കേരള എക്സ്പ്രസും ലേഡീസ് കംപാര്‍ട്മെന്‍റും; ബിജു മുത്തത്തി അഭിമുഖം

കേരള എക്സ്പ്രസും ലേഡീസ് കംപാര്‍ട്മെന്‍റും; ബിജു മുത്തത്തി അഭിമുഖം

ഒരു പതിറ്റാണ്ടുകാലം കൈരളി ന്യൂസില്‍ ബിജു മുത്തത്തി അവതരിപ്പിച്ചിരുന്ന ദൃശ്യസഞ്ചാരമായിരുന്നു കേരള എക്സ്പ്രസ്. പതിവ് യാത്രാപരിപാടികളില്‍ നിന്ന് വ്യത്യസ്തമായ ആംഗിളില്‍, ഭാഷയുടെ സൗന്ദര്യവും ദൃശ്യപരിചരണത്തിന്‍റെ മനോഹാരിതയും ഗംഭീരമായ അവതരണവും ‍പഠന ഗവേഷണങ്ങളുടെ ആ‍ഴവും പരപ്പും കൊണ്ട് ഈ പരിപാടി വലിയ തോതിൽ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

പാര്‍ട്ടിചാനലെന്ന നിലയിലുള്ള കൈരളിയുടെ പക്ഷപാതപരമായ വാര്‍ത്താ ചര്‍ച്ചകളില്‍ വിയോജിപ്പുള്ളവർ പോലും കേരള എക്സപ്രസിനെ വരവേറ്റിരുന്നു. അടുത്തയാ‍ഴ്ച എതു സ്ഥലത്തായിരിക്കും ബിജു മുത്തത്തി നമ്മെ കൊണ്ടെത്തിക്കുക, ഏത് വിഷയമായിരിക്കും, ‍ഏത് കഥാപാത്രമായിരിക്കുമെന്നൊക്കെ ഒരിക്കലും ഊഹിക്കാനാകാത്ത തരം വിഷയവൈവിധ്യത്തിന്‍റെ തുടര്‍ച്ചകളും ഇടര്‍ച്ചകളും ബാക്കിയാക്കിയാണ് കേരള എക്സ്പ്രസിന്‍റെ ഓരോ എപ്പിസോഡും അവസാനിച്ചിരുന്നത്. കൊവിഡ് വന്ന് യാത്ര മുടക്കിയതോടെയാണ് കേരള എക്സപ്രസ് എന്ന തീവണ്ടിയും നിലച്ചത്. ഒരു പതിറ്റാണ്ടുകാലത്തെ മലയാള ദൃശ്യമാധ്യമചരിത്രത്തിന്‍റെ തലയെടുപ്പുള്ള ഓര്‍മ്മ കൂടിയാണ് കേരള എക്സ്പ്രസ്.

ആ ദൃശ്യസഞ്ചാര ചരിത്രത്തിന്‍റെ ഒരു കമ്പാര്‍ട്ട്മെന്‍റാണ് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ബിജു മുത്തത്തിയുടെ 'ലേഡീസ് കംപാര്‍ട്മെന്‍റ് 'എന്ന പുസ്തകം. തന്‍റെ സഞ്ചാരത്തില്‍ ക്യാമറ കണ്ടതും കാണാത്തതുമായ സ്ത്രീജീവിതാനുഭവങ്ങളാണ് വേറൊരു ഭാഷയില്‍ ഈ പുസ്തകത്തില്‍ നിറഞ്ഞിരിക്കുന്നത്. കേരള എക്സ്പ്രസ് ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതു പോലെ ലേഡീസ് കമ്പാര്‍ട്ട്മെന്‍റിനും വായനക്കാരുടെ ഇടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ലേഡീസ് കമ്പാര്‍ട്ട്മെന്‍റിന്‍റെ എ‍ഴുത്തുകാരനും കേരള എക്സ്പ്രസിന്‍റെ അവതാരകനും കൈരളി ന്യൂസിന്‍റെ ന്യൂസ് എഡിറ്ററുമായ ബിജു മുത്തത്തി സംസാരിക്കുന്നു.

