ടി ഡി രാമകൃഷ്ണന്‍: കാനിബാള്‍ ഫീസ്റ്റ് ഒക്കെ സിനിമയില്‍ വലിയ വെല്ലുവിളി, ഇട്ടിക്കോര ചെയ്യാനാകുന്ന സാഹചര്യം മലയാള സിനിമയില്‍ ഉണ്ട് 

ടി ഡി രാമകൃഷ്ണന്‍: കാനിബാള്‍ ഫീസ്റ്റ് ഒക്കെ സിനിമയില്‍ വലിയ വെല്ലുവിളി, ഇട്ടിക്കോര ചെയ്യാനാകുന്ന സാഹചര്യം മലയാള സിനിമയില്‍ ഉണ്ട് 
Q

ഷാജി എന്‍ കരുണിന്റെ തന്നെ ആശയത്തില്‍(കഥ) നിന്നാണല്ലോ അദ്ദേഹത്തിന്റെ എല്ലാ സിനിമകളും, മറ്റൊരാളുടെ കഥയില്‍ നിന്ന് തിരക്കഥാ രൂപം ഉണ്ടാക്കുക എന്നത് ,അതും ഫാന്റസിയുടെ പശ്ചാത്തലത്തില്‍ ഒരു തിരക്കഥ. ആദ്യതിരക്കഥ കൂടിയാണ് ഓള്. ഇത് എഴുത്തുകാരന്‍ എന്ന നിലയില്‍ ഭാവനയും സ്വാതന്ത്ര്യവും പരിമിതപ്പെടുത്തുന്ന പ്രക്രിയയായിരുന്നോ, അതോ തിരക്കഥ എന്ന പുതിയ സങ്കേതത്തില്‍ ലഭിച്ച സ്വാതന്ത്ര്യത്തിന്റേതായിരുന്നോ?

A

രണ്ടും രണ്ട് കലയാണല്ലോ. ഒരു എഴുത്തുകാരനെ സംബന്ധിച്ച് സാഹിത്യത്തില്‍ ഭാവനയുടെ അനന്തമായ സാധ്യതകളാണ് ഉള്ളത്. അവിടെ ആലോചനയും എഴുത്തും തിരുത്തുമെല്ലാം ഒറ്റയ്ക്കാണ് ചെയ്യുന്നത്. മറ്റാരുടെയും ഇടപെടലുകള്‍ ഇല്ല. അങ്ങനെ ഒരുപാട് സ്വാതന്ത്ര്യമുണ്ട് നോവലുകള്‍ എഴുതുമ്പോള്‍. അത് പൂര്‍ണ്ണമായും നമ്മുടെ ഒരു വര്‍ക്ക് ഓഫ് ആര്‍ട്ട് ആണ്. പക്ഷേ സിനിമ എന്നുപറയുന്നത് ഫിലിം മേക്കറുടേതാണ്. സംവിധായകന്റെ വര്‍ക്കാണ് സിനിമ. എഴുതുന്ന ആളാണെങ്കിലും, സിനിമയുടെ ഗ്രാഫിക്‌സ് ചെയ്യുന്ന ആള്‍ ആണെങ്കിലും സിനിമാട്ടോഗ്രഫി ചെയ്യുന്ന ആളാണെങ്കിലും അഭിനയിക്കുന്ന ആളാണെങ്കിലും ചെയ്യേണ്ടത് ഡയറക്ടര്‍ മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നല്‍കുക എന്നതാണ്. എല്ലാവരും സംവിധായകര്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ കോണ്‍ട്രിബ്യൂട്ട് ചെയ്യുന്ന ആളുകളായിട്ടാണ് വരുന്നത്. നമ്മളൊക്കെ അതില്‍ കോണ്‍ട്രിബ്യൂട്ട് ചെയ്യുന്നു എന്നേയുള്ളൂ. ഓള് എന്ന സിനിമയുടെ കഥയും അദ്ദേഹത്തിന്റെ തന്നെയാണ്. അദ്ദേഹത്തിന്റെ കഥയ്ക്ക് അനുസരിച്ച് അദ്ദേഹം ആഗ്രഹിക്കുന്ന രീതിയിലുള്ള തിരക്കഥ നല്‍കുക എന്നത് മാത്രമേയുള്ളൂ എന്റെ ഉത്തരവാദിത്വം. നോവല്‍ എഴുതുന്നത് പോലെയല്ല ഇത്. എനിക്ക് അക്കാര്യത്തില്‍ തുടക്കത്തിലേ വ്യക്തമായ ബോധ്യമുണ്ടായിരുന്നു. അല്ലാതെ അതില്‍ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമില്ല.

Q

മീഡിയം എന്ന നിലയില്‍ സംസാരിക്കുമ്പോള്‍, എഴുത്തില്‍ നല്ല കണിശതയുള്ള ആളാണ് ടിഡി എന്ന് കേട്ടിട്ടുണ്ട്. രചനാരീതി നോവലില്‍ നിന്ന് തിരക്കഥ എന്നൊരു മീഡിയത്തിലേക്ക് മാറുകയാണല്ലോ, ഫിലിമബിള്‍ ആവണമല്ലോ എഴുതുന്നതെല്ലാം, ഭാവനയെ ഷൂട്ട് ചെയ്യാന്‍ സാധിക്കുന്നത് എന്ന നിലയില്‍ പരിമിതപ്പെടുത്തുകയും വേണമല്ലോ? എന്തായിരുന്നു അനുഭവപ്പെട്ട വ്യത്യാസം?

