ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം
Published on

ഗാസാ മുനമ്പില്‍ ഇസ്രായേല്‍ ആരംഭിച്ചിരിക്കുന്ന കരയുദ്ധം ആ പ്രദേശത്ത് ശേഷിച്ചിട്ടുള്ള പല്‌സ്തീനികളെ കൊന്നൊടുക്കുകയോ ബാക്കിയുള്ളവരെ ആട്ടിപ്പായിക്കുകയോ ആണ് ചെയ്യുന്നത്. ഹമാസിനെ ഇല്ലാതാക്കുക എന്ന വാദവുമായി നടത്തുന്ന പുതിയ ആക്രമണം ഇത്രയും കാലം വലിയ തോതില്‍ മനുഷ്യക്കുരുതി നടത്തിയിട്ടും അത് സാധിച്ചില്ലെന്ന ഏറ്റുപറച്ചില്‍ കൂടിയാണ്. മനുഷ്യരാശിക്ക് എതിരായ പ്രവര്‍ത്തനം എന്നോ, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം എന്നൊക്കെ യുഎന്‍ അടക്കം പറഞ്ഞിരുന്നത് ഇപ്പോള്‍ മനുഷ്യക്കുരുതി എന്ന നിലയിലേക്ക് മാറിയിട്ടുണ്ട്. ഖത്തറിലെ ആക്രമണത്തില്‍ പ്രതിഷേധിച്ച അറബ് രാഷ്ട്രങ്ങള്‍ ചരിത്രപരമായ കാരണങ്ങളാല്‍ പാലസ്തീനിലെ ആക്രമണത്തെ എതിര്‍ക്കില്ല. ജെഎന്‍യുവിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വകുപ്പ് മുന്‍ അധ്യാപകനും വിദേശാകാര്യ വിദഗ്ദ്ധനുമായ ഡോ.എ.കെ.രാമകൃഷ്ണന്‍ ദ ക്യുവിനോട് സംസാരിക്കുന്നു.

Q

ഗാസയില്‍ ഇസ്രായേല്‍ കരയുദ്ധം ആരംഭിച്ചിരിക്കുകയാണല്ലോ? ഏകദേശം തകര്‍ന്നടിഞ്ഞ ഗാസയെ വീണ്ടും തകര്‍ക്കുന്നതിലൂടെ ഇസ്രായേല്‍ ലക്ഷ്യമിടുന്നതെന്താണ്?