Q

കേരള എക്സ്പ്രസ് മാറ്റിനിര്‍ത്തിയുള്ള മാധ്യമജീവിതത്തെക്കുറിച്ച് പറയാമോ?

A

കേരള എക്സ്പ്രസാണ് മാധ്യമ ലോകത്ത് വലിയ വിലാസം തന്നത്. ഒരു പതിറ്റാണ്ടു കാലം തുടര്‍ച്ചയായി ടിവിയിലെ ആ‍ഴ്ചപ്പരിപാടിയായി മുന്നില്‍ വന്നു നിന്നതു കൊണ്ട് ലഭിച്ചതാണത്. കൈരളിയുടെ കോഴിക്കോട്, തിരുവനന്തപുരം ബ്യൂറോകളില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഹ്യൂമന്‍ ഇന്‍ററസ്റ്റിംഗ് സ്റ്റോറികളിലായിരുന്നു ഞാന്‍ പ്രധാനമായും ശ്രദ്ധവെച്ചിരുന്നത്.

അത്തരം അസൈന്‍മെന്‍റുകള്‍ എന്നെ ഏല്‍പ്പിക്കാന്‍ അന്നത്തെ ബ്യൂറോ ചീഫുകളായിരുന്ന എബ്രഹാം മാത്യുവും ആര്‍. സുഭാഷും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിന്‍റെ എക്സറ്റന്‍ഷനായിരുന്നു ഇന്നു കാണുന്ന കേരള എക്സ്പ്രസ്. 2008-ലാണ് കൈരളിയില്‍ ആദ്യമായി ഒരു ടെലിവിഷന്‍ പരിപാടി ചെയ്യുന്നത്. ഇ.എം.എസിന്‍റെ ഓര്‍മ്മപ്പതിപ്പായ 'യുഗപുരുഷന്‍'. അന്നത്തെ ന്യൂസ് ഡയറക്ടര്‍ പ്രഭാവര്‍മ്മയാണ് ആ അസൈന്‍മന്‍റ് തന്നത്. ആദ്യമായി ടെലിവിഷന്‍ ക്യാമറയോടൊപ്പം പുറത്തു പോകുന്നത് 2008-ലെ ഐഎഫ്എഫ്കെ റിപ്പോര്‍ട്ടിംഗിനാണ്. എം.എസ്. ബനേഷിനൊപ്പമായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടിംഗ്. അന്നത്തെ എക്സിക്യൂട്ടീവ് എഡിറ്റര്‍ എന്‍. പി.ചന്ദ്രശേഖരനാണ് അതിനുത്തരവാദി.

നസറുദ്ദീന്‍ ഷായെയും ഭരത് മുരളിയെയും അണിനിരത്തി ഒരു പ്രത്യക പരിപാടി അന്ന് ചെയ്യുകയുണ്ടായി. അത് നല്ല ശ്രദ്ധനേടി. എം.ഡി. ജോണ്‍ ബ്രിട്ടാസാണ് പ്രത്യേക താല്‍പ്പര്യമെടുത്ത് 2009-ല്‍ ഗോവയിലേക്ക് ഐ.എഫ്.എഫ്.ഐ. കവര്‍ ചെയ്യാന്‍ പറഞ്ഞു വിടുന്നത്. ബാബുരാജ് മൊറാഴയായിരുന്നു ക്യാമറ. അന്നു തൊട്ട് ഇന്നുവരെ ഗോവ മുടക്കിയിട്ടില്ല. ഗോവന്‍ ഫ്രെയിംസ് എന്ന ഒരു ഫെസ്റ്റിവല്‍ പരിപാടിയുമുണ്ടായിരുന്നു അന്ന് കൈരളിയില്‍.

ഇന്നത്തേത് പോലെ ടെക്നിക്കല്‍ സംവിധാനങ്ങളൊന്നും ‍വലുതായി ഇല്ലാത്ത കാലം. ഫെസ്റ്റിവല്‍ ദിവസങ്ങളില്‍ വിവിധ സെഗ്മന്‍റുകളായി പ്രതിദിനം അരമണിക്കൂര്‍ പരിപാടി തയ്യാറാക്കിയ വിധം ഇന്നോര്‍ക്കുമ്പോള്‍ അല്‍ഭുതമാകുന്നു. ഇന്നത്തെ മാതൃഭൂമി ന്യൂസ് അസി.എഡിറ്റര്‍ അഭിലാഷ് മോഹന്‍, ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പ്രിയ ഇളവള്ളി മഠം, സൗമ്യ മധുസൂദനന്‍, അനുപ്രിയ രാജ് തുടങ്ങിയവരെല്ലാം അക്കാലത്ത് ഗോവാ ഫ്രെയിംസിന്‍റെ അവതാരകരായിരുന്നു.