A

എഴുത്തുകാരന് ഏറ്റവും സന്തോഷമുള്ളതും തൃപ്തിയുള്ളതും നോവല്‍ തന്നെയായിരിക്കും. അതില്‍ സംശയവുമില്ല. പൂര്‍ണമായും സ്വന്തം ഭാവനയിലുള്ളതുമല്ലാണല്ലോ. ആലോചിക്കുന്നതും എഴുതിയതും എങ്ങനെ സാക്ഷാത്കരിക്കും എന്നുള്ള ഒരു റിസ്‌കില്ല നോവലില്‍. നോവല്‍ നമ്മള്‍ ചെയ്യുമ്പോള്‍ നമ്മുടെ ഭാവനയില്‍ അനന്തമായിട്ട് പോകാനും പറ്റും. മറ്റൊരു മീഡിയത്തിലേക്ക് ട്രാന്‍സ്‌ഫോം ചെയ്യുന്നതിന്റെയും പ്രശ്‌നങ്ങളില്ലല്ലോ. സിനിമ എന്നു പറയുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം നമ്മള്‍ അത് എഴുതി വെച്ചാല്‍ മാത്രം പോര, സിനിമയാക്കി മാറ്റുക എന്ന വലിയൊരു കാര്യമുണ്ടല്ലോ. അതില്‍ പല ലെയറുകള്‍ ഉണ്ടാകാം. ഒന്ന് സംവിധായകന്റെ സൃഷ്ടിയാണ് അല്ലെങ്കില്‍ സംവിധായകനാല്‍ സൃഷ്ടിക്കപ്പെടുന്നതാണ്. അദ്ദേഹം ആഗ്രഹിക്കുന്ന തരത്തിലേക്ക് തന്നെയായിരിക്കണം നമ്മള്‍ ചെയ്യാന്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള കാര്യം എത്തേണ്ടത്. നാലോ, അഞ്ചോ ആറോ തവണ നമുക്ക് മാറ്റി മാറ്റി എഴുതേണ്ടി വരും, ചില കാര്യങ്ങള്‍ ഉപേക്ഷിക്കേണ്ടി വരും, ചിലത് പുതിയതായി ചേര്‍ക്കേണ്ടി വരും. നമ്മള്‍ എഴുതിയതിന് നൂറ് ശതമാനം അനുയോജ്യനായ ആളെ ആവണം എന്നില്ല അഭിനയിക്കാന്‍ കിട്ടുന്നത്. അപ്പോള്‍ ആ അഭിനേതാവിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ വേണ്ടി വരും. മറ്റ് ചിലപ്പോള്‍ നമ്മുക്ക് കിട്ടുന്ന അഭിനേതാവ് വലിയൊരു സാധ്യതയായി മാറും. അപ്പോള്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ആവും വേണ്ടി വരിക. അതല്ലാതെ തന്നെ ചില മാറ്റങ്ങള്‍ക്ക് വിധേയമാക്കേണ്ടിവരും. സിനിമ വലിയൊരു ടീം വര്‍ക്കാണ്. ചിലപ്പോള്‍ എല്ലാം എഴുതി ശരിയായാലും ചില ദിവസങ്ങളില്‍ അതിന്റെ മറ്റു പല പ്രശ്‌നങ്ങള്‍ കൊണ്ടും ഇതില്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സാമ്പത്തികവും ഒരു പ്രധാനപ്പെട്ട ഘടകമാണ്. പ്രത്യേകിച്ചും നമ്മള്‍ ഫാന്റസിയുമയുള്ള കാര്യങ്ങളില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അതിന്റെ ടെക്‌നോളജിയുടെ സാധ്യത ഉപയോഗിച്ചു ചെയ്യാനുള്ള ധാരാളം സൗകര്യങ്ങള്‍ സംവിധാനത്തില്‍ ഉണ്ടെങ്കില്‍ കൂടി തന്നെ അതിന്റെ ബജറ്റിങ്ങും ഒരു ഘടകമാണ്. ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ നോവലിനെ അപേക്ഷിച്ചു സിനിമയുടെ എഴുത്തില്‍ സ്വാധീനിക്കുന്നുണ്ട്. ഒന്നാമത് കഥ വേറെയൊരാളുടേതാണ്. നമുക്ക് അദ്ദേഹം രൂപപ്പെടുത്തിയ ആ കഥയുടെ ഉള്ളില്‍ നിന്നിട്ടെ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. കഥയുമായി ബന്ധപ്പെടുത്തി പറയാവുന്ന കാര്യങ്ങള്‍ നമ്മള്‍ മാറ്റുന്നത് ശരിയല്ലലോ, സുഗന്ധിയിലും (സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി) അല്ലെങ്കില്‍ ഇട്ടിക്കോരയിലുമൊക്കെ (ഫ്രാന്‍സിസ് ഡി ഇട്ടിക്കോര) ഫാന്റസിയുടെ ഏതറ്റം വരെ വേണമെങ്കില്‍ പോകാം പക്ഷെ എഴുതുന്ന ഒരു സാധനം വിഷ്വലാക്കി മാറ്റുക എന്നതില്‍ വലിയൊരു ചലഞ്ച് ഉണ്ട്.