A

ഒക്ടോബര്‍ 7 മുതല്‍ ഇത്രയും നാളത്തെ ആക്രമണത്തിന്റെ തുടര്‍ച്ചയായിത്തന്നെ ഇതിനെ കാണുക എന്നുള്ളതാണ്. ഒന്നാമത്തെ കാര്യം ഇപ്പോള്‍ ഗാസ സ്ട്രിപ്പില്‍ മൊത്തം ഇന്‍ഫ്രാസ്ട്രക്ചര്‍ തന്നെ തകര്‍ത്തിരിക്കുന്നത് നമുക്ക് അറിയാം. ജനങ്ങളെ അത്ര വലിയതോതില്‍ കൊന്നൊടുക്കിയിട്ടുണ്ട്. മനുഷ്യക്കുരുതിയുടെ എല്ലാ തീക്ഷ്ണമായ സ്ഥിതിയില്‍ അത് തുടരുകയുമാണ്. അതിന് ആക്കം കൂട്ടുന്ന പ്രവര്‍ത്തനം എന്ന നിലക്കാണ് പുതിയ ആക്രമണത്തെ ഒന്നാമതായി കാണേണ്ടത്. രണ്ടാമത്തെ കാര്യം ഗാസ സ്ട്രിപ്പില്‍ തന്നെയുള്ള പാലസ്തീന്‍കാരെ കൊന്നൊടുക്കിയാലും ബാക്കിയുള്ള പാലസ്തീന്‍കാരെ ഇവിടെ നിന്ന് പറിച്ച് നടുകയെന്ന താല്‍പര്യമുണ്ട്. ട്രംപിന്റെയൊക്കെ സഹായവും അതിനുണ്ട് യഥാര്‍ത്ഥത്തില്‍. ഹമാസിനെ ഇല്ലാതാക്കുക എന്ന വാദമാണല്ലോ മുന്നോട്ടു വെക്കുന്നത്. ഇത്രയും കാലം ഇത്രയും വലിയ മനുഷ്യക്കുരുതി നടത്തിയിട്ടും അത് വിജയിച്ചില്ലെന്ന് സ്വയം സമ്മതിക്കുക കൂടിയാണ് ഇപ്പോള്‍ ചെയ്യുന്നത്. ആ ഒരു വാദഗതിയുടെ തുടര്‍ച്ചയായിട്ട് ഇനിയും ഇങ്ങനെ തന്നെ ചെയ്തുകൊണ്ടിരിക്കും എന്നുള്ളതാണ് ഒന്നാമത്തെ ന്യായം പറയുന്നത്. ഹമാസ് എന്ന് പറഞ്ഞ് പാലസ്തീന്‍കാരെ മുഴുവനായിട്ട് ഇല്ലാതാക്കാനുള്ള ശ്രമത്തിലേക്കാണ് അത് പോകുന്നത്. അത് നേരിട്ട് പാലസ്തീന്‍കാരെ കൊന്നൊടുക്കുന്നതിലൂടെ മാത്രമല്ല, ബാക്കിയുള്ള വലിയ തോതിലുള്ള ജനതയെ മുഴുവന്‍ തന്നെ ഗാസയുടെ തന്നെ പ്രാന്തപ്രദേശങ്ങളിലേക്ക്, റാഫ അതിര്‍ത്തി ഭാഗങ്ങളിലേക്കും ഈജിപ്ഷ്യന്‍ വശത്തേക്കും മറ്റും വീണ്ടും അയക്കുക എന്നതുമാണ്.

ഒക്ടോബര്‍ 7ന് ശേഷം പല ഘട്ടങ്ങളിലായി പല ഭാഗത്തുമുള്ള ആക്രമണം നമ്മള്‍ കണ്ടതാണ്. അതുപോലെ തന്നെ വലിയ തോതില്‍ ഓരോ പ്രദേശത്തു നിന്നും അവരെ വീണ്ടും ആട്ടിപ്പായിക്കുക എന്ന രീതിയിലേക്കാണ് ഇപ്പോള്‍ പോകുന്നത്. വ്യോമാക്രമണത്തിനൊപ്പം എപ്പോഴും കരയിലൂടെയുള്ള ആക്രമണവും ഉണ്ടായിരുന്നു. ഇപ്പോള്‍ പൂര്‍ണ്ണതോതില്‍ ഒരു കരയുദ്ധം നടത്തുന്നു എന്നതാണ് നമ്മള്‍ കാണുന്ന ഒരു സംഗതി. മനുഷ്യത്വഹീനമായ കൂട്ടക്കുരുതി കുറച്ചുകൂടി വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രായോഗികമായിട്ട് നടക്കുന്നത്. പാലസ്തീന്‍കാരുടെ ഭക്ഷണക്ഷാമം കൂട്ടുക, ഏതെങ്കിലും വിധത്തില്‍ സഹായമെത്തിക്കുന്ന, അവിടെ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുക. പൊതുവില്‍ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുക. ജീവിതം എന്നു പറഞ്ഞാല്‍ ഒരു സാധാരണ ജീവിതം പാലസ്തീന്‍കാര്‍ക്ക് ഇല്ലാതായിട്ട് വളരെക്കാലമായി. ഏതെങ്കിലും വിധത്തില്‍ ജീവിക്കാനുള്ള അവസ്ഥ നിഷേധിക്കുക എന്നുള്ളതാണ്. ലോകത്തിലെ എല്ലാ കൂട്ടക്കുരുതികളെക്കുറിച്ചു പഠിച്ചിട്ടുള്ള, മനസിലാക്കിയിട്ടുള്ള മുഴുവന്‍ ആള്‍ക്കാരും പറയുന്നു, ഇത് പ്രത്യേകതകള്‍ ഏറെയുള്ള ഒന്നാണെന്ന്. യുണൈറ്റഡ് നേഷന്‍സിന്റെ റിപ്പോര്‍ട്ടുകള്‍ ഇത് മനുഷ്യ കൂട്ടക്കുരുതിയാണെന്ന് സൂചിപ്പിക്കുന്നു. മനുഷ്യരാശിക്ക് എതിരായ പ്രവര്‍ത്തനം എന്നോ, അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരായ പ്രവര്‍ത്തനമെന്നോ ഒക്കെ പറയുന്നതില്‍ നിന്ന് ഇത് മനുഷ്യ കൂട്ടക്കുരുതി എന്ന് തന്നെ എല്ലാവരും ഉപയോഗിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ വന്നിട്ടുണ്ട്.