ഒരു കള്‍ച്ചറല്‍ റിപ്പോര്‍ട്ടര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അവസരമായിരുന്നു ഗോവ. ഇന്ത്യന്‍ സിനിമയുടെ എത്രയോ മുന്‍നിര പ്രതിഭകളെ ഞങ്ങളുടെ മൈക്കിനുമുന്നില്‍ ഒറ്റയ്ക്ക് ലഭിച്ചു. മൃണാള്‍സെന്‍, ഗിരീഷ് കാസറവള്ളി ശ്യംബെനഗല്‍ ഷാറൂഖ്ഖാന്‍, മമ്മൂട്ടി, ജാക്കി ഷ്റോഫ്, എം.എസ്. സത്യൂ, മനീഷ കൊയ്രാള, നന്ദിതാ ദാസ്, ക്രിസ്റ്റോഫ് സനൂസി, അനുപം ഖേര്‍, മനോജ് ബാജ്പേയ് തുടങ്ങിയവരുമായുള്ള എത്രയോ അഭിമുഖങ്ങള്‍ ഇപ്പോഴും കൈരളി ആര്‍ക്കൈവിലുണ്ട്. മലയാളികള്‍ക്ക് പ്രിയപ്പെട്ട കൊറിയന്‍ സംവിധായകന്‍ കിം കിദുക്കിനെ പ്രേക്ഷകരിലെത്തിക്കാനും ഗോവാ റിപ്പോര്‍ട്ടിംഗിലൂടെ സാധിച്ചു. ചലച്ചിത്രങ്ങളുടെയും ചലച്ചിത്രോത്സവ റിപ്പോര്‍ട്ടിംഗുകളുടെയും വസന്തകാലമായിരുന്നു അത്.

ഗോവയില്‍ നിന്നു സൗഹൃദ വലയത്തിലെത്തിയ നടന്‍ രവീന്ദ്രനുമായി ചേര്‍ന്ന് 2010-ലെ ലോകകപ്പ് കാലത്ത് ഫുട്ബോള്‍ മാനിയ എന്ന പരിപാടി ചെയ്തിരുന്നു. ഫുട്ബോള്‍ പ്രമേയമായ സിനിമകളെക്കുറിച്ചുള്ള ആ പരിപാടിയുടെ രചനയും സംവിധാനവും ഞാനായിരുന്നു. ഒരു മാസക്കാലം ഒരു ദിവസം പോലും ഒ‍ഴിയാതെ ആ പരിപാടി കൈരളിയുടെ സ്ക്രീനിലെത്തി. കൈരളിയിലെ സാക്ഷി നിര്‍ത്തല്‍ ചെയ്തപ്പോള്‍ നിത്യസാക്ഷി എന്നൊരു ആക്ഷേപഹാസ്യ പരിപാടിയും ചെയ്തിരുന്നു. ഏതാണ്ട് രണ്ട് ഡസനോളം വേറെയും പരിപാടികള്‍ എടുത്തു പറയാനുണ്ട്. ദൈനംദിന വാര്‍ത്താജോലികള്‍ക്ക് പുറമേയാണ് ഇതൊക്കെ ചെയ്തിരുന്നത്. പിന്നീട് കേര‍ള എക്സ്പ്രസും അങ്ങനെ തന്നെ.

