എസ്‌കലേറ-2025; വനിതാ സംരംഭകര്‍ക്കായി സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍റെ പ്രദര്‍ശന-വിപണന മേള

എസ്‌കലേറ-2025; വനിതാ സംരംഭകര്‍ക്കായി സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍റെ പ്രദര്‍ശന-വിപണന മേള
Published on

സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ വനിതാ സംരംഭകര്‍ക്കായി പ്രദര്‍ശന-വിപണന മേള സംഘടിപ്പിക്കുന്നു. എസ്‌കലേറ-2025 എന്ന പേരിലാണ് മേള സംഘടിപ്പിക്കുന്നത്. ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചൊവ്വാഴ്ച മേള ഉദ്ഘാടനം ചെയ്യും. വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.സി റോസക്കുട്ടി അധ്യക്ഷത വഹിക്കും. സംരംഭകരായ സ്ത്രീകള്‍ക്ക് വിപണി കണ്ടെത്താന്‍ സഹായിക്കുകയെന്നതാണ് എസ്‌കലേറയുടെ ലക്ഷ്യം. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ജോലി ചെയ്യുന്ന അറിയപ്പെടാത്ത സ്ത്രീകള്‍ക്ക് മാര്‍ക്കറ്റിംഗ് അവസരം ഒരുക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 3 വരെയാണ് മേള. 'ശാക്തീകരണത്തിലേക്ക്, ആനന്ദത്തിലേക്ക്, പാതി ആകാശത്തിലേക്ക്' എന്നതാണ് മേളയുടെ മുദ്രാവാക്യം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറോളം വനിതാ സംരംഭകര്‍ മേളയില്‍ പങ്കെടുക്കും. തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംരംഭകരുടെ ഉല്‍പ്പന്നങ്ങളും വില്‍പ്പനയ്ക്കുണ്ടാകും. തനത് ഉല്‍പ്പന്നങ്ങളാണ് മേളയിലുണ്ടാകുക. സെമിനാറുകള്‍, ഇന്നോവേറ്റേഴ്‌സ് ഫോറം, പാനല്‍ ചര്‍ച്ചകള്‍ എന്നിവയും എസ്‌കലേറയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഭക്ഷ്യമേളയും സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായുണ്ട്.

ടെക്‌നോളജി, ഭക്ഷ്യോല്‍പന്നങ്ങള്‍, റീട്ടെയ്ല്‍, കൃഷി, കരകൗശല വസ്തുക്കള്‍, കൈത്തറി, ഫാഷന്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളുമാണ് മേളയിലുണ്ടാകുക. പുതിയ വിപണി സാധ്യതകളും അവസരങ്ങളും സംരംഭകര്‍ക്ക് മുന്നില്‍ തുറന്നിടുന്നതിനും ലക്ഷ്യമിട്ടുള്ള സെമിനാറുകളും ചര്‍ച്ചകളും നടക്കും.

എസ്‌കലേറയില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പ് മുപ്പത് വയസ്സിന് മുകളിലുള്ളവര്‍ക്കായി നടത്തുന്ന കാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിനായ 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' എന്ന കാമ്പയിനിന്റെ ഭാഗമായാണ് ഇത്. എല്ലാ ദിവസവും ക്യാമ്പ് പ്രവര്‍ത്തിക്കും. സ്‌ക്രീനിംഗ് സൗജന്യമാണ്. സര്‍ക്കാര്‍-സ്വകാര്യ മേഖലകളുടെ സഹകരണത്തോടെയാണ് കോര്‍പ്പറേഷന്‍ ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. സ്തനാര്‍ബുദം, സെര്‍വിക്കല്‍ കാന്‍സര്‍ എന്നിവയുടെ സ്‌ക്രീനിംഗ് നടത്തി ചികിത്സ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വനിതാ വികസന കോര്‍പ്പറേഷന്‍

സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യവുമായി 1988ലാണ് വനിതാ വികസന കോര്‍പറേഷന്‍ രൂപീകൃതമായത്. സ്ത്രീകളുടെ സാമൂഹികവും രാഷ്ട്രീയവുമായ മുന്നേറ്റമാണ് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്. വായ്പാ വിതരണത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് റെക്കോര്‍ഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്ന് കോര്‍പറേഷന്‍ അറിയിച്ചു. 2021-22 മുതല്‍ 1065 കോടി രൂപയുടെ സ്വയംതൊഴില്‍ വായ്പകളാണ് വിതരണം ചെയ്തത്. 94,912 സ്ത്രീകളാണ് ഇതിന്റെ പ്രത്യക്ഷ ഉപഭോക്താക്കള്‍. രണ്ട് ലക്ഷത്തിലധികം പ്രത്യക്ഷ പരോക്ഷ തൊഴിലവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കാനും സാധിച്ചു.

എസ്‌കലേറ-2025; വനിതാ സംരംഭകര്‍ക്കായി സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍റെ പ്രദര്‍ശന-വിപണന മേള
വാക്കുകളേക്കാൾ മൂർച്ചയുണ്ടാകും പലപ്പോഴും ഒരു കാർട്ടൂണിന് | EP Unny Interview

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ സര്‍ക്കാരിന് ലാഭവിഹിതം നല്‍കി വരികയാണ്. NMDFC-യുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലിങ് ഏജന്‍സിക്കുള്ള പുരസ്‌കാരം തുടര്‍ച്ചയായി രണ്ട് വര്‍ഷം KSWDC നേടി. പ്രവര്‍ത്തന മികവിന് NSFDC, NBCFDC എന്നിവയുടെ അംഗീകാരങ്ങളും സ്ഥാപനം നേടിയിട്ടുണ്ട്. സ്ത്രീസുരക്ഷയ്ക്കായി 181 വനിതാ ഹെല്‍പ് ലൈന്‍, ആര്‍ത്തവ ശുചിത്വ ബോധവത്കരണത്തിനായി ഷീപാഡ് പദ്ധതി, ആദിവാസി വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള വനമിത്ര, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നേതൃ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായുള്ള ഫ്യൂച്ചര്‍ വിമന്‍ ഗ്രൂമിങ്ങ് പ്രോഗ്രാം-പ്രതിഭ തുടങ്ങിയ പദ്ധതികളും വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്തി വരുന്നു.

എസ്‌കലേറ-2025; വനിതാ സംരംഭകര്‍ക്കായി സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍റെ പ്രദര്‍ശന-വിപണന മേള
മവാസോ; ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവല്‍ മാര്‍ച്ച് 1, 2 തിയതികളില്‍

സ്ത്രീകള്‍, ട്രാന്‍സ് വ്യക്തികള്‍ എന്നിവര്‍ക്കായി സംരംഭം തുടങ്ങുന്നതിനാവശ്യമായ ഉപദേശങ്ങള്‍ നല്‍കാനും സാമ്പത്തിക സാങ്കേതിക മാര്‍ക്കറ്റിംഗ് സാധ്യതകള്‍ പറഞ്ഞു കൊടുക്കുന്നതിനും പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാന്‍ സഹായിക്കുന്നതിനുമായി പ്രൊജക്ട് കണ്‍സള്‍ട്ടന്‍സി വിങ്ങ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയുമാണ് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍. ഇതിലൂടെ സ്ത്രീ സംരംഭകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും സംരംഭകത്വത്തിന് അവര്‍ക്കാവശ്യമായ എല്ലാ രീതിയിലുള്ള പിന്തുണ നല്‍കുന്നതിനുമാണ് കോര്‍പറേഷന്‍ ഉദ്ദേശിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in