എന്നിട്ടും ഏതെങ്കിലും വിധത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെട്ടിട്ടില്ല. അന്താരാഷ്ട്ര സമൂഹം എന്നാല്‍ ജനങ്ങള്‍ പ്രതിഷേധിക്കുന്നുണ്ട്. എങ്കിലും ഏതെങ്കിലും ഗവണ്‍മെന്റുകള്‍ ഇത് തടയാന്‍ പ്രായോഗികമായിട്ടുള്ള ഒരു ഇടപെടല്‍ നടത്തുന്നില്ല എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. കൂട്ടക്കുരുതി കുറച്ചുകൂടി ഊര്‍ജ്ജിതമായി നടക്കാന്‍ അനുവദിക്കുന്നു എന്നുള്ളത് കൂടിയുണ്ട്. ആകെയിപ്പോള്‍ യെമനെ പോലെയുള്ള രാജ്യങ്ങളാണ് ഇസ്രായേലിന് എതിരെയുള്ള യുദ്ധത്തില്‍ ഇടപെട്ടുകൊണ്ടുള്ള പ്രായോഗികമായ ഒരു സമീപനം സ്വീകരിക്കുന്നതായി നമ്മള്‍ കാണുന്നത്. അതല്ലാതെ മറ്റൊരിടത്തു നിന്നും കാര്യമായ അത്തരം സമീപനങ്ങള്‍ കാണുന്നില്ല. ഒന്നുകില്‍ പാലസ്തീന്‍കാര്‍ തന്നെ തുടങ്ങിവെച്ച ബിഡിഎസ് മൂവ്‌മെന്റ്, (ബോയ്‌കോട്ട്, ഡൈവെസ്റ്റ്‌മെന്റ് ആന്‍ഡ് സാങ്ഷന്‍സ്) എന്ന് പറഞ്ഞ് അപ്പാര്‍ത്തീഡ് സൗത്ത് ആഫ്രിക്കക്കെതിരെ നടത്തിയിരുന്ന ഒരു നീക്കം. അന്ന് ഗവണ്‍മെന്റും അതില്‍ പങ്കാളിയായിരുന്നുവെന്നതാണ് പ്രധാനപ്പെട്ട കാര്യം. അതുപോലുള്ള വന്‍തോതിലുള്ള ഉപരോധങ്ങളും ഇസ്രായേലിനെ ബഹിഷ്‌കരിക്കുന്ന രീതികളുമൊക്കെ ഗവണ്‍മെന്റുകളെക്കൊണ്ട് എടുപ്പിക്കാനുള്ള ശക്തമായ ശ്രമമാണ് ഈ സമയത്ത് ഉണ്ടാവേണ്ടത്.

