നമ്മുടെ കാലാവസ്ഥ അസ്ഥിരമാകുന്നു |INTERVIEW

നമ്മുടെ കാലാവസ്ഥ അസ്ഥിരമാകുന്നു |INTERVIEW

അടിക്കടിയുണ്ടാകുന്ന ന്യൂനമർദ്ദങ്ങൾ വലിയ മഴയ്ക്ക് കാരണമാകുന്നുണ്ട്. ഇത്തരത്തിൽ ഒരു വർഷത്തിൽത്തന്നെ ഒരുപാട് ന്യൂനമർദ്ദങ്ങളുടെ ഉത്ഭവസ്ഥാനമാകുകയാണ് നമ്മുടെ കടലുകൾ. ഇവയിൽ അപകടകരമായ സ്ഥിതിവിശേഷം നിലനിൽക്കുന്നുണ്ടോ ?

കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ ഇന്ത്യൻ മഹാസമുദ്രവും, അറബിക്കടലും ബംഗാൾ ഉൾക്കടലും വളരെ വേഗമാണ് ചൂടുപിടിക്കുന്നത്. മറ്റ് സമുദ്രങ്ങളെ അപേക്ഷിച്ചുനോക്കുമ്പോൾ, നമ്മുടെ അറബിക്കടലിന്റെ ഉപരിതല താപനില 100 വർഷത്തിൽ ഏകദേശം 1.2 ഡിഗ്രി സെൽഷ്യസ് എന്ന രീതിയിലാണ് വർദ്ധിക്കുന്നത്. ഇതിന്റെ ഭാഗമായി ചെറിയ ഒരു ചക്രവാതച്ചുഴിയുണ്ടായാലും അവ അതിതീവ്രന്യൂനമർദ്ദമായി മാറുന്നു. സമുദ്രോപരിതലം ചൂടാകുന്നത് മൂലമാണ് ഇവ പ്രധാനമായും ഉണ്ടാകുന്നത്.

മൺസൂൺ സമയത്ത് നമുക്ക് മഴയെത്തിക്കുന്നവയാണ് ന്യൂനമർദ്ദങ്ങൾ. ഇവ കൂടുന്നോ കുറയുന്നോ എന്നതിൽ വലിയ കാര്യമില്ല. എത്ര ദിവസം ഇവ നിലനിൽക്കുന്നു എന്നതിലാണ് കാര്യം. പക്ഷെ അതേസമയം അറബിക്കടലിൽ ഇവ കൂടുന്നതായി കാണുന്നുണ്ട്. ബംഗാൾ ഉൾക്കടലിലാകട്ടെ കുറയുന്നതായും. അങ്ങനെ കുറഞ്ഞാലും ഒരു ന്യൂനമർദ്ദം രൂപപ്പെട്ടശേഷം ഉണ്ടാകുന്ന ദുരിതങ്ങളിൽ കുറവൊന്നുമില്ല. അതുകൊണ്ടുതന്നെ, എണ്ണത്തേക്കാൾ കൂടുതൽ പ്രാധാന്യം അവയുടെ ദൈർഖ്യത്തിനും തീവ്രതയ്ക്കുമാണ്.

കേരളത്തിലെ മഴയുടെ സ്വഭാവത്തിൽ നിർണായകമായ പല മാറ്റങ്ങളും കഴിഞ്ഞ നാല് വർഷത്തിൽ ഉണ്ടായതായി കാണാം. എങ്ങനെയാണ് അവയെ നാം നോക്കിക്കാണേണ്ടത് ?

