കെന്നത്ത് ആംഗർ: സിനിമ എന്ന മാന്ത്രിക അനുഷ്ഠാനം

കെന്നത്ത് ആംഗർ: സിനിമ എന്ന മാന്ത്രിക അനുഷ്ഠാനം

Summary

ആംഗര്‍ സ്വയം ഒരു അനാര്‍ക്കിസ്റ്റ് എന്നാണ്  വിശേഷിപ്പിച്ചത്. ഭരണകൂട അധികാരത്തോടും അടിച്ചമർത്തലിനോടുമുള്ള ചെറുത്തുനിൽപ്പ് അനാര്‍ക്കിസത്തിന്റെ   അടിസ്ഥാന തത്വങ്ങളിലൊന്നാണ്. പല അരാജകവാദികളും ഭരണകൂടമില്ലാത്ത സമൂഹത്തിന്റെ സാധ്യതയിൽ വിശ്വസിച്ചു.

കേരളീയര്‍  പൊതുവെ അമേരിക്കയെ മുതലാളിത്ത രാജ്യമായും ഹോളിവുഡിന്റെ നാടായുമാണ് കാണുന്നത്.  മുതലാളിത്തം മനുഷ്യരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതിനാൽ  നാം വിമര്‍ശിക്കുന്നു. അസംബ്ലി ലൈനില്‍ എന്ന പോലെ പ്രവര്‍ത്തിക്കുന്ന,  വിനോദ വ്യവസായത്തിന്റെ ആസ്ഥാനം  ആയതിനാലും അമേരിക്കൻ പ്രത്യയശാസ്ത്രത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനാലും ഹോളിവുഡ് സിനിമകളെയും വിമര്‍ശിക്കുന്നു.  എന്നാല്‍, ഈ ‘ദുഷിച്ച’ സിനിമകളുടെ ശൈലിതന്നെയാണ് നമ്മുടെ ‘രാഷ്ട്രീയ സിനിമകള്‍’ ഉപയോഗിക്കുന്നത് എന്നത് വിരോധാഭാസമായി തോന്നാം.  അതുപോലെ, മുതലാളിത്തത്തിന്റെ  പല സൌകര്യങ്ങളും അനുഭവിക്കുന്നതിൽ  നാം തെറ്റുകാണുന്നില്ല.  ലോകത്തെ മുഴുവന്‍  സ്വാധീനിച്ചു നില്‍ക്കുന്ന ഹോളിവുഡിനെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവർ മാത്രമല്ല, അമേരിക്കക്കാരായ ക്വന്റിൻ ടരാന്റിനോ, മാർട്ടിൻ സ്‌കോർസെസി, ഫ്രാൻസിസ് ഫോർഡ് കൊപ്പോള എന്നിവരും വിമര്‍ശിക്കുന്നു.  

എന്നാല്‍ 1960-കളില്‍ യുദ്ധാനന്തര അമേരിക്കയിലെ അസംതൃപ്തരായ യുവാക്കൾക്കിടയിൽ  പല തരത്തിലുള്ള  പ്രതിസാംസ്കാരിക ചലനങ്ങളും (Counter culture)  വളര്‍ന്നു വന്നു. അവര്‍ ഹിപ്പികളും, സ്വതന്ത്രരതിയ്ക്ക് വേണ്ടി വാദിച്ചവരും, മയക്കു മരുന്നുകള്‍ ഉപയോഗിച്ചവരും, അസ്തിത്വവാദികളും ആയിരുന്നുവെങ്കിലും മുഖ്യധാരാ അമേരിക്കൻ സംസ്കാരത്തെയും സാമൂഹിക മാനദണ്ഡങ്ങളെയും നിരാകരിച്ചവരായിരുന്നു.  ‘അമേരിക്കൻ സ്വപ്ന’ത്തിലുള്ള വിശ്വാസവും അതുമായി ബന്ധപ്പെട്ട ദേശസ്നേഹവും  ഈ തലമുറയ്ക്ക് നഷ്ടപ്പെട്ടിരുന്നു. അവര്‍ യുദ്ധങ്ങള്‍ക്കും ആണവ ആയുധങ്ങള്‍ക്കും എതിരായിരുന്നു. അവര്‍ വിയറ്റ്നാം യുദ്ധത്തെ വിമര്‍ശിച്ചു, ഉപഭോഗ സംസ്കാരത്തെ തിരസ്കരിച്ചു. അവര്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് എതിരായിരുന്നു.  അവര്‍ സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി വാദിച്ചു. സമൂഹത്തില്‍ ആധിപത്യം പുലര്‍ത്തുന്ന മൂല്യങ്ങളോടും വിശ്വാസങ്ങളോടും ഉള്ള കലഹമായിരുന്നു അത്.  ഇതിന്റെ ഭാഗമായി ധാരാളം ഉപസംസ്‌കാരങ്ങളും  പ്രസ്ഥാനങ്ങളും രൂപീകൃതമായി. എല്ലാം ഒരു  തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ  സമൂഹത്തിലെ  വ്യവസ്ഥാപിത ക്രമങ്ങളെ വിമർശിച്ചു, എല്ലാം വികസിക്കുകയും സംവദിക്കുകയും ആത്യന്തികമായി സമൂഹത്തിൽ വ്യാപിക്കുകയും ചെയ്തു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക വിയോജിപ്പ്,  പ്രതിഷേധ പ്രകടനം, ആശ്രമങ്ങൾ, സാമൂഹിക നഗ്നതാമന്ദിരങ്ങൾ. അക്കാദമിക്കകത്ത്, കലാ സ്ഥാപനങ്ങൾക്കുള്ളിൽ, പ്രസിദ്ധീകരണത്തിനുള്ളിൽ മാത്രമല്ല, ജെണ്ടര്‍, വർഗം, വംശം, തലമുറ തുടങ്ങിയ പ്രശ്‌നങ്ങളെ ചുറ്റിപ്പറ്റിയുള്ള കൂടുതൽ ചിതറിക്കിടക്കുന്ന ഇടങ്ങൾക്കുള്ളിലും ഔദ്യോഗിക സംസ്കാരത്തിന് നേരെ ആക്രമണമുണ്ടായി.  പുതിയ ഇടതുപക്ഷം, ഫെമിനിസ്റ്റ് പ്രസ്ഥാനം, സ്വവർഗ്ഗാനുരാഗ പ്രസ്ഥാനം, പാശ്ചാത്യേതര ആത്മീയ ആചാരങ്ങൾ, സൈക്കഡെലിക് ലഹരിമരുന്ന് പ്രസ്ഥാനം, ഏറ്റവും പ്രധാനമായി വിവിധ രൂപങ്ങളിലുള്ള അവാംഗ്-ഗാർഡ് കലകൾ,  ബീറ്റില്‍സ്  എന്നിവ ഈ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ഒരുപക്ഷേ പ്രതിസംസ്‌കാര പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വാധീനങ്ങളിലൊന്ന് പോപ്പ് സംസ്കാരത്തിൽ അതിന്റെ സ്വാധീനമായിരുന്നു. ഫാഷൻ, സംഗീതം, മാധ്യമങ്ങൾ എന്നിവയെല്ലാം ഇത് ബാധിച്ചു. ചരിത്രത്തിലെ ഏറ്റവും ശക്തമായ പ്രക്ഷോഭമായി ഇത് മാറി.    

ഇതിന്റെ ഭാഗമായി സിനിമയിലും നിലനില്‍ക്കുന്നതിനെ വെല്ലുവിളിക്കുന്ന സൃഷ്ടികൾ   ഉണ്ടായി – അവാംഗ്-ഗാര്‍ഡ്, കൌണ്ടര്‍ സിനിമ, അണ്ടര്‍ഗ്രൌണ്ട് സിനിമ, മിഡ്നൈറ്റ് മൂവ്മെന്റ് എന്നിവ ചില ഉദാഹരണങ്ങള്‍.  ഈ വിഭാഗത്തില്‍പ്പെട്ട ചലച്ചിത്ര പ്രവർത്തകർ ഹോളിവുഡ് മേധാവിത്വത്തെ വെല്ലുവിളിച്ചു, വലിയ സ്റ്റുഡിയോകൾക്ക് പുറത്ത് സിനിമാ നിർമ്മാണത്തിന് ബദൽ സംവിധാനങ്ങളിലൂടെ സിനിമൈകൾ നിര്‍മ്മിച്ചു.  അതായത്, ആശയത്തിലും, മേക്കിംഗിലും, രാഷ്ട്രീയത്തിലും ഹോളിവുഡ് സ്റ്റുഡിയോ സിനിമയുടെ ആന്റി-തിസീസ് ആയിരുന്നു ഇത്.  

അമേരിക്കൻ അണ്ടര്‍ഗ്രൌണ്ട് സിനിമയിലെ മുൻനിര വ്യക്തിത്വമായിരുന്ന കെന്നത്ത് ആംഗർ  (Kenneth Anger) 2023 മെയ്  പതിനൊന്നാം തീയതി തന്റെ തൊണ്ണൂറ്റി ആറാം വയസ്സില്‍ അന്തരിച്ചു. ആംഗര്‍ പലതുമായിരുന്നു - ചലച്ചിത്രകാരൻ,  എഴുത്തുകാരൻ,  സംഗീതജ്ഞൻ, നടൻ,  ആക്ടിവിസ്റ്റ്,  ഒക്കള്‍ട്ടിസ്റ്റ്, ഒരു ബഹുമുഖ പ്രതിഭ.  ഇരുപതാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരില്‍ ഒരാളായി  ആംഗര്‍ വിശേഷിപ്പിക്കപ്പെടുന്നു. മായാ ഡെറനും, സ്റ്റാന്‍ ബ്രക്കേജിനും ഒപ്പം അമേരിക്കന്‍ അവാംഗ് ഗാര്‍ഡ് സിനിമയ്ക്ക് വലിയ സംഭാവനകള്‍ നല്‍കി ആംഗര്‍. ഡേവിഡ് ലിഞ്ച്,  മാർട്ടിൻ സ്കോർസെസി, ഗുസ് വാന്‍ സാന്റ് എന്നീ സംവിധായകരെ ആംഗര്‍ സ്വാധീനിച്ചിട്ടുണ്ട്. ആംഗറിന്റെ സ്വാധീനത്തെ കുറിച്ച് ഗുസ് വാന്‍ സാന്റ് ഇപ്രകാരം പറയുകയുണ്ടായി: 'ഏറ്റവും ഒറിജിനലായ/വ്യക്തിത്വമുള്ള സ്വതന്ത്ര സിനിമാക്കാരന്‍'. ആംഗറിന്റെ  മരണം സ്ഥിരീകരിച്ച 2009 മുതൽ ആംഗറിനെ പ്രതിനിധീകരിച്ച ഗാലറിസ്റ്റുകളായ മോണിക്ക സ്പ്രൂത്തും (Monika Sprüth) ഫിലോമിൻ മാഗേഴ്സും  (Philomene Magers)  ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി: “കെന്നത്ത് ഒരു വഴികാട്ടി ആയിരുന്നു. അദ്ദേഹത്തിന്റെ സിനിമാ പ്രതിഭയും സ്വാധീനവും തുടർന്നും ജീവിക്കുകയും അദ്ദേഹത്തിന്റെ സിനിമകളും വാക്കുകളും കാഴ്ചപ്പാടുകളും എല്ലാവരെയും രൂപാന്തരപ്പെടുത്തുകയും ചെയ്യും”. അദ്ദേഹം ഏകദേശം 40 ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്, അതിൽ 9 എണ്ണം ‘മാജിക് ലാന്റേൺ സൈക്കിൾ’  എന്ന പേരില്‍ അറിയപ്പെടുന്നു.   