ഇപ്പോള്‍ ആര്‍ട്ടിസ്റ്റുകളുടെ ഭാഗത്തു നിന്ന് അക്കാഡമിക്കുകളുടെ ഭാഗത്തു നിന്ന്, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്ന് അങ്ങനെയൊക്കെ ലോകത്തിന്റെ പല ഭാഗത്തു നിന്ന് നീക്കങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ ഒരു സംഘടിതമായ നീക്കമെന്ന നിലക്ക് ഉണ്ടാവുന്നില്ല. പാലസ്തീനെ അംഗീകരിക്കുന്നുവെന്ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രമേയമൊക്കെ പാസാക്കും. ഇന്ത്യയൊക്കെ പണ്ടുമുതലേ അംഗീകരിച്ചിട്ടുള്ളതാണ്. അക്കാര്യത്തില്‍ ഒരു പുതുമയും ഇല്ല എന്ന് നമുക്ക് അറിയാം. ഈ സമയത്ത് പ്രായോഗികമായി എന്ത് ചെയ്യുന്നു എന്നുള്ളതാണല്ലോ ഏറ്റവും പ്രധാനം. പൂര്‍ണ്ണമായ പരാജയത്തിനാണ് പുതിയ നീക്കത്തിലൂടെ അവര്‍ പ്രേരിപ്പിക്കുന്നത് എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം.

Q

ഖത്തര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അറബ് രാഷ്ട്രങ്ങളുടെ ഉച്ചകോടി കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നു. അവര്‍ ഖത്തറിന് ഇതിന് മുന്‍പ് ഇല്ലാത്ത തരത്തില്‍ പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്. അത് ഏകദേശം ഇസ്രായേലിന് എതിരെയാണ്. ഗാസയിലെ ആക്രമണവുമായി ബന്ധപ്പെട്ട് അവരുടെ ഭാഗത്തു നിന്ന് ഖത്തറിന് അനുകൂലമായി ഉണ്ടായതുപോല ഒരു വികാരം ഉണ്ടാകാന്‍ ഇടയുണ്ടോ?

A

യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു പ്രതികരണം ഉണ്ടാവേണ്ടതാണ്. അത് പ്രതീക്ഷിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ചരിത്രം അത്തരമൊരു പ്രതീക്ഷ വെച്ചുപുലര്‍ത്താന്‍ നമ്മളെ അനുവദിക്കുന്നില്ല എന്നുള്ളതാണ്. വളരെ ദയനീയമാണ് അത്. പക്ഷേ, ഈ സമയത്തെങ്കിലും അങ്ങനെയൊരു സംഘടിതമായ നീക്കം ഇസ്രായേലി നയങ്ങള്‍ക്ക് എതിരെ, ഇപ്പോള്‍ ചെയ്യുന്ന ഏറ്റവും മനുഷ്യത്വഹീനമായ നടപടിക്കെതിരെ അറബ് രാജ്യങ്ങള്‍ക്ക് ഒന്നിക്കാന്‍ ആകുന്നില്ലെങ്കില്‍ ഇസ്രായേലിന് ഏറ്റവും അടുത്ത് നില്‍ക്കുന്ന രാജ്യങ്ങള്‍ ആണല്ലോ അതിന് മുന്‍പന്തിയില്‍ ഉണ്ടാവേണ്ടത്. അത് നടക്കുന്നില്ലെങ്കില്‍ അത് അറബ് നേതൃത്വങ്ങളുടെ വലിയ പാപ്പരത്തം മാത്രമല്ല, അവരുടെ ഇത്തരം കാര്യങ്ങളുടെ, പല രാജ്യങ്ങളുടെയും അമേരിക്കന്‍ അനുകൂല സമീപനങ്ങളുടെയും അതിലൂടെ കൂടുതല്‍ ഇസ്രായേല്‍ വിരുദ്ധമാകാതിരിക്കാനുള്ള നയങ്ങളുടെയൊക്കെ തുടര്‍ച്ചയാണ് ഇത്.