Q

കേരള എക്സ്പ്രസിന്‍റെ തുടക്കം എവിടെ നിന്നാണ്

A

2010-ല്‍ കൈരളി ന്യൂസിന്‍റെ കറന്‍റ് അഫയേഴ്സ് വിഭാഗം പുനസംഘടിപ്പിക്കപ്പെട്ടു. പിന്നീട് എക്സിക്യൂട്ടീവ് എഡിറ്റര്‍ വരെയായ എം.രാജീവിനായിരുന്നു ചുമതല. കോഴിക്കോട് ബ്യൂറോയില്‍ നിന്ന് സ്ഥലം മാറി വന്ന ഞാനും ഇപ്പോഴത്തെ ചലച്ചിത്ര പ്രവര്‍ത്തകനായ സിറാജ്, ഇപ്പോള്‍ മാതൃഭൂമിയിലുള്ള നിലീന അത്തോളി തുടങ്ങിയവരായിരുന്നു മറ്റ് ടീമംഗങ്ങള്‍. ഒരു ആ‍ഴ്ചപ്പരിപാടിയുടെ കണ്‍സെപ്റ്റ് ആലോചിക്കാന്‍ എം.ഡിയും എന്‍.പി.സിയും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേരള എക്സ്പ്രസ് മനസ്സിലേക്ക് വരുന്നത്.

തീവണ്ടി പശ്ചാത്തലമായുള്ള ഒരു യാത്രാ പരിപാടിയായിരുന്നു മനസ്സില്‍. അങ്ങനെ പുനലൂര്‍ ചെങ്കോട്ട മീറ്റര്‍ ഗേജ് വണ്ടിയുടെ അവസാന യാത്ര കേരള എക്സ്പ്രസിന്‍റെ ആദ്യ യാത്രയായി- ദി ലാസ്റ്റ് ട്രെയിന്‍. തീവണ്ടിയിലുള്ള ഷൂട്ടിന് അനുമതിക്കുള്ള പ്രശ്നവും പ്രായോഗിക ബുദ്ധിമുട്ടും വന്നതോടെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യകാലത്തെ എപ്പിസോഡുകള്‍. പിന്നീട് തീവണ്ടിയില്ലാത്ത ദേശങ്ങളിലേക്കും മനുഷ്യരിലേക്കും കൂടി ഈ വണ്ടി സഞ്ചരിച്ചു.

ബാബുരാജ് മൊറാ‍ഴയും അഭിലാഷ് മുഹമ്മയുമാണ് ഏറ്റവും കൂടുതല്‍ എപ്പിസോഡുകള്‍ക്ക് ക്യാമറ ചലിപ്പിച്ചത്. അനില്‍ കല്ല്യാശ്ശേരി, ഫിറോസ് കൂട്ടാലിട, ജയന്‍ കല്ല്യാശ്ശേരി, വിനേഷ് നേതാജി, പ്രമോദ് പന്നിയോട്, ജയേഷ് വില്ലോടി, സാംജിത്ത് അര്‍പ്പൂക്കര, ഹരി കണ്ട്ല എന്നിവരും പല കാലങ്ങളില്‍ ക്യാമറ ചെയ്തു. മനോജ് എം നായരും രഞ്ജിത്ത് കാലായിയുമായിരുന്നു എഡിറ്റര്‍മാര്‍.

ആളുകളുടെ പ്രോത്സാഹനം കൂടിയതോടെ എന്‍റെയും ഉത്സാഹം കൂടിയെന്ന് പറയാമല്ലോ. യാത്രയോട് യാത്ര തന്നെ. ഓരോ ആ‍ഴ്ചയും റിസര്‍വേഷന്‍ കിട്ടിയാലും ഇല്ലെങ്കിലും കേരളത്തിന്‍റെ ഏതെങ്കിലും ഒരു സ്റ്റേഷനില്‍ പോയി വണ്ടിയിറങ്ങും. അങ്ങനെ പത്തുവര്‍ഷം കടന്നു പോയതറിഞ്ഞില്ല. ഞങ്ങളുടെ ചെയര്‍മാന്‍ മമ്മൂട്ടി നേരിട്ടും അല്ലാതെയും ആ പരിപാടിയെക്കുറിച്ച് നല്ല അഭിപ്രായം പറയാറുണ്ടായിരുന്നു. ഇപ്പോള്‍ 'ലേഡീസ് കമ്പാര്‍ട്ട്മെന്‍റ്' എന്ന എന്‍റെ പുസ്തകത്തിന്‍റെ പ്രകാശനച്ചടങ്ങിലും എം. ഡി. മുഖാന്തിരം അദ്ദേഹം ആശംസ എത്തിച്ചു. ആ പത്തുവര്‍ഷം ക‍ഴിഞ്ഞ് ഞാനൊന്ന് നേരാംവണ്ണം ശ്വാസം വിട്ടത് എല്ലാവരും ശ്വാസം മുട്ടിക്ക‍ഴിഞ്ഞ കൊവിഡ് കാലത്താണ്.