ആംഗര്‍ എന്ന സ്വവർഗ്ഗാനുരാഗി

അമേരിക്കയിലെ ആദ്യത്തെ സ്വവർഗ്ഗാനുരാഗ ചലച്ചിത്ര സംവിധായകരിൽ   ഒരാളായാണ് ആംഗർ  അറിയപ്പെടുന്നത്.  അമേരിക്കയില്‍  സ്വവർഗരതി നിയമവിരുദ്ധമായ ഒരു സമയത്താണ് ആംഗർ  താന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണെന്ന്  കണ്ടെത്തിയത്. തുടര്‍ന്ന് അദ്ദേഹം അണ്ടര്‍ഗ്രൌണ്ട് സ്വവർഗ്ഗാനുരാഗ സംഘവുമായി സഹവസിക്കാൻ തുടങ്ങി. 1940-കളുടെ മധ്യത്തിൽ, ഒരു  സ്വവർഗ്ഗാനുരാഗി ആയതിനാൽ അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന്  ആംഗർ മാതാപിതാക്കളുടെ വീട്ടിൽ നിന്ന് താമസം മാറുകയും  കെന്നത്ത് വിൽബർ  ആംഗിൾമെയർ എന്ന പേരിനു പകരം കെന്നത്ത്  ആംഗർ എന്ന പേര് സ്വീകരിക്കുകയും ചെയ്തു.  തുടര്‍ന്ന് സിനിമ പഠിക്കാനും ലഹരിമരുന്നുകള്‍ പരീക്ഷിക്കാനും തുടങ്ങി. ഇക്കാലത്താണ് ആംഗര്‍  തന്റെ ലൈംഗികത കൈകാര്യം ചെയ്യുന്ന ഒരു സിനിമ നിർമ്മിക്കാൻ തീരുമാനിക്കുന്നത്.  അങ്ങിനെയാണ് ഫയര്‍വര്‍ക്സ്  (Fireworks) ജനിക്കുന്നത്.

14 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഹോമോഇറോട്ടിക്  സിനിമയാണ്  ‘ഫയര്‍ വര്‍ക്സ് ‘ (Fireworks).  നാവികരുമായി സഹവസിക്കുന്ന ഒരു ചെറുപ്പക്കാരനെ ചുറ്റിപ്പറ്റിയാണ് സിനിമ. (ആംഗര്‍ തന്നെയാണ് ഈ  ചെറുപ്പക്കാരനായി അഭിനയിക്കുന്നത്). ഒടുവിൽ നാവികര്‍  ചെറുപ്പക്കാരന് നേരെ  തിരിയുകയും അവനെ നഗ്നനാക്കി തല്ലിക്കൊല്ലുകയും ചെയ്യുന്നു.  തുടര്‍ന്ന് അവന്റെ നെഞ്ച് കീറിയപ്പോൾ  അകത്ത് ഒരു കോമ്പസ് കണ്ടെത്തുന്നു. തുടര്‍ന്ന് നിരവധി പടക്കങ്ങൾ  പൊട്ടുന്നു. പിന്നെ കത്തുന്ന ഒരു ക്രിസ്തുമസ് വൃക്ഷം. സിനിമയുടെ അവസാന ഷോട്ടിൽ  ആംഗര്‍ ഷർട്ടിടാത്ത ഒരു ചെറുപ്പക്കാരനരികില്‍  കട്ടിലിൽ കിടക്കുന്നതായി കാണിക്കുന്നു. സ്വവര്‍ഗാനുരാഗിയെ ആക്രമിക്കുന്ന സിനിമയിലെ  ദൃശ്യങ്ങൾ രണ്ടാം ലോകമഹായുദ്ധകാലത്തെ  മെക്‌സിക്കൻ വിരുദ്ധ കലാപങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും  കൗമാരപ്രായത്തിൽ സ്വവർഗ്ഗാനുരാഗികൾക്ക് നേരെയുള്ള പോലീസ് ക്രൂരത താൻ നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്നും  ആംഗർ  വെളിപ്പെടുത്തുകയുണ്ടായി.  സിനിമ പുറത്തിറങ്ങിയപ്പോൾ, അശ്ലീലകുറ്റം ചുമത്തി ആംഗറിനെ അറസ്റ്റു ചെയ്തു.  അത് അശ്ലീലമല്ല, ചലച്ചിത്രകലയാണെന്ന്  പ്രഖ്യാപിച്ച്  സുപ്രീം കോടതി അദ്ദേഹത്തെ  കുറ്റവിമുക്തനാക്കി. 

1947-ൽ ലോസ്  ആഞ്ചൽസിൽ ആദ്യമായി ഈ സിനിമ പരസ്യമായി പ്രദർശിപ്പിച്ചപ്പോൾ എഴുത്തുകാരനായ ടെന്നസി വില്യംസും,  സംഗീതജ്ഞനായ ജോൺ കേജും ഉൾപ്പെടെ നിരവധി കലാപ്രതിഭകൾ പങ്കെടുത്തിരുന്നു. 'The most exciting  use of cinema  I have seen' എന്നാണ് വില്യംസ് സിനിമയെ വിശേഷിപ്പിച്ചത്. ആംഗർ ചിത്രത്തിന്റെ പ്രിന്റ് അയച്ചു കൊടുത്ത പ്രശസ്ത ഫ്രഞ്ച് ചലച്ചിത്രകാരനായ ഴാൻ  കോക്ത്  സിനിമയെ Festival du film Maudit-ല്‍ പ്രദര്‍ശിപ്പിക്കുകയും സിനിമ പുരസ്കാരം നേടുകയും ചെയ്തു. കോക്ത്  സിനിമയെ വിശേഷിപ്പിച്ചത് ഇപ്രകാരം: 'Coming from that beautiful night from which  emerge all true works.  It touches the  quick of the soul and this is very rare'.   ഫ്രാൻസിൽ സിനിമയോടുള്ള  പ്രതികരണം ആവേശകരമായിരുന്നു. പാരീസിലെ അവാംഗ്-ഗാര്‍ഡ് കലാകാരന്മാർ  ആംഗറിനെ ഒരു പുതിയ പ്രതിഭയായി വാഴ്ത്തി.

‘ഫയർവർക്ക്സി’ന്റെ ഒരു കോപ്പി ആദ്യമായി വാങ്ങിയവരിൽ ഒരാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെക്‌സ് റിസർച്ചിലെ സെക്‌സോളജിസ്റ്റ് ആൽഫ്രഡ് കിൻസി (Alfred Kinsey) ആയിരുന്നു.  ഇവരുടെ സൗഹൃദം കിൻസിയുടെ മരണം വരെ നീണ്ടുനിന്നു.  ആ സമയത്ത് ആംഗർ കിൻസിയെ ഗവേഷണത്തിൽ സഹായിച്ചു. പിതൃതുല്യമായ സ്ഥാനമാണ് ആംഗറിന്റെ ജീവിതത്തിൽ കിൻസിക്ക് ഉണ്ടായിരുന്നത്.

ആംഗറിന്റെ ഈ സിനിമ സ്വവർഗരതിയുമായി ബന്ധപ്പെട്ട സിനിമകളുടെ വ്യാപകമായ സ്വീകാര്യതയ്ക്ക് കാരണമായി. സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട  സുപ്രീം കോടതി വിധി സിനിമയുടെ സ്വവർഗരതി വിഷയങ്ങൾക്കിടയിലും അത് അശ്ലീലമല്ലെന്ന് പ്രഖ്യാപിച്ചപ്പോള്‍  സ്‌ക്രീനിൽ സ്വവർഗരതി വിഷയങ്ങൾ നിയമവിധേയമാക്കുന്നതിന് വഴിയൊരുക്കാൻ സഹായിച്ചു. ഈ രീതിയിൽ, അദ്ദേഹത്തിന്റെ  സിനിമകൾ  ലൈംഗികമാനദണ്ഡങ്ങളുടെ തടസ്സങ്ങൾ തകർത്തു കൊണ്ട് അഗാധമായ സാംസ്കാരിക സ്വാധീനം ചെലുത്തിയതായി കണക്കാക്കാം. അദ്ദേഹത്തിന്റെ സിനിമകൾ ലൈംഗികതയുടെ മേഖലയിൽ സാംസ്കാരികവും ചലച്ചിത്രപരവുമായ വ്യവഹാരമായി ചർച്ച ചെയ്യപ്പെട്ടു, പ്രത്യേകിച്ച് ക്വിയർ സിദ്ധാന്തവുമായും സിനിമയുമായും ബന്ധപ്പെട്ട്. സിനിമയില്‍ സ്വവർഗരതിയുടെ അവതരണത്തിന്റെ ഒരു പ്രധാന വ്യക്തിയായി ക്വിയർ സിനിമാ പ്രസ്ഥാനത്തിനുള്ളിൽ പലരും അദ്ദേഹത്തെ കാണുന്നു.  

ആംഗര്‍ ഹോളിവുഡ് മാതൃകകളെ - ഇതിവൃത്തത്തെയും ശൈലിയെയും നിര്‍മ്മാണത്തെയും - നിരാകരിച്ചു.  എന്നാല്‍ ‘ഡ്രീം ഫാക്ടറി’ എന്നറിയപ്പെടുന്ന ഹോളിവുഡിന്റെ തിളങ്ങുന്ന, ഗ്ലാമറസ്സായ ദൃശ്യങ്ങള്‍ അദ്ദേഹം ഉപയോഗിച്ചു. അദ്ദേഹത്തിന്റെ സിനിമകളിൽ  ഹോളിവുഡിന്റെ കോസ്റ്റ്യൂം, ഫാന്റസി, അന്യലോകത്തിലെ എന്ന് തോന്നിപ്പിക്കുന്ന സെറ്റുകൾ, മാന്ത്രികത എന്നിവയുടെ ഉപയോഗം കാണാം.  എന്നാല്‍, അദ്ദേഹം മായികതയുടെ ഉപരിതലത്തിനടിയിലേക്ക് ഉറ്റുനോക്കി ഉപരിതലത്തിലെ തിളക്കത്തെ പുനർനിർവചിച്ചു. തന്റെ ‘പ്യൂസ് മൊമെന്റ് ‘  (Puce Moment) എന്ന ആറു മിനിട്ട് ദൈർഘ്യമുള്ള സിനിമയിൽ ഈ രീതിയിലുള്ള വസ്ത്രങ്ങള്‍ അദ്ദേഹം ധാരാളമായി ഉപയോഗിക്കുകയുണ്ടായി. 1920-കളിലെ ശൈലിയിലുള്ള പല നിറങ്ങളിലുള്ള തിളങ്ങുന്ന ഗൗണുകൾ ഡ്രെസ് റാക്കിൽ നിന്ന് ഒന്നിനുപുറകെ മറ്റൊന്നായി എടുത്തു മാറ്റുന്നതാണ് തുടക്കത്തില്‍ നാം കാണുന്നത്.  ഗൌണുകള്‍ റാക്കിൽ  നിന്ന് നീക്കം ചെയ്യുന്നതിന് അകമ്പടിയായി സംഗീതം. അപ്പോള്‍ ഗൌണുകൾ  സംഗീതത്തിനനുസരിച്ച് നൃത്തംചെയ്യുന്നതായി നമുക്ക് അനുഭവപ്പെടുന്നു. സുന്ദരിയായ ഒരു യുവതി ധരിക്കാനായി തനിക്ക് ചേരുന്ന ഗൗണ്‍ തിരയുകയാണെന്ന് നാം പതിയെ മനസ്സിലാക്കുന്നു. അവളുടെ പ്രതിബിംബം കണ്ണാടിയില്‍.  പിന്നീട് ഈ സ്ത്രീ കടുംപച്ച നിറത്തിലുള്ള ഗൗൺ ധരിച്ച് പെർഫ്യൂം പുരട്ടുന്നു. തുടര്‍ന്ന് അവൾ തന്റെ വിശ്രമക്കസേരയിൽ ചാരിക്കിടക്കുന്നു. പതിയെ കസേര സ്വയം  മുറിക്ക് ചുറ്റും നീങ്ങാൻ തുടങ്ങുകയും ഒടുവിൽ ഒരു നടുമുറ്റത്തേക്ക് പോവുകയും ചെയ്യുന്നു.