നമുക്കറിയാം 1964ല്‍ പിഎല്‍ഒ ഈ അറബ് ലീഗിന്റെ കീഴിലാണ് രൂപീകരിച്ചത്. പക്ഷേ 1967ലെ യുദ്ധത്തില്‍ വെസ്റ്റ്ബാങ്കും ഗാസയും ഈസ്റ്റ് ജറുസലേമും സൈനായി പെനിന്‍സുലയും ഗോലാന്‍ കുന്നുകളും ആറേഴ് ദിവസത്തെ യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചെടുത്തു. ആ സമയത്ത് പാലസ്തീന്‍കാര്‍ക്ക് ഒരു കാര്യം മനസിലായി. ഈ അറബ് രാജ്യങ്ങള്‍, ഈജിപ്റ്റ് പോലെ ശക്തമായിട്ടുള്ള രാജ്യങ്ങള്‍ അടക്കം അവര്‍ക്ക് അവരുടെ തന്നെ പ്രദേശങ്ങള്‍ ഇസ്രായേലി ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കാതിരിക്കുന്ന ഒരു സ്ഥിതിയുണ്ട്. അവരുടെ തന്നെ ടെറിട്ടറി നഷ്ടപ്പെടുന്ന സമയത്ത് പാലസ്തീന്‍കാരുടെ ഭൂമി, അവരുടെ രാജ്യം വിമോചിപ്പിക്കുമെന്ന് വിചാരിക്കുന്നത് വിഡ്ഢിത്തമായിരിക്കുമെന്ന ധാരണയില്‍ തന്നെയാണ് പാലസ്തീന്‍ നേതൃത്വം സ്വന്തം നിലയില്‍ സമരം സായുധമായും അല്ലാതെയും ഏറ്റെടുക്കണമെന്ന തീരുമാനത്തില്‍ 67ലെ യുദ്ധത്തിന് ശേഷം മാറുന്നത്. അറബ് രാജ്യങ്ങള്‍ക്ക് വേണ്ടത് ചെയ്യാന്‍ പ്രാപ്തിയില്ല, അല്ലെങ്കില്‍ അതിനുള്ള മനോഭാവമില്ല എന്നുള്ള വിമര്‍ശനം പാലസ്തീന്‍കാര്‍ക്ക് ഉണ്ട്. സാങ്കേതികമായി എന്നും പാലസ്തീന് അനുകൂലമായ നിലപാടെടുക്കും. അറബ് ജനതയുടെ വലിയ പിന്തുണ പാലസ്തീന്‍കാര്‍ക്ക് അന്നേ ഉണ്ട്.

പക്ഷേ സ്വതന്ത്രമായ പാലസ്തീന്‍ എന്ന് പറയുന്നത് കുറച്ചുകൂടി റാഡിക്കലായിട്ടുള്ള പ്രത്യയശാസ്ത്രം മുന്നോട്ടു വെക്കുന്നതുകൊണ്ട് അത്തരമൊരു ഭരണം അറബ് ലോകത്ത് സ്ഥാപിക്കുന്നതില്‍ ഉള്ളിലുള്ള വിരോധം അറബ് നേതൃത്വങ്ങള്‍ക്ക്, ഭരണാധികാരികള്‍ക്ക്, രാജഭരണങ്ങള്‍ക്കും അല്ലാത്തവയ്ക്കും ഒക്കെയുണ്ടായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. സാമ്പത്തികമായ സഹായമൊക്കെ പാലസ്തീന് ധാരാളമായി ചെയ്യും. പക്ഷേ രാഷ്ട്രീയമായുള്ള പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം വേണ്ടത്ര ശക്തിയായി ചെയ്തിട്ടില്ല എന്നതാണ് ചരിത്രം കാണിക്കുന്നത്. ആ ചരിത്രം തിരുത്താനുള്ള ഒരു അവസരമാണ് ഇപ്പോള്‍ ഖത്തറിന് നേര്‍ക്കുള്ള ഇസ്രായേലി ആക്രമണത്തിന് ശേഷം വന്നുചേര്‍ന്നിരിക്കുന്നത്. സൗദി അറേബ്യയൊക്കെ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുമ്പോള്‍ ആണല്ലോ ഒക്ടോബര്‍ 7ന് ഹമാസിന്റെ ആക്രമണം നടന്നത്. അല്ലെങ്കില്‍ അങ്ങനെയൊരു ബന്ധം ഉയര്‍ന്നു വരുമായിരുന്നു. ഈ ഏബ്രഹാമിക് അക്കോര്‍ഡ്‌സ് എന്നൊക്കെ പറയുന്നതിന്റെ ഒരു വിപുലീകരണം ഉണ്ടാകുമായിരുന്നു എന്ന് നമുക്കറിയാം. അതിന് തയ്യാറായി നില്‍ക്കുന്ന രാജ്യങ്ങളാണ് ഇവയില്‍ പലതുമെന്നതാണ് യാഥാര്‍ത്ഥ്യം. മറിച്ചാവാനുള്ള ഒരു സന്ദര്‍ഭം വന്നിരിക്കുന്നു. എന്നാല്‍ അത് പൂര്‍ണ്ണമാകാത്തതിന് കാരണം ചരിത്രം തന്നെയാണ്.