എന്റെ മാമാ ആഫ്രിക്ക എന്ന പുതിയ നോവലില്‍ വിക്ടോറിയാ തടാകത്തിന് നടുവില്‍ നിന്ന് ആകാശത്തോളം ഉയര്‍ന്നു വരുന്ന മാമാ ആഫ്രിക്കയുടെ രൂപത്തിനെ പറ്റിയിട്ട് പറയുന്നുണ്ട്. അതില്‍ നഗ്‌നയായി നിന്ന് ഒരു കൊച്ചു കുട്ടിക്ക് മുല കൊടുത്ത് മാനം മുട്ടെ നില്‍ക്കുന്ന രൂപമാണ്. കറുത്ത നിറമുള്ള ദേവി സങ്കല്പത്തിനൊപ്പം മനുഷ്യ വംശത്തില്‍ മുഴുവന്‍ നിലനില്‍ക്കുന്ന ‘അമ്മ എന്നുള്ള യഥാര്‍ത്ഥമായൊരു സങ്കല്പത്തിലൂന്നിയാണ് ഇത് എഴുതിയത്. ഇത് നമുക്ക് എഴുതുവാന്‍ എളുപ്പം കഴിയും പക്ഷെ ഇത് വിഷ്വലായിട്ട് ഇപ്പോള്‍ നമ്മുടെ മനസ്സില്‍ കാണുന്ന കാഴ്ച കണ്‍വര്‍ട്ട് ചെയ്‌തെടുക്കുക എന്നു പറയുന്നത് വലിയ ചലഞ്ച് ഉള്ള കാര്യമാണ്. അതുപോലെ വിഷ്വലാക്കി മാറ്റുന്നതിനുള്ള ടെക്‌നിക്കലായിട്ടുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാം. സാമ്പത്തികമായ പ്രശ്‌നങ്ങളുണ്ടാകാം. സിനിമ മറ്റൊരു മീഡിയം ആണ്. സംവിധായകന്‍ എന്ന ക്യാപ്റ്റന്‍ നയിക്കുന്ന ഒരു ടീം വര്‍ക്കാണ്. അതിന്റേതായസാധ്യതകളും ഉണ്ട്.

ഷാജി സാറിനെപോലെ (ഷാജി എന്‍ കരുണ്‍) വളരെ സീനിയറായിട്ടുള്ള ഒരുപാട് എക്‌സ്പീരിയന്‍സുള്ള ഒരു ഫിലിം മേക്കറിന് വേണ്ടിയാണ് നമ്മള്‍ ചെയ്യുന്നത് എന്ന് വരുമ്പോള്‍ മറ്റ് ഒരുപാട് തലങ്ങളിലേക്ക് പോകാന്‍ പറ്റും. പിന്നെ ടാര്‍ഗറ്റ് ഓഡിയന്‍സിനെ കുറിച്ചുള്ള ചിന്തകളൊക്കെ പ്രധാനമാണെന്ന് തോന്നുന്നു. രണ്ടും രണ്ട് കലയാണെന്ന് മനസിലാക്കി കഴിഞ്ഞാല്‍ ഇത് സാധ്യതയോ പരിമിതിയോ നമ്മുടെ ആശങ്കയാവേണ്ടതില്ല. ഉദാഹരണത്തിന് പഞ്ചാരിമേളത്തിന് ചെണ്ട കൊട്ട് നടത്തുന്നതും, കഥകളിയില്‍ ഇതേ ചെണ്ട കൊട്ടുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. പഞ്ചാരി മേളത്തില്‍ ചെണ്ടകൊട്ടുന്ന ആളും ചെണ്ടയുമാണ് പ്രൈം ഫോക്കസ്. കഥകളിയില്‍ എത്തുമ്പോള്‍ മുന്നിലാടുന്ന കഥകളി വേഷത്തിനുള്ള താളമായും പിന്തുണയ്ക്കുന്ന ഒന്ന് മാത്രമായും ചെണ്ട മാറുകയാണ്. സംവിധായകന്റെ നിലയ്ക്കുള്ള കാര്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ മറ്റുള്ളവര്‍ കോണ്ട്രിബ്യൂട്ട് ചെയ്യുന്നു എന്നാണ് മനസിലാക്കേണ്ടത് എന്ന് തോന്നുന്നു.

Q

സിനിമ താല്‍പ്പര്യമുള്ള മാധ്യമമാണെന്ന് ടിഡി നേരത്തെ സംസാരിച്ച് കേടിട്ടുണ്ട്. മറ്റൊരാളുടെ കഥയില്‍ അല്ലാതെ സ്വന്തം തിരക്കഥയില്‍ അല്ലെങ്കില്‍ എഴുതിയ നോവലിന്റെ തിരക്കഥാരൂപം അങ്ങനെ ആലോചനയോ ശ്രമങ്ങളോ ഉണ്ടായിരുന്നോ? ഇട്ടിക്കോരയുടെയും സുഗന്ധിയുടെയും വിശാല ചലച്ചിത്ര സാധ്യത കൂടി നേരത്തെ ചര്‍ച്ചയായിരുന്നു?

A

തീര്‍ച്ചയായും, അത്തരം എഴുത്തിനെക്കുറിച്ച് മനസില്‍ വേറെ ചില സങ്കല്‍പ്പങ്ങള്‍ ഉണ്ട്. അതിന്റെ സാധ്യതകള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമായിരിക്കും. ഞാന്‍ സ്വതന്ത്രമായി ചെയ്യുന്ന സിനിമ എന്നു പറയുമ്പോള്‍ അതിന് വേറെ ഒരുപാട് സാധ്യതകള്‍ ഉണ്ട്. വേറൊരു കഥയില്‍ നമ്മള്‍ ഇടപെടുന്നത് പോലെയല്ലല്ലോ, പ്രധാനമായും ദാര്‍ശനികമായോ, സാമൂഹികമായോ,രാഷ്ട്രീയമായോ ഒക്കെ അതിലൊക്കെ വ്യത്യാസവും ഉണ്ടാകും. ഞാന്‍ ഓരോ വിഷയങ്ങളെയും എഴുത്തില്‍ സമീപിക്കുന്നത് എങ്ങനെയാണെന്ന് എന്റെ പുസ്തകങ്ങള്‍ വായിച്ചിട്ടുള്ളവര്‍ക്ക് അറിയാവുന്ന കാര്യവുമായിരിക്കും. ഞാന്‍ ഇന്‍ഡിപെന്‍ഡന്റ് ആയിട്ട് ചെയ്യുന്ന വര്‍ക്കുകള്‍ അത്തരത്തില്‍ തന്നെയായിരിക്കും. വേറെ പല തരത്തിലും എനിക്ക് ചെയ്യാന്‍ പറ്റും എന്ന് തോന്നിയിട്ടുണ്ട്. വായനക്കാരുമായുള്ള ഒരു ഡിസ്‌കോഴ്‌സ് എന്നുള്ള നിലയില്‍ ഡവലപ് ചെയ്യുന്നതാണ് എന്റെ രചനകള്‍. വായിക്കുന്നയാളുടെ പങ്കാളിത്തത്തില്‍ കൂടി യഥാര്‍ത്ഥ്യമാകുന്നതാണ് സാഹിത്യവുമായി ബന്ധപ്പെട്ട എന്റെ കാഴ്ചപ്പാട്. ഏറ്റവും സങ്കീര്‍ണമായ കാര്യങ്ങള്‍ ഏറ്റവും ലളിതമായ ഭാഷയില്‍ സംവദിക്കാനാണ് എഴുത്തില്‍ ഞാന്‍ ശ്രമിക്കാറുള്ളത്. ഞാന്‍ തന്നെ ഒരു സ്‌ക്രിപ്ര്‌റ്റോ, സിനിമയോ ചെയ്യുകയാണെങ്കില്‍ അപ്രോച്ച് സ്വാഭാവികമായും എന്റെ രചനാ ശൈലിയുമായി ചേര്‍ന്നുനില്‍ക്കുന്നതായിരിക്കും.

