‘ചാച്ചന്‍ തന്നേച്ചു പോയ ഒറ്റ വരി’

‘ചാച്ചന്‍ തന്നേച്ചു പോയ ഒറ്റ വരി’

Summary

മഹേഷിന്റെ പ്രതികാരം എന്ന ഒറ്റ സിനിമ കൊണ്ട് മലയാളി സിനിമാ പ്രേമികള്‍ക്ക് ചാച്ചനായി മാറിയ നടനാണ് കെ എല്‍ ആന്റണി. അടിയന്തരാവസ്ഥ കാലത്ത് ഉള്‍പ്പെടെ അരങ്ങില്‍ രാഷ്ട്രീയ നാടകങ്ങളുമായെത്തിയ ആദ്യകാല നാടകകൃത്തും നടനുമായിരുന്നു കെ എല്‍ ആന്റണി. കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ ലാസര്‍ ഷൈന്‍ തന്റെ മൂന്നാമത്തെ കഥാസമാഹാരം ഡ്രൈവിംഗ് സ്‌കൂള്‍ സമര്‍പ്പിച്ചിരിക്കുന്നത് പിതാവ് കെ എല്‍ ആന്റണിക്കാണ്. ചാച്ചന്‍ തന്നേച്ചു പോയ ഒറ്റ വരി- ‘’ഉള്ളില്‍ നിന്നാവുക’’ എന്നായിരുന്നുവെന്ന് ലാസര്‍ ഷൈന്‍ സമര്‍പ്പണത്തില്‍ കുറിക്കുന്നു.

തൊട്ടടുത്ത് എഴുതുന്ന ഒരാളെ കണ്ടാണ് കണ്ണു തുറന്നത്- ചാച്ചന്‍.

എഴുത്തിലെ എന്റെ ശീലങ്ങള്‍ക്ക് ചാച്ചനോടുള്ള അനുകരണമുണ്ട്. എഴുതുന്ന നേരം, നിഷ്ഠൂരമായ ഒരു ഏകാന്തത അദ്ദേഹം സ്വീകരിക്കുമായിരുന്നു. സംഭാഷണങ്ങള്‍ ഉറക്കെ പറയുമായിരുന്നു. ചുറ്റുമുള്ളതിനെ എല്ലാം അപ്രസക്തമാക്കി അദ്ദേഹം ഞങ്ങളുടെ ചെറ്റപ്പുരയ്ക്കുള്ളില്‍ കഥാപാത്രങ്ങളുടെ അഭൗമ ലോകം സൃഷ്ടിക്കുമായിരുന്നു. മക്കള്‍ കേള്‍ക്കരുതാത്തത്, എന്ന സദാചാരമൊന്നും എഴുത്തില്‍ ചാച്ചന്‍ പാലിക്കാറില്ല. എഴുതുന്ന ആ സ്വാതന്ത്ര്യമാണ് ആ ലോകത്തേയ്ക്ക് ആകര്‍ഷിച്ചത്. ഇതെഴുതിയെന്ന പേരില്‍ തന്നെപ്പറ്റി മറ്റുള്ളവര്‍ കരുതിയേക്കാവുന്നത്, എന്ന നിലയ്ക്കുള്ള ചിന്തകള്‍ അദ്ദേഹത്തിന്റെ മഷി വറ്റിച്ചതുമില്ല. 'മരണം' എന്നു പുസ്തകത്തിനു പേരിട്ട് അസംബന്ധം എഴുതിയ ചാച്ചന്‍. അതില്‍ പിക്കാസോയുടെ 'ഗൊര്‍ണിക്ക' കവറാക്കി. ഇതെല്ലാം സംഭവിക്കുന്നത് എന്നിലെ കുട്ടിക്കു മുന്നിലായിരുന്നു. 'ദാരിയോ ഫോ'യുടെ, 'അരാജകവാദിയുടെ അപകട മരണം' വായിക്കുമ്പോള്‍, ആ മരണം മുന്നേ ചാച്ചനെഴുതി വായിച്ചിരുന്നു. എനിക്കാ അരാജകവാദിയെ അറിയാമായിരുന്നു. ദാരിയോ ഫോ ആ നാടകം എഴുതുന്നതിനും എത്രയോ മുന്‍പ്!