Q

ഖത്തറില്‍ ഇപ്പോള്‍ നടത്തിയിരിക്കുന്ന ആക്രമണം മധ്യസ്ഥത എന്നുള്ള സംഗതിയെ തന്നെ പൂര്‍ണ്ണമായും ഇല്ലാതാക്കിയിരിക്കുകയാണ്. ഹമാസിനെ ഇല്ലാതാക്കുക എന്ന ന്യായം പറഞ്ഞ് ഗാസയില്‍ നടത്തുന്ന ആക്രമണത്തിന് തടസങ്ങള്‍ ഒഴിവാക്കുകയല്ലേ ആ ആക്രമണത്തിലൂടെ ഇസ്രായേല്‍ ലക്ഷ്യം വെച്ചത്.

A

അതിന് പല വശങ്ങളുമുണ്ട്. ഒന്ന് ആ മധ്യസ്ഥത ഒഴിവാക്കുക എന്നുള്ളത് തന്നെ. രണ്ടാമത്തെ കാര്യം നെതന്യാഹുവിന് എതിരെ ഇസ്രായേലില്‍ തന്നെയുള്ള കേസുകള്‍ കോടതികളില്‍ വിചാരണ തുടങ്ങുന്ന സമയത്താണ് ഈ ആക്രമണം നടത്തുന്നത്. ഒരു യുദ്ധത്തിന്റെ ഘട്ടത്തില്‍ പ്രധാനമന്ത്രിക്ക് എതിരെ കേസ് മുന്നോട്ടു കൊണ്ടുപോകാതെയിരിക്കുക എന്ന നെതന്യാഹുവിന്റെ താല്‍പര്യവും ഇതിന് പിന്നിലുണ്ട്. വിചാരണ മാറ്റിവെക്കുക എന്നുള്ള ഒരു കാര്യം. മധ്യസ്ഥത ഒരു വലിയ ശല്യമായിട്ടാണ് ഇസ്രായേല്‍ കാണുന്നത്. ഖത്തറിന്റെ മാത്രമല്ല, അമേരിക്കയുടെ ഇടപെടലും അങ്ങനെ തന്നെയാണ് ഇസ്രായേല്‍ കാണുന്നത്. സ്വതന്ത്രമായി പാലസ്തീന്‍കാരെ ഇല്ലാതാക്കുക എന്ന സാധ്യതയുണ്ടാകുക എന്നുള്ളതാണ് ഇസ്രായേലിന്റെ, പ്രത്യേകിച്ച് നെതന്യാഹുവിന്റെ താല്‍പര്യം അതാണ്. ആ ഒരു സ്ഥിതിവിശേഷം സൃഷ്ടിക്കുക എന്നുള്ളത്.