Q

ആല്‍ഫ സിനിമ ചെയ്യണമെന്ന ആഗ്രഹം മുമ്പൊരു സംവിധായകന്‍ പങ്കുവച്ചിരുന്നു. ഇട്ടിക്കോര സിനിമാരൂപത്തില്‍ ആഗ്രഹിക്കുന്നവരുണ്ട്. നേരത്തെ ഷങ്കര്‍ രാമകൃഷ്ണന്‍ സിനിമ ചെയ്യുകയാണെന്ന് വാര്‍ത്തകളും ഉണ്ടായിരുന്നല്ലോ?

A

ആല്‍ഫയോ, ഇട്ടിക്കോരയോ, സുഗന്ധിയോ ഒക്കെയാണെങ്കില്‍ ഒരു സിനിമയ്ക്ക് ആവശ്യമുള്ളതിനേക്കാള്‍ ഒരു പാട് വലിയ പ്രമേയമാണ്. സിനിമ ചെയ്യണമെങ്കില്‍ വലിയ സ്‌കെയിലില്‍ മാത്രമേ മറ്റൂ. രണ്ടാമത് ഈ സിനിമ എടുക്കാന്‍ ആഗ്രഹിച്ചുവരുന്നവര്‍ അത് ശങ്കര്‍ ആണെങ്കിലും വേറെ ആരാണെങ്കിലും അവര്‍ക്ക് മുന്നിലുള്ള വെല്ലുവിളി എന്നു പറയുന്നത് ബജറ്റാണ്. വലിയൊരു ബജറ്റ് ഉണ്ടെങ്കില്‍ മാത്രമേ ചെയ്യാന്‍ പറ്റൂ.അങ്ങനെ വരുമ്പോള്‍ ഗ്ലോബല്‍ ഓഡിയന്‍സിനെ അഡ്രസ്സ് ഇതുകൊണ്ട് ചെയ്യാന്‍ പറ്റണം. അതിനു പറ്റിയ പ്രൊഡക്ഷന്‍ ഹൗസ് അല്ലെങ്കില്‍ അങ്ങനെയുള്ള ആളുകള്‍ വന്നു കഴിഞ്ഞാല്‍ ചിലപ്പോള്‍ അത് സംഭവിച്ചേക്കാം. എന്തുകൊണ്ടോ ഇതുവരെ അങ്ങനെ സംഭവിച്ചില്ല. ഫ്രാന്‍സിസ് ഇട്ടിക്കോര വെറുമൊരു കുന്നംകുളം കഥയാക്കിചുരുക്കിയെടുത്താല്‍ അതില്‍ യാതൊരു പ്രയോജനവുമില്ല. വരുന്നവരോട് ഞാന്‍ പറഞ്ഞിരുന്ന പ്രധാനപ്പെട്ട കാര്യം എടുക്കുകയാണെങ്കില്‍ അത് നോവലിന്റേതായ സമഗ്രതയില്‍ തന്നെ ചെയ്യാന്‍ പറ്റണം. അല്ലാതെ ചെയ്യാന്‍ അര്‍ത്ഥമില്ലെന്നാണ് പറഞ്ഞത്. സിനിമ എന്ന മാധ്യമത്തിലൂടെ വലിയ തോതില്‍ എക്‌സ്‌പ്ലോര്‍ ചെയ്യാനാകും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അത്തരത്തില്‍ എടുക്കാന്‍ സാധ്യതയുള്ള ആളുകള്‍ വരുമ്പോള്‍ ചെയ്യാം.

Q

അങ്ങനെ ആല്‍ഫയുടെയോ, ഇട്ടിക്കോരയുടേയോ മറ്റ് രചനകളുടെയോ സിനിമാറ്റിക്ക് വേര്‍ഷനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ?

A

നോവല്‍ വേറൊരു തലത്തിലാണ് സംവദിക്കുന്നത്. ഫിലോസഫിക്കല്‍ ആയ ആത്മീയ സംഘര്‍ഷത്തിലാണ് വിത്ത് മുളക്കുന്നത്. പിന്നീട് അതെല്ലാം നമ്മള്‍ വിഷ്വലായിട്ട് തന്നെയാണ് കണ്‍സീവ് ചെയ്യുന്നത്.

Q

അതേ, പുസ്തങ്ങളായി വായനക്കാരിലെത്തിയ ശേഷമുള്ള ആലോചനയെക്കുറിച്ചാണ് ചോദിച്ചത്.?

