പക്കാന്‍ തയ്യാറാവുന്നില്ലായിരുന്നു. സിനിമ സെറ്റുകളില്‍ ആഭ്യന്തര പരിഹാര സംവിധാനം വേണമെന്ന് ഈ മാര്‍ച്ചില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡബ്ല്യു.സി.സിയുടെ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ണായക ഉത്തരവ്.

ഭാവനയ്‌ക്കൊപ്പം ഷറഫുദ്ധീന്‍, അനാര്‍ക്കലി, നാസര്‍ എന്നിവര്‍ ചിത്രത്തിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്‌റഫാണ് തിരക്കഥയും ചിത്രസംയോജനവും നിര്‍വഹിക്കുന്നത്. തിരക്കഥയില്‍ കൂടെ പ്രവര്‍ത്തിച്ചട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. അരുണ്‍ റുഷ്ദി ഛായാഗ്രഹണവും, മിഥുന്‍ ചാലിശ്ശേരി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും, ശബ്ദലേഖനവും ക്രിയേറ്റീവ് ഡയറക്ടറും ശബരിദാസ് തോട്ടിങ്കലും, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. ശ്യാം മോഹനും, കിരണ്‍ കേശവുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്. അമല്‍ ചന്ദ്രന്‍ മേക്കപ്പും മെല്‍വി ജെ വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്നു. അലക്സ് ഇ കുര്യന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും ഫിലിപ്പ് ഫ്രാന്‍സിസ് ചീഫ് അസോസിയേറ്റുമാണ്. പബ്ലിസിറ്റി ഡിസൈനുകള്‍ ഡൂഡില്‍മുനിയും, കാസ്റ്റിംഗ് അബു വലയംകുളവുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് സംഗീത ജനചന്ദ്രന്‍ കൈകാര്യം ചെയ്യുന്നു.

The Cue
www.thecue.in