അവൾ ആദ്യം പുരുഷആഗ്രഹത്തിന്റെ വസ്തുവായി തോന്നുമെങ്കിലും  ആംഗറിന്റെ വിചിത്രമായ എഡിറ്റിംഗ്, ഫ്രെയിം റേറ്റിന്റെ തിരിമറി, ശബളമായ നിറങ്ങള്‍, അമിത രീതിയിലുള്ള  ടെക്സ്ച്ചർ എന്നിവയുടെ ഉപയോഗത്തിലൂടെ പരമ്പരാഗതമായ, അല്ലെങ്കില്‍ ആ കാലഘട്ടത്തിലെ പല ഫോളിവുഡ്  സ്റ്റുഡിയോ സിനിമകളിലേതുപോലെ പുരുഷന്റെ നോട്ടം തഴച്ചുവളരാൻ  അനുവദിക്കുന്നില്ല. മാത്രവുമല്ല, ഈ സ്ത്രീകഥാപാത്രം, അക്ഷരാർത്ഥത്തിൽ, അടിച്ചമർത്തുന്ന സ്വകാര്യമുറിയിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കപ്പെടുന്നു. പുരുഷ ലൈംഗികാഭിലാഷത്തിന്റെ ഒരു വസ്തുവല്ല, മറിച്ച് അവളുടെ ലൈംഗികതയ്ക്കു മേൽ പൂർണ്ണമായ അധികാരമുള്ള ഒരു സ്ത്രീയാണ് അവൾ.

ഈ സിനിമ കളറിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹം  ‘പ്യൂസ് വുമൺ’  (Puce Women) എന്ന പേരിൽ  ഹോളിവുഡിലെ നിശ്ശബ്ദ സിനിമയുടെ കാലത്തെ പ്രശസ്തരായ അഭിനേത്രികളെ കുറിച്ച് ഒരു സിനിമയുണ്ടാക്കാന്‍  പദ്ധതിയിട്ടിരുന്നു. അവരെ അവരുടെ വീട്ടില്‍ വച്ച് ചിത്രീകരിക്കാനായിരുന്നു പദ്ധതി. എന്നാല്‍  ഫണ്ടിന്റെ അഭാവം കാരണം ഒരു സീക്വന്‍സ് മാത്രമേ ചിത്രീകരിക്കാൻ  കഴിഞ്ഞുള്ളൂ.  ഇതാണ്  ‘പ്യൂസ് മൊമെന്റ് ‘ എന്ന പേരിൽ പുറത്തിറങ്ങിയ സിനിമ.

ഹോളിവുഡ് കോസ്റ്റ്യൂമിനോടുള്ള താത്പര്യം മുത്തശ്ശിയാണ് ആംഗറില്‍ വളര്‍ത്തിയത്. ഹോളിവുഡിലെ നിശബ്ദ സിനിമ കാലഘട്ടത്തിൽ  അവർ  ഒരു കോസ്റ്റ്യൂം   ഡിസൈനറായിരുന്നു.  മുത്തശ്ശി മരിക്കുമ്പോൾ  അവർ  ജോലി ചെയ്ത സിനിമകളിൽ നിന്നുള്ള വസ്ത്രങ്ങളുടെ ശേഖരം  ആംഗറിന് സമ്മാനിച്ചു. (ആ വസ്ത്രങ്ങളെല്ലാം ആംഗർ പിന്നീട്  ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് കൈമാറുകയുണ്ടായി).  

ആംഗര്‍ ചെറുപ്പമായിരുന്നപ്പോൾ  മുത്തശ്ശി ശക്തമായ സ്വാധീനം ചെലുത്തി. ആദ്യമായി സിനിമ കാണാൻ  കൊണ്ടുപോയത് മുത്തശ്ശിയാണ്. അവര്‍ ആംഗറിന്റെ കലാപരമായ താൽപ്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്നീട് ഹോളിവുഡിലെ ഒരു വീട്ടിലേക്ക് ആംഗറിനൊപ്പം മാറുകയും ചെയ്തു. ചെറുപ്പം തൊട്ടേ ആംഗര്‍ സിനിമയിൽ തത്പരനായിരുന്നു, സിനിമാ പുസ്തകങ്ങൾ  ധാരാളമായി വായിക്കുമായിരുന്നു.  സൈനിക യൂണിഫോം ഉപയോഗിച്ച് ആംഗർ നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.  ‘യൂണിഫോം അട്രാക്ഷൻ’ (Uniform Attraction) എന്ന  സിനിമ  സൈനിക യൂണിഫോമിലുള്ള  വസ്തുക്കളില്‍ ലൈംഗിക താത്പര്യം കാണിക്കുന്ന മാനസികാവസ്ഥയെ (Fetishistic interest) കുറിച്ചാണ്. ഫയര്‍വര്‍ക്സ് (Fireworks) എന്ന സിനിമയില്‍ അമേരിക്കൻ  നേവിയുടെ വെളുത്ത യൂണിഫോം ഉണ്ട്. യൂണിഫോമിന്റെ ഉദ്ദേശ്യം ഒരു വ്യക്തിയെ ഒരു പൗരനിൽ  നിന്ന് ഒരു യൂണിറ്റാക്കി മാറ്റുക എന്നതാണ്. അപ്പോള്‍ എല്ലാവരും ഒരേ തരത്തിലുള്ള യൂണിഫോം ധരിക്കുന്നു എന്ന വസ്തുത എല്ലാവരെയും ഒരു ഏകീകൃത യൂണിറ്റാക്കി മാറ്റുന്നു എന്നാണ്.  അദ്ദേഹത്തിന്റെ ‘ഐ വാണ്ട് ‘(I Want) എന്ന സിനിമ ഹിറ്റ്ലറുടെ ജർമ്മനിയിലെ യുവാക്കളെ കുറിച്ചാണ്. ആംഗര്‍ ഈ സിനിമയെ കുറിച്ച് ഇപ്രകാരം പറയുകയുണ്ടായി: “അവരുടെ കൈകളില്‍ കെട്ടിയ സ്വസ്തിക ചിന്ഹം അഴിച്ചുമാറ്റിയാൽ, ആൺകുട്ടികളുടെ വസ്ത്രം പരമ്പരാഗത ബോയ് സ്കൗട്ടിന് സമാനമാണ്! നാസികൾ ബോയ് സ്കൗട്ടുകളെ പകർത്തി എന്നു പറയാം.  നാസികൾ  മസ്തിഷ്ക പ്രക്ഷാളനം ചെയ്ത ഭാവി യോദ്ധാക്കളായി അവരെ ഏറ്റെടുത്തു”.  

തന്റെ ജീവിതവും  പ്രവർത്തികളും  മാജിക്' ആണെന്ന്' ആംഗർ  പ്രസ്താവിക്കുകയുണ്ടായി. സിനിമാട്ടോഗ്രാഫി തന്റെ 'മാന്ത്രിക' ആയുധവും. അത്തരം അനുഭവം പ്രേക്ഷരില്‍ സൃഷ്ടിക്കാനാണ് അദ്ദേഹം തന്റെ സിനിമകളിലൂടെ ശ്രമിക്കുന്നത്.  “സിനിമ മന്ത്രവാദം പോലെയാണ് “ എന്നാണ് അദ്ദേഹം പറഞ്ഞത്.   മാജിക്കിലൂടെ തന്റെ പ്രേക്ഷകരുടെ യാഥാർത്ഥ്യങ്ങളെ നേരിട്ട് സ്വാധീനിക്കാനാണ് താൻ ശ്രമിക്കുന്നുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അദ്ദേഹത്തിന്റെ സിനിമകൾ കലാപരമായ മാന്ത്രിക അനുഷ്ഠാനമായി പ്രവർത്തിക്കുന്നു, ആത്മീയതയെ പരീക്ഷണ സിനിമയുമായി സംയോജിപ്പിച്ച് സിനിമാറ്റിക് മാന്ത്രികതയുടെ ഒരു പുതിയ രൂപം നിർമ്മിക്കുന്നു.  പറഞ്ഞറിയിക്കാന്‍ പറ്റാത്ത രീതിയിലുള്ള സൈക്കഡലിക് അനുഭവം പകരുന്ന സിനിമകളാണ് ആംഗറിന്റെത്.

സ്റ്റേജ് മാജിക്കിൽ നിന്ന് തന്റെ പരിശീലനത്തെ വേർതിരിക്കാൻ ആഗ്രഹിച്ച ഇരുപതാം നൂറ്റാണ്ടിലെ നിഗൂഢശാസ്ത്രജ്ഞനായ  അലിസ്റ്റർ ക്രൗളി Magic എന്നല്ല പകരം Magick എന്നാണ് ഉപയോഗിച്ചത്.  ഈ അക്ഷര വ്യത്യാസത്തിലൂടെ  ആത്മീയ പരിശീലനത്തെ ഫാന്റസി നോവലുകളുടെയും സിനിമകളുടെയും സാങ്കൽപ്പിക മായാജാലത്തിൽ നിന്ന് വേർതിരിക്കുന്നു. ക്രൗളി യെ സ്മബന്ധിച്ച് മാജിക്ക് എന്നത് അമാനുഷിക ശക്തികളെ വളർത്തിയെടുക്കലല്ല, മറിച്ച്  പ്രകൃതിശക്തികളുമായി സ്വയം ലയിക്കലാണ്. ആത്മാവും മുഴുവൻ പ്രപഞ്ചവും തമ്മിലുള്ള പരസ്പര ബന്ധം.  ഒരു വ്യക്തിയുടെ ബോധത്തെ മാറ്റുന്ന  അനുഷ്ഠാന വിദ്യകളിലൂടെ  അവൻ അല്ലെങ്കിൽ അവൾ ദൈവികതയെ പുണരുന്നു. 

“മാജിക് എന്തല്ലെന്ന് വിശദീകരിക്കാൻ ഞാൻ ആദ്യം ആഗ്രഹിക്കുന്നു. ഇത് ഒരു കണ്‍കെട്ട് വിദ്യ  അല്ല. എന്നെ സംബന്ധിച്ചിടത്തോളം, മാജിക് എല്ലാ ജീവിതത്തിന്റെയും പശ്ചാത്തലമാണ് - ദൈനംദിന ജീവിതം, പ്രത്യേക സാഹചര്യം എന്ന വ്യത്യാസമില്ലാതെ.   മാജിക് എല്ലാ സമയത്തും ഒരു പശ്ചാത്തലമായി അവിടെ കാത്തിരിക്കുന്നത് പോലെയാണ്. ഇച്ഛയ്ക്കനുസരിച്ച് മാറ്റം വരുത്താനുള്ള ഒരു ശാസ്ത്രവും കലയുമാണ് മാജിക്. ഒരു കലാകാരനെന്ന നിലയിൽ, ഞാൻ സിനിമയെ എന്റെ മാന്ത്രിക (മാജിക്) ആയുധമായി തിരഞ്ഞെടുത്തു” – എന്ന് ആംഗർ  പറയുകയുണ്ടായി.  അദ്ദേഹത്തെ സംബന്ധിച്ച് സിനിമ ഒരു മാന്ത്രിക അനുഷ്ഠാനമാണ് എന്നു പറയാം. ആംഗറിന്റെ സിനിമകളില്‍  ഉദാഹരണമായി, റാബിറ്റ്സ് മൂൺ (Rabbit’s Moon) പോലുള്ള സിനിമകളില്‍  ജോർജ്ജ് മെലിയസിന്റെ  (Georges Méliès) സിനിമകളുടെ സ്വാധീനം കാണാം.  (അദ്ദേഹം ഒരു മാന്ത്രികനും ആയിരുന്നല്ലോ).  