ദൂരദര്‍ശനില്‍, മറ്റൊരു വീട്ടിലെ ടീവിയില്‍ ഉച്ചയ്ക്ക് പിറവി സിനിമ കണ്ട് മടങ്ങി വന്ന ചാച്ചന്‍ നിരാശനായിരുന്നു. 'ഇരുട്ടറ' എന്ന അദ്ദേഹത്തിന്റെ നാടകം മോഷ്ടിക്കപ്പെട്ടു എന്നുതന്നെ അദ്ദേഹം കരുതി. രാജനെ തിരഞ്ഞലയുന്ന അച്ഛനായിരുന്നു ആ നാടകം. രാജന്‍ കൊല്ലപ്പെട്ട ദിനങ്ങളില്‍ അടിയന്തരാവസ്ഥക്കാലത്ത് എഴുതപ്പെട്ടത്. നീളെ അവതരിപ്പിക്കപ്പെട്ടത്. നാടകത്തിലെ രാജന്റെ സഹോദരിക്ക് ഉടുക്കാന്‍, രാജന്റെ വീട്ടില്‍ പോയി സാരി വാങ്ങി വന്നതും ഓര്‍ക്കുന്നു. രാജന്റെ കുട്ടിക്കൂട്ടുകാരനായി ഞാനായിരുന്നു വേദിയില്‍.

ഞങ്ങളുടെ കഥകളില്‍ ഞങ്ങള്‍ പരസ്പരം പാത്രങ്ങളായി ജീവിച്ചു പോകുന്നതിന് ഇടയില്‍ അതാ, ചാച്ചന്‍ ‘’ഞാന്‍ മരിക്കാന്‍ പോകുന്നു. താക്കോല്‍ ചവിട്ടിക്ക് അടിയില്‍ വെച്ചിട്ടുണ്ട്’’- എന്നും പറഞ്ഞ് ഒരൊറ്റ പോക്കങ്ങ് പോയി.

പിടിക്കപ്പെട്ടാല്‍ കൊല്ലപ്പെടാന്‍ സാധ്യതയുള്ള ഒരു ഗൂഢപദ്ധതിയാണ് കല എന്ന് ചാച്ചന്‍ ഓര്‍മ്മപ്പെടുത്തി.

വീടായവീടുകളില്‍ നടന്നു കയറി പുസ്തകം വിറ്റ് ചാച്ചന്‍ ജീവിച്ചിരിക്കാനുള്ള സ്വന്തം സ്വാതന്ത്ര്യത്തെ മുറുകെ പിടിച്ചു.