Dr.എ.കെ.രാമകൃഷ്ണൻ
Dr.എ.കെ.രാമകൃഷ്ണൻ
Q

അമേരിക്ക നിശബ്ദമായി ഒരു പിന്തുണ കൊടുത്തുകൊണ്ടിരിക്കുകയല്ലേ ചെയ്യുന്നത്.

A

നിശ്ചയമായും അതേ. പക്ഷേ നേരത്തേയൊക്കെ അമേരിക്കയോട് ചര്‍ച്ച ചെയ്ത് അമേരിക്കയുടെ കൂടി സമ്മതത്തോടു കൂടിയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്തുകൊണ്ടിരുന്നത്. ഇപ്പോള്‍ അമേരിക്കയുടെ സമ്മതം ചെയ്തിക്ക് ശേഷം വാങ്ങുന്ന രീതിയാണ്. സമ്മതം എന്നും കിട്ടുമെന്ന ഉറപ്പുണ്ട്. ഇറാന്‍ എതിരെയുള്ള ആക്രമണം ആണെങ്കിലും. അതൊക്കെ അമേരിക്ക ഒരുവിധത്തില്‍ അറിയിക്കുന്നുണ്ട്. എന്നാല്‍ ഒരുതരത്തിലുളള ചര്‍ച്ചയോ തീരുമാനമോ എടുക്കാനുള്ള അവസരം നിഷേധിക്കുന്നുമുണ്ട് അതിന്റെ കൂടെ. അതുകൊണ്ട് ഇസ്രായേലിന് മനുഷ്യകൂട്ടക്കുരുതി സ്വതന്ത്രമായി നടത്താനുള്ള സാഹചര്യം ഉണ്ടാക്കുക എന്നുള്ളതാണ്. ഇറാനെതിരെയുള്ള ആക്രമണവും ഖത്തറിന് എതിരെയുള്ള ആക്രമണവും അതാണ് കാണിക്കുന്നത്.

Q

ഗാസയിലെ ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുന്നത് ട്രംപിന്റെ റിവിയേറ പദ്ധതിയില്‍ ഒഴിഞ്ഞു പോകണം എന്ന് പറയുന്ന സ്ഥലത്തേക്കാണ്. ആ പദ്ധതി നടപ്പാക്കല്‍ കൂടിയാണ് ഇപ്പോള്‍ ചെയ്തു വരുന്നത്.

A

അതേ, അമേരിക്കക്കും അതില്‍ താല്‍പര്യമുണ്ട്. ഈ കരയുദ്ധം അതിന്റെ കൂടി ഭാഗമാണ്. അത് എത്രകണ്ട് നടക്കും എന്നതാണ് അറിയേണ്ടത്. ഇപ്പോഴും പാലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യ ആഭിമുഖ്യത്തെ വിലകുറച്ച് കാണിക്കുന്ന ഒരു രീതിയുണ്ട്. പണ്ടുമുതലേ ഉള്ള ഒരു രീതിയാണ് അത്. അതിന് ഒട്ടും മാറ്റം വന്നിട്ടില്ല എന്നുള്ളതാണ്. ഒരു ജനതയെ പൂര്‍ണ്ണമായും നിഷ്‌കാസനം ചെയ്യാന്‍ സാധിക്കുമെന്ന ഒരു ഔദ്ധത്യപൂര്‍ണ്ണമായ ഒരു സമീപനം കൊണ്ടുനടക്കുന്നു എന്നുള്ളതാണ്. അതാണ് പഴയ കൊളോണിയല്‍ വീക്ഷണത്തിന്റെയൊക്കെ തുടര്‍ച്ച എന്ന് നമ്മള്‍ പറയുന്നത്. ഒരു ജനതയുടെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഒട്ടും പ്രസക്തമല്ല, അവര്‍ അനാവശ്യമായ ഒരു ജനതയാണെന്നുള്ള സയണിസ്റ്റ് വീക്ഷണഗതി, ആ കൊളോണിയലിസ്റ്റ് മാനസികാവസ്ഥ, അത് പൂര്‍ണ്ണമായും അങ്ങേത്തലക്കല്‍ എത്തിനില്‍ക്കുന്നതായാണ് ഇന്ന് നമ്മള്‍ കാണുന്നത്. സയണിസ്റ്റ് പ്രസ്ഥാനത്തിന്റെയൊക്കെ കാലത്ത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവുമൊക്കെ ലാന്‍ഡ് വിത്തൗട്ട് പീപ്പിള്‍, പീപ്പിള്‍ വിത്തൗട്ട് ലാന്‍ഡ് എന്നൊക്കെ സയണിസ്റ്റ് നേതൃത്വത്തിലുള്ളവര്‍ പറയുമായിരുന്നു. പീപ്പിള്‍ വിത്തൗട്ട് ലാന്‍ഡ് എന്ന് പറയുന്നത് അവിടെ ജനങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല. വളരെ പൗരാണികമായ ഒരു ജനസമൂഹമാണ് പാലസ്തീനില്‍ എന്നുമുണ്ടായിരുന്നത്.