ആത്മീയ ശക്തികളെ ആവാഹിക്കാൻ പ്രാപ്തമായ ചടങ്ങുകളായി കണക്കാക്കുന്ന നിഗൂഢ മാന്ത്രികവിദ്യയുടെ (Occult magic) പരിശീലകനായ ആംഗര്‍ തന്റെ സിനിമകളെ   ഇതിന്റെ പ്രതിഫലനമാണ് എന്നാണ് പറയുന്നത്.  സിനിമ ഒരു ദുഷ്ടശക്തിയാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ആളുകളുടെയും സംഭവങ്ങളുടെയും മേൽ നിയന്ത്രണം ചെലുത്തുക എന്നതാണ് അതിന്റെ ലക്ഷ്യം, തന്റെ സിനിമകള്‍ ആ ഉദ്ദേശ്യത്തോടെയാണ്  പ്രവര്‍ത്തിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.  ശാസ്ത്രം, യുക്തിബോധം, അനുഭവപരമായ തെളിവുകൾ എന്നിവ  ആധിപത്യം പുലർത്തുന്ന ഇന്നത്തെ ലോകം  ഇതൊക്കെ യുക്തിരഹിതമായി തള്ളിക്കളഞ്ഞേക്കാം.  (നമ്മുടെ ഉള്ളില്‍ രൂഢമൂലമായിക്കിടക്കുന്ന ആദിസങ്കല്‍പ്പങ്ങളെയും, മിത്തുകളെയും, അനുഷ്ഠാനങ്ങളെയും നാം ഈ രീതിയില്‍ തള്ളിക്കളയുകയുണ്ടായി). 

നാം ജീവിക്കുന്ന ദൈനംദിന ലോകത്തെ സ്വാധീനിക്കാനും മാറ്റാനും രൂപപ്പെടുത്താനുമുള്ള ശക്തിയുള്ള ഒരു മാന്ത്രിക രൂപമാണ് കല എന്ന് അവകാശപ്പെടുന്നവരുണ്ട്.  കലയുടെയും മാന്ത്രികതയുടെയും ഈ സമന്വയം  ആംഗറിന്റെ സൃഷ്ടിയുടെ അടിത്തറയാണ്.  അദ്ദേഹത്തിന്റെ വിശ്വാസം എന്തുതന്നെയായാലും, നിഷേധിക്കാനാവാത്തത് എന്തെന്നാൽ, അദ്ദേഹത്തിന്റെ  സിനിമകളിലെ  ദൃശ്യതീവ്രതയും  അതിശയിപ്പിക്കുന്ന കാവ്യാത്മകതയുമാണ്.  ഈ സിനിമകള്‍ ആഖ്യാനപരമായി നൂതനമാണ്.  സംഭാഷണങ്ങള്‍ ഇല്ലാത്ത ഈ സിനിമകൾ  നിശ്ശബ്ദ യുഗം കടന്നുപോയപ്പോള്‍   പ്രത്യേകിച്ച് എഡിറ്റിംഗിന്റെ മേഖലയിൽ, മന്ദഗതിയിലാക്കപ്പെട്ടതോ നശിപ്പിക്കപ്പെടുന്നതോ ആയ സവിശേഷമായ സിനിമാറ്റിക് ഗുണങ്ങളുടെ പുനരുജ്ജീവനത്തെയും വികാസത്തെയും പ്രതിനിധീകരിക്കുന്നു എന്നാണ് ഒരു പഠിതാവ് അഭിപ്രായപ്പെടുന്നത്. 

ആംഗറിന്റെ സിനിമകൾ അദ്ദേഹത്തിന്റെ ഒക്കള്‍ട്ട് പരിശീലനത്തിന്റെ  സിനിമാറ്റിക് പ്രകടനങ്ങളാണ്. അതുപോലെ, അവ വളരെ പ്രതീകാത്മകമാണ്, ഒന്നുകിൽ ദൈവങ്ങളെയും ശക്തികളെയും ഭൂതങ്ങളെയും നേരിട്ട് ചിത്രീകരിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു (Inauguration of the Pleasure Dome, Lucifer Rising) അല്ലെങ്കിൽ സമകാലിക പോപ്പ് സംസ്കാരത്തില്‍ അവയ്ക്ക്  അനുയോജ്യമായ ഒരു രൂപം കണ്ടെത്തുന്നു,     (Puce Moment, Scorpio Rising, Kustom Kar Kommandos, Inauguration of the Pleasure Dome) .

പ്രേക്ഷകരുടെ അന്തര്‍ബോധത്തിൽ  മാറ്റം വരുത്താൻ ശ്രമിക്കുന്നതിനിടയിൽ, ആംഗർ പരമ്പരാഗത ആഖ്യാന ഉപാധികൾ ഒഴിവാക്കുന്നു, എന്നിരുന്നാലും അദ്ദേഹത്തിന്റെ സിനിമകൾ തീർച്ചയായും കഥകൾ പറയുന്നു. ശക്തമായ നിഗൂഢ ചിത്രങ്ങളും, സൂപ്പർഇമ്പോസിഷനും, ഏതാനും ഫ്രെയിമുകളിൽ മാത്രം പ്രവർത്തിക്കുന്ന ദൃശ്യങ്ങളും അവതരിപ്പിക്കുന്ന വളരെ സങ്കീർണ്ണമായ എഡിറ്റിംഗ് തന്ത്രങ്ങൾ ഉപയോഗിച്ച്, ആംഗര്‍ നമ്മുടെ യുക്തിയെ മറികടന്ന് നമ്മുടെ ഉപബോധമനസ്സിനെ നേരിട്ട് ആകർഷിക്കുന്നു. അദ്ദേഹത്തിന്റെ പ്രധാന സിനിമകളുടെ പൊതുവായുള്ള ഘടന ആത്മീയ ശക്തികളെ ആവാഹിക്കുന്നതോ ഉണർത്തുന്നതോ ആയ ഒരു ആചാരമാണ്, ആഭിചാരമാണ്.

ആംഗർ പറയുന്നതനുസരിച്ച്, ‘ലൂസിഫർ റൈസിംഗ് ‘  (Lucifer Rising) എന്ന സിനിമ  ഒരു സിനിമാറ്റിക് ആചാരപരമായ ആരാധനയും തന്റെ ആരാധനാ  ദൈവമായ ലൂസിഫറിനോടുള്ള ആദരവുമാണ്.  1904-ൽ ബ്രിട്ടീഷ് നിഗൂഢശാസ്ത്രജ്ഞനായ അലിസ്റ്റർ ക്രോളി സ്ഥാപിച്ച ‘തെലേമ’യുടെ അനുയായി എന്ന നിലയിൽ, ലൂസിഫറിന്റെ രൂപം തിന്മയുമായോ സാത്താനോടോ തുല്യമല്ല, മറിച്ച് ഈജിപ്ഷ്യൻ ദേവനായ ഹോറസിന്റെതാണ്.  (പുരാതന ഈജിപ്ഷ്യൻ ഭാഷയിൽ ഹെറു അല്ലെങ്കിൽ ഹോർ എന്നും അറിയപ്പെടുന്ന ഹോറസ്, പല പ്രവർത്തനങ്ങൾ ചെയ്ത പുരാതന ഈജിപ്ഷ്യൻ ദേവതകളിൽ ഒന്നാണ്, പ്രത്യേകിച്ചും രാജത്വം, രോഗശാന്തി, സംരക്ഷണം, സൂര്യൻ, ആകാശം എന്നിവയുടെ ദൈവം). 

തെലേമ, കബാല, ഹെർമെറ്റിസിസം, ഈജിപ്ഷ്യൻ മിസ്റ്റിസിസം, തന്ത്ര  തുടങ്ങിയ പാശ്ചാത്യ, പൌരസ്ത്യ  നിഗൂഢ പാരമ്പര്യങ്ങളുടെ സമന്വയമാണ്. തെലെമിക് വിശ്വാസവും ആചാരവും  പത്തൊൻപതാം നൂറ്റാണ്ടിലെ ആത്മീയതയുടെയും ലൈംഗികതയുടെയും വ്യത്യസ്‌ത വ്യവഹാരങ്ങളുടെ  സാമൂഹിക അതിർവരമ്പുകളുടെയും വിലക്കിന്റെയും തീവ്രമായ ലംഘനത്തിലൂടെ മറികടക്കാൻ ശ്രമിച്ചു. ഊർജ്ജസ്വലമായ ശരീരത്തിന്റെ പൗരസ്ത്യ സങ്കൽപ്പങ്ങളുമായി പാശ്ചാത്യ മാന്ത്രികതയെ സംയോജിപ്പിച്ചു.

അതിൽ വ്യക്തിയുടെ ഇച്ഛാശക്തി  എല്ലാ അടിച്ചമർത്തലുകളിൽ നിന്നും മോചിപ്പിക്കപ്പെടും. ലൈംഗിക സഹജാവബോധത്തെ അടിച്ചമർത്തുന്നതാണ് മാനസിക ക്ലേശത്തിന്റെ അടിസ്ഥാന കാരണം എന്ന ഫ്രോയിഡിയൻ വിശ്വാസത്തിന്റെ അനുയായി എന്ന നിലയിൽ, ക്രൗളി തന്റെ The Book of the Law എന്ന പുസ്തകത്തിൽ ഇപ്രകാരം  അവകാശപ്പെട്ടു: "ആധുനിക ലോകത്തിന്റെ അക്രമാസക്തമായ പ്രക്ഷുബ്ധത ലൈംഗിക സഹജാവബോധം അടിച്ചമർത്തലിലാണ് “.

ആംഗര്‍ പ്രചോദനം ഉള്‍ക്കൊണ്ട ക്രൗളിയുടെ ആശയങ്ങളെ നമ്മുടെ ‘മായ’ എന്ന ആശയവുമായി Alana  Louise  Bowden പഠിക്കുകയും അതിനെ ആംഗറിന്റെ സിനിമകളുമായി ബന്ധിപ്പിക്കുകയും ചെയ്തു.  ‘മായ’  ഒരേസമയം മാന്ത്രികതയെയും കലയെയും മാത്രമല്ല, മിഥ്യാധാരണ, ഭാവന, സർഗ്ഗാത്മക ശക്തി എന്നിവയെയും സൂചിപ്പിക്കുന്നു എന്നാണ് ബൌഡെന്‍ പറയുന്നത്. എന്നാല്‍, പാശ്ചാത്യ  സമൂഹങ്ങളിൽ, കലയുടെയും മാന്ത്രികവിദ്യയുടെയും ആശയങ്ങൾ വ്യത്യസ്തമാണ്. ഈ വേർപിരിയൽ ജ്ഞാനോദയത്തിന്റെ  (Enlightenment) സാമൂഹിക-സാംസ്കാരികവും ദാർശനികവുമായ വ്യവഹാരങ്ങളുടെ ഫലമായിരുന്നു, അത് വിശ്വാസത്തേക്കാൾ യുക്തിസഹവും അനുഭവപരമായ ശാസ്ത്രീയതയ്ക്ക് അമിതമായ പ്രാധാന്യം  നൽകി.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, യാഥാസ്ഥിതിക മതത്തോടുള്ള വെല്ലുവിളി എന്ന രീതിയില്‍ മാത്രമല്ല, ശാസ്ത്രത്തിന്റെയും യുക്തിയുടെയും ആധിപത്യ സാമൂഹിക സാംസ്കാരിക വ്യവഹാരങ്ങളോടുള്ള പ്രതികരണമായി ഒക്കള്‍ട്ട്  തിയേറ്ററിന്റെ ഒരു രൂപം ഉയർന്നുവന്നു. ഇതിന്റെ പരിശീലകർ ആത്മീയ പരിശീലനത്തിനും സിദ്ധാന്തത്തിനും പ്രാധാന്യം നല്‍കി.    മനുഷ്യരെ ദൈവികവുമായി ബന്ധിപ്പിക്കുന്നതിനുള്ള അടിസ്ഥാന മാർഗമായി അവർ  കലയെ സങ്കൽപ്പിച്ചു. ഇന്ത്യന്‍ കലാ സങ്കല്‍പ്പങ്ങൾ  അനുസരിച്ച്,  വായനക്കാരെ / പ്രേക്ഷകരെ പ്രകൃതിയുമായി, പരമാത്മാവുമായി ഐക്യത്തിലാക്കുക / ലയിപ്പിക്കുക എന്നതാണ് കലയുടെ പരമമായ ലക്ഷ്യം. ഈ രീതിയില്‍ ലയിച്ച വ്യക്തിയാണ് ഭാവപൂര്‍ണ്ണൻ.