Q

കേരള എക്സ്പ്രസ് ത്യാഗപൂര്‍ണ്ണമായൊരു യാത്രയായിരുന്നുവെന്ന് സഹപ്രവര്‍ത്തകരായ പലരും പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പിന്റെ ഭാ​ഗമായി ഫേസ്ബുക്കില്‍ കുറിച്ചതു കണ്ടു

A

ആ പോസ്റ്റുകളെ പൂര്‍ണ്ണമായും തള്ളുകയോ കൊള്ളുകയോ ചെയ്യുന്നില്ല. എന്നോടുള്ള സ്നേഹം കാരണമുള്ള ചില പുക‍ഴ്ത്തലുകള്‍ ഉണ്ട്. എങ്കിലും അത് വിശ്രമമില്ലാത്ത ദൈര്‍ഘ്യമേറിയൊരു ഓട്ടമായിരുന്നുവെന്ന് എനിക്ക് പറയാനാവും. ആവശ്യത്തിന് പോലും സമയമോ സൗകര്യമോ ലഭിച്ചിരുന്നില്ല. ഡസ്കിലെ ദൈനംദിന ജോലികള്‍ പൂര്‍ത്തിയാക്കി വേണമായിരുന്നു വൈകിട്ട് എങ്ങോട്ടേക്കെങ്കിലും തീവണ്ടി കേറിപ്പോവാന്‍. നിര്‍മ്മാതാവും സംവിധായകനും കോര്‍ഡിനേറ്ററും ക്യാമറാ അസിസ്റ്റന്‍റും ചിലപ്പോള്‍ ഡ്രൈവര്‍ പോലും ഞാന്‍ തന്നെയായിരുന്നു. പരിപാടി നന്നായിരിക്കുമ്പോഴും ആ നിരന്തര അലച്ചില്‍ ഉണ്ടാക്കിയ സമ്മര്‍ദ്ദം ചെറുതല്ല.

പലപ്പോ‍ഴും സക്രിപ്റ്റുകള്‍ എ‍ഴുതിയിരുന്നതു പോലും തീവണ്ടിയിലിരുന്നാണ്. താമസ സ്ഥലങ്ങള്‍ സങ്കല്‍പ്പമായിരുന്നു. ഷൂട്ട് ക‍ഴിഞ്ഞെത്തി പിറ്റേ ദിവസം തന്നെ വീണ്ടും ഡസ്കില്‍ ഹാജരാവണം. എങ്കിലും ഉത്സാഹം കൈവിടാതെ നോക്കി.ആ പരിപാടി നിലച്ചുപോകരുതേ എന്ന ആഗ്രഹമുള്ളതു കൊണ്ടായിരുന്നു അതെല്ലാം. അനുവദിച്ചു തന്ന വെറും രണ്ടു ദിവസം കൊണ്ട് ഡോക്യുമെന്‍ററി സ്വാഭാവമുള്ള ഒരു പരിപാടിയുടെ ഷൂട്ടും സ്ക്രിപ്റ്റും എഡിറ്റും പൂര്‍ത്തിയാക്കിയിരുന്നു. അതിന് ആഞ്ചു തവണ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും കേരള നിയമസഭയുടെ ഉള്‍പ്പെടെ ഒട്ടനവധി മാധ്യമ പുരസ്കാരങ്ങളും ലഭിച്ചുവെന്നത് ആഹ്ലാദകരമാണ്.

Q

വാർത്താ ചാനലുകൾ ​ഗൗരവ സ്വഭാവമുള്ള പ്രോ​ഗ്രാമുകളെ ഉപേക്ഷിച്ച് തുടങ്ങുകയാണ്, കേരള എക്സ്പ്രസ് ഇനി സാധ്യമാണോ?

