'പോയി ചരിത്രം പഠിക്കൂ'; കങ്കണയ്ക്ക് ഒരു ധാരണയുമില്ലെന്ന് ശശി തരൂര്‍

'പോയി ചരിത്രം പഠിക്കൂ'; കങ്കണയ്ക്ക് ഒരു ധാരണയുമില്ലെന്ന് ശശി തരൂര്‍

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് സംബന്ധിച്ച വിവാദ പരാമര്‍ശത്തില്‍ നടി കങ്കണ റണാവത്തിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. കങ്കണയ്ക്ക് ചരിത്രത്തെ കുറിച്ച് ഒരു ധാരണയുമില്ലെന്നും, ചരിത്രം പഠിക്കേണ്ടത് ആവശ്യമാണെന്നും എന്‍ഡിടിവിക്ക് നല്‍കിയി അഭിമുഖത്തില്‍ ശശി തരൂര്‍ പറഞ്ഞു.

കങ്കണയുടെ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം വിഡ്ഢിത്തം നിറഞ്ഞതാണ്. സ്വാതന്ത്ര്യ സമരത്തെ കുറിച്ച് അവര്‍ക്ക് വലിയ ധാരണകളില്ല. നിങ്ങളുടെ നിയമം അനീതി നിറഞ്ഞതായതിനാല്‍ അത് ലംഘിക്കുകയാണെന്ന് ബ്രിട്ടീഷുകാരോട് പറഞ്ഞ മഹാത്മാഗാന്ധി സ്വാതന്ത്ര്യത്തിന് വേണ്ടി അവരോട് യാചിച്ചുവെന്ന് കങ്കണ പറയുന്നത് തെറ്റിദ്ധാരണ മൂലമാണ്. 'എന്നെ ശിക്ഷിക്കണമെങ്കില്‍ ശിക്ഷിക്കാം, ഞാന്‍ ആ ശിക്ഷ ഏറ്റുവാങ്ങാം' എന്നത് ഒരു യാചകന്റെ പ്രവര്‍ത്തിയാണോ എന്നും തരൂര്‍ ചോദിച്ചു.

'സ്വാതന്ത്ര്യം ലഭിച്ചതിനെ കുറിച്ച് അവര്‍ അങ്ങനെ സംസാരിക്കുന്നത് പോലും പരിഹാസ്യമാണ്. ഒരാള്‍ നൂറുകണക്കിന് ലാത്തികള്‍ക്കിടയിലേക്ക് നിരായുധനായി നടന്നുപോകുന്നത് ചിന്തിച്ചു നോക്കൂ. ഒരു ലാത്തിച്ചാര്‍ജിനെ തുടര്‍ന്നാണ് ലാലാ ലജ്പത്‌റായ് കൊല്ലപ്പെട്ടത്. അഹിംസ സമരത്തിനിടെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തോക്കുമായി ഒരാളെ കൊല്ലാന്‍ പോയിട്ട് കൊല്ലപ്പെടുന്നതിലും ധീരമാണ് അത്', തരൂര്‍ പറഞ്ഞു. ആഗോള തലത്തില്‍ ഇന്ത്യയുടെ സ്ഥാനം ഇന്ന് മുമ്പത്തേക്കാള്‍ താഴ്ന്നതാണെന്നും എം.പി അഭിമുഖത്തിനിടെ വിമര്‍ശിച്ചു.

Related Stories

No stories found.
The Cue
www.thecue.in