പത്തൊൻപതാം നൂറ്റാണ്ടിലെ ഒക്‌ൾട്ട് തിയേറ്റർ ആംഗറിന്റെ സിനിമാറ്റിക് മാജിക്കൽ പ്രാക്‌സിസത്തിന്റെ മുൻഗാമിയാണെന്ന് പറയാം.  ആംഗറില്‍ ഒക്കള്‍ട്ടിസം സര്‍ഗ്ഗാത്മകതയുടെ എജന്റായി പ്രവര്‍ത്തിക്കുന്നു.  ആംഗറുടെ സിനിമകളില്‍  മാന്ത്രികത  മതപരമായ അര്‍ത്ഥത്തിലല്ല,  ആത്മീയമായ അർത്ഥത്തിൽ വിന്യസിച്ചിരിക്കുന്നതിനാൽ,  അത് ഒരു മതേതര സാമൂഹിക സാംസ്കാരിക വ്യവഹാര പ്രതിഭാസമാണ്.   ഒരു മാന്ത്രിക കലാവസ്തുവായിരിക്കുമ്പോള്‍ത്തന്നെ ആംഗറിന്റെ സിനിമകൾ  മാധ്യമത്തിന്റെയും സംസ്കാരത്തിന്റെയും അതിരുകൾ വിപുലീകരിക്കുകായും ഒപ്പം പരീക്ഷണ സിനിമയുടെ ഒരു മാതൃകയായിരിക്കുക്കുകയും ചെയ്യുന്നു.   

ഒരു ഒക്ക്ലിസ്റ്റും, തത്ത്വചിന്തകനും,  ആചാരപരമായ മാന്ത്രികനും,  കവിയും, ചിത്രകാരനും, നോവലിസ്റ്റും,   പർവതാരോഹകനുമായിരുന്ന  അലിസ്റ്റർ ക്രൗളിയുടെ (Aleister Crowley)  പ്രത്യേകം ചിലര്‍ക്കുമാത്രം ഉപദേശിക്കുന്ന നിഗൂഡ അറിവുകൾ പിന്തുടരുകയായിരുന്നു ആംഗർ. അനുഷ്ഠാനപരമായ ലൈംഗികതയുടെ പ്രചാരകനായിരുന്ന  ക്രൗളിക്ക്   അതുകൊണ്ടുതന്നെ വലിയ പേരുദോഷം ഉണ്ടായിരുന്നു.  അദ്ദേഹം ‘തെലേമ’  എന്ന  മതം സ്ഥാപിച്ചു. ആംഗർ ഈ മതം സ്വീകരിക്കുകയുണ്ടായി. അലീസ്റ്റർ ക്രൗളിയെ കുറിച്ച്  ‘ദി വിക്കെസ്റ്റ് മാൻ ഇൻ വേൾഡ് ‘  എന്ന പേരിൽ ഒരു സിനിമ നിർമ്മിക്കാൻ ആംഗറിന് പദ്ധതിയുണ്ടായിരുന്നു, എന്നാൽ ഈ പ്രോജക്റ്റ് ഒരിക്കലും മുന്നോട്ടുപോയില്ല.  എന്നാല്‍, ‘തെലേമ അബി’ (Thelema Abbey) എന്ന പേരില്‍ ആംഗർ  ഒരു പത്തു മിനിട്ട് ദൈര്‍ഘ്യമുള്ള സിനിമ സംവിധാനം ചെയ്യുകയുണ്ടായി.

1920-ൽ ഇറ്റലിയിലെ സിസിലിയിൽ ക്രൗളിയും, ലിയ ഹിർസിഗും സ്ഥാപിച്ച The Abbey of Thelema എന്ന വീട് ഒരു ക്ഷേത്രവും ആത്മീയ കേന്ദ്രവുമായി ഉപയോഗിച്ചിരുന്നു.  ഇതിനകത്ത് താമസിക്കുന്നവർ നിയമങ്ങല്‍ക്കോ, ചട്ടങ്ങള്‍ക്കോ, നിബന്ധനകള്‍ക്കോ അനുസരിച്ചല്ല, മറിച്ച് അവരുടെ സ്വന്തം ഇച്ഛയ്ക്കും ഇഷ്ടത്തിനും അനുസരിച്ചാണ് ജീവിച്ചത്. ഇത്  ക്രൗളി വിഭാവനം ചെയ്ത  ആദർശപരമായ   കമ്യൂണിന്റെ മാതൃകയായിരുന്നു. ഈ ചെറിയ വീടിനെ മാജിക്കിന്റെ  ആഗോള കേന്ദ്രമാക്കി മാറ്റാൻ ക്രൗളി  പദ്ധതിയിട്ടിരുന്നു.

പന്ത്രണ്ടു മിനിട്ട് ദൈര്‍ഘ്യമുള്ള  ‘ദി മാന്‍ വി വാണ്ട് ടു ഹാംഗ് ‘  (The Man We Want to Hang) എന്ന സിനിമ ക്രൗളിയുടെ  പെയിന്റിംഗുകളും രേഖാചിത്രങ്ങളും വസ്തുക്കളും ഉപയോഗിച്ച്  അദ്ദേഹത്തിന് ആംഗർ നൽകിയ ആദരാഞ്ജലിയാണ്.  ക്രൗളിയെ അപലപിക്കുന്ന ‘സൺഡേ എക്‌സ്‌പ്രസ് ‘ പത്രത്തിലെ  ഒരു കുപ്രസിദ്ധ തലക്കെട്ടിന്റെ പരാമർശമാണ് സിനിമയുടെ പേര്.  ‘അറ്റ്ലാന്റിസ്: ദി ലോസ്റ്റ് കോണ്ടിനെന്റ് ‘ (Atlantis: The Lost Continent ) എന്ന അലിസ്റ്റർ ക്രൗളിയുടെ പുസ്തകത്തിന് ആംഗർ  അവതാരിക എഴുതിയിട്ടുണ്ട്.  ക്രൗളിയെ യുവസംസ്‌കാര മദ്ധ്യത്തിൽ  അവതരിപ്പിച്ചതിന്റെ ഉത്തരവാദി ആംഗര്‍ ആണ്. 1971-ലെ ഒരു അഭിമുഖത്തിൽ ആംഗർ ഇക്കാര്യം വ്യക്തമാക്കി:   "“I have one product that I’m selling; the 20th century’s most misunderstood genius, called Aleister Crowley”.

ജീവിതവും സിനിമകളും

1300 മുതൽ 1521 വരെയുള്ള കാലഘട്ടത്തിൽ മധ്യ മെക്സിക്കോയിൽ തഴച്ചുവളർന്ന  മെസോ-അമേരിക്കൻ സംസ്കാരമായിരുന്ന ആസ്ടെക്കുകളെ കുറിച്ചുള്ള സിനിമ – ‘ദി ലവ് ദാറ്റ്‌ വിര്‍ല്സ് ‘ (The Love That Whirls) - അതിൽ അടങ്ങിയിരിക്കുന്ന നഗ്നത കാരണം, ഫിലിംലാബിലെ സാങ്കേതിക വിദഗ്ധർ അത് അശ്ലീലമാണെന്ന് കരുതി നശിപ്പിച്ചു. 1950-ൽ, ആംഗർ പാരീസിലേക്ക് താമസം മാറ്റി. ട്രേഡ് യൂണിയൻ സംഘടനകളിൽ ഉള്ള തിനാൽ കരിമ്പട്ടികയിൽ പെടുത്തിയതിനെത്തുടർന്ന് ഹോളിവുഡ് വിടാൻ നിർബന്ധിതനായി, സുഹൃത്തുക്കളോടൊപ്പം താമസിച്ചു. തുടര്‍ന്ന് ഫ്രഞ്ച് സംവിധായകൻ ഴാൻ കോക്തുമായി വലിയ സൌഹൃദത്തിലായി. (കോക്ത് ആംഗറിന്റെ ‘ഫയര്‍വര്‍ക്സ് ‘ എന്ന സിനിമയെ അഭിനന്ദിച്ചിരുന്നു.) തന്റെ ബാലെ ‘ദ യംഗ് മാൻ ആൻഡ് ഡെത്ത് ‘  (The Young Man and Death)  സിനിമയാക്കാനുള്ള അനുവാദം കോക്ത് ആംഗറിന് നല്‍കി.  ഇക്കാലത്ത് അദ്ദേഹം പ്രശസ്ത ആര്‍ക്കൈവിസ്റ്റ് ഹെൻറി ലാംഗ്ലോയ്‌സിനായി (Henri Langlois)  ലാ സിനിമാതേക് ഫ്രാങ്കെയ്‌സിൽ (La Cinémathèque française)  ജോലി ചെയ്യുകയുണ്ടായി. (ആംഗറിനെ സിനിമയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാനായി ലാംഗ്ലോയ്‌സ്  ഐസൻസ്റ്റീനിന്റെ   “ക്വാ വിവിവാ മെക്‌സിക്കോ” (Que Viva Mexico) എന്ന സിനിമയിൽ നിന്നുള്ള റീലുകൾ ലാംഗ്ലോയിസ് ആംഗറിന് സമ്മാനിച്ചു).

പണമോ സിനിമാപ്രവര്‍ത്തമോ  ഇല്ലാത്ത സാഹചര്യത്തിൽ അദ്ദേഹം ഫ്രഞ്ച് ചലച്ചിത്രനിരൂപണ മാസികയായ കഹേ ഡു സിനിമയിൽ എത്തി, ഹോളിവുഡ് ചരിത്രത്തെക്കുറിച്ച് താൻ കേട്ട കഥകൾ അവര്‍ക്ക് എഴുതിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തു. അദ്ദേഹം കൂടുതൽ എഴുതിയപ്പോൾ, അതൊരു പുസ്തകമാക്കാൻ  എഡിറ്റര്‍മാർ തീരുമാനിച്ചു. അങ്ങനെയാണ്  ‘ഹോളിവുഡ് ബാബിലോൺ’ എന്ന പുസ്തകം ജനിച്ചത്‌.  പുസ്തകം 1959-ൽ ഫ്രാൻസിലും കുറച്ച് വർഷങ്ങൾക്ക് ശേഷം അമേരിക്കയിലും പ്രസിദ്ധീകരിച്ചു. ചലച്ചിത്ര ചരിത്രകാരനായ കെവിൻ ബ്രൗൺലോ (Kevin Brownlow) അഭിപ്രായപ്പെട്ടത്, ആംഗറിന്റെ ഗവേഷണം 'ടെലിപ്പതി' ആയിരുന്നിരിക്കണം എന്നാണ്.  “ആംഗറിന്റെ പുസ്തകത്തിൽ അദ്ദേഹം പറഞ്ഞതുപോലെ ഒന്നും സംഭവിച്ചില്ലായിരിക്കാം, പക്ഷേ, അദ്ദേഹത്തിന്റെ സിനിമകൾ പോലെ, ഇത്  സാത്താനിക്  യാഥാർത്ഥ്യത്തിലേക്കുള്ള ഒരു ജാലകമാണ്, സത്യത്തേക്കാൾ വിശ്വസിക്കാൻ വളരെ രസകരമാണ്. "

1900-കൾ മുതൽ 1950-കൾ വരെയുള്ള പ്രസിദ്ധരായ  ഹോളിവുഡ് താരങ്ങളുടെ അധികമൊന്നും അറിയപ്പെടാത്ത കഥകളാണ് ആംഗർ എഴുതിയത്.  അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഹോളിവുഡ്, മയക്കുമരുന്ന്, ലൈംഗികത, കൊലപാതകം എന്നിവയുടെ ഒടുങ്ങാത്ത ലോകമായിരുന്നു. ആംഗറിന്റെ എഴുത്തില്‍ ഹോളിവുഡ് ഭൂമിയിലെ നരകം പോലെയായി. 1965-ൽ അമേരിക്കയിൽ  ആദ്യമായി പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ ഈ പുസ്തകം നിരോധിക്കപ്പെട്ടു, പത്ത് വർഷത്തിന് ശേഷം വീണ്ടും അച്ചടിക്കുന്നതു വരെ പുസ്തകം ലഭ്യമായിരുന്നില്ല.

