പ്രചരണത്തിന് 'ട്രോളന്‍ സഖാക്കളെ' വേണമെന്ന് സിപിഎം

പ്രചരണത്തിന് 'ട്രോളന്‍ സഖാക്കളെ' വേണമെന്ന് സിപിഎം

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നവമാധ്യമങ്ങളിലെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താന്‍ സിപിഐഎം. കാമ്പയിനുകള്‍ ജനകീയമാക്കാന്‍ ട്രോളന്‍മാരുടെ കൂട്ടായ്മ ഉണ്ടാക്കാനാണ് ആലോചന. സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനം കൂടുതല്‍ പേരിലെത്തിക്കാനും, മാധ്യമവിമര്‍ശനവും ലക്ഷ്യമിട്ട് ട്രോളുകള്‍ വ്യാപകമാക്കാനാണ് പദ്ധതി. ട്രോളന്‍മാരായ സഖാക്കളെ ആവശ്യമുണ്ടെന്ന് കാട്ടി സിപിഐഎം ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്ററും വന്നിട്ടുണ്ട്.

വികസന പ്രവര്‍ത്തനങ്ങളെ മറച്ചുവെക്കുന്ന വാര്‍ത്താ പ്രചാരണങ്ങള്‍ക്കെതിരെയും വ്യാജവാര്‍ത്തകളെഴുതുന്ന മാധ്യമങ്ങള്‍ക്കെതിരെയും ആക്ഷേപഹാസ്യത്തിന്റെ മൂര്‍ച്ചയുള്ള ട്രോളുമായി വരുന്ന ട്രോളന്മാരുടെ കൂട്ടായ്മയാണ് ലക്ഷ്യമെന്ന് ഈ കുറിപ്പില്‍ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ഒരു മുതല്‍കൂട്ടായിരിക്കും ഒരു ട്രോള്‍ കൂട്ടായ്മ എന്നും സ്വയംസന്നദ്ധരായ ഒരുകൂട്ടം ട്രോളന്‍ സഖാക്കളെയാണ് തേടുന്നതെന്നും സിപിഐഎം.

സി.പി.ഐ.എം കുറിപ്പ്

പറഞ്ഞാലും പറഞ്ഞാലും തീരാത്ത വികസന പ്രവർത്തനങ്ങളുടെ ഒരു ചരിത്രമുണ്ട് കഴിഞ്ഞ അഞ്ച് വർഷത്തെ കേരളത്തിന് പറയാൻ. ഒരു ഭാഗത്ത് ഹൈടെക്കായ സ്കൂളുകളാണെങ്കിൽ മറുഭാഗത്ത് പുത്തൻ പാലങ്ങളാണ്. മറ്റൊരു ഭാഗത്ത് ആരോഗ്യമേഖലയുടെ അത്ഭുതാവഹമായ വികസനമാണ്. തടസ്സമില്ലാതെ നിരന്തരം നടന്ന ക്ഷേമപ്രവർത്തങ്ങൾ വേറെയും. എന്തില്ലെന്ന് ചോദിക്കുമ്പോൾ റേഷനില്ലെന്ന് പറയുന്ന കാലത്തുനിന്ന് റേഷനും കിറ്റുമുണ്ട്, ഇല്ലാത്തത് പവർകട്ടാണ് എന്ന് പറയുന്ന കാലത്തേക്ക് നാമെത്തിയിരിക്കുന്നു.
കേരളത്തിലെ ഈ വികസനങ്ങളൊക്കെ ലളിതവും സരളവുമായി ജനങ്ങളിലേക്കെത്തിക്കുന്നതിൽ ട്രോളന്മാരും മുന്നിൽതന്നെയുണ്ട്.

അനുദിനം വികസന പ്രവർത്തനങ്ങൾ വന്നുകൊണ്ടിരിക്കെ അതിനെയൊക്കെ മറച്ചുവെക്കുന്ന വാർത്താ പ്രചാരണങ്ങൾക്കെതിരെ, ശൂന്യതയിൽ നിന്ന് വ്യാജവാർത്തകളെഴുതുന്ന മാധ്യമങ്ങൾക്കെതിരെ ആക്ഷേപഹാസ്യത്തിന്റെ മൂർച്ചയുള്ള ട്രോളുമായി വരുന്ന ട്രോളന്മാരുടെ കൂട്ടായ്മ തീർച്ചയായും ഈ തെരഞ്ഞെടുപ്പ് കാലത്ത് ഒരു മുതൽകൂട്ടായിരിക്കും. ഒരു ട്രോൾ കൂട്ടായ്മ ഉണ്ടാക്കുന്നതിൻ്റെ ഭാഗമായി സ്വയംസന്നദ്ധരായ ഒരുകൂട്ടം ട്രോളൻമാരെ ഞങ്ങൾ തേടുകയാണ്. ട്രോളൻമാരായ സഖാക്കൾ ഈ (https://forms.gle/q3GrahYryYSzZPme9) ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രചരണത്തിന് 'ട്രോളന്‍ സഖാക്കളെ' വേണമെന്ന് സിപിഎം
മുസ്‌ളിങ്ങളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിക്കുകയാണ് സിപിഎം അജണ്ടയെന്ന് രമേശ് ചെന്നിത്തല

Related Stories

No stories found.
logo
The Cue
www.thecue.in