A

സാമ്പ്രദായികമായ പല ബോധ്യങ്ങളോടും കൗണ്ടര്‍ ചെയ്യുന്ന കാര്യങ്ങള്‍ ആല്‍ഫ മുതലുള്ള രചനകളില്‍ ഉണ്ട്. ഉദാഹരണത്തിന് കാനിബാള്‍ ഫീസ്റ്റ് എന്നത് നമ്മള്‍ ഫിലിം ചെയ്യുമ്പോള്‍ വലിയ വെല്ലുവിളിയാണ്. ശരീരത്തിന്റെ ഓരോ ഭാഗം മാര്‍ക്ക് ചെയ്ത് മാറ്റിവെക്കുന്നതിനെക്കുറിച്ചും അതിലെ ഓരോ ഭാഗങ്ങള്‍ ആവശ്യപ്പെടുന്നതും നമ്മള്‍ നോവലില്‍ പറയുന്നുണ്ട്. ഇതെല്ലാം വൈകാരികമായി ചെയ്യാവുന്ന കാര്യങ്ങളാണ്. അതേ സമയം വിഷ്വലില്‍ ഷോക്കിംഗ് ആയ കാര്യങ്ങളുമാണ്. ഇത്തരം കാര്യങ്ങളുടെ പോസിബിലിറ്റിയെക്കുറിച്ച ചിന്തിക്കാറുണ്ട്.

Q

സെന്‍സര്‍ഷിപ്പിന്റെ ആശങ്കകള്‍ കൂടി ചേര്‍ത്താണോ, അതോ സിനിമ അത്തരം സാധ്യതകളെ ഉപയോഗിക്കാന്‍ തുടങ്ങുന്ന കാലത്തിന് വേണ്ടി കാത്തിരിക്കേണ്ടി വരും എന്നാണോ

A

ഇത് വെറും ലൈംഗികതയുടെയോ അല്ലെങ്കില്‍ വയലന്‍സോ മുന്‍നിര്‍ത്തിയുള്ള കാര്യം മാത്രമല്ല. നോവലില്‍ അതിനപ്പുറത്ത് വലിയൊരു പൊളിറ്റിക്ക്സ് കണ്‍വേ ചെയ്യപ്പെടുന്നുണ്ട്. ഒരു ഡിസ്‌കോഴ്സ് ആവശ്യപ്പെടുന്നുണ്ട്. സാമ്പ്രദായികമായി ചില കാര്യങ്ങള്‍ പുനഃപരിശോധിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ ഉണ്ട്. ആല്‍ഫ പബ്ലിഷ് ചെയ്തത് 2003 ലാണ്. കഴിഞ്ഞതിന്റെ മുമ്പത്തെ കൊല്ലം ഹിന്ദുവിന്റെ സണ്‍ഡേ മാഗസിനില്‍ വന്ന വലിയൊരു ആര്‍ട്ടിക്കിള്‍ ഉണ്ട്. ബാംഗ്ലൂര്‍ ഉള്ള പോളിയാമറസ് ഗ്രൂപ്പിനെ പറ്റിയാണ്. സ്ത്രീകളും പുരുഷന്‍മാരൊക്കെ ചേര്‍്ന്ന്. പത്ത് പതിനാല് പേരുള്ള ഒരു പോളിയാമറസ് ഗ്രൂപ്പ്. അത്തരം ഒരു ഗ്രൂപ്പിന്റെ ഒരാള്‍ പേര് വെളിപ്പെടുത്തുമ്പോള്‍ ബാക്കിയുള്ളവര്‍ ഇത് യഥാര്‍ത്ഥ പേരല്ല എന്നൊക്കെ പറഞ്ഞിട്ട് പക്ഷെ അതൊരു ക്രെഡിബിള്‍ റിപ്പോര്‍ട്ടാണ്. അതിന്റെ മിഡില്‍ ഫുള്‍ പേജ് ആയിട്ടാണ് അത് വരുന്നത്. ആല്‍ഫ എഴുതുമ്പോള്‍ ഞാന്‍ ഇങ്ങനെ ഒരു ഗ്രൂപ്പിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. അത് ഇമാജിനേഷനില്‍ സംഭവിച്ചതാണ്. പോളിയാമറസ് ഗ്രൂപ്പിനെ സൊസൈറ്റിക്ക് എത്രമാത്രം ഉള്‍ക്കൊള്ളാന്‍ പറ്റും എന്നു അറിഞ്ഞു കൂടാ. അത് വലിയൊരു സിനിമയുടെ സാധ്യതയാണ്. വലിയ എതിര്‍പ്പുണ്ടാകും പക്ഷേ ഇത് വരുമ്പോള്‍. ഫ്രാന്‍സിസ് ഇട്ടിക്കോര 2009 ല്‍ പബ്ലിഷ് ചെയ്യുമ്പോള്‍ സാമൂഹ്യ വിരുദ്ധമാണ് എന്നൊക്കെ പറഞ്ഞ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. നമ്മളില്‍ നില നില്‍ക്കുന്ന ബോധ്യങ്ങള്‍ പുനഃപരിശോധിക്കാനോ അല്ലെങ്കില്‍ അവ ചര്‍ച്ച ചെയ്യാനോ എല്ലാസാധ്യതകളും തുറന്നിട്ടാണ് എഴുതുന്നത്. സിനിമ എന്ന മീഡിയത്തില്‍ വലിയൊരു സാധ്യത അത്തരത്തില്‍ വലിയ റീച്ച് ഉള്ള ഒന്നാണ്. തീര്‍ച്ചയായും ചെറുപ്പക്കാരായ ആളുകള്‍ അതിനോട് ആ രീതിയില്‍ പ്രതികരിക്കുന്ന ഒരു കാലം മലയാള സിനിമയില്‍ ഇപ്പോള്‍ വന്നിട്ടുണ്ട്. പ്രതീക്ഷയുള്ള കാര്യമാണ്. കാരണം തമിഴില്‍ ചെറുപ്പക്കാര്‍ അത്ഭുതപ്പെടുത്തുന്ന സിനിമകളൊക്കെ ചെയ്തപ്പോള്‍ അങ്ങനെ ചെയ്യാന്‍ ശ്രമിക്കാതിരുന്ന കാലം ഇവിടെ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ എത്രയോ നല്ല സിനിമകള്‍ വരുന്നു.