‘ഹോളിവുഡ് ബാബിലോൺ-II’  1984-ൽ പ്രസിദ്ധീകരിച്ചു.  ഇതിൽ ആംഗര്‍ കൂടുതൽ  വിപുലീകരണം നടത്തിയെങ്കിലും  ആദ്യപുസ്തകം പോലെ സ്വീകരിക്കപ്പെട്ടില്ല. ഇതില്‍ 1920 മുതൽ 1970 വരെയുള്ള താരങ്ങളെ ആംഗർ ഉൾക്കൊള്ളിച്ചു. താൻ ‘ ഹോളിവുഡ് ബാബിലോൺ III ‘ എഴുതാൻ ഉദ്ദേശിച്ചിരുന്നതായി പിന്നീട് ആംഗർ പ്രസ്താവിക്കുകയുണ്ടായി.  എന്നാല്‍ ഈ പുസ്തകത്തിന്റെ  ജോലികള്‍ അദ്ദേഹം നിര്‍ത്തിവെച്ചു.

പാരീസില്‍ വച്ച്  അദ്ദേഹം ‘റാബിറ്റ്സ് മൂൺ’ (Rabbit’s Moon) ചിത്രീകരിച്ചു. ജാപ്പനീസ് പുരാണത്തിലെ ഒരു കഥയെ ആസ്പദമാക്കിയുള്ള ഈ സിനിമയിൽ ഒരു കോമാളി ചന്ദ്രനിലേക്ക് ഉറ്റുനോക്കുകയാണ്, അവിടെ ഒരു മുയല്‍ താമസിക്കുന്നു എന്നാണ്  വിശ്വാസം. 1953-ൽ അദ്ദേഹം റോമിലേക്ക് പോയി, അവിടെ പതിനാറാം നൂറ്റാണ്ടിലെ നിഗൂഢശാസ്ത്രജ്ഞനായ കർദ്ദിനാൾ ഡി എസ്റ്റെയെക്കുറിച്ച് (Cardinal d’Este) ഒരു സിനിമ നിർമ്മിക്കാൻ അദ്ദേഹം പദ്ധതിയിട്ടു.  പതിനെട്ടാം നൂറ്റാണ്ടിലെ വസ്ത്രം ധരിച്ച ഒരു സ്ത്രീ വിവാൾഡിയുടെ സംഗീതത്തിന്റെ അകമ്പടിയോടെ പൂന്തോട്ടങ്ങളിൽ അലഞ്ഞുനടക്കുന്ന ആദ്യരംഗം ടിവോളിയിലെ വില്ല ഡി എസ്റ്റെയിൽ ചിത്രീകരിക്കാൻ മാത്രമേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. സിനിമയില്‍ ആംഗർ  ധാരാളം വെള്ളച്ചാട്ടങ്ങള്‍ ചിത്രീകരിച്ചു. ഈ വെള്ളച്ചാട്ടങ്ങള്‍ മൂത്രത്തെയാണത്രേ സൂചിപ്പിക്കുന്നത്.  ഡി എസ്റ്റെ മൂത്രമൊഴിക്കുന്നതിനെ  ലൈംഗികമായി ആസ്വദിച്ചിരുന്നുവത്രേ.   

താമസിയാതെ, അമ്മയുടെ മരണത്തെത്തുടർന്ന് കെന്നത്ത് അമേരിക്കയിലേക്ക് മടങ്ങി. ഈ കാലയളവിൽ അദ്ദേഹം കാലിഫോർണിയൻ കലാകാരന്മാരുടെ സംഘത്തിലേക്ക് പ്രവേശിച്ചു. കാലിഫോർണിയ അതിവേഗം കലയുടെ ഒരു പ്രമുഖ കേന്ദ്രമായി മാറുകയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഇടം കണ്ടെത്താത്ത പരീക്ഷണാത്മക കലാകാരന്മാരുടെ അഭയകേന്ദ്രമായി മാറുകയും ചെയ്തു. തുടര്‍ന്ന്  ആംഗർ  സ്റ്റാൻ ബ്രാക്കേജുമായി സൗഹൃദം സ്ഥാപിച്ചു.  ബ്രാക്കേജ്  ‘ഫയര്‍വര്‍ക്സ് ‘  എന്ന സിനിമയുടെ ആരാധകനായിരുന്നു. ഇരുവരും ഒരു സിനിമയിൽ സഹകരിച്ചു, എന്നാൽ അത് അശ്ലീലത്തിന്റെ പേരിൽ ഫിലിംലാബിൽ കണ്ടുകെട്ടി നശിപ്പിക്കപ്പെട്ടു.

1954-ൽ സംവിധാനം ചെയ്ത ‘ഇനാഗുറേഷന്‍ ‘ (Inauguration)  ക്രൗളിയുടെ തെലെമൈറ്റ് തീമുകൾ ഉൾക്കൊള്ളുന്ന 38 മിനിറ്റ് ദൈർഘ്യമുള്ള സർറിയലിസ്റ്റ് സൃഷ്ടിയാണ്. ഐസിസ്, ഒസിരിസ്, പാൻ തുടങ്ങിയ വിവിധ  ദൈവങ്ങളെ പ്രതിനിധീകരിക്കുന്ന നിരവധി കഥാപാത്രങ്ങൾ ഉണ്ട് സിനിമയില്‍. ഇതില്‍ ആംഗറും അഭിനയിച്ചിട്ടുണ്ട്.  യൂറോപ്യൻ മേളകളില്‍ ഈ സിനിമ  അദ്ദേഹത്തിന് നിരവധി അവാർഡുകൾ നേടിക്കൊടുത്തു.

1920-നും 1923-നും ഇടയിൽ  ക്രൗളി  ഒരു മതപരമായ ആരാധനാലയമായി ഉപയോഗിക്കുകയും പിന്നീട് ഫാസിസ്റ്റ് അധികാരികൾ അടച്ചുപൂട്ടുകയും ചെയ്ത ഹോമോണിമസ് ആബിയിൽ വച്ച് ‘തെലെമ ആബി’ (Thelema Abbey) എന്ന പേരിൽ ഒരു ഹ്രസ്വ ഡോക്യുമെന്ററി നിർമ്മിക്കാൻ 1955-ൽ കെന്നത്ത് ആൽഫ്രഡ് കിൻസിയ്‌ക്കൊപ്പം സിസിലിയിലെ സെഫാലോയിൽ എത്തി.   ബ്രിട്ടീഷ് ടെലിവിഷനു വേണ്ടിയാണ് ഈ ഡോക്യുമെന്ററി നിർമ്മിച്ചത്, പക്ഷേ പിന്നീട് അത് നഷ്ടപ്പെട്ടു. അടുത്ത വർഷം, കിൻസിയുടെ മരണശേഷം, ആംഗർ പാരീസിലേക്ക് മടങ്ങാൻ തീരുമാനിച്ചു.

1961-ൽ  ആംഗർ ഒരിക്കൽ കൂടി അമേരിക്കയിലേക്ക്  മടങ്ങി, അവിടെ അദ്ദേഹം മാർജോറി കാമറൂണിനൊപ്പം കുറച്ചുകാലം താമസിച്ചു.  (മാർജോറി കാമറൂൺ ഒരു അമേരിക്കൻ കലാകാരിയും കവിയും അഭിനേത്രിയും ഒക്കള്‍ട്ടിസ്റ്റും ആയിരുന്നു.  ഒപ്പം, ഇംഗ്ലീഷ് മന്ത്രവാദിയായ അലിസ്റ്റർ ക്രൗളി  സ്ഥാപിച്ച പുതിയ മത പ്രസ്ഥാനമായ ‘തെലേമ’യുടെ അനുയായിയും ആയിരുന്നു.) ഇക്കാലത്ത് അദ്ദേഹം സംവിധാനം ചെയ്ത സിനിമയാണ് സ്കോർപ്പിയോ റൈസിംഗ് (Scorpio Rising.) അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന  ബൈക്കർ ഉപസംസ്കാരമാണ് ഈ സിനിമയിൽ   അവതരിപ്പിക്കുന്നത്. സ്കോർപ്പിയോ എന്ന് അറിയപ്പെടുന്ന റിച്ചാർഡ് മക് ഓലി (Richard McAuley)  ഒരു കൂട്ടം മോട്ടോർ സൈക്കിൾ യാത്രികര്‍ക്കൊപ്പം അലഞ്ഞുതിരിയുകയും നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. ഇതുകൂടാതെ കൂടുതല്‍ വിവാദപരമായ ദൃശ്യങ്ങള്‍-നാസി ചിഹ്നങ്ങള്‍,  നഗ്നത, യേശുക്രിസ്തുവിന്റെ ജീവിതത്തിന്റെ ക്ലിപ്പുകൾ - ആംഗർ  സിനിമയിൽ ഇതിനൊപ്പം അവതരിപ്പിച്ചു. 1960-കളിലെ ജനപ്രിയ ഗാനങ്ങളുടെ സൗണ്ട് ട്രാക്ക് ഈ ചിത്രത്തിലുണ്ട്.  "A death mirror held up to American culture” എന്നാണ് ആംഗര്‍ സിനിമയെ വിശേഷിപ്പിച്ചത്‌.  പെട്ടെന്ന്  സിനിമയ്ക്ക്   അണ്ടര്‍ഗ്രൗണ്ട്  സിനിമാരംഗത്ത് വലിയ പ്രചാരം ലഭിച്ചു, എന്നാൽ ഉടൻ തന്നെ ആംഗറിനെ അശ്ലീലകുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂട്ടർമാർക്ക് അനുകൂലമായി ജൂറി വിധി പുറപ്പെടുവിക്കുകയും സിനിമയെ  വിലക്കുകയും ചെയ്തു; കാലിഫോർണിയ സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ സിനിമയുടെ  നിരോധനം റദ്ദാക്കി.

തനിക്ക് പറ്റിയ  സ്ഥലം ഹിപ്പി തലസ്ഥാനമായ സാൻഫ്രാൻസിസ്കോ ആണെന്ന് മനസ്സിലാക്കിയ ആംഗര്‍ തന്റെ പ്രവര്‍ത്തനം അവിടെ കേന്ദ്രീകരിച്ചു.  ഫ്രിറ്റ്സ് ലീബർ, ഫിലിപ്പ് ഡിക്ക് തുടങ്ങിയ നിരവധി കലാകാരന്മാർ അക്കാലത്ത് അവിടെ പതിവായി എത്താറുണ്ടായിരുന്നു. ഈ സമയത്ത് ആംഗര്‍  ഫോർഡ് ഫൗണ്ടേഷനെ സമീപിക്കുകയും  അവിടെ നിന്ന് സിനിമ നിര്‍മ്മിക്കാനായി 10,000 ഡോളർ ലഭിക്കുകയും ചെയ്തു. അങ്ങിനെയാണ്  ‘കസ്തോം കർ കൊമാൻഡോസ് ‘ (Kustom Kar Kommandos) എന്ന സിനിമ ജനിക്കുന്നത്. ആംഗറിന്റെ യഥാർത്ഥ ഉദ്ദേശം അമേരിക്കൻ യുവാക്കൾക്കിടയിലെ  കാറുകളുടെ സ്വാധീനം അവതരിപ്പിക്കുന്ന ഒരു ഫീച്ചർ  ദൈര്‍ഘ്യമുള്ള സിനിമ ഉണ്ടാക്കുകയായിരുന്നു. ഫോർഡ് ഫൗണ്ടേഷന്റെ ഗ്രാന്റ് തീർന്നതിനാൽ  ഇത് മൂന്നു മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള, കാറിന്റെ ഭാഗങ്ങളെ ലൈംഗികതയുമായി ബന്ധിപ്പിക്കുന്ന ഒരു  ഇറോട്ടിക് സിനിമയായി കലാശിച്ചു.