ആഗോളതാപനം മൂലമുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനത്തിന്റെ ഒരു പ്രധാനപ്പെട്ട പ്രശ്നം അതിതീവ്രമഴ എന്ന സ്ഥിതിവിശേഷം വർദ്ധിക്കുന്നുവെന്നതാണ്. ഒരു ദിവസം 24 സെന്റിമീറ്റർ എന്നതാണ് അതിതീവ്രമഴയുടെ കണക്ക്. പക്ഷെ ആ 24 സെന്റിമീറ്റർ മഴ പെയ്യുന്ന ദൈർഖ്യം, അത് വളരെ പ്രധാനമാണ്. കഴിഞ്ഞ ദിവസങ്ങളിൽത്തന്നെ രണ്ടും മൂന്നും മണിക്കൂറിലാണ് പലയിടങ്ങളിലും 20 സെന്റിമീറ്ററോളം മഴ പെയ്തത്. കുറഞ്ഞ സമയത്ത് കൂടുതൽ മഴ എന്ന രീതിയിലേക്ക് കേരളത്തിന്റെ മഴയുടെ രൂപഘടന മാറി എന്നതാണ് നാം മനസ്സിലാക്കേണ്ടത്. ആഗോളതലത്തിലും ഈ മാറ്റങ്ങൾ പ്രകടമാണ്.

സാധാരണ ഒരു കാലവർഷത്തിനപ്പുറം, കഴിഞ്ഞ നാല് വർഷത്തിനിടയിൽ മേഘവിസ്ഫോടനങ്ങൾ മൂലമുള്ള മഴയുടെ അളവ് വർദ്ധിച്ചിട്ടുള്ളതായി കാണാം. ഇത്തരത്തിൽ അടിക്കടിയുണ്ടാകുന്ന മേഘവിസ്ഫോടനങ്ങൾ എന്ത് സൂചനയാണ് നൽകുന്നത് ?

മേഘവിസ്ഫോടനങ്ങൾക്ക് കാരണമാകുന്നത് നിലവിലുള്ള മഴമേഘപ്പാത്തിയുടെ ഇടയ്ക്ക് തന്നെ വന്നുചേരുന്ന ചെറുമേഘക്കൂട്ടങ്ങളാണ്. അവ എവിടെ വന്നുചേരുന്നുവോ അവിടെ കൂടുതൽ മഴ, കുറഞ്ഞ സമയത്തിൽ ലഭിക്കും. 2018 ലെ പ്രളയം തുടർച്ചയായി പെയ്ത മഴ മൂലമായിരുന്നു എന്ന് നമുക്ക് കാണാം. പക്ഷെ 2019 ലേതും 2020 ലേതും മിന്നൽ പ്രളയങ്ങളായിരുന്നു. പൊതുവേ മേഘവിസ്ഫോടനങ്ങളെ കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർണയിച്ചിരിക്കുന്നത് ഒരു മണിക്കൂറിൽ 10 സെന്റിമീറ്ററിനും മുകളിൽ മഴ പെയ്യുന്ന സന്ദർഭങ്ങളായാണ്. അവ കൂടുതലും ഉണ്ടാകുന്നത് ഹിമാലയൻ മേഖലകളിലും, മധ്യ, വടക്കുകിഴക്കൻ മേഖലകളിലുമാണ്.

2019 ൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയും മിയാമി സർവകലാശാലയും കേന്ദ്ര കാലാവസ്ഥാവകുപ്പും സംയുക്തമായി നടത്തിയ പഠനത്തിൽ കേരളത്തിൽ ലഘുമേഘവിസ്ഫോടനങ്ങൾ ഉണ്ടാകുന്നുണ്ട് എന്നാണ് മനസ്സിലായത്. കേരളം പോലുള്ള അതീവപരിസ്ഥിതിലോല പ്രദേശങ്ങളിൽ അപകടങ്ങൾ സംഭവിക്കാൻ 10 സെന്റിമീറ്റർ മഴ പോലും ആവശ്യമില്ല. അതുകൊണ്ടുതന്നെ രണ്ട് മണിക്കൂറിനുള്ളിൽ അഞ്ച് സെന്റീമീറ്റർ മഴ പെയ്യുക എന്ന സാഹചര്യത്തെയാണ് ലഘുമേഘവിസ്ഫോടനങ്ങൾ എന്ന് വിളിക്കുക. കവളപ്പാറയിലും പെട്ടിമുടിയിലും, കഴിഞ്ഞ ദിവസം കൂട്ടിക്കലിലും പീരുമേടിലും ഉണ്ടായത് അത്തരമൊരു സാഹചര്യമാണ്. മലയോരങ്ങളിലാണ് അവ കൂടുതൽ ഉണ്ടാകുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഒട്ടും പ്രവചിക്കാനാകാത്ത രീതിയിൽ കേരളത്തിലെ കാലാവസ്ഥയിൽ മാറ്റം സംഭവിച്ചിരിക്കുകയാണ്. ഈ മാറ്റത്തെ എന്നുതൊട്ടാണ് നമുക്ക് അടയാളപ്പെടുത്താൻ കഴിയുക ?

