'മെഡിക്കല്‍ കോളജുകളെ തകര്‍ത്ത് കൊവിഡിനോട് പോരാടുന്നത് ആത്മഹത്യാപരം'; നിയമനങ്ങളുണ്ടായില്ലെങ്കില്‍ അപകടമെന്ന് പിജി ഡോക്ടര്‍മാര്‍

'മെഡിക്കല്‍ കോളജുകളെ തകര്‍ത്ത് കൊവിഡിനോട് പോരാടുന്നത് ആത്മഹത്യാപരം'; നിയമനങ്ങളുണ്ടായില്ലെങ്കില്‍ അപകടമെന്ന് പിജി ഡോക്ടര്‍മാര്‍

ഡോക്ടര്‍മാരുള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് ബാധിതകരാകുന്നതും സഹപ്രവര്‍ത്തകര്‍ ക്വാറന്റൈനിലാകുന്നതും അനുദിനം വര്‍ധിക്കുന്നത് രോഗപ്രതിരോധരംഗത്ത് ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുകയെന്ന് പിജി ഡോക്ടര്‍മാരുടെ സംഘടന. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരടക്കം ഇരുനൂറിലേറെ ആരോഗ്യപ്രവര്‍ത്തകരാണ് ഇതുവരെ ക്വാറന്റൈനിലായിരിക്കുന്നത്. ഇത് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം താളംതെറ്റുന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചിരിക്കുകയാണെന്നും കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. നിഥിന്‍ ജോര്‍ജ് കൊടിയന്‍ ദ ക്യുവിനോട് പറഞ്ഞു. ആള്‍ക്ഷാമം രൂക്ഷമായതിനാല്‍ 150 ഡോക്ടര്‍മാരെ നിയമിക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നു. അത് നടന്നില്ല. ഗുരതര സാഹചര്യം നിലനില്‍ക്കെയാണ് ഫസ്റ്റ് ലൈന്‍ സെന്ററുകളില്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെ വിന്യസിക്കാന്‍ ആരോഗ്യവകുപ്പ് നടപടികളാരംഭിച്ചിരിക്കുന്നത്. ഈ തീരുമാനം വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുക. ഇതുകൂടിയാകുന്നതോടെ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം താറുമാറാവുകയും കൊവിഡ് ചികിത്സയും മറ്റ് രോഗികള്‍ക്കുള്ള പരിചരണവും തകിടം മറിയുകയും നിഥിന്‍ ജോര്‍ജ് പറഞ്ഞു.

'മെഡിക്കല്‍ കോളജുകളെ തകര്‍ത്ത് കൊവിഡിനോട് പോരാടുന്നത് ആത്മഹത്യാപരം'; നിയമനങ്ങളുണ്ടായില്ലെങ്കില്‍ അപകടമെന്ന് പിജി ഡോക്ടര്‍മാര്‍
കൊവിഡ് ഭീതിയില്‍ വയനാട്ടിലെ ആദിവാസി ഊരുകള്‍; അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ കര്‍ശന നിരീക്ഷണത്തില്‍