ആര്‍ട്ടിന്റെ കാര്യത്തില്‍. നിലവിലുള്ള ബോധ്യങ്ങളോട് കൗണ്ടര്‍ ചെയ്ത് അപ്പുറത്തേക്ക് പോകാനുള്ള ശ്രമം വരുമ്പോള്‍ വലിയൊരു റസിസ്റ്റന്‍സ് അതിന്റെ പുറത്ത് വരും. അതിനെ മറികടക്കാനാണല്ലോ നമ്മള്‍ ശ്രമിക്കുന്നത്. എനിക്ക് തോന്നുന്നു ഗ്ലോബല്‍ സിനിമ എന്ന തരത്തില്‍ ഗ്ലോബല്‍ ഓഡിയന്‍സിനെകുറിച്ചാണ് നമ്മള്‍ കാര്യങ്ങള്‍ മനസിലാക്കുന്നതെങ്കില്‍ ഈ പറഞ്ഞ കാര്യങ്ങളില്‍ ഒന്നും അത്ര ആകുലപ്പെടേണ്ട കാര്യമില്ല.

Q

ഓള് ബൗദ്ധ ആത്മീയതയെ ബന്ധിപ്പിച്ചാണല്ലോ കഥ പറയുന്നത്. പെണ്‍കുട്ടിയെ കെട്ടിത്താഴ്ത്തിയ കായലില്‍ ബുദ്ധവിഹാരമുണ്ടായിരുന്നു. സിനിമയെക്കുറിച്ചുള്ള വായനയില്‍ പെണ്‍കുട്ടിയുടെ ബൗദ്ധ ആത്മീയതയിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നുവെന്ന് കണ്ടിരുന്നു.

A

ടിബറ്റില്‍ നിന്ന് ശ്രീലങ്കയിലേക്ക് പോയ ശേഷം അവിടുന്ന് തിരിച്ചെത്തിയ ബുദ്ധ സന്യാസിനികളുടെ ഒരു ഗ്രൂപ്പ് കേരളത്തില്‍ വന്ന് ഇവിടെ ഒരു മൊണാസ്ട്രി തുടങ്ങി.അവരില്‍ നിന്ന് ബൗദ്ധ ആത്മീയതയുടെ ഭാഗം വരുന്നത്. അവര്‍ വിശ്വസിക്കുന്ന മിത്തുകള്‍ ഉണ്ട്. അതിനെ അന്വേഷിച്ചു നടക്കുന്ന ആളുകളും ഉണ്ട്. ഇവിടെയുള്ള ആളുകള്‍ക്ക് അവരെ മനസിലാക്കാനും കഴിയുന്നില്ല. അപ്പോള്‍ ഹിന്ദുയിസമോ അല്ലെങ്കില്‍ മറ്റ് പുതിയൊരു കാലത്തെ കാര്യങ്ങളും തമ്മിലുള്ള ക്‌ളാഷ് ഉണ്ടാക്കുന്ന സ്പിരിച്ച്വാലിറ്റിയുടെ സിനിമയിലുണ്ട്.

Q

ആര്‍ട്ടിസ്റ്റിക് പൂര്‍ണത നിര്‍ബന്ധമുള്ള സംവിധായകനാണ് ഷാജി എന്‍ കരുണ്‍ എന്ന് കേട്ടിട്ടുണ്ട്. തിരക്കഥാകൃത്ത്-സംവിധായകന്‍ എന്നീ തലങ്ങള്‍ നിങ്ങള്‍ക്കിടയിലുള്ള സംവാദം-സംവേദനം എങ്ങനെയൊക്കെയായിരുന്നു.