1960-കളുടെ മധ്യത്തിൽ ഹിപ്പിസവും ലഹരി മരുന്നും യുവത്വത്തിന് വലിയ ആഘോഷമായി. (ആംഗറും മയക്ക്മരുന്ന് ഉപയോഗിക്കുമായിരുന്നു).  അദ്ദേഹം “Inauguration of the Pleasure Dome” എന്ന സിനിമയുടെ പുതിയ ഒരു പതിപ്പ്  “Sacred Mushroom Edition” എന്ന പേരിൽ ലഹരി മരുന്ന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന  ആളുകള്‍ക്ക് മുന്നിൽ  പ്രദര്‍ശിപ്പിച്ചു.

ഈ സമയമായപ്പോഴേക്കും  അമേരിക്കൻ അണ്ടര്‍ഗ്രൌണ്ട് സിനിമാ രംഗത്ത് ആംഗർ പ്രശസ്തനായിരുന്നു.  കൂടാതെ നിരവധി സിനിമാശാലകൾ അദ്ദേഹത്തിന്റെ അറിയപ്പെടുന്ന സിനിമകൾ എല്ലാം ഒരു പരിപാടിയിൽ പ്രദർശിപ്പിച്ചു. വളർന്നുവരുന്ന പ്രശസ്തിയില്‍, ആംഗർ തന്റെ ആരാധനാപാത്രമായ ക്രൗളി  ചെയ്തതുപോലെത്തന്നെ  പബ്ലിസിറ്റിയോട് പ്രതികരിക്കാൻ തുടങ്ങി.  ഉദാഹരണത്തിന്, "അണ്ടർഗ്രൗണ്ടിലെ ഏറ്റവും ഭീകരനായ സിനിമാ സംവിധായകൻ" എന്ന് സ്വയത്തെ  വിശേഷിപ്പിച്ചു, ബ്രിട്ടീഷ് ടാബ്ലോയിഡുകൾ 1920-കളിൽ ക്രൗളിയെ "ലോകത്തിലെ ഏറ്റവും ദുഷ്ടനായ മനുഷ്യൻ" എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ആംഗറും അതേ രീതി പിന്തുടര്‍ന്നു.

ആംഗറിന്റെ അണ്ടർഗ്രൗണ്ട് പ്രശസ്തി, ചർച്ച് ഓഫ് സാത്താന്റെ സ്ഥാപകനായ ആന്റൺ ലാവി (Anton LaVey)  ഉൾപ്പെടെയുള്ള പ്രശസ്തരുമായി സൌഹൃദത്തിലാവാൻ   ആംഗറിനെ  സഹായിച്ചു. അവര്‍ വളരെ നല്ല സുഹൃത്തുക്കളായി. തുടര്‍ന്ന് ലാവി തന്റെ മകൾ  സീന ഷ്രെക്കിന്റെ   (Zeena Schreck)   ഗോഡ്ഫാദറായി ആംഗറിനെ കണക്കാക്കി.  (സീന ബർലിൻ ആസ്ഥാനമായുള്ള ഒരു അമേരിക്കൻ ദൃശ്യ-സംഗീത കലാകാരിയും എഴുത്തുകാരിയും 2002-ൽ സ്ഥാപിച്ച സേതിയൻ ലിബറേഷൻ മൂവ്‌മെന്റിന്റെ (SLM) ആത്മീയ നേതാവുമാണ്. അക്കാലത്ത്, അണ്ടര്‍ഗ്രൌണ്ടിലും മുഖ്യധാരയിലും വലിയ ജനപ്രീതി നേടിയ ആൻഡി വാർഹോളിനോട്  ആംഗറിന്  വലിയ നീരസം തോന്നിയിരുന്നു.  വാര്‍ഹോൾ താമസിച്ചിരുന്ന വീടിന്റെ മുന്‍വാതിലിലേക്ക് പെയിന്റ് ഒഴിക്കാന്‍ പോലും ആംഗർ തയ്യാറായി.

1966-ൽ, "റഷ്യൻ എംബസി" എന്നും അറിയപ്പെടുന്ന സാൻ ഫ്രാൻസിസ്കോയിലെ പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു വലിയ വിക്ടോറിയൻ ഭവനമായ വില്യം വെസ്റ്റർഫീൽഡ് ഹൗസിന്റെ താഴത്തെ നിലയിലേക്ക് ആംഗർ താമസം മാറി. ഇവിടെ അദ്ദേഹം തന്റെ പുതിയ സിനിമയായ ‘ ലൂസിഫർ റൈസിംഗ് ‘  (Lucifer Rising) ആസൂത്രണം ചെയ്തു.  ഒരു പ്രതീകാത്മക ലൂസിഫറിനെ തിരയുന്ന സിനിമ അദ്ദേഹത്തിന്റെ തെലെമൈറ്റ് വിശ്വാസങ്ങളെ പ്രതിധ്വനിപ്പിക്കുന്നു. ഈ അവസരത്തില്‍ അദ്ദേഹം തന്റെ നെഞ്ചിൽ ലൂസിഫറിന്റെ പേര് പച്ചകുത്തി.

അടുത്ത വർഷം അദ്ദേഹം ലണ്ടനിലേക്ക് പോയി. അവിടെ അദ്ദേഹം വ്യവസായിയും, ഗെറ്റി ഫൗണ്ടേഷന്റെ സ്ഥാപകനും  അമേരിക്കയിലെ ഏറ്റവും ധനികനായ വ്യക്തിയുമായ ജോൺ പോൾ ഗെറ്റി, ജൂനിയർ (John Paul Getty Jr.)  എന്ന വ്യക്തിയുമായി സൌഹൃദത്തിലായി. അതുപോലെ  ‘ദി റോളിംഗ് സ്റ്റോൺസി’ലെ അംഗങ്ങളായ മിക്ക് ജാഗർ, കീത്ത് റിച്ചാർഡ്സ്, നടി/മോഡൽ അനിത പാലെൻബെർഗ് എന്നിവരെയും അദ്ദേഹം കണ്ടുമുട്ടുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ‘ലൂസിഫർ റൈസിംഗി’നായി ചിത്രീകരിച്ച ഫൂട്ടേജുകളിൽ ഭൂരിഭാഗവും പുതിയ ചിത്രമായ ‘ഇൻവോക്കേഷൻ ഓഫ് മൈ ഡെമോൺ ബ്രദറി’ൽ  ഉപയോഗിക്കാൻ ആംഗർ തീരുമാനിച്ചു.  1969-ൽ പുറത്തിറങ്ങിയ ഈ സിനിമ  ‘ലൂസിഫർ റൈസിംഗി’നായി ആംഗർ ആദ്യം ഉദ്ദേശിച്ചിരുന്ന പല തെലെമിക് തീമുകളും പര്യവേക്ഷണം ചെയ്തു. ഈ സിനിമയാണ് മിഡ്നൈറ്റ്‌ സിനിമാ പ്രസ്ഥാനം ഉദ്ഘാടനം ചെയ്തതെന്ന് പറയപ്പെടുന്നു.

മുപ്പത് വർഷത്തെ നിഷ്‌ക്രിയത്വത്തിന് ശേഷം 2000-ൽ, ആംഗര്‍  "ഡോണ്ട് സ്മോക്ക് ദ സിഗരറ്റ്" (Don’t Smoke That Cigarette) എന്ന ഒരു പുതിയ ഹ്രസ്വചിത്രവും അടുത്ത വർഷം  ‘ദാറ്റ് മാന്‍ വാണ്ട് ടു ഹാംഗ് ‘ (That Man We Want To Hang) ഹ്രസ്വചിത്രവും  നിർമ്മിച്ചു. തുടർന്നുള്ള വർഷങ്ങളിൽ, അദ്ദേഹം മറ്റ് ഒരുപിടി ഷോർട്ട് ഫിലിമുകളും – ആംഗർ സീസ് റെഡ്, പേട്രിയോട്ടിക് പെനിസ്, മൗസ് ഹെവൻ, ഇച്ച് വിൽ!, യൂണിഫോം അട്രാക്ഷൻ, ടെക്നിക്കോളർ സ്കൾ  (Anger Sees Red, Patriotic Penis, Mouse Heaven, Ich Will !, Uniform Attraction, Technicolor Skull)  എന്നീ ഹ്രസ്വചിത്രങ്ങളും നിര്‍മ്മിച്ചു. 2010 ജൂലൈ 30-ന്,  ആംഗർ, മിസോണി എന്ന വാരീസ് ഫാഷൻ ഹൗസിനായി ഒരു പുതിയ ഹ്രസ്വചിത്രവും  നിർമ്മിച്ചു. ‘ടെക്‌നികളർ സ്‌കൾ’ (Technicolor Skull) ആയിരുന്നു ആംഗറിന്റെ അവസാന സിനിമ.  സംഗീതജ്ഞനായ ബ്രയാൻ ബട്ട്‌ലർക്കൊപ്പം ആംഗറും അഭിനയിച്ച ഈ സിനിമയെ കുറിച്ച് ആംഗര്‍ ഇപ്രകാരം വിശേഷിപ്പിക്കുകയുണ്ടായി:  "തത്സമയ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ പ്രകാശത്തിന്റെയും ശബ്ദത്തിന്റെയും മാന്ത്രിക ആചാരം".

വിചിത്രമായ സ്വഭാവം

തന്റെ സിനിമകള്‍പോലെത്തന്നെ വിചിത്രമായിരുന്നു ആംഗറിന്റെ സ്വഭാവവും. അതല്ല, അദ്ദേഹത്തിന്റെ സ്വഭാവം പോലെയായിരുന്നു സിനിമകള്‍ എന്നു പറയുന്നതാവും ശരി. ആംഗറിന്റെ രണ്ട് സുഹൃത്തുക്കളായ റെനേറ്റ് ഡ്രക്സ്, പോൾ മാത്തിസൺ ദമ്പതികൾ Come As Your Madness എന്ന പേരിൽ  ഒരു പാർട്ടി നടത്തി; പുരാതന ഗ്രീക്ക് ദേവതയായ ഹെകറ്റെയുടെ വേഷം ധരിച്ചാണ് ഇതില്‍  ആംഗര്‍  പാര്‍ട്ടിയിൽ  പങ്കെടുത്തത്. പാർട്ടിയും അതിലെ പല  വേഷവിധാനങ്ങളും ആംഗറിനെ പ്രചോദിപ്പിച്ചു, അദ്ദേഹം അതിന്റെ ഒരു പെയിന്റിംഗ് നിർമ്മിച്ചു. ഒപ്പം പങ്കെടുത്തവരിൽ പലരോടും താൻ സൃഷ്ടിക്കുന്ന ‘ഇനാഗുറേഷന്‍ ഓഫ് ദി പ്ലഷർ ഡോം’  (Inauguration of the Pleasure Dome)  എന്ന പുതിയ സിനിമയില്‍ അഭിനയിക്കാന്‍  ആവശ്യപ്പെട്ടു.

ഈ  സിനിമയുടെ ഇതുവരെ ചിത്രീകരിച്ച എല്ലാ ഫുട്ടേജും മോഷണം പോയി എന്ന് ആംഗർ പ്രഖ്യാപിച്ചു.  മോഷണത്തിന് സിനിമയിൽ  അഭിനയിച്ച നടനെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാല്‍, സത്യത്തില്‍ ആംഗർ പണം മുഴുവൻ ചെലവഴിച്ചുവെന്നും  നിർമ്മാതാക്കളെ തൃപ്തിപ്പെടുത്താനുള്ള ഒരു കഥയായിരുന്നു ഇത് എന്നുമാണ് പറയപ്പെടുന്നത്.  1967-ൽ ആംഗർ ഒരു പത്രത്തിന്റെ മുഴുവൻ പേജിലും ഒരു ചരമ അറിയിപ്പ് പ്രസിദ്ധീകരിച്ചു: “In Memoriam. Kenneth Anger. Filmmaker 1947-1967”.   തൊട്ടുപിന്നാലെ, തന്റെ മുൻ സിനിമകളെല്ലാം  കത്തിച്ചുകളഞ്ഞെന്ന് അവകാശപ്പെട്ട് അദ്ദേഹം വീണ്ടും പ്രത്യക്ഷപ്പെട്ടു.