പിജി ഡോക്ടര്‍മാരുടെയും ഹൗസ് സര്‍ജന്റുമാരുടെയും പ്രയത്നത്തിലാണ് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. 900 പിജി ഡോക്ടര്‍മാര്‍ ഉണ്ടായിരിക്കേണ്ടയിടത്ത്, ഒന്നാം വര്‍ഷക്കാരുടെ പ്രവേശനം പൂര്‍ത്തിയാകാത്തതിനാല്‍ മൂന്നില്‍ ഒരു ഭാഗത്തിന്റെ കുറവുണ്ട്. അതായത് അറുനൂറ് പേരാണ് സജീവമായുള്ളത്. ഇരുനൂറോളം ഹൗസ് സര്‍ജന്റുമാരും. ഇതില്‍ രണ്ടിലുമായുള്ള ഇരുനൂറിലേറെ പേരാണ് ക്വാറന്റൈനിലായിരിക്കുന്നത്. പിജി ഒന്നാംവര്‍ഷക്കാര്‍ കുറച്ചുപേര്‍ വന്നെങ്കിലും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നെത്തിയതിനാല്‍ ഭൂരിപക്ഷവും ക്വാറന്റൈനിലാണ്. അത് പൂര്‍ത്തിയാക്കിയെത്തിയാല്‍ പോലും അവര്‍ക്ക് സ്വതന്ത്ര ചുമതലകള്‍ നല്‍കാനാകില്ല. അവര്‍ കാര്യങ്ങള്‍ പഠിച്ചുവരേണ്ടതുണ്ട്. 26 നും 35 നുമിടയില്‍ പ്രായമുള്ളവരാണ് പിജി ഡോക്ടര്‍മാര്‍. ഇക്കൂട്ടത്തില്‍ ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരുമെല്ലാമുണ്ട്. ഇവരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കാനാകില്ല. അപ്പോള്‍ വീണ്ടും കൊവിഡിനെ നേരിടാന്‍ ചുമതപ്പെടുത്താവുന്നവരുടെ എണ്ണം കുത്തനെ കുറയുകയാണ്. അതിനിടെയാണ് ഫസ്റ്റ് ലൈന്‍ സെന്ററുകളിലേക്ക് ഇവിടെ നിന്ന് ഡോക്ടര്‍മാരെ മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഉറപ്പായും തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം അവതാളത്തിലാകും. ആരോഗ്യ സംവിധാനങ്ങളെ തകര്‍ത്തുകൊണ്ട് കൊവിഡിനെതിരെ പോരാടുന്നത് ആത്മഹത്യാപരമാണെന്നും നിഥിന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി. മറ്റ് മെഡിക്കല്‍ കോളജുകളും സമാന ഭീഷണി നേരിടുകയാണ്. മറ്റ് ശരീരികാവശതകളുമായി വന്ന് ഒടുവില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന കേസുകളും തിരുവനന്തപുരം മെഡിക്കല്‍ കോളജിലുണ്ടായി.അവരെ പരിചരിച്ച ഹൗസ് സര്‍ജന്റുമാര്‍ക്കും പിജി ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമൊക്കെ രോഗബാധയുണ്ടായി. ഇവരുമായി പ്രാഥമിക കോണ്‍ടാക്ടില്‍ വന്നവര്‍ ക്വാറന്റൈനില്‍ പോകേണ്ടി വന്നു. ആശുപത്രിക്കുള്ളില്‍ നിന്ന് രോഗം പടരുക എന്നത് ഗുരുതര സാഹചര്യമാണ്. ഹൗസ് സര്‍ജന്റുമാരും പിജിക്കാരും മുതിര്‍ന്ന ഡോക്ടര്‍മാരും ഉള്‍പ്പെടെ സര്‍ജറി വിഭാഗത്തിലെ 90 ശതമാനവും ഇപ്പോള്‍ ക്വാറന്റൈനിലാണ്.

'മെഡിക്കല്‍ കോളജുകളെ തകര്‍ത്ത് കൊവിഡിനോട് പോരാടുന്നത് ആത്മഹത്യാപരം'; നിയമനങ്ങളുണ്ടായില്ലെങ്കില്‍ അപകടമെന്ന് പിജി ഡോക്ടര്‍മാര്‍
താമസിക്കുന്ന മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചാല്‍, സംശയങ്ങളും മറുപടിയും

ഇപ്പോള്‍ തന്നെ കൊവിഡ് ബാധിതരുമായി സെക്കന്ററി കോണ്‍ടാക്ടിലുളള്ള ഡോക്ടര്‍മാര്‍ സ്വാബ് കൊടുത്തശേഷം പ്രവര്‍ത്തിക്കുകയാണ്. പ്രൈമറി കോണ്‍ടാക്ട് വന്നയാള്‍ പോസിറ്റീവായാല്‍ ഈ സെക്കന്ററിക്കാര്‍ മുഴുവന്‍ ക്വാറന്റൈനിലാകും. ഇവരുടെ സെക്കന്ററി കോണ്‍ടാക്ടില്‍ വരുന്നവരെ ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്ക് വിട്ടുകഴിഞ്ഞാല്‍ രോഗവ്യാപനം കൂടുന്ന സാഹചര്യാണുണ്ടാവുക. മറിച്ചും അപകടമുണ്ടാകാം. സാമൂഹ്യ വ്യാപനമുള്ള ഇടത്ത് ജോലി ചെയ്ത് തിരിച്ചെത്തി മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിച്ചാലും രോഗവ്യാപനസാധ്യത കൂടുതലാണ്. ഇത്തരത്തില്‍ മിക്സിംഗും ട്രാന്‍സ്ഫറും ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കെഎംപിജിഎ വ്യക്തമാക്കുന്നു.