A

ഷാജി സാറിനൊപ്പം എനിക്ക് വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു. ഈ സിനിമയുടെ സ്‌ക്രിപ്റ്റ് ചെയ്യാന്‍ പറയുമ്പോള്‍ മാത്രമാണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. എന്റെ എല്ലാ പുസ്തകങ്ങളും അദ്ദേഹം വായിച്ചിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. എനിക്ക് അദ്ദേഹത്തിന്റെ സിനിമകള്‍ ഇഷ്ടവുമായിരുന്നു. അതിലെ വ്യത്യസ്തതയോടും ആര്‍ട്ടിസ്റ്റിക്ക് ബ്യുട്ടിയോടും എനിക്ക് വലിയൊരു അഡ്മിറേഷന്‍ ഉണ്ടായിരുന്നു. വ്യക്തിപരമായി വളരെ നല്ല രീതിയില്‍ ഇടപെടാന്‍ പറ്റുന്ന മനുഷ്യനായിരുന്നു ഷാജി സാര്‍. സൗമ്യമായി കാര്യങ്ങള്‍ പറയുകയും എങ്ങനെയാണ് തന്റെ സിനിമ ആകേണ്ടത് എന്നതിനെക്കുറിച്ചു ഉറച്ച ബോധ്യം ഉള്ള ആളുമാണ്. അദ്ദേഹത്തിന്റെ സിനിമാസങ്കല്‍പ്പം അത് ഡിസ്‌കസ് ചെയ്ത് കൂടുതല്‍ പോളിഷ് ചെയ്ത് എടുക്കുകയെന്നതാണ് അദ്ദേഹം നമ്മളില്‍ നിന്നും പ്രതീക്ഷിക്കുന്നത്. തുടക്കത്തില്‍ തന്നെ സിനിമ സംവിധായകന്റേതാണ് എന്ന ഉറച്ച ബോധ്യത്തില്‍ ഇടപെട്ടത് കൊണ്ട് അദ്ദേഹം ആഗ്രഹിക്കുന്ന കാര്യം ചെയ്യാന്‍ ശ്രമിച്ചു. പരമാവധി അദ്ദേഹത്തിന്റെ മനസിലുള്ള സിനിമയിലേക്ക് നമ്മുടെ രീതിയില്‍ എന്തൊക്കെ കോണ്ട്രിബ്യൂട്ട് ചെയ്യാനാണ് നോക്കിയത്. അതുകൊണ്ട് ഒരു ഫ്രിക്ഷനും ഉണ്ടാകില്ല. വളരെ സൗമ്യമായും സൗഹാര്‍ദപരമായും പെരുമാറിയത്. സിനിമയെപറ്റി എനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി. രണ്ട് വര്‍ഷത്തോളം ഒരുമിച്ചു നടക്കാനും, ഷൂട്ടിങ് സമയത്ത്ഒപ്പം ഉണ്ടാകാനുമൊക്കെ അവസരമുണ്ടായി. വളരെ റെസ്‌പെക്റ്റ് തോന്നിയ കലാകാരനാണ്. സിനിമയിലെ ഭാഗമായ ഓരോ ആളോടും വളരെ സൗഹാര്‍ദപരമായി സമീപിക്കുന്ന ആള്. ഓരോ ആളില്‍ നിന്നും ആവശ്യമുള്ളത് വളരെ എഫക്റ്റിവ് ആയിട്ട് എടുക്കാന്‍ അറിയുന്ന ഒരാളാണ്. തന്റെ മനസിലുള്ള സിനിമയെക്കുറിച്ച് യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ തന്നെ അതെല്ലാം സാധിച്ചെടുക്കാന്‍ കഴിയുന്ന ഫിലിംമേക്കര്‍. ഒന്നാമത്തേക്കാര്യം മാസ്റ്റര്‍ മേക്കറായത് കൊണ്ടും അനുഭവ സമ്പത്ത് കൊണ്ടും വളരെ കൃത്യമായിട്ടുള്ളൊരു ബോധ്യമുണ്ട്. ഷാജി സാറിനെ ഒരു മാസ്റ്റര്‍ ഫിലിം മേക്കര്‍ എന്നു തന്നെ പറയാം നമുക്ക്.

Q

നോവലില്‍ ഭാവനയിലുള്ള കഥാപാത്രമാണല്ലോ, സിനിമയില്‍ ഒരു അഭിനേതാവ് മുന്നിലുണ്ടാകും, നേരത്തെ പറഞ്ഞത് പോലെ അഭിനേതാവിലെ പ്രതിഭയെ ആശ്രയിച്ച് എഴുത്തില്‍ സാധ്യതയോ പരിമിതിയോ ആവും. ഓള് എന്ന സിനിമയില്‍ കഥാപാത്രങ്ങള്‍ അഭിനേതാക്കളിലേക്ക് എത്തിയപ്പോള്‍ എന്താണ് തോന്നിയത്. ഷെയിന്‍, എസ്തര്‍?

A

ഷെയിന്‍ അതിന് ഏറ്റവും യോജിച്ച വ്യക്തിയായിരുന്നു. ഷാജി സര്‍ തന്നെ അതൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ എഴുതിക്കൊണ്ടിരുന്നപ്പോള്‍ മനസില്‍ കണ്ടിരുന്നതില്‍ 90 ശതമാനത്തോളം യോജിച്ചു പോകുന്ന ആളായിരുന്നു ഷെയിന്‍. അതുകൊണ്ട് ഷെയിനിന് വേണ്ടി മാറ്റങ്ങള്‍ വരുത്തേണ്ട ആവശ്യങ്ങള്‍ വന്നതേയില്ല. വളരെ നാച്ചുറലായി അഭിനയിക്കാന്‍ ഷെയിനിന് കഴിയുകയും ചെയ്തിരുന്നു. വളരെ കൂള്‍ ആയിരുന്നു. ഷെയിന്‍ മാത്രമല്ല എസ്തര്‍ ആണെങ്കിലും കനിയാണെങ്കിലും വളരെ നന്നായി തന്നെ ചെയ്തു. കനി ഒരുപാട് പൊട്ടന്‍ഷ്യല്‍ ഉള്ള ആക്ട്രസ് ആയി നേരത്തെ തന്നെ എനിക്ക് തോന്നിയിട്ടുണ്ട്. മായ, കാഞ്ചന എല്ലാവരും അതുപോലെ തന്നെ, വളരെ സ്വാഭാവികമായി അഭിനയിച്ചു. ഇന്ദ്രന്‍സ് ഇതില്‍ ചെറിയൊരു വേഷത്തില്‍ എത്തുന്നുണ്ട്. അതൊക്കെ നല്ല രീതിയില്‍ കൊണ്ടുവരാന്‍ ഷാജി സാറിന്റെ ലീഡര്‍ഷിപ് തന്നെയാണ് പ്രധാന കാരണം. എല്ലാ മേഖലയില്‍ ഉള്ളവരോടും അത്ര നല്ലൊരു ആത്മബന്ധം അദ്ദേഹത്തിന് ഉണ്ടായിരുന്നു.

Q

രണ്ട് മാസ്റ്റര്‍ സിനിമാട്ടഗ്രഫേര്‍സ്, ഒരാള്‍ സംവിധായകന്‍, മറ്റൊരാള്‍ സിനിമയുടെ ഛായാഗ്രാഹകന്‍. എംജെ രാധാകൃഷ്ണന് ക്യാ്മറയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ച സിനിമയുമാണ് ഓള്. എഴുതിയ, മനസില്‍ രൂപപ്പെടുത്തിയ രംഗങ്ങളെ ദൃശ്യവല്‍ക്കരിച്ച് കണ്ടതിനെക്കുറിച്ച്?

