ഓണ്‍ലൈന്‍ പണമിടപാട് പ്രോത്സാഹിപ്പിക്കണം; കച്ചവട സ്ഥാപനങ്ങള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി

ഓണ്‍ലൈന്‍ പണമിടപാട് പ്രോത്സാഹിപ്പിക്കണം; കച്ചവട സ്ഥാപനങ്ങള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി
Picasa

കൊവിഡ് 19നെ പ്രതിരോധ നടപടികളുടെ ഭാഗമായി കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി. കൂട്ടം കൂടാതെ മതിയായ അകലം പാലിച്ച് മാത്രം കടകളില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടു. വില്‍ക്കുന്നവരും വാങ്ങുന്നവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ കെ ശൈലജ മുന്നറിയിപ്പ് നല്‍കി.

കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്

എല്ലാ കടകളും കച്ചവട സ്ഥാപനങ്ങളും കൈകള്‍ കഴുകുന്നതിനുള്ള സൗകര്യം ഉറപ്പാക്കണം.ജീവനക്കാരും ഉപഭോക്താക്കളും തമ്മിലും ഉപഭോക്താക്കളും ഉപഭോക്താക്കളും തമ്മിലും കുറഞ്ഞത് ഒരു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണം. കടയുടെ പ്രവേശന കവാടങ്ങളിലും കൗണ്ടറുകളിലും മതിയായ ഹാന്റ് സാനിറ്റൈസര്‍ കരുതുകയും എല്ലാ ജീവനക്കാരും ഉപഭോക്താക്കളും സാനിറ്റൈസര്‍ ശരിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യണം.

പേയ്‌മെന്റ് കൗണ്ടറുകളില്‍ ഇരിക്കുന്ന ജീവനക്കാരും ഇടപാട് നടത്തുന്ന ഉപഭോക്താക്കളും ഓരോ ഇടപാടിന് ശേഷവും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. വാഷ് റൂമുകളില്‍ ശുചിത്വം പാലിക്കുക. ആവശ്യത്തിന് ടിഷ്യു പേപ്പറുകളും സോപ്പ് സൊല്യൂഷനും കരുതുക. സോപ്പ് വേണ്ടെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൈ കഴുകുന്ന വിധം, ഹാന്റ് റബ്ബിന്റെ ഉപയോഗം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകള്‍ ഉപയോഗിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ എല്ലാ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കണം. ഫലപ്രദമായി കൈ കഴുകുന്നതിന്റെ ഘട്ടങ്ങള്‍ കാണിക്കുന്ന പോസ്റ്ററുകള്‍ വാഷിംഗ് ഏരിയയില്‍ പതിക്കണം.

ഓണ്‍ലൈന്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുക.ഓരോ സ്ഥാപനവും അവരുടെ തൊഴിലാളികള്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ദിവസവും ഉറപ്പാക്കേണ്ടതാണ്. രോഗലക്ഷണമുള്ള ജീവനക്കാരെ ഒരു കാരണവശാലും സ്ഥാപനത്തില്‍ നില്‍ക്കാന്‍ അനുവദിക്കരുത്. കോവിഡ് 19 രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരോ അവരുമായി സമ്പര്‍ക്ക ലിസ്റ്റിലുള്ളവരോ വീട്ടിലെ നിരീക്ഷണത്തിലുള്ളവരോ സ്ഥാപനത്തിലുണ്ടെങ്കില്‍ തൊട്ടടുത്ത ആരോഗ്യ സ്ഥാപനവുമായി ബന്ധപ്പെടേണ്ടതാണ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം ഉടന്‍ തന്നെ സ്ഥാപനം അടക്കേണ്ടതാണ്.

ഷേക്ക് ഹാന്റ് ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ദിശയുടെയും ജില്ലാ കണ്‍ട്രോള്‍ റൂമിന്റേയും ഫോണ്‍ നമ്പരുകള്‍ കടകളില്‍ പ്രദര്‍ശിപ്പിക്കണം. ഇതുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അന്വേഷണങ്ങള്‍ക്ക് ദിശ ഹെല്‍പ്പ് ലൈന്‍ 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in