സ്വാതന്ത്ര്യം എന്ന ആശയമാണ് ചാച്ചന്‍ തന്നേച്ചു പോയത്. യേശുവിനെ പുള്ളിക്ക് ഇഷ്ടമായിരുന്നു. മനുഷ്യപുത്രന്‍ എന്ന നാടകത്തില്‍ ഒരു കയ്യില്‍ ബൈബിളും മറുകയ്യില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുമുള്ള ഒരു പാതിരിയെ അവതരിപ്പിക്കുന്നുണ്ട്. സ്വയം സംഗ്രഹിച്ചതാകാം. യേശു എന്ന കഥയെ സഭയും കമ്യൂണിസം എന്ന ആശയത്തെ പാര്‍ട്ടിയും ഇവ്വിധം ചേരുവ ചേര്‍ക്കുന്നതിനോട് നിരന്തരം കലഹിച്ചു.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാഷ്ട്രീയത്തോടുള്ള എന്റെ കടുത്ത എടുത്തുചാട്ടം കണ്ട്, ഞാന്‍ രക്തസാക്ഷിയാകും എന്നായിരുന്നു ചാച്ചന്റെ വിചാരം. ഈച്ചരവാര്യരെ ഉള്‍ക്കൊണ്ട പുള്ളിക്കാരന്, എന്നാപ്പിന്നെ മകന്റെ ജഡവുമായി ആംബുലന്‍സ് വരുമ്പോള്‍ എങ്ങനെ സ്വീകരിക്കണം എന്ന പ്ലാന്‍ പോലുമുണ്ടായിരുന്നു. കൊല്ലപ്പെടാന്‍ ഇടയുള്ള മകനെ കുറിച്ച് അദ്ദേഹവും ചാച്ചന്‍ മരിച്ചാല്‍ എങ്ങനെയാകണം കാര്യപരിപാടിയെന്ന് ഞാനും തീരുമാനിച്ചിരുന്നു. ഞങ്ങളുടെ കഥകളില്‍ ഞങ്ങള്‍ പരസ്പരം പാത്രങ്ങളായി ജീവിച്ചു പോകുന്നതിന് ഇടയില്‍ അതാ, ചാച്ചന്‍ ''ഞാന്‍ മരിക്കാന്‍ പോകുന്നു. താക്കോല്‍ ചവിട്ടിക്ക് അടിയില്‍ വെച്ചിട്ടുണ്ട്''- എന്നും പറഞ്ഞ് ഒരൊറ്റ പോക്കങ്ങ് പോയി.

ചാച്ചന്‍ വെച്ചേച്ചു പോയ താക്കോല്‍, കുരിശിലേക്കുള്ള വാതിലിന്റെയാണ്- ആ പാനപാത്രത്തിലെ നീര് കുടിക്കുമ്പോള്‍, എന്റെ കഴുത്തില്‍ കുത്തിപ്പിടിച്ച് കണ്ഠം നീലയാക്കരുതേ... ആയുസ് എന്ന തികച്ചും ലളിതമായ ഒരു കൃതിയുടെ സ്വാഭാവികമായ അവസാന താളാണത്. പക്ഷെ, ഒരുപുസ്തകവും അവസാന പേജില്‍ അവസാനിക്കുകയല്ല. അവിടെ തുടങ്ങുകയാണ്. 'ഞാന്‍ നിത്യതയിലേയ്ക്ക് നടന്നു പോവുകയാണ്. എന്നെ വളര്‍ത്തിയ ഈ പ്രപഞ്ചത്തോട് നന്ദി പറഞ്ഞ്, ആരോടും പരിഭവമില്ലാതെ'- എന്നായിരുന്നു ആ താളിലെ ചാച്ചന്റെ വരികള്‍.

ചാച്ചന്‍ തന്നേച്ചു പോയ ഒറ്റ വരി- ''ഉള്ളില്‍ നിന്നാവുക''

ലാസര്‍ ഷൈന്‍ എഴുതിയ ആദ്യ കഥാസമാഹാരം 'പുഴകത്തുമ്പോള്‍ മീനുകള്‍' കെ എല്‍ ആന്റണിയാണ് പ്രസിദ്ധീകരിച്ചത്. പുസ്തകം സ്വയം പ്രസിദ്ധീകരിച്ച് വീടുകള്‍ കയറി വില്‍ക്കലായിരുന്നു രീതി. വീടിനുള്ളില്‍ മോഷ്ടിച്ച പുലിയെ പോറ്റിയ റാഹേലിന്റെ കഥ പറഞ്ഞ 'കൂ' എന്ന കഥയടങ്ങിയ രണ്ടാമത്തെ സമാഹാരം ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു. സര്‍പ്പം, സുഖിയന്‍, നടന്ന സംഭവം, മാടത്ത, വീരപ്പന്‍ ഈ വീടിന്റെ ഐശ്വര്യം, പാപ്പാ ഗെയിം തുടങ്ങി 14 കഥകളാണ് പുതിയ സമാഹാരത്തില്‍. ഡിസി ബുക്ക്‌സാണ് പ്രസാധകര്‍.

Related Stories

No stories found.
logo
The Cue
www.thecue.in