അവിടെ ജനങ്ങളുണ്ടെങ്കിലും ജനങ്ങള്‍ ഇല്ലാത്തതുപോലെ അതിനെ കൈകാര്യം ചെയ്യാന്‍ സാധിക്കും എന്ന യൂറോപ്യന്‍ കൊളോണിയല്‍ വീക്ഷണമാണ് അതിന്റെ അന്തര്‍ധാരയില്‍ ആദ്യമേ നിലനിന്നിരുന്നത്. ഒരു യൂറോപ്യന്‍ രാഷ്ട്രനിര്‍മിതിയുടെ ഭാഗമായി ഇസ്രായേല്‍ എന്ന രാഷ്ട്രം സ്ഥാപിക്കുമ്പോള്‍ ആ സമയത്ത് തന്നെയുണ്ടായിരുന്ന മെന്റാലിറ്റിയുടെ തുടര്‍ച്ചയാണ്. ഗാസയില്‍ ജനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ജനങ്ങളില്ലാത്ത വിധം അതിനെ കൈകാര്യം ചെയ്യാന്‍ സാധിക്കും എന്നുള്ള അങ്ങേയറ്റത്തെ ക്രൂരമായ ആധിപത്യ വീക്ഷണമാണ് നിലവിലുള്ളത്. അത്തരമൊരു നേതൃത്വമാണ് ഉള്ളത്. ഇതിനെതിരെ കാര്യമായി എന്തെങ്കിലും നടക്കണമെന്നുണ്ടെങ്കില്‍ വന്‍തോതില്‍ ഗവണ്‍മെന്റുകള്‍ തന്നെ ഇടപെടുക, ആയുധ സപ്ലൈ കൊടുക്കുന്ന കാര്യത്തില്‍, സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ പല വിധത്തില്‍ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുത്തുന്ന വിധത്തില്‍ ഒക്കെയുള്ള ഇടപെടല്‍ ഭരണകൂടങ്ങളില്‍ നിന്നുതന്നെ ഉണ്ടാവണം. കുറച്ചെങ്കിലും ജനാധിപത്യം ബാക്കിയുള്ള രാജ്യങ്ങള്‍ അത്തരത്തില്‍ ജനതയുടെ സമ്മര്‍ദ്ദം ഭരണകൂടങ്ങളുടെ ചെയ്തികളിലേക്ക് കൂടി നയിക്കണം. അങ്ങനെയൊരു പ്രായോഗിക തലത്തിലേക്ക് വേണം പാലസ്തീനിയന്‍ സോളിഡാരിറ്റിയൊക്കെ നീങ്ങേണ്ടുന്ന ആവശ്യമുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in