പി.എസ്.സി ലിസ്റ്റില്‍ നിന്ന് അടിയന്തരമായി നിയമനം നടത്തി ആള്‍ക്ഷാമം പരിഹരിക്കാം. അല്ലെങ്കില്‍ എന്‍ആര്‍എച്ച് എം, എന്‍യുഎച്ച്എം, അഡ്‌ഹോക് സംവിധാനങ്ങള്‍ വഴി ഡോക്ടര്‍മാരെയെടുക്കാം. ഇതുകൂടാതെ രണ്ടാഴ്ചത്തേക്ക് ഒപി അടച്ചിടാനും അടിയന്തരമല്ലാത്ത കേസുകള്‍ അറ്റന്‍ഡ് ചെയ്യാതിരിക്കാനും ഉടന്‍ അനിവാര്യമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റാനും തീരുമാനമുണ്ടാകണം. ഒപ്പം ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ടെസ്റ്റിംഗ് വര്‍ധിപ്പിക്കണം. കൂടുതല്‍ ആന്റിജന്‍ ടെസ്റ്റുകള്‍ സാധ്യമാക്കണമെന്നും നിഥിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. ഹെല്‍ത്ത് സര്‍വീസില്‍ അഡ്മിനിസ്ട്രേഷന്‍ രംഗത്തുള്ള ഡോക്ടര്‍മാര്‍ രോഗികളെ പരിചരിക്കാന്‍ മുന്നോട്ടുവരേണ്ടതുണ്ട്. മഹാമാരിയുടെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റാന്‍ ഭരണരംഗത്തുള്ള ഡോക്ടര്‍മാര്‍ തയ്യാറാകണം. ഫസ്റ്റ് ലൈന്‍ സെന്ററുകളിലെ സേവനത്തിന് പിജി ഡോക്ടര്‍മാര്‍ക്ക് ഒരു മടിയുമില്ല. പക്ഷേ അപ്പോള്‍ മെഡിക്കല്‍ കോളജ് പൂര്‍ണമായും സ്തംഭിക്കുന്ന സാഹചര്യമാണുണ്ടാവുക. ഇത് കൊവിഡ് രോഗികളുടെ മറ്റ് രോഗികളുടെയും ചികിത്സ കടുത്ത പ്രതിസന്ധിയിലാക്കും. സംസ്ഥാനത്ത് ഏറ്റവും തിരക്കുള്ള മെഡിക്കല്‍ കോളജാണ് തിരുവനന്തപുരം. ഇപ്പോഴെങ്കിലും സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ സ്ഥിതി രൂക്ഷമാകുമെന്നും ഡോ. നിഥിന്‍ ജോര്‍ജ് കൊടിയന്‍ വ്യക്തമാക്കി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തിരുവനന്തപുരം മെഡിക്കല്‍ കോളജിലേത് ഗുരുതര സാഹചര്യമാണെന്ന് കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോ ദ ക്യുവിനോട് പറഞ്ഞു. സമാന പ്രതിസന്ധി സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളജുകള്‍ക്കും ജനറല്‍ ആശുപത്രികള്‍ക്കുമെല്ലാം സംഭവിക്കാം. അടിയന്തരമായി ഡോക്ടര്‍മാരുടെ എണ്ണക്കുറവ് പരിഹരിക്കാന്‍ പുതിയ നിയമനങ്ങളുണ്ടാകണം. ഒപ്പം ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മതിയായ എണ്ണം ഗുണമേന്‍മയുള്ള പിപിഇ കിറ്റുകളും മാസ്‌കുകളും അടങ്ങുന്ന സുരക്ഷാ സംവിധാനങ്ങളും ലഭ്യമാക്കണം. ഇല്ലെങ്കില്‍ സംസ്ഥാനത്തെ ആശുപത്രികള്‍ അടച്ചിടേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ പോകുകയെന്നും കെജിഎംഒഎ ഓര്‍മ്മിപ്പിക്കുന്നു. ചെറിയ ഫീസ് ഏര്‍പ്പെടുത്തിക്കൊണ്ട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കാം. അങ്ങനെ വരുമ്പോള്‍ അവിടുത്ത ആരോഗ്യപ്രവര്‍ത്തകരെ ഉപയോഗപ്പെടുത്താനാകും. കൂടാതെ മാന്യമായ ശമ്പളം നല്‍കിയാല്‍ ഡോക്ടര്‍മാരെ താല്‍ക്കാലികമായി നിയമിക്കാനും സാധിക്കുമെന്നും ജോസഫ് ചാക്കോ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in