രാഷ്ട്രീയം

അദ്ദേഹത്തിന്‍റെ സിനിമകൾ സാമ്പ്രദായിക രീതിയിലുള്ള  രാഷ്ട്രീയ വിഷയങ്ങള്‍ അവതരിപ്പിക്കുന്നില്ല. എന്നാൽ അദ്ദേഹം  വളരെയധികം ആശങ്കാകുലനാകുന്ന കാര്യങ്ങൾ  ഉണ്ട്.  അദ്ദേഹം ഒരഭിമുഖത്തിൽ  വിയറ്റ്നാം യുദ്ധം, പാരിസ്ഥിതിക ആശങ്കകൾ, ആണവോർജ്ജം എന്നിവ താൻ സജീവമായി ശ്രദ്ധിക്കുന്ന കൂടുതൽ പരമ്പരാഗത രാഷ്ട്രീയ വിഷയങ്ങളിൽ ഒന്നാണ് എന്ന് പറയുകയുണ്ടായി. അദ്ദേഹത്തിന്റെ രാഷ്ട്രീയം പഠിക്കേണ്ടത് യുദ്ധാനന്തര അമേരിക്കൻ സംസ്കാരത്തിന്റെ വിശാലമായ പശ്ചാത്തലത്തിലാണ്,  അത് അദ്ദേഹത്തിന്റെ സിനിമാ സൃഷ്ടികളുടെ രൂപീകരണത്തിലും  വികാസത്തിലും  വലിയ പങ്ക് വഹിച്ചു.   ‘ഇരുപതാം  നൂറ്റാണ്ടിലെ   പ്രതി-സംസ്കാര ഐക്കൺ’  എന്നാണ്  ഒരു പഠിതാവ് ആംഗറിനെ  വിശേഷിപ്പിക്കുന്നത്.

1967-ൽ വിയറ്റ്നാം യുദ്ധത്തിനെതിരെ ജനങ്ങൾ പെന്റഗണിലേക്ക് നടത്തിയ പ്രതിഷേധ  മാർച്ചിൽ  അംഗറും  പങ്കെടുത്തിരുന്നു. ഇത്  അമേരിക്കയുടെ സാമൂഹിക-രാഷ്ട്രീയ അവസ്ഥയെക്കുറിച്ചുള്ള വലിയ ആശങ്കകൾ പ്രതിഫലിപ്പിച്ച കാലമായിരുന്നു.  ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത  ഈ മാര്‍ച്ചിൽ  ഹിപ്പികളും,  മതപരവും രാഷ്ട്രീയവുമായ വിമതരുടെ  കൂട്ടമായിരുന്ന ‘ഡിഗ്ഗേഴ്സ് ‘,  ഫോക്ക് ബാൻഡ് ആയ  ദി ഫഗ്സ് എന്നിവരും ഉണ്ടായിരുന്നു. ആംഗര്‍ ഒരു ട്രക്കിന് മുകളിൽ കയറി നിന്നുകൊണ്ട് “ഭൂതങ്ങളേ പെന്റഗണിൽ നിന്ന് ഒഴിഞ്ഞുപോകൂ “ എന്ന് ആക്രോശിച്ചു.  തുടര്‍ന്ന് ഒരു പെന്റഗ്രാം ജ്വലിപ്പിക്കുകയും,  ഒക്കള്‍ട്ട്  മാന്ത്രിക അനുഷ്ടാനം നടത്തുകയും ചെയ്തു.  അത് അക്കാലത്തെ  പൈശാചിക ശക്തികളുടെ ഭൂതോച്ചാടനമായിരുന്നു.

ആംഗറിന്റെ സിനിമകൾ  നമ്മെ  അതീന്ദ്രിയപരമായി  അനുഭവിപ്പിക്കുന്നവയാണ്.  അദ്ദേഹത്തിന്റെ സിനിമകൾ പ്രേക്ഷകരിൽ ചെലുത്തുന്നത് ഒരു ഹിപ്നോട്ടിക് ട്രാൻസ് അനുഭവമാണ്. മതം, ട്രാൻസ്, ആചാരം, ഹിപ്നോസിസ് എന്നിവയുടെ സങ്കലനം എന്ന് പറയാം.  ആചാരങ്ങളും ട്രാൻസും പല സംസ്കാരങ്ങളുടെയും പ്രധാന ഭാഗങ്ങളാണ് - നിഗൂഢവിദ്യ അഭ്യസിക്കുന്ന ഷാമനിസ്റ്റിക്, ഡയോണീഷ്യൻ പാരമ്പര്യങ്ങൾ, പുരാതന ഈജിപ്തുകാർ, ടിബറ്റൻ ബുദ്ധമതക്കാർ.  ഹൈത്തിയിലെ  വോഡൗ സംസ്കാരത്തിലും ആചാരാഅനുഷ്ഠാനങ്ങളിലും തത്പരയായ, അമേരിക്കന്‍ അവാംഗ്-ഗാര്‍ദിന്റെ മാതാവ് എന്നറിയപ്പെടുന്ന  മായാ ഡെറന്റെ സിനിമകളെ ‘ട്രാന്‍സ് സിനിമ’ എന്ന് വിശേഷിപ്പിക്കാറുണ്ട്.  മായാ ഡെറന്‍  ആംഗറില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു.  

1960-കളിലെയും 1970-കളിലെയും ഉപസംസ്‌കാരങ്ങളുടെ സൗന്ദര്യശാസ്ത്രം, പോപ്പ്, മ്യൂസിക് വീഡിയോകളുടെ ദൃശ്യ നിഘണ്ടു, ക്വിയർ ഐക്കണോഗ്രഫി എന്നിവയെ ആംഗറിന്റെ സിനിമകൾ അടിസ്ഥാനപരമായി രൂപപ്പെടുത്തി. കലാകാരൻ തന്റെ ജീവിതത്തെത്തന്നെ  ഒരു കലാസൃഷ്ടിയായി കണക്കാക്കുകയും മിത്ത്, വസ്തുത, ഫിക്ഷൻ എന്നിവയുടെ ഘടകങ്ങൾ തന്റെ ജീവിതത്തിലേക്ക്  ഇടയ്ക്കിടെ നെയ്തെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സൃഷ്ടികളെ  ജീവിതം തന്നെ കല എന്നതിന്റെ  ഒരു സംയോജിത ഘടകമായി മനസ്സിലാക്കാം.  ‘ലൂസിഫർ റൈസിംഗ് ‘ മുതൽ, ആംഗർ തന്റെ സിനിമകളെ  വെട്ടിച്ചുരുക്കുന്നതിലും സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി സമയം ചെലവഴിച്ചു, അവയിൽ പലതിലും പുതിയ ശബ്ദട്രാക്കുകൾ ചേര്‍ത്തു.  തന്റെ സിനിമകളുടെ  പ്രദർശനങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹം വ്യാപകമായി യാത്ര ചെയ്തു.  സിനിമയിൽ   സ്വന്തമായ ഒരു ദർശനം കർശനമായി പിന്തുടരുന്ന ആംഗർ നമ്മെ അത്ഭുതപ്പെടുന്ന സിനിമകള്‍ സൃഷ്ടിച്ചു എന്ന് മാത്രമല്ല, അങ്ങനെ ചെയ്യുന്നതിലൂടെ 'സാധാരണ' സിനിമകളില്‍ പ്രകടമാകുന്ന ഭാവനയുടെ ദാരിദ്ര്യത്തെ  എടുത്തുകാണിച്ചു. ഈ പരിമിതികള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണ് വാസ്തവം.  

ആംഗര്‍ സ്വയം ഒരു അനാര്‍ക്കിസ്റ്റ് എന്നാണ്  വിശേഷിപ്പിച്ചത്. ഭരണകൂട അധികാരത്തോടും അടിച്ചമർത്തലിനോടുമുള്ള ചെറുത്തുനിൽപ്പ് അനാര്‍ക്കിസത്തിന്റെ   അടിസ്ഥാന തത്വങ്ങളിലൊന്നാണ്. പല അരാജകവാദികളും ഭരണകൂടമില്ലാത്ത സമൂഹത്തിന്റെ സാധ്യതയിൽ വിശ്വസിച്ചു. സോഷ്യലിസ്റ്റ് ചിന്തകളിലെ  വൈവിധ്യങ്ങൾ പോലെ, അരാജകവാദത്തിലും പല ചിന്താധാരകൾ ഉണ്ട്. ചില അനാര്‍ക്കിസ്റ്റ് ചിന്തകള്‍ വളരെ വിചിത്രമാണ്.   “The essence of anarchism [is] the conviction that the burden of proof has to be placed on authority and that it should be dismantled if that burden cannot be met.” — എന്നാണ് നോം ചോംസ്കി  അനാര്‍ക്കിസത്തെ കുറിച്ച് പറഞ്ഞത്.

അറുപതുകളില്‍ അമേരിക്കയിൽ  രൂപം കൊണ്ട റൊമാന്റിക് അരാജകത്വ ഉപസംസ്കാരത്തിന്റെ ഭാഗമാണ് ആംഗർ എന്നാണ് പഠിതാക്കള്‍ പറയുന്നത്.  റൊമാന്റിക് രൂപത്തിൽ നിലനിന്നിരുന്ന ഉട്ടോപ്യ എന്നാണ് ഇതിനെ പലരും വിശേഷിപ്പിക്കുന്നത്.   ഈ അരാജകവാദികൾ നാഗരികതയും അതിന്റെ അസംതൃപ്തിയും സൃഷ്ടിച്ച അടിച്ചമർത്തപ്പെട്ട മനസ്സിനെ  ലൈംഗികത, കല, സൗന്ദര്യാത്മക വിദ്യാഭ്യാസം എന്നിവയിലൂടെ വിമോചിപ്പിക്കാൻ ശ്രമിച്ചു. ഇവരെ സംബന്ധിച്ച്  രാഷ്ട്രീയ മാറ്റം    വ്യക്തിബോധത്തിന്റെ പരിവർത്തനമായിരുന്നു.  ശ്രേണി, അധികാരം, ഭരണകൂടം എന്നിവയ്ക്ക് എതിരായി അരാജകത്വം എന്ന പദം നിലകൊണ്ടു. അവര്‍ നിലവിലുള്ള പലതിനെയും വെല്ലുവിളിച്ചു എങ്കിലും അരാജകവാദികള്‍ക്ക് പല ഭാഗത്തുനിന്നും വിമര്‍ശനങ്ങൾ  നേരിടേണ്ടിവന്നു. എന്നിരുന്നാലും അവര്‍ നിഷേധികൾ  ആയിരുന്നു. (നമ്മുടെ നാട്ടിലും ചെറുപ്പക്കാര്‍ക്കിടയിൽ  അസ്തിത്വ ദുഃഖം പേറി നടന്നവരും, ഹിപ്പികളും, അരാജകവാദികളും, ഇടതു രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരും  ഉണ്ടായിരുന്നു).  ഇന്നത്തെ കെട്ട കാലത്ത്, മൌനം കറുത്ത കരിമ്പടമായി നമുക്ക് മേല്‍ വീഴുമ്പോള്‍, ഒരു അനാര്‍ക്കിസ്റ്റ് ആവുക എന്നതുപോലും വലിയ കാര്യമാണ്. ഫാസിസം കൊടികുത്തി വാഴുന്ന കാലത്ത് ഒരു പ്രേമഗാനം പോലും വിപ്ലവ പ്രവര്‍ത്തനമാണെന്ന് പറയാറുണ്ടല്ലോ.                                        

Related Stories

No stories found.
logo
The Cue
www.thecue.in