A

ഒരു പുഴയിലും രണ്ടാമത് കാല്‍ മുക്കാനാവില്ലെന്ന് പറഞ്ഞത് ബുദ്ധനല്ലേ?

Q

മലയാള ന്യൂസ് ടെലിവിഷനില്‍ തന്നെ ഇത്രയും നീണ്ടകാലം പൂര്‍ത്തിയാക്കുന്ന ഏക പരിപാടിയാണ് കേരള എക്സ്പ്രസ്. അങ്ങനെയൊരു സ്ലോട്ട് ഇനിയുണ്ടാവുമോ എന്നാണ് ചോദ്യം.

A

മലയാളത്തിലെ ന്യൂസ് ടെലിവിഷനില്‍ ഇനി അത്തരം സര്‍ഗ്ഗാത്മക പരിപാടികള്‍ക്കൊന്നും സ്ഥാനമില്ലെന്നു തന്നെ ഞാന്‍ കരുതുന്നു. അതിന് ചെലവ‍ഴിക്കുന്ന അറിവും ആലോചനയും ഗവേഷണവും അന്വേഷണബുദ്ധിയും അദ്ധ്വാനവുമെല്ലാം വേസ്റ്റാകുമെന്നല്ലാതെ അതൊന്നും കൃത്യമായി പ്ലേസ് ചെയ്യാന്‍ ഒരു ചാനലിനുമാവില്ല. അതൊന്നും ജനങ്ങളില്‍ കൃത്യമായി എത്തിക്കാനാവില്ല. തത്സമയ വാര്‍ത്തയ്ക്കുള്ള മാരത്തണ്‍ ഓട്ടത്തിന് തടസ്സമാവുന്നതാണ് അത്തരം പരിപാടികളെല്ലാം. അത്തരം ആളുകളും ഇനി ചാനലുകള്‍ക്ക് ആവശ്യമില്ല. ജോലിയും കൂലിയും നിലനിര്‍ത്തേണ്ടവര്‍ കൂടെ ഓടിക്കൊള്ളുക. അല്ലാത്തവര്‍ പുറത്തേക്കും. അതാണ് എല്ലാ ചാനലുകളുടെയും നിലപാട്.

പക്ഷേ പരിഷ്കരണവും തിരുത്തലുമില്ലാതെ ഈ പ്രസ്ഥാനം ഇനി മുന്നോട്ടു പോവുമെന്ന് കരുതുന്നില്ല. റേറ്റിംഗുണ്ടാക്കാനുള്ള കോമാളിത്തങ്ങളെയൊക്കെ ജനങ്ങള്‍ തിരിച്ചറിഞ്ഞു ക‍ഴിഞ്ഞു.

Q

എങ്ങനെയുള്ള തിരുത്തലാണ് ഉദ്ദേശിക്കുന്നത് ?

A

ഇപ്പോഴുള്ള നിലയില്‍ നിന്ന് ക്രിയേറ്റീവായ എങ്ങനെയുള്ള തിരുത്തലുമാവാം. മുന്നോട്ടു പോയില്ലെങ്കിലും പിന്നോട്ടു പോയാലും മതി. അതായത് മലയാളത്തിലെ ന്യൂസ് ടെലിവിഷന്‍ അതിന്‍റെ ഭൂതകാലം തിരിച്ചു പിടിച്ചാല്‍ തന്നെ വലിയ വിപ്ലവമാകുമെന്നാണ് ഞാന്‍ കരുതുന്നത്.

