മാതൃഭൂമിയില്‍ എത്ര കോള്‍ വന്നതുകൊണ്ടാണ് 'മീശ' പിന്‍വലിച്ചത്; എതിരാളിയെ പര്‍വ്വതീകരിക്കുകയാണ് ദ ക്യൂവിനോട് ആര്‍ രാജഗോപാല്‍

മാതൃഭൂമിയില്‍ എത്ര കോള്‍ വന്നതുകൊണ്ടാണ് 'മീശ' പിന്‍വലിച്ചത്; എതിരാളിയെ പര്‍വ്വതീകരിക്കുകയാണ്  
ദ ക്യൂവിനോട് ആര്‍ രാജഗോപാല്‍

കൊല്‍ക്കത്ത: മാധ്യമങ്ങള്‍ പലപ്പോഴും എതിരാളികളെ പര്‍വ്വതീകരിക്കുകയാണെന്ന് ദ ടെലഗ്രാഫ് എഡിറ്റര്‍ ആര്‍ രാജഗോപാല്‍. വളരെ ശക്തരെന്ന് നമ്മള്‍ കരുതുന്ന പല മാധ്യമ സ്ഥാപനങ്ങളും സര്‍ക്കാര്‍ പറയാതെ തന്നെ ഈ സര്‍ക്കാരിനെ തുണയ്ക്കുകയും വേണ്ട രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം ദ ക്യൂവിനോട് പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ വലിയ പാരമ്പര്യം അവകാശപ്പെടുന്ന അത്തരം മാധ്യമങ്ങളെ മാത്രമേ കുറ്റപ്പെടുത്താന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ഞാന്‍ പറയുന്നത് ഒരു സര്‍ക്കാരിനും ഇന്ത്യ പോലെ വലിയൊരു രാജ്യത്ത് മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കില്ല. അങ്ങനെ ചെയ്യണമെങ്കില്‍ അതിന് മാധ്യമങ്ങള്‍ തന്നെ വിചാരിക്കണം. ഒരു പോര്‍ട്ടല്‍ അടച്ചാല്‍ വീണ്ടുമൊരു പോര്‍ട്ടല്‍ തുടങ്ങാം.

എനിക്ക് സര്‍ക്കാരിനേക്കാള്‍ ഭയം മാധ്യമപ്രവര്‍ത്തകരെ തന്നെയാണ്. സിദ്ദീഖ് കാപ്പനെ പോലൊരു മാധ്യമപ്രവര്‍ത്തകനെ ജയിലില്‍ ഇട്ടപ്പോള്‍ നമ്മുടെ മാധ്യമങ്ങളെല്ലാം എന്ത് ചെയ്യുകയായിരുന്നു. ഈ വിഷയത്തില്‍ ഒരു നാഷണല്‍ സ്‌ട്രൈക്ക് തന്നെ വേണ്ടിയിരുന്നു.

മാതൃഭൂമി എസ്.ഹരീഷിന്റെ നോവല്‍ പിന്‍വലിച്ചത് വായനക്കാരുടെ ഭീഷണി എന്ന് പറഞ്ഞാണ്. പലപ്പോഴും ഇത് സംഘടിതമായി നടക്കുന്നതാണെന്ന് എനിക്ക് തോന്നാറുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വളരെ എളുപ്പത്തില്‍ ഒരു നൂറ് കോളുകള്‍ വിളിപ്പിക്കാന്‍ വലിയ പ്രയാസമൊന്നുമില്ല.

കുറച്ച് ഫോണ്‍ കോളുകള്‍ വന്നാല്‍ തന്നെ ന്യൂസ് റൂമില്‍ പറയും എല്ലാവരും വിളിക്കുന്നുവെന്ന്. ഈ എല്ലാവരും വിളിക്കുന്നുവെന്ന് പറയുന്നത് എണ്ണി നോക്കിയാല്‍ നമുക്ക് മനസിലാകും ചിലപ്പോള്‍ ഒരു പത്തോ ഇരുപതോ ആളുകളായിരിക്കും എന്നത്. പുറത്തു നിന്നുള്ള ആക്രമണം വരുമ്പോള്‍ പലപ്പോഴും എതിരാളിയെ പര്‍വ്വതീകരിക്കുന്ന പ്രവണതയാണ് കാണുന്നത്. നമ്മള്‍ ഇതൊന്നും കാര്യമാക്കേണ്ടതില്ല.

നമ്മള്‍ റോഡിലൂടെ പോകുമ്പോള്‍ ചിലപ്പോള്‍ പലരും ചീത്ത വിളിക്കാറില്ലേ. അതിനെ വ്യക്തിപരമായി കാണേണ്ടതില്ല. എത്ര പേര്‍ ചീത്ത വിളിക്കും, ചിലപ്പോള്‍ പത്ത് പേര്‍ അല്ലെങ്കില്‍ പതിനൊന്ന് പേര്‍, അല്ലെങ്കില്‍ നൂറ്റിപതിനൊന്ന് പേര്‍, വിളിച്ചോട്ടെ എന്ന് വെക്കുന്നതാണ് നല്ലത്.

ബഹളം വെക്കാനുള്ള സാധ്യതയുള്ളപ്പോള്‍ ബഹളം വെക്കുക എന്നുള്ളത് തന്നെയാണ് മാധ്യമങ്ങളുടെ ജോലി. ബഹളം വെക്കേണ്ട സാഹചര്യത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നു പോകുന്നത്,'' രാജഗോപാല്‍ ദ ക്യൂവിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in