കേരളത്തിലെ കാലാവസ്ഥ കൂടുതൽ അസ്ഥിരമായിക്കൊണ്ടിരിക്കുകയാണ് എന്നത് ഒരു യാഥാർഥ്യമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ട് തന്നെ മികച്ച ഉദാഹരണം. 2016 ഏറ്റവും മഴ കുറഞ്ഞ വർഷമായിരുന്നു. പതിറ്റാണ്ടിന്റെ അവസാന വർഷങ്ങളിൽ നേരെ വിപരീതവും. ഇത്തരത്തിൽ കഴിഞ്ഞ പത്ത് വർഷത്തിൽത്തന്നെ നമ്മൾ ഒട്ടേറെ അതിതീവ്ര കാലാവസ്ഥാസംഭവങ്ങൾക്ക് സാക്ഷികളായിക്കഴിഞ്ഞു.

മഴ കുറവ് ലഭിക്കേണ്ട മേയ് മാസങ്ങളിലൊക്കെ കൂടുതൽ മഴ ലഭിക്കുന്നതും, കൂടുതൽ ലഭിക്കേണ്ട ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ മഴ കുറയുന്നതും കാലാവസ്ഥാ അസന്തുലിതാവസ്ഥയെ സൂചിപ്പിക്കുന്നതാണ്. ഇത്തരത്തിൽ ഒരു പിടിയും തരാത്ത രീതിയിൽ നമ്മുടെ കാലാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ മാറുന്ന കാലാവസ്ഥയെ നമുക്ക് മുൻകൂട്ടി പ്രവചിക്കാനുമാകുന്നില്ല എന്നതാണ് യാഥാർഥ്യം.

കേരളത്തിലെ ഇനിയുള്ള മഴക്കാലങ്ങൾ എങ്ങനെയുള്ളതാകും?

മഴയുടെ സീസണാലിറ്റി തന്നെ മാറിയിരിക്കുകയാണ്. എപ്പോൾ വേണമെകിലും മഴ ലഭിക്കാമെന്ന സ്ഥിതിയിലേക്ക് നമ്മുടെ മഴക്കാലത്തിന്റെ ഘടന മാറിയിരിക്കുന്നു. മഴദിനങ്ങൾ കുറയുകയും അതിതീവ്രമഴ കൂടുകയും ചെയ്യുന്നതാണ് പ്രശ്നം. മഴ ലഭിച്ചുവെന്ന് പറഞ്ഞിട്ട് കാര്യമില്ല, എങ്ങനെ ലഭിച്ചു എന്നതിലും കൂടിയാണ് കാര്യം. ലഘുമേഘവിസ്ഫോടനങ്ങൾ എപ്പോഴും സംഭവിക്കാവുന്ന ഒരു സാഹചര്യം കേരളത്തിലുണ്ട് എന്നതും നമ്മൾ ശ്രദ്ധിക്കണം. ഇത്രത്തിൽ അസ്ഥിരമായ ഒരു കാലാവസ്ഥയാണ് കേരളത്തെ കാത്തിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in