എൻ.എസ്‌. മാധവൻ ഹിഗ്വിറ്റയുടെ തലതൊട്ടപ്പനോ ?

എൻ.എസ്‌. മാധവൻ 
ഹിഗ്വിറ്റയുടെ  
തലതൊട്ടപ്പനോ ?

എൻ.എസ്‌.മാധവന്റെ 'ഹിഗ്വിറ്റ' നമ്മൾ കൊണ്ടാടിയ കഥയാണ്. ആ കഥ ഏറെ ആസ്വാദ്യകരമാകാൻ കാരണം അതിന്റെ ഭാഷയും രചനാകൗശലവുമാണ്. കളിക്കളത്തിലെ അതിസാഹസികമായ ഇടപെടൽ കഴിഞ്ഞ്‌ ‌യാതൊരു ഗൃഹാതുരത്വവും അവശേഷിപ്പിക്കാതെ ഗോൾമുഖത്തേക്ക് മടങ്ങുന്ന കൊളംബിയൻ ഗോൾ കീപ്പർ ഹിഗ്വിറ്റയെപ്പോലെ, കഥാനായിക ലൂസിയെ പീഡിപ്പിക്കുന്ന ജബ്ബാറെന്ന മൂന്നാമനെ അടിച്ചു നിലംപരിശാക്കിയ ശേഷം ലൂസിയെ അവൾ ജോലി ചെയ്തിരുന്ന വീട്ടിൽ ഇറക്കിവിട്ട് നിർവികാരനായി മടങ്ങുന്ന ഗീവർഗീസച്ചനെ ജീവത്തായി ചിത്രീകരിച്ച മനോഹരമായ കഥ.

'പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത'എന്ന ജർമ്മൻ നോവലിനെക്കുറിച്ച് മറ്റൊരു പുരോഹിതനിൽ നിന്ന് കേട്ടതു മുതൽ കളിയിൽ ഗോൾകീപ്പറുടെ പങ്കിനെ പലവിധത്തിൽ സങ്കല്പിച്ചെടുക്കാൻ ശ്രമിച്ച ഗീവർഗീസച്ചൻ കൊളംബിയൻ ഗോളി റെനെ ഹിഗ്വിറ്റയുടെ സാഹസികമായ ശൈലി ശ്രദ്ധിച്ചു തുടങ്ങി. 'ഗോളികളുടെ സ്ഥായീധർമ്മമായ ദൃക്സാക്ഷിത്വം കൊണ്ട് തൃപ്തിപ്പെടാതെ മൈതാനത്തിന്റെ മധ്യത്തിലേക്ക് പന്ത് ഇടം‌വലം പായിച്ച് കുതിക്കുന്ന ഹിഗ്വിറ്റയാണ്' അദ്ദേഹത്തിന് പ്രേരണയായത്. അതുകൊണ്ടാവും കഥയ്ക്ക് 'ഹിഗ്വിറ്റ 'എന്ന് പേരിട്ടത്.ആ പേരിടാൻ റെനേ ഹിഗ്വിറ്റയോട് അനുവാദം ചോദിച്ചോ എന്നാരും അന്വേഷിച്ചില്ല. സർഗാത്മക സാഹിത്യരചനയിൽ എഴുത്തുകാരന് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. അതേ സ്വാതന്ത്ര്യം ഹിഗ്വിറ്റ എന്ന പേര് തങ്ങളുടെ കലാസൃഷ്ടിക്കു നൽകാൻ മറ്റാർക്കുമുണ്ട്.

ഒ. വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' എന്ന പ്രശസ്തമായ നോവലിന്റെ പേര് ആ രചനയുമായി ബന്ധമില്ലാത്ത സിനിമയ്ക്കിട്ടാൽ പ്രതിഷേധിക്കുന്നതിലും പേര് വിലക്കുന്നതിലും അർത്ഥമുണ്ട്. എന്നാൽ ലോകത്തെമ്പാടുമുള്ള ഫുട് ബോൾ പ്രേമികളുടെ നാവിൽ തത്തിക്കളിക്കുന്ന കൊളംബിയൻ ഗോളി ജോസ് റെനേ ഹിഗ്വിറ്റയുടെ പേര് ഒരു പൊളിറ്റിക്കൽ ത്രില്ലർ സിനിമയ്ക്ക് നൽകിയതിന്റെ പേരിൽ എൻ. എസ്‌. മാധവൻ ഇത്രയേറെ ഹാലിളകുന്നതെന്തിന്? സിനിമയുടെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റർ ഇറങ്ങിയ വേളയിൽ അദ്ദേഹം അതിനെതിരെ പ്രതിഷേധിച്ചതും ‌ ഫിലിംചേംബർ ആ പേരിനു വിലക്ക് ഏർപ്പെടുത്തിയതും തികഞ്ഞ അസംബന്ധമാണ്. ഫിലിം ചേംബർ ഈ വിഷയത്തിൽ ആരുടെ ഒപ്പമാണ് നിൽക്കേണ്ടത്? ചെറിയ ബജറ്റിൽ ആ സിനിമ സാക്ഷാത്കരിച്ച നവാഗതസംവിധായകനും ടീമിനും ഒപ്പമോ അതോ യുക്തിക്ക് നിരക്കാത്ത അവകാശവാദം മുഴക്കുന്ന വ്യക്തിക്കൊപ്പമോ?

ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്കിടാൻ എൻ. എസ്‌. മാധവന്റെ അനുവാദം വേണമെന്ന് ഫിലിം ചേംബർ ഉത്തരവിറക്കാൻ എൻ. എസ്‌. മാധവനാര്? റെനേ ഹിഗ്വിറ്റയുടെ തലതൊട്ടപ്പനോ? വലിയ മനസ്സുണ്ടെന്ന് പുറമെ ഭാവിക്കുന്ന പലരും ചെറിയ കാര്യങ്ങൾ പോലും ഉൾക്കൊള്ളാനാവാത്ത സങ്കുചിത മനസ്ക്കരാണ് എന്നതിന് തെളിവാണിത്.

എൻ. എസ്‌. മാധവന്റെ കഥ വായിക്കും മുൻപേ ശരാശരി ഫുട് ബോൾ പ്രേമിയായ ഞാൻ പോലും റെനെ ഹിഗ്വിറ്റയെ കേട്ടിട്ടുണ്ട്. അതുകൊണ്ടാണ് എൻ. എസ്‌. മാധവന്റെ മനോഹരമായ ആ കഥ ആസ്വദിക്കാൻ കഴിഞ്ഞതും. ഒ. വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ'വും എം. മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങ'ളും എൻ.എസ്‌.മാധവന്റെ തന്നെ 'ലന്തൻ ബത്തേരിയിലെ ലുത്തീനിയക'ളുമൊക്കെ അതാത് എഴുത്തുകാർ പദസംയോജനം ചെയ്ത്‌ രൂപപ്പെടുത്തിയ ശീർഷകങ്ങളാണ് . എൻ.എസ്‌.‌ മാധവന്റെ 'ഹിഗ്വിറ്റ' അങ്ങനെയല്ല. അദ്ദേഹത്തിന്റെ 'വൻമരങ്ങൾ വീഴുമ്പോൾ' അഥവാ 'ലന്തൻ ബത്തേരിയിലെ ലുത്തീനിയകൾ' എന്നീ ശീർഷകങ്ങൾ ആരെങ്കിലും അതുമായി ബന്ധമില്ലാത്ത സിനിമയുടെ പേരാക്കിയിരുന്നെങ്കിൽ ഞാൻ എൻ. എസ്‌. മാധവനോടൊപ്പം നിന്നേനെ. ഇന്ന് ഹേമന്ദ് നായരുടെ സിനിമയ്ക്ക് ആ പേര് നൽകിയതിനെ ചോദ്യം ചെയ്യുന്ന എൻ എസ്‌ മാധവന് 'ഹിഗ്വിറ്റ 'എന്ന പേര് കഥയ്ക്കിടാൻ അന്ന് ആരാണ് അനുമതി നൽകിയത്? ലോകം മുഴുവൻ ഉരുവിടുന്ന ആ പേരിന്റെ കുത്തക അദ്ദേഹത്തിനു മാത്രം അവകാശപ്പെടുന്നതെങ്ങനെ?

ഒരു നവസംവിധായകനായ ഹേമന്ദ് നായരും അദ്ദേഹത്തിന്റെ ടീം അംഗങ്ങളും ചേർന്ന് എത്ര ത്യാഗം അനുഭവിച്ചായിരിക്കും ആ ചിത്രം നിർമിച്ചത്? അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കിക്കഴിഞ്ഞ്‌ പേരിന്റെ പേരിൽ യുക്തിക്കും ന്യായത്തിനും നിരക്കാത്ത ഈ കോലാഹലം ഇളക്കിവിടുന്നത് എൻ.എസ്‌. മാധവനെപ്പോലെ സർഗ്ഗധനനായ മുതിർന്ന എഴുത്തുകാരന് ചേർന്നതല്ല. വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി ‌ നടത്തുന്ന അഭ്യാസമാണിതെങ്കിൽ 'ഹാ കഷ്ടം !'

Related Stories

No stories found.
logo
The Cue
www.thecue.in