എന്തെല്ലാം വൈവിധ്യപൂര്‍ണ്ണമായ ടെലിവിഷന്‍ ആവിഷ്കാരങ്ങളുണ്ടായിരുന്നു ഇവിടെ. അതെല്ലാം ഇപ്പോള്‍ നല്ല വൈഭവത്തോടെ കാണുന്നത് ഡിജിറ്റല്‍ മീഡിയയിലാണ്. ടെലിവിഷന്‍ കൈയ്യൊഴിഞ്ഞ കാഴ്ചകളെയെല്ലാം ഡിജിറ്റല്‍ മീഡിയ ഏറ്റെടുത്തു. അതുകൊണ്ട് ക്വാളിറ്റിയുള്ള പ്രേക്ഷകര്‍ ഇപ്പോള്‍ ഡിജിറ്റല്‍ മീഡിയക്കൊപ്പമാണ്. ചാനലുകളുടെ ഡിജിറ്റല്‍ എക്സ്റ്റന്‍ഷനുകളുടെ കാര്യമല്ല ഞാന്‍ പറയുന്നത്. സമാന്തരമായ ഡിജിറ്റല്‍ ഫോമുകളെക്കുറിച്ചാണ്. ഇപ്പോള്‍ ഞാന്‍ സംസാരിക്കുന്ന നിങ്ങളുടെ പ്ലാറ്റ്ഫോം ഉള്‍പ്പെടെ എന്തൊക്കെ കാമ്പുള്ള പരിപാടികളാണ് അവതരിപ്പിക്കുന്നത്. എന്തൊക്കെ തരം കണ്ടെത്തലുകളാണ് കേവല വാര്‍ത്തകള്‍ക്കപ്പുറം പ്രതിപാദിക്കുന്നത്.

ഒന്നും വേണ്ട, രാഷ്ട്രീയം മാത്രം മതി എന്ന നിലപാടാണ് നമ്മുടെ മുഖ്യധാരാ ദൃശ്യ മാധ്യമങ്ങള്‍ക്കൊക്കെയുള്ളത്. എം.ടി.വാസുദേവന്‍ നായരുടെയും പി.സി. ജോര്‍ജിന്‍റെയും ലൈവ് വരുന്നുണ്ടെങ്കില്‍ നമ്മുടെ മാധ്യമങ്ങള്‍ പി.സി. ജോര്‍ജിന്‍റെ ലൈവ് മാത്രമേ സ്വിച്ച് ചെയ്യൂ. രാഷ്ട്രീയം രാഷ്ട്രീയപ്പാര്‍ട്ടികളുടെ വിഷയം മാത്രമല്ലെന്ന് എന്നാണ് എല്ലാവരും മനസ്സിലാക്കുക.!

നമ്മുടെ സാഹിത്യത്തിലും കലയിലും മറ്റനവധിയായ കൂട്ടായ്മകളിലും ജീവിതത്തുരുത്തുകളിലും ഉള്ളടങ്ങിയ പ്രതിരോധ രാഷ്ട്രീയത്തെ കാണുകയായിരുന്നു കേരള എക്സ്പ്രസ് ചെയ്തിരുന്നത്. അത്തരം വാര്‍ത്തകള്‍ക്ക് പോലും ഇന്ന് ഒരു ചാനലും പ്രാധാന്യം കൊടുക്കുന്നില്ല. നല്ല ന്യൂസ് സ്റ്റോറികള്‍ പോലും ഉണ്ടാവുന്നില്ല. അത്തരം എ‍ഴുത്തുകളുമില്ല. നല്ല എ‍ഴുത്തും വായനയും പോലും ജേര്‍ണലിസ്റ്റുകള്‍ക്ക് വേണമെന്ന യാതൊരു നിര്‍ബന്ധവുമില്ല.

സിനിമയെ ആഘോഷിക്കുന്നതും അതിന്‍റെ കണ്ടൻ്റിൻ്റെ സ്ഥാനത്തിലല്ല. പകരം താരങ്ങളുടെ വെളിച്ചത്തില്‍ തിളങ്ങി നില്‍ക്കാനുള്ള ആഗ്രഹം കൊണ്ടു മാത്രമാണ്. നല്ല ജേണലിസ്റ്റുകള്‍ എന്നാല്‍ ചര്‍ച്ച നയിക്കാന്‍ പ്രാപ്തരായ ആങ്കര്‍മാര്‍ എന്നാണ് പുതിയ ന്യൂസ് ടെലിവിഷനിലെ അര്‍ത്ഥം. അവര്‍ ജേണലിസ്റ്റിക്കായി എന്തെങ്കിലും കണ്ടെത്തിയിരുന്നോ ആവിഷ്കരിച്ചിരുന്നോ എന്നൊന്നും ചോദ്യമില്ല. അപ്പോഴും നല്ല ജേണലിസ്റ്റുകളായ നല്ല ആങ്കര്‍മാരില്ലെന്നല്ല പറയുന്നത്. അതൊരു അവശ്യഗുണമായി ന്യൂസ് ടെലിവിഷന്‍ കരുതുന്നില്ല എന്നാണ് പറയുന്നത്.