A

ഇവര്‍ രണ്ട് പേരും മാസ്റ്റേഴ്‌സ് ആയത് കൊണ്ട് ഓരോ ഫ്രയിമും അത്ഭുതപ്പെടുത്തുന്നവയാണ് ഈ സിനിമയില്‍ മൊത്തം. രണ്ടുപേരുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനം കൊണ്ട് തന്നെയാണ് ഇത്രയും മികച്ചതാവുന്നത്. എം.ജെ ഷാജി സാറിന്റെ ശിഷ്യനുമാണ്. എം ജെ രാധാകൃഷ്ണന്‍ എന്ന വ്യക്തിയുടെ ഒരു ഡെഡിക്കേഷന്‍ ഉണ്ട്. വളരെ കുറച്ചു സംസാരിക്കുന്ന. വളരെ സൗമ്യമായി പെരുമാറുന്ന എന്നാല്‍ അത്ര സൂക്ഷ്മമായി കണ്ണുകളില്‍ ഫ്രയിം സെറ്റ് ചെയ്യുന്ന ഒരാളാണ്. വേറെ ബഹളമൊന്നുമില്ല. ദേശീയ അവാര്‍ഡ് കിട്ടുമ്പോള്‍ അദ്ദേഹം നമ്മുടെ കൂടെയില്ല എന്നത് വലിയ വിഷമമായിരുന്നു. എനിക്ക് കഴിഞ്ഞ സെപ്റ്റംബറില്‍ എനിക്ക് ഒരു ഹാര്‍ട്ട് അറ്റാക്ക് വന്നു. 20 മിനിറ്റിനുള്ളില്‍ ഹോസ്പിറ്റലില്‍ എത്തി അതില്‍ നിന്നും രക്ഷപെട്ടു, ആഞ്ചിയോ പ്ലാസ്റ്റ് ചെയ്തു. സേഫ് ആയി. എം.ജി യുടെ കാര്യത്തില്‍ അദ്ദേഹം ജൂലൈയില്‍ അദ്ദേഹം ഹോസ്പിറ്റലില്‍ പോയിട്ട് തിരിച്ചു വന്നതാണ്. അദ്ദേഹത്തിന്റെ കാര്യത്തിനായിരുന്നില്ല ആശുപത്രിയില്‍ പോയത്. കാറില്‍ ഡ്രൈവ് ചെയ്ത് വരുന്ന വഴി പകുതിയിലെത്തുമ്പോള്‍ നെഞ്ച് വേദന വന്ന് ഓട്ടോയില്‍ ആശുപത്രിയിലേക്ക് പോകേണ്ടിവന്നു. ഞങ്ങള്‍ തമ്മില്‍ അധികം പ്രായ വ്യത്യാസം ഒന്നുമില്ല. വലിയൊരു സങ്കടവും വലിയ നഷ്ടവുമായിരുന്നു അത്. അത് ഇവിടെ പറഞ്ഞ് അവസാനിപ്പിക്കാവുന്ന നഷ്ടവുമല്ല. പ്രതികരിക്കാന്‍ പറ്റാത്ത അത്ര നഷ്ടമാണ്. അത്ഭുതപ്പെടുത്തുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ആത്മസമര്‍പ്പണത്തിന്റെ കാര്യത്തില്‍ നമ്മുക്ക് മറ്റൊന്നും പറയാനാകില്ല.

Q

ഇട്ടിക്കോരയുടെ കാര്യത്തില്‍ വീണ്ടും വന്നാല്‍, ഇപ്പോഴും സിനിമാരൂപത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണോ?

A

ശങ്കര്‍ രാമകൃഷ്ണന്‍ അത് ചെയ്യണം എന്ന് പറഞ്ഞു. ഞാന്‍ അനുവാദവും നല്‍കി. ശങ്കറിന് വേണ്ടപോലെ മുമ്പോട്ട് പോകാന്‍ കഴിഞ്ഞില്ല. മൂന്ന് നാല് വര്‍ഷം കഴിഞ്ഞു. അങ്ങനെ അത് മുന്നോട്ട് പോയിട്ടില്ല. മുംബൈ ഫിലിം ഫെസ്റ്റിവലില്‍ വേര്‍ഡ് ടൂ സ്‌ക്രീന്‍ എന്ന ഒരു സെഷന്‍ ഉണ്ട്. ആ സെഷനില്‍ ഉള്‍പെടുത്തിയിരുന്ന ഒന്നാണ് ഇട്ടിക്കോര. കൃതികളില്‍ നിന്ന് ചലച്ചിത്രരൂപത്തിലേക്ക് എത്താവുന്ന രചനകളുടെ സെക്ഷന്‍ ആണ്. ഗൗരവത്തോടെ എടുക്കുന്ന ആളുകള്‍ വരുന്നത് പോലെയിരിക്കും ആ സിനിമയുടെ സാധ്യത. മലയാള സിനിമയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ ഉണ്ടല്ലോ,അത് പ്രതീക്ഷയുണ്ടാക്കുന്നതാണ്. വലിയ ബഡ്ജറ്റില്‍ ചിത്രങ്ങള്‍ എടുക്കാന്‍ തുടങ്ങിയതൊക്കെ, ആ ഒരു സാഹചര്യത്തില്‍ ഇപ്പോള്‍ എടുക്കാന്‍ ഉള്ള ഒരു സാധ്യത ഉണ്ട്. ഇട്ടിക്കോര വലിയ കാന്‍വാസില്‍ തന്നെ സിനിമയാക്കാന്‍ ഇപ്പോള്‍ സാധിക്കും. നോവല്‍ വരുന്ന സമയത്തും ശങ്കര്‍ അതിന് ശ്രമിക്കുന്ന സമയത്തും അത്തരമൊരു സാഹചര്യം ഉണ്ടായിരുന്നില്ല.

Related Stories

The Cue
www.thecue.in