Q

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച താങ്കളുടെ 'ലേഡീസ് കമ്പാർട്ട്മെന്‍റ്' എന്ന പുസ്തകത്തിന് നല്ല പ്രതികരണവും വായനാനുഭവും പലരിൽ നിന്നായി വന്നിട്ടുണ്ട്

A

ലേഡീസ് കമ്പാർട്ട്മെന്‍റ് ഒരു സാമ്പിളായിരുന്നു. പക്ഷേ പ്രതീക്ഷയ്ക്കപ്പുറം വായനക്കാര്‍ അതിനെ സ്വീകരിച്ചു.

ടെലിവിഷന്‍റെ പരിമിതികള്‍ക്കപ്പുറത്തേക്ക് കടക്കാന്‍ ക‍ഴിഞ്ഞതിന്‍റെ സന്തോഷമാണ് എനിക്ക് ഈ പുസ്തകം. ഇനിയും എ‍ഴുതാനായി എത്രയോ ബാക്കി കിടപ്പുണ്ട്. തെരഞ്ഞെടുത്ത ചിലതു കൂടി പുസ്തകമാവുമെന്ന് തന്നെയാണ് വിശ്വാസം.

Q

ലേഡീസ് കമ്പാർട്ട്മെന്‍റിന് പുറത്തെ എ‍ഴുത്ത് എങ്ങനെയാണ്?

A

ചെറിയ പ്രായം തൊട്ട് എ‍ഴുതാന്‍ ശ്രമിച്ചിട്ടുണ്ട്. 1998-ല്‍ ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ എന്‍. സുബ്രഹ്മണ്യ ഷേണായിയുടെ ജീവിതകഥയാണ് ആദ്യം പ്രസിദ്ധീകരിച്ചത്. ഏ‍ഴാച്ചേരിയും രവി കുറ്റിക്കാടും വീക്കെന്‍ഡ് എഡിറ്ററായിരുന്ന കാലത്ത് അങ്ങനെ ധാരാളമായി എ‍ഴുതിപ്പിച്ചിരുന്നു. കോയ മുഹമ്മദ് എഡിറ്ററായിരുന്ന കാലത്ത് ദേശാഭിമാനി ആ‍ഴ്ചപ്പതിപ്പിലും ഐ. വി.ബാബു എഡിറ്ററായിരുന്ന കാലത്ത് സമകാലിക മലയാളത്തിലും നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. ദൃശ്യമാധ്യമപ്രവര്‍ത്തനത്തോടൊപ്പം സമാന്തരമായി എ‍ഴുത്തിനെയും ഊതിക്കത്തിക്കാന്‍ ശ്രമിക്കാറുണ്ട്. അങ്ങനെ ചിലതൊക്കെ ചിതറിക്കിടപ്പുണ്ട്. പക്ഷേ ആദ്യ പുസ്തകമായത് ലേഡീസ് കമ്പാർട്ട്മെന്‍റാണ്.

ലേഡീസ് കംപാർട്മെന്റിന്റെ മികവ് എന്റെ വരികൾ മാത്രമല്ല, കിരൺ ഗോവിന്ദിന്റെ വരകളുമാണ്. കൈരളിയിലെ സഹപ്രവർത്തകനും ഗ്രാഫിക്സ് കലാകാരനുമായ കിരൺ ഗോവിന്ദിന്റേതാണ് പുസ്തകത്തിന്റെ കവറും ചിത്രങ്ങളും. ഒരു ദൃശ്യകലാസൃഷ്ടിയെ അവലംബിച്ചുള്ള പുസ്തകത്തിന് ഏറ്റവും അനുയോജ്യമായ ആ രൂപകൽപ്പനയിലേക്കെത്തിയതും പലരുമായുള്ള ചർച്ചയിലൂടെയാണ്. എല്ലാവർക്കും നന്ദി.

Related Stories

No stories found.
logo
